Saturday, January 28, 2012

അനെര്‍ട്ടിന്റെ പേരില്‍ വ്യാപക തട്ടിപ്പ്

കോഴിക്കോട്: പാരമ്പര്യേതര ഊര്‍ജ്ജരംഗത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ അനെര്‍ട്ടിന്റെ പേരില്‍ ജില്ലയില്‍ വന്‍ തട്ടിപ്പ്. അനെര്‍ട്ടിന്റെ ഉല്‍പ്പന്നങ്ങളെന്ന വ്യാജേനെ അടുപ്പും സോളാര്‍ ഡിജിറ്റല്‍ പാനല്‍ സിസ്റ്റവും ഒരുസംഘം വന്‍ വിലയില്‍ വിറ്റഴിക്കുകയാണ്. അനെര്‍ട്ടിെന്‍റ ഫീല്‍ഡ് സ്റ്റാഫുകളാണെന്ന് പറഞ്ഞ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാന വില്‍പ്പന. 16,000 രൂപയുടെ പദ്ധതി പ്രകാരം വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന അടുപ്പാണ് ആദ്യം നല്‍കുന്നത്. ടിവിയും ഫ്രിഡ്ജും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സോളാര്‍ പാനലുകള്‍ അഞ്ച് മാസങ്ങള്‍ക്കകം നല്‍കുമെന്ന് ഉറപ്പ് നല്‍കും. കാര്യമായ സൂര്യപ്രകാശം ലഭിച്ചില്ലെങ്കിലും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഇവയെന്നാണ് വിശ്വസിപ്പിക്കുന്നത്. കേന്ദ്ര സബ്സിഡിയായി 4000 രൂപ ലഭിക്കുമെന്ന് പറഞ്ഞാണ് വീട്ടുകാരെ കൈയിലെടുക്കുന്നത്. വീട്ടില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുണ്ടെങ്കില്‍ സബ്സിഡി അനുവദിക്കില്ല. നാലായിരം രൂപ നല്‍കുമ്പോള്‍ അടുപ്പ് ലഭിക്കുന്നതിനാല്‍ തട്ടിപ്പ് പെട്ടെന്ന് സംശയിക്കില്ല. അഡ്വാന്‍സ് വാങ്ങി വില കുറഞ്ഞ അടുപ്പ് നല്‍കി പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം. ക

ഴിഞ്ഞദിവസം തലക്കുളത്തൂര്‍ പഞ്ചായത്തിലെ പാവയില്‍ ചീര്‍പ്പില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനെത്തിയ സംഘത്തിെന്‍റ പെരുമാറ്റത്തില്‍ സംശയംതോന്നി നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം വെളിച്ചത്തായത്. ആളുകള്‍ കൂടിയതോടെ സംഘം തടിതപ്പി. ജില്ലയുടെ പല ഭാഗങ്ങളില്‍ ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായാണ് വിവരം. അഡ്വാന്‍സ് കഴിച്ചുള്ള തുക ബാങ്ക് വഴിയോ ഗഡുക്കളായി മൂന്ന് മാസത്തിലൊരിക്കലോ നല്‍കണമെന്നാണ് നിബന്ധന.

വീടുകള്‍ക്ക് നല്‍കുന്ന ഗ്യാസ് സിലിന്‍ഡറുകളുടെ എണ്ണം കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെ തുടര്‍ന്ന് ഊര്‍ജ്ജമേഖലയെ സോളാര്‍ സിസ്റ്റത്തിലേക്ക് മാറ്റുന്നതിെന്‍റ ഭാഗമായാണ് അനെര്‍ട്ടിന്റെ പുതിയ പദ്ധതിയെന്നാണ് വിശദീകരണം. കോട്ടയം മലങ്കരപ്ലാന്റേഷനില്‍ പൂര്‍ണമായും സൗരോര്‍ജ്ജം ഉപയോഗിക്കുന്ന ഹെറിറ്റേജ് ബില്‍ഡിങ്ങുകളെക്കുറിച്ചുള്ള പത്രവാര്‍ത്തയും തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ട്. അനെര്‍ട്ടിന്റെ രേഖകളോ ഐഡന്റിറ്റി കാര്‍ഡോ ഇവരുടെ കൈയിലില്ല. പേര് ഗംഗാധരന്‍ എന്നാണെന്നും മുണ്ടൂരുള്ള അനെര്‍ട്ടിന്റെ ഓഫീസ് സ്റ്റാഫ് ആണെന്നുമാണ് ഒരാള്‍ പരിചയപ്പെടുത്തിയത്. ബന്ധപ്പെടാനായി നല്‍കിയ 9744324041 നമ്പറില്‍ പിന്നീട് വിളിച്ചപ്പോള്‍ പ്രതികരണവും ഇല്ല. എന്നാല്‍ അനെര്‍ട്ടിന് മുണ്ടൂരില്‍ ഓഫീസില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ സംഘവുമായോ ഉല്‍പ്പന്നങ്ങളുമായോ അനെര്‍ട്ടിന് ബന്ധമില്ലെന്ന് അനെര്‍ട്ട് റീജ്യനല്‍ പ്രോഗ്രാം മാനേജര്‍ സി സെബാസ്റ്റ്യന്‍ അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 280112

1 comment:

  1. പാരമ്പര്യേതര ഊര്‍ജ്ജരംഗത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ അനെര്‍ട്ടിന്റെ പേരില്‍ ജില്ലയില്‍ വന്‍ തട്ടിപ്പ്. അനെര്‍ട്ടിന്റെ ഉല്‍പ്പന്നങ്ങളെന്ന വ്യാജേനെ അടുപ്പും സോളാര്‍ ഡിജിറ്റല്‍ പാനല്‍ സിസ്റ്റവും ഒരുസംഘം വന്‍ വിലയില്‍ വിറ്റഴിക്കുകയാണ്. അനെര്‍ട്ടിെന്‍റ ഫീല്‍ഡ് സ്റ്റാഫുകളാണെന്ന് പറഞ്ഞ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാന വില്‍പ്പന.

    ReplyDelete