Monday, January 30, 2012

പുലരിത്തുടിപ്പിനൊപ്പം പതിറ്റാണ്ടുകള്‍ താണ്ടി. . .

ഇരുട്ടിന്റെ പുതപ്പുമാറ്റി ഭാരതപ്പുഴ ഉണരാന്‍ തുടങ്ങുന്നതിനുമുമ്പെ ചമ്രവട്ടം അങ്ങാടിയിലൂടെ കക്കാട്ട് നാരായണന്റെ സൈക്കിളെത്തും. ചിന്ത നരയ്ക്കാത്ത നെഞ്ചില്‍ അടക്കിപ്പിടിച്ച "ദേശാഭിമാനി" ഓരോ വീട്ടിലും കടവരാന്തയിലും ഇട്ട് അദ്ദേഹം എന്നും പുലരിത്തുടിപ്പിനൊപ്പം പാതയോരങ്ങളിലുണ്ടാകും. ഈ "ശീലം" തുടങ്ങിയിട്ട് 36 കൊല്ലമായി. പ്രായം തളര്‍ത്താത്ത മനസ്സുമായി നാരായണന്‍ ഇപ്പോഴും ദേശാഭിമാനി പത്രത്തിന്റെ നാട്ടുമുദ്രയാവുന്നു.

വാര്‍ത്തകളേക്കാള്‍ വീര്യവും വിശേഷവും നിറഞ്ഞതാണ് നാരായണന്റെ പത്രജീവിതം. കമ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കുന്ന പത്രത്തിന്റെ ഏജന്റായതിന് കല്ലേറിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകളേറ്റ കാലം ആ ഓര്‍മയിലുണ്ട്. മുപ്പത്തേഴാം വയസ്സിലാണ് നാരായണന്‍ "ദേശാഭിമാനി" വിതരണക്കാരനാകുന്നത്. അന്ന് 16 കോപ്പി പത്രമേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയ വിരോധംകാരണം പലരും അക്കാലത്ത് ദേശാഭിമാനി തൊടാന്‍പോലും മടിച്ചിരുന്നുവെന്ന് നാരായണന്റെ നേര്‍സാക്ഷ്യം. പുലര്‍ച്ചെ നാലരയാകുമ്പോള്‍ തിരൂരില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പെരുന്തള്ളൂരില്‍ പത്രക്കെട്ട് വരും. അവിടെനിന്ന് കെട്ടെടുത്ത് ചമ്രവട്ടം, പുറത്തൂര്‍ , കാവിലക്കാട്, വാളമരുതൂര്‍ എന്നിവിടങ്ങളില്‍ പ്രധാന വിതരണം. ""ഒരു വീട് കഴിഞ്ഞ് ഒന്നോ, രണ്ടോ കിലോമീറ്റര്‍ കഴിഞ്ഞാകും അടുത്ത വീട്. പീടികകളില്‍ പത്രമിടുമ്പോള്‍ പലരും എതിര്‍ത്തു. പെരുന്തള്ളൂരിലെ ഒരു സ്വര്‍ണപ്പണിക്കാരന്‍ ദേശാഭിമാനി തൊടില്ലായിരുന്നു. സൈക്കിളില്‍നിന്നിറങ്ങാതെ പത്രം തൊട്ടപ്പുറത്തെ കടയിലേക്കിടാന്‍ കൊടുത്താല്‍ അയാള്‍ അത് വാങ്ങാന്‍ മടിക്കും" ദേശാഭിമാനിക്ക് പിന്നീട് കൈവന്ന നല്ല പൊതുസ്വീകാര്യതയില്‍ അഭിമാനിക്കുന്ന നാരായണന്‍ പഴയ കാലാനുഭവങ്ങള്‍ അനുസ്മരിക്കുന്നു.

അക്കരെ ചമ്രവട്ടത്തേക്കും കൊരട്ടിയിലേക്കും പത്രമെത്തിച്ചിരുന്നത് നാരായണനാണ്. തോണിയില്‍ പത്രം കൊടുത്തുവിടുകയായിരുന്നു പതിവ്. മൂന്ന് പേപ്പര്‍ തോണിക്കാരന്റെ കൈവശം കൊടുത്തയക്കും. വാര്‍ത്തയുടെ ആ താളുകള്‍ തോണിയേറി പിന്നെ ബസ്സിലേക്ക്. ബസ്സിലെ സ്ഥിരം യാത്രക്കാരാണ് പത്രം വീടുകള്‍ക്ക് മുന്നില്‍ ഇട്ടിരുന്നത്. അവിടങ്ങളില്‍ ആദ്യമായി പത്രമെത്തിച്ചത് നാരായണനായിരുന്നു. ഏറെയകലെ പൊന്നാനി ഭാഗത്തും ചമ്രവട്ടത്തിന്റെ പരന്ന നാട്ടിന്‍പുറത്തും പുലര്‍കാലത്തേ ദേശാഭിമാനി എത്തിയത് അദ്ദേഹത്തിന്റെ പ്രതിബദ്ധതകൊണ്ടുമാത്രം. പത്രം നാരായണന് വാര്‍ത്തകളുടെ അക്ഷരശേഖരം മാത്രമല്ല, മറിച്ച് കുടുംബകാര്യംകൂടിയാണ്. ആണ്‍മക്കളായ ഗണേഷ്ബാബുവും പ്രജേഷും മാത്രമല്ല നിര്‍മല, ശൈലജ, ശ്രീജ എന്നീ പെണ്‍മക്കളുംവരെ അദ്ദേഹത്തെ പത്രവിതരണത്തില്‍ സഹായിച്ചിരുന്നു. കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ ആ വഴിക്കുള്ള പത്രങ്ങള്‍ കൊണ്ടുപോകും. അത് വഴിയരികിലെ വീടുകളിലിട്ട് സ്കൂള്‍ ബെല്ലിനുമുമ്പെ ക്ലാസില്‍ . പത്രക്കെട്ട് വരാന്‍ വൈകുന്ന ദിവസം അവര്‍ സ്കൂളിലെത്താന്‍ താമസിക്കുമായിരുന്നു. ഭാര്യ ലക്ഷ്മിക്കുട്ടിയും ഭര്‍ത്താവിന് പൂര്‍ണ പിന്തുണയേകി. തൊട്ടടുത്ത വീടുകളില്‍ പത്രം കൊടുത്തുപോന്നത് ലക്ഷ്മിക്കുട്ടിയാണ്. അവര്‍ ആ പതിവ് ഇപ്പോഴും മുടക്കിയിട്ടില്ല. മക്കളെല്ലാം പഠിച്ച് വലിയ നിലയിലായി. മകന്‍ ഗണേഷ്ബാബു പത്രം ഏജന്റായിതന്നെ ഉറച്ചുനില്‍ക്കുന്നു.

സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും സമരങ്ങളുടെയും തിളയ്ക്കുന്ന ഇന്നലെകളാണ് നാരായണനെ ദേശാഭിമാനി പ്രചാരകനാക്കിയത്. ലീഗ് പ്രമാണിമാരുടെ മുഷ്ക്കില്‍ പകയ്ക്കാതെ സധൈര്യം പത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം മുഴുകി.

""ഏജന്‍സി തുടക്കത്തില്‍ 35 പൈസയായിരുന്നു പത്രത്തിന്റെ വില. എട്ടര പൈസ ഒരു കോപ്പിക്ക് കമീഷനും. ഇതുവരെ കൃത്യമായി പൈസ അടച്ചുപോന്നിട്ടുണ്ട്. കുടിശ്ശിക പിരിഞ്ഞുകിട്ടാനുണ്ടെങ്കിലും സ്വന്തം കൈയിലെ പണംകൊണ്ട് മാസബില്ല് അടക്കും. ഒരു തരത്തിലും വിതരണവുമായി ബന്ധപ്പെട്ട് കമ്പനിയുമായി തര്‍ക്കമുണ്ടായിട്ടില്ല. പൈസയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ആരോടുമില്ല. ഒരിക്കല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം കൃത്യമായി വരിസംഖ്യ അടക്കാത്തതിന് ഡിസി ഓഫീസില്‍ പരാതി നല്‍കി"

പത്ര വിതരണത്തിലും തനി പ്രൊഫഷണലിസം. ചമ്രവട്ടത്ത് പത്രം വരുത്തി തുടങ്ങിയത് 1976 നവംബര്‍ ഒന്നിനാണ് . ദേശാഭിമാനി മാത്രമായിരുന്നു കുറേക്കാലം സൈക്കിളിലേറ്റിയത്. പിന്നീട് കേരളകൗമുദിയും മാതൃഭൂമിയും കൂടിയായി. ദേശാഭിമാനി ഏജന്റ് എന്നതിനുപരി ചരമവും വിവാഹവും മറ്റ് വാര്‍ത്തകളും നല്‍കുന്ന പ്രാദേശിക ലേഖകനുമായി. പാര്‍ടി വാര്‍ത്തകളാണ് ആദ്യകാലങ്ങളില്‍ പ്രധാനമായും അറിയിച്ചിരുന്നത്. അപകടങ്ങളും മറ്റുമുണ്ടായാല്‍ കോഴിക്കോട്ടെ പത്രമാപ്പീസിലേക്ക് ഫോണില്‍ വിളിച്ചുപറയും. എഴുപത്തിമൂന്നാം വയസ്സിലും നാരായണന്‍ വിശ്രമിക്കുന്നില്ല. പത്രത്തിന്റെയും പൊതുകാര്യങ്ങളുടെയും പിറകെ ഓടുകയാണ്. ""ഇത്രയും കാലത്തെ തൊഴില്‍ നല്‍കിയ വിലപ്പെട്ട സമ്പാദ്യം ആത്മസംതൃപ്തിയാണ്. പത്രം വിതരണംചെയ്യുന്നത് കമീഷന്‍മാത്രം കണക്കാക്കിയല്ലെ"ന്ന് നാരായണന്‍ ഒപ്പം കൂട്ടിച്ചേര്‍ക്കുന്നു.

deshabhimani 300112

1 comment:

  1. ഇരുട്ടിന്റെ പുതപ്പുമാറ്റി ഭാരതപ്പുഴ ഉണരാന്‍ തുടങ്ങുന്നതിനുമുമ്പെ ചമ്രവട്ടം അങ്ങാടിയിലൂടെ കക്കാട്ട് നാരായണന്റെ സൈക്കിളെത്തും. ചിന്ത നരയ്ക്കാത്ത നെഞ്ചില്‍ അടക്കിപ്പിടിച്ച "ദേശാഭിമാനി" ഓരോ വീട്ടിലും കടവരാന്തയിലും ഇട്ട് അദ്ദേഹം എന്നും പുലരിത്തുടിപ്പിനൊപ്പം പാതയോരങ്ങളിലുണ്ടാകും. ഈ "ശീലം" തുടങ്ങിയിട്ട് 36 കൊല്ലമായി. പ്രായം തളര്‍ത്താത്ത മനസ്സുമായി നാരായണന്‍ ഇപ്പോഴും ദേശാഭിമാനി പത്രത്തിന്റെ നാട്ടുമുദ്രയാവുന്നു.

    ReplyDelete