Friday, January 27, 2012

മണ്ണിനെ നെഞ്ചോടുചേര്‍ത്തവരുടെ പോരാട്ടത്തിന്റെ ഓര്‍മ്മക്ക്

മണ്ണിനെ നെഞ്ചോടു ചേര്‍ത്ത് ഹരിതാഭമായ പ്രകൃതിയെ ഉപാസിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കൃഷിയെ ഉപജീവനമാക്കിയ കുറെ കുടുംബങ്ങള്‍. തങ്ങള്‍ വിതച്ച വിത്തിനും മണ്ണില്‍ കുഴിച്ചു വച്ച നടുതലകള്‍ക്കും മുളപൊട്ടുന്നതും കാത്തുകാത്തിരുന്ന അവരുടെ നെഞ്ചില്‍ ഇടിത്തീയായി ആ വാര്‍ത്ത വന്നു. തങ്ങളെ കുടിയിറക്കാന്‍ പോകുന്നു. അന്നം തന്ന് പോറ്റിയ മണ്ണിനെ വിട്ട് പ്രായമായവരെയും കുഞ്ഞുങ്ങളെയും കൂട്ടി എങ്ങോട്ടുപോകുമെന്ന ചിന്ത പഴയ പരിയാരം പഞ്ചായത്തിലെ നായരങ്ങാടി, മേട്ടിപ്പാടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വീട്ടുകാരെയെല്ലാം ഒന്നിച്ചു നിര്‍ത്തി. അങ്ങനെ തലമുറ തലമുറയായി തങ്ങള്‍ പുലര്‍ന്നുപോരുന്ന മണ്ണില്‍ നിന്ന് ഒരു തരിപോലും വിട്ടുകൊടുക്കില്ലെന്ന അവരുടെ തീരുമാനം ചരിത്രത്തിന്റെ ഭാഗമായ ഒരു കര്‍ഷകപോരാട്ടമായി. കാലം ആ പോരാട്ടത്തെ പരിയാരം കര്‍ഷകസമരമെന്ന് വിളിക്കുന്നു.

തൃശൂര്‍ ജില്ലയില്‍ ചാലക്കുടിയ്ക്കടുത്തുള്ള ഒരു മലയോരകാര്‍ഷിക ഗ്രാമമാണ് പരിയാരം. 1942 -43 കാലഘട്ടത്തില്‍ തന്നെ പരിയാരത്തും സമീപപ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കയ്യില്‍ കര്‍ഷകസംഘം വേരോടിയിരുന്നു. പരിയാരം, നായരങ്ങാടി, കുണ്ടുകുഴിപ്പാടം, മോതിരക്കണ്ണി, കുന്നപള്ളി പ്രദേശങ്ങളില്‍ കര്‍ഷകസംഘം ഒരനിഷേധ്യശക്തിയായി വളര്‍ന്നുകൊണ്ടിരുന്ന സമയത്ത് 1948 ലാണ് പരിയാരം സമരം നടന്നത്. പി ഗംഗാധരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എസ് എന്‍ ഡി പിയും പി കെ ചാത്തന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പുലയമഹാസഭയും കര്‍ഷകസംഘത്തിന് അടിത്തറ പാകുന്നതില്‍ പ്രധാനപങ്കു വഹിച്ച പ്രസ്ഥാനങ്ങളാണ്. ബീഡി തൊഴിലാളി യൂണിയനും കൊച്ചിന്‍ പോട്ടറീസ് തൊഴിലാളി യൂണിയനും കര്‍ഷകസംഘത്തിനുവേണ്ട പോഷണം നല്‍കി. കര്‍ഷകരെ കുടിയിറക്കുന്നതിനുള്ള നീക്കത്തിനെതിരെ കര്‍ഷകസംഘം സമരം ആരംഭിച്ചു. സമരത്തിനാവശ്യമായ സഹായവുമായി നിലകൊണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിക്കീഴില്‍ അവരെല്ലാം ഒത്തുകൂടി. 'ഉള്ളമണ്ണില്‍ ഉറച്ചു നില്‍ക്കുക' എന്ന മുദ്രാവാക്യം ആ സമരസഖാക്കളില്‍ ആവേശത്തിന്റെയും അതിജീവനത്തിന്റെയും അഗ്നിശലാകയായി.

janayugom

1 comment:

  1. മണ്ണിനെ നെഞ്ചോടു ചേര്‍ത്ത് ഹരിതാഭമായ പ്രകൃതിയെ ഉപാസിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കൃഷിയെ ഉപജീവനമാക്കിയ കുറെ കുടുംബങ്ങള്‍. തങ്ങള്‍ വിതച്ച വിത്തിനും മണ്ണില്‍ കുഴിച്ചു വച്ച നടുതലകള്‍ക്കും മുളപൊട്ടുന്നതും കാത്തുകാത്തിരുന്ന അവരുടെ നെഞ്ചില്‍ ഇടിത്തീയായി ആ വാര്‍ത്ത വന്നു. തങ്ങളെ കുടിയിറക്കാന്‍ പോകുന്നു. അന്നം തന്ന് പോറ്റിയ മണ്ണിനെ വിട്ട് പ്രായമായവരെയും കുഞ്ഞുങ്ങളെയും കൂട്ടി എങ്ങോട്ടുപോകുമെന്ന ചിന്ത പഴയ പരിയാരം പഞ്ചായത്തിലെ നായരങ്ങാടി, മേട്ടിപ്പാടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വീട്ടുകാരെയെല്ലാം ഒന്നിച്ചു നിര്‍ത്തി. അങ്ങനെ തലമുറ തലമുറയായി തങ്ങള്‍ പുലര്‍ന്നുപോരുന്ന മണ്ണില്‍ നിന്ന് ഒരു തരിപോലും വിട്ടുകൊടുക്കില്ലെന്ന അവരുടെ തീരുമാനം ചരിത്രത്തിന്റെ ഭാഗമായ ഒരു കര്‍ഷകപോരാട്ടമായി. കാലം ആ പോരാട്ടത്തെ പരിയാരം കര്‍ഷകസമരമെന്ന് വിളിക്കുന്നു.

    ReplyDelete