Monday, January 30, 2012

തലസ്ഥാനത്തും പൊലീസ് അസോസിയേഷന്റെ ഫ്ളക്സ് യുദ്ധം

കണ്ണൂരിന് പിന്നാലെ തലസ്ഥാനത്തും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് പൊലീസ് അസോസിയേഷന്‍ ഫ്്ളക്സും കട്ടൗട്ടുകളും പോസ്റ്ററുകളും. പൊലീസ് ആസ്ഥാനത്തും സിറ്റി പൊലീസ് കമീഷണറുടെ ഓഫീസ് പരിസരത്തും പൊലീസ് ട്രെയ്നിങ് കോളേജിലും മറ്റുമായാണ് ഫ്ളക്സുകള്‍ നിരന്നത്. പൊലീസ് സ്റ്റേഷനുകളില്‍ വ്യാപകമായി ബഹുവര്‍ണ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷനിലെ ഗ്രൂപ്പുപോര് തലസ്ഥാനത്ത് "ഫ്ളക്സ് യുദ്ധ"മായി മാറിയ അവസ്ഥയാണ്. സേനയുടെ ചട്ടങ്ങളും അച്ചടക്കവും ലംഘിച്ച് ഒരു വിഭാഗം നടത്തുന്ന ഇത്തരം നടപടികള്‍ വിവാദമായി.

യുഡിഎഫിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അഭിവാദ്യം അര്‍പ്പിച്ചുള്ള കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് പൊലീസ് ആസ്ഥാനത്തിനുമുന്നിലാണ് ആദ്യം ഉയര്‍ന്നത്. ഉമ്മന്‍ചാണ്ടിയുടെ ചിരിക്കുന്ന ചിത്രമുള്ള ഫ്ളക്സാണിത്. എന്നാല്‍ , രണ്ടുദിവസം കഴിഞ്ഞ് മന്ത്രി വി എസ് ശിവകുമാറിന്റെ ചിത്രമുള്ള മറ്റൊരു ഫ്ളക്സ് പൊലീസ് അസോസിയേഷന്റെ പേരില്‍ത്തന്നെ ഇവിടെ ഉയര്‍ന്നു. ഇതിനിടെ ധനമന്ത്രി കെ എം മാണിയുടെ ചിത്രവുമായി മറ്റൊരു ബോര്‍ഡും ഉയര്‍ന്നു. ഏറ്റവുമൊടുവില്‍ മറ്റെല്ലാ ബോര്‍ഡുകളും ഒരു വിഭാഗം എടുത്തുമാറ്റി ഉമ്മന്‍ചാണ്ടിയുടെയും ശിവകുമാറിന്റെയും ഒപ്പം ഡിജിപി ജേക്കബ് പുന്നൂസിന്റെയും ഫോട്ടോകള്‍ ഒരേ ഫ്ളക്സിലാക്കി പുതിയ ബോര്‍ഡ് വച്ചു. സിറ്റി പൊലീസ് കമീഷണറുടെ ഓഫീസിനുമുന്നിലും ഇതേ രീതിയില്‍ ഫ്ളക്സ് മാറ്റിവച്ചു. ഇവിടെ സിറ്റി പൊലീസ് കമീഷണറുടെ ചിത്രംകൂടി ഉള്‍പ്പെടുത്തി. അസോസിയേഷനിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാണ് ഫ്ളക്സ് മറിമായത്തിലെത്തിച്ചത്. നന്ദാവനം പൊലിസ് ക്യാമ്പില്‍ റോഡ് ടാര്‍ ചെയ്തതിന് എ ആര്‍ ക്യാമ്പിലെ സേനാംഗങ്ങളുടെ പേരിലാണ് ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യബോര്‍ഡ്. പൊതുമരാമത്ത് മന്ത്രിയുടെ ചിത്രവും ഫ്ളക്സിലുണ്ട്. വ്യാപകമായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

പേരൂര്‍ക്കട പൊലീസ് ക്യാമ്പിലും ഇതേ രീതിയില്‍ ബോര്‍ഡുകളും പോസ്റ്ററുകളും നിരന്നിട്ടുണ്ട്. അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചും ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നതായി ആക്ഷേപമുണ്ട്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള പരാമര്‍ശങ്ങളുള്ളവയാണിത്.

deshabhimani 300112

1 comment:

  1. കണ്ണൂരിന് പിന്നാലെ തലസ്ഥാനത്തും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് പൊലീസ് അസോസിയേഷന്‍ ഫ്്ളക്സും കട്ടൗട്ടുകളും പോസ്റ്ററുകളും. പൊലീസ് ആസ്ഥാനത്തും സിറ്റി പൊലീസ് കമീഷണറുടെ ഓഫീസ് പരിസരത്തും പൊലീസ് ട്രെയ്നിങ് കോളേജിലും മറ്റുമായാണ് ഫ്ളക്സുകള്‍ നിരന്നത്. പൊലീസ് സ്റ്റേഷനുകളില്‍ വ്യാപകമായി ബഹുവര്‍ണ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷനിലെ ഗ്രൂപ്പുപോര് തലസ്ഥാനത്ത് "ഫ്ളക്സ് യുദ്ധ"മായി മാറിയ അവസ്ഥയാണ്. സേനയുടെ ചട്ടങ്ങളും അച്ചടക്കവും ലംഘിച്ച് ഒരു വിഭാഗം നടത്തുന്ന ഇത്തരം നടപടികള്‍ വിവാദമായി.

    ReplyDelete