Sunday, January 29, 2012

തെരുവുകള്‍ക്ക് ഈണമിട്ട് വിപ്ലവഗാനങ്ങള്‍ സ്റ്റേഡിയങ്ങളില്‍ ഒതുങ്ങാത്ത കായികാവേശം


വാഹനങ്ങള്‍ നിര്‍ത്തി വിപ്ലവഗാനത്തിന് കാതോര്‍ക്കുന്ന ചെറുപ്പക്കാര്‍ ... തിങ്ങിനിറയുന്ന സ്റ്റേഡിയത്തില്‍നിന്ന് പുറത്തേക്ക് ഒഴുകുന്ന കായികാവേശം... സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കലാകായിക പരിപാടികള്‍ ദിവസങ്ങള്‍ പിന്നിടുംതോറും ജനകീയ ഉത്സവങ്ങളാകുകയാണ്. കഴക്കൂട്ടത്ത് സംഘടിപ്പിച്ച കാവ്യവിളംബരം പ്രൊഫ. ഡി വിനയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഗിരീഷ് പുലിയൂര്‍ , വിനോദ് വൈശാഖി, ശശി മാവിന്‍മൂട്, കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍ , ശാന്ത തുളസീധരന്‍ തുടങ്ങിയവര്‍ കവിതകള്‍ ചൊല്ലി. കഴക്കൂട്ടം, ശ്രീകാര്യം, ആറ്റിപ്ര എന്നിവിടങ്ങളില്‍ പിന്നിട്ട് കാവ്യവിളംബരം വേങ്ങോട് സമാപിച്ചു. നെയ്യാറ്റിന്‍കര താലൂക്കില്‍ പുരോഗമന കലാസാഹിത്യം ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാടന്‍കലാമേള വേറിട്ട അനുഭവമായി.

ശനിയാഴ്ച രാവിലെ കല്ലിയൂരില്‍ ആരംഭിച്ച മേള ബാലരാമപുരം, പെരിങ്കടവിള, അവണാകുഴി, നെല്ലിമൂട്, പഴയകട, നെയ്യാറ്റിന്‍കര ആശുപത്രി ജങ്ഷന്‍ എന്നിവിടങ്ങളില്‍ കലാവിരുന്ന് ഒരുക്കി. ജാഥാ മാനേജര്‍ കെ വിനായകന്റെ നേതൃത്വത്തില്‍ ജാഥാക്യാപ്ടന്‍ ഷൈലജ പി അമ്പുവിന്റെ കീഴിലുള്ള സംഘമാണ് മേള ഒരുക്കിയത്. കിളിമാനൂര്‍ ഏരിയയില്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തില്‍ ആമച്ചല്‍ രവിയും സംഘവും അവതരിപ്പിച്ച വിപ്ലവഗാനമേള ഞായറാഴ്ച രാവിലെ ഒമ്പതിന് തൊളിക്കുഴിയില്‍ ആരംഭിച്ചു. കിളിമാനൂര്‍ ജങ്ഷന്‍ , പോങ്ങനാട്, മടവൂര്‍ , പള്ളിക്കല്‍ എന്നീ കേന്ദ്രങ്ങള്‍ പിന്നിട്ട ഗാനമേള കേള്‍ക്കാന്‍ ആളുകള്‍ തടിച്ചുകൂടി. വാമനപുരം, അമ്പലമുക്ക്, വെഞ്ഞാറമൂട്, കോലിയക്കോട്, വെമ്പായം എന്നീ കേന്ദ്രങ്ങളിലും അവതരണമുണ്ടായി. പെരുമാതുറ മരിയനാട് നടന്ന ഫുട്ബോള്‍ മത്സരം കാണാന്‍ നൂറുകണക്കിനാളുകള്‍ എത്തി. ശനിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ എട്ട് ടീമുകള്‍ പങ്കെടുത്തു. തിരക്ക് മുന്‍നിര്‍ത്തി ഞായറാഴ്ച നടക്കുന്ന സെമിഫൈനല്‍ , ഫൈനല്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് സംഘാടകസമിതി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.

പൂജപ്പുര മൈതാനത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം മേയര്‍ കെ ചന്ദ്രിക ഉദ്ഘാടനംചെയ്തു. ശനിയാഴ്ച രാത്രിയോടെ ആദ്യഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായി. ഞായറാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ എട്ടുടീമുകള്‍ പങ്കെടുക്കും. 30ന് രാവിലെ സെമിഫൈനലും ഉച്ചയ്ക്ക് ഫൈനലും നടക്കും. പൂവച്ചല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജിമ്മിജോര്‍ജിന്റെ പേരിലുള്ള ഫ്ലഡ്ലൈറ്റ് കോര്‍ട്ടില്‍ ശനിയാഴ്ച വോളിബോള്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടന്നു. 18 ഏരിയകളില്‍നിന്ന് 18 ടീമുകള്‍ പങ്കെടുത്തു. അഡ്വ. എ സമ്പത്ത് എംപി മുഖ്യ അതിഥിയായി. ഞായറാഴ്ച രാവിലെ രണ്ട് സെമിഫൈനലും വൈകിട്ട് ഫൈനലും നടക്കും. ഫൈനലിന് മുന്‍ വോളിബോള്‍ അന്താരാഷ്ട്രതാരം അബ്ദുള്‍ റസാഖ് മുഖ്യാതിഥിയാകും. ശംഖുംമുഖത്ത് നടന്ന ആവേശകരമായ ബീച്ച്വടംവലി മത്സരം സിപിഐ എം വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി പട്ടം പി വാമദേവന്‍നായര്‍ ഉദ്ഘാടനംചെയ്തു. വനിതാവിഭാഗം വിജയികളായ വഞ്ചിയൂര്‍ ടീമിന് അന്താരാഷ്ട്ര ബോക്സിങ്താരം കെ സി ലേഖ സമ്മാനം വിതരണംചെയ്തു. അത്ലറ്റിക്സ് മത്സരങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാവിലെ ഒമ്പതിന് തുടങ്ങും.

കലാസാഹിത്യമത്സരങ്ങള്‍ ഫെബ്രുവരി 4നും 5നും

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യകലാ മത്സരങ്ങള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം വിജെടി ഹാളില്‍ ഫെബ്രുവരി നാലിനും അഞ്ചിനുമാണ് മത്സരങ്ങള്‍ നടത്തുന്നത്. നാലിന് ചിത്രരചനാ (പെയിന്റിങ്), കാര്‍ട്ടൂണ്‍ , പോസ്റ്റര്‍ രചന എന്നീ വിഷയങ്ങളില്‍ യുപി, ഹൈസ്കൂള്‍ , കോളേജ് വിഭാഗങ്ങളിലും പ്രസംഗത്തിന് ഹൈസ്കൂള്‍ കോളേജ്, പൊതുവിഭാഗങ്ങളിലും മത്സരങ്ങളുണ്ട്. ചിത്രരചന വിഭാഗ മത്സരങ്ങളും പ്രസംഗമത്സരവും രാവിലെ 9.30ന് ആരംഭിക്കും. അഞ്ചിന് വിപ്ലവഗാന മത്സരം, ക്വിസ് എന്നിവ നടക്കും. ഹൈസ്കൂള്‍ , കോളേജ്, പൊതുവിഭാഗം എന്നിവയില്‍ വിപ്ലവഗാനമത്സരവും ഹൈസ്കൂള്‍ , കോളേജ് വിഭാഗത്തില്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. അഞ്ചിന് രാവിലെ 9.30ന് മത്സരങ്ങള്‍ ആരംഭിക്കും.

deshabhimani 290112

1 comment:

  1. വാഹനങ്ങള്‍ നിര്‍ത്തി വിപ്ലവഗാനത്തിന് കാതോര്‍ക്കുന്ന ചെറുപ്പക്കാര്‍ ... തിങ്ങിനിറയുന്ന സ്റ്റേഡിയത്തില്‍നിന്ന് പുറത്തേക്ക് ഒഴുകുന്ന കായികാവേശം... സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന കലാകായിക പരിപാടികള്‍ ദിവസങ്ങള്‍ പിന്നിടുംതോറും ജനകീയ ഉത്സവങ്ങളാകുകയാണ്. കഴക്കൂട്ടത്ത് സംഘടിപ്പിച്ച കാവ്യവിളംബരം പ്രൊഫ. ഡി വിനയചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഗിരീഷ് പുലിയൂര്‍ , വിനോദ് വൈശാഖി, ശശി മാവിന്‍മൂട്, കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍ , ശാന്ത തുളസീധരന്‍ തുടങ്ങിയവര്‍ കവിതകള്‍ ചൊല്ലി. കഴക്കൂട്ടം, ശ്രീകാര്യം, ആറ്റിപ്ര എന്നിവിടങ്ങളില്‍ പിന്നിട്ട് കാവ്യവിളംബരം വേങ്ങോട് സമാപിച്ചു. നെയ്യാറ്റിന്‍കര താലൂക്കില്‍ പുരോഗമന കലാസാഹിത്യം ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാടന്‍കലാമേള വേറിട്ട അനുഭവമായി.

    ReplyDelete