Friday, January 27, 2012

'വിഷന്‍ 2030'ല്‍ കാര്‍ഷികമേഖലയെ അവഗണിച്ചത് ദോഷം ചെയ്യും: സത്യന്‍ മൊകേരി

കേരള വിഷന്‍ 2030 ന് രൂപം കൊടുക്കും: മുഖ്യമന്ത്രി

സംസ്ഥാന വികസനത്തിനുള്ള സപ്തധാരാ പദ്ധതികള്‍ക്കൊപ്പം തന്നെ കേരള വിഷന്‍ 2030 ന് രൂപം കൊടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡ് പരിശോധിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അതിവേഗ റെയില്‍പാത, കൊച്ചി കോയമ്പത്തൂര്‍ വ്യവസായിക ഇടനാഴി, തിരുവനന്തപുരം കോഴിക്കോട് മോണോ റെയിലുകള്‍, കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, നാലുവരിപ്പാതകള്‍, ദേശീയജലപാത തുടങ്ങി അടിസ്ഥാനവികസനരംഗത്ത് കേരളം കുതിച്ചുചാട്ടത്തിനു സജ്ജമാകുകയാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന എമേര്‍ജിംഗ് കേരള വഴി നിക്ഷേപരംഗത്ത് കേരളത്തിനു പുതിയൊരു പ്രതിച്ഛായ ഉറപ്പാക്കാനാകുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

വന്‍ വികസനങ്ങള്‍ക്കിടയില്‍ ചെറിയ മനുഷ്യരും അവരുടെ ചെറിയ കാര്യങ്ങളുമെന്നു പറഞ്ഞ് മറ്റുള്ളവര്‍ തള്ളിക്കളയുന്നവ സാധാരണക്കാരന്റെ ജീവല്‍ പ്രശ്‌നങ്ങളാണെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ട്. എന്തിലും, ഏവര്‍ക്കും തുല്യത ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ കടമ. വികസന പ്രക്രിയയില്‍ എല്ലാവരെയും പങ്കെടുപ്പിച്ച് അഭിപ്രായസമന്വയത്തിലൂടെ മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
രാജ്യത്ത് മതേതര മൂല്യങ്ങള്‍ ഏറ്റവുമധികം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനവും കേരളമാണ്. കേരളത്തിന്റെ മതേതര മൂല്യങ്ങള്‍ കാര്യമായി ചര്‍ച്ചചെയ്യപ്പെടുന്നില്ലെന്നാണ് വസ്തുത.
മതേതരകാര്യങ്ങളില്‍ മായം ചേര്‍ക്കാത്ത സംസ്ഥാനമെന്നതാണ് കേരളത്തിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. ഇതിനു വിപരീതമായി ചില അപസ്വരങ്ങളും ബോധപൂര്‍വമായ നീക്കങ്ങളൊക്കെ ചില ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. അവര്‍ സ്വയം തിരുത്തുന്നില്ലെങ്കില്‍ ജനങ്ങള്‍ അവരെ തിരുത്തുന്ന കാലം വിദൂരമല്ല. മതേതരവിശ്വാസ പ്രമാണങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലും നാടിന്റെയും ജനങ്ങളുടെയും സുരക്ഷയുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ അണുവിട വ്യതിചലിക്കില്ല.

മുല്ലപ്പെരിയാര്‍ ഡാം അഞ്ചു ജില്ലകളിലെ ജനങ്ങളുടെ ജീവനു ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നത്. തമിഴ്‌നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും ഉറപ്പാക്കുന്നതാണു കേരളത്തിന്റെ സമീപനം. തമിഴ്‌നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടു തന്നെ ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണു കേരളം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

ഇന്ത്യയെ പരമാധികാര റിപ്പബഌക്കിലേക്കു നയിച്ചവരെയും അതു കാത്തുസൂക്ഷിക്കാന്‍ ത്യാഗം അനുഷ്ഠിച്ചവരെയും രാജ്യത്തെ വളര്‍ച്ചയിലേക്കു നയിച്ചവരെയും നാം അഭിമാനത്തോടെ സ്മരിക്കുമ്പോള്‍, വരുംതലമുറയ്ക്ക് നമ്മെ അഭിമാനപൂര്‍വം ഓര്‍ക്കുവാന്‍ എന്തെങ്കിലും അവശേഷിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'വിഷന്‍ 2030'ല്‍ കാര്‍ഷികമേഖലയെ അവഗണിച്ചത് ദോഷം ചെയ്യും: സത്യന്‍ മൊകേരി

കോഴിക്കോട്: കേരളത്തിന്റെ സമഗ്രവികസനത്തിന് പത്ത് പദ്ധതികളുമായെത്തിയ സാം പിത്രോദ സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ പൂര്‍ണമായും അവഗണിച്ചെന്നും കൃഷിയെ അവഗണിച്ചുകൊണ്ടുള്ള വികസനകാഴ്ചപ്പാടുകള്‍ രാജ്യത്തിനും സംസ്ഥാനത്തിനും ഗുണം ചെയ്യില്ലെന്നും കിസാന്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി പ്രസ്താവനയില്‍ പറഞ്ഞു.

വിഷന്‍ 2030 ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെട്ട പത്ത് നിര്‍ദ്ദേശങ്ങളില്‍ മുഖ്യപങ്കും അടിസ്ഥാനവികസനവുമായി ബന്ധപ്പെട്ടതാണ്. പത്തിന പദ്ധതിയില്‍ പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം ഉള്‍പ്പെടുത്തിയെങ്കിലും കൃഷിയെ കണ്ടില്ലെന്ന് നടിച്ചു. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെങ്കിലും വിഷന്‍ 2030ല്‍ ഇതേക്കുറിച്ച്  പരാമര്‍ശം പോലുമില്ല. ദേശീയ തലത്തില്‍ തന്നെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിട്ടും സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നയരൂപീകരണത്തില്‍ കൃഷിമേഖലയെ പാടേ അവഗണിച്ചത് പ്രതിഷേധാര്‍ഹമാണെന്നും സത്യന്‍ മൊകേരി പറഞ്ഞു.

കൃഷിയെ തഴഞ്ഞുകൊണ്ടുള്ള വികസനചിന്ത രാജ്യത്തിനും സംസ്ഥാനത്തിനും ദോഷകരമാണ്. കേരളത്തിന്റെ കാര്‍ഷിക മേഖല നിരവധി പ്രതിസന്ധികളെ നേരിടുകയാണ്.
കൃഷി ഭൂമി കുറഞ്ഞുവരുന്നതിനാലും ഉത്പാദനക്ഷമതയില്‍ കാര്യമായ മുന്നേറ്റമുണ്ടാകാത്തതിനാലും ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യത്തിലെത്താന്‍ നമ്മുടെ രാജ്യത്തിന് ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. കൃഷിക്കാര്‍ക്ക് ന്യായമായ വിലയും കൃഷി ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കണം.  തോട്ടം മേഖല ഉള്‍പ്പെടെ സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ ലോകോത്തര നിലവാരത്തിലുള്ള ഉത്പാദനക്ഷമതയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ വിഷന്‍ 2030ല്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടത്തണമെന്നും സത്യന്‍ മൊകേരി ആവശ്യപ്പെട്ടു.

janayugom 280112

1 comment:

  1. കേരളത്തിന്റെ സമഗ്രവികസനത്തിന് പത്ത് പദ്ധതികളുമായെത്തിയ സാം പിത്രോദ സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ പൂര്‍ണമായും അവഗണിച്ചെന്നും കൃഷിയെ അവഗണിച്ചുകൊണ്ടുള്ള വികസനകാഴ്ചപ്പാടുകള്‍ രാജ്യത്തിനും സംസ്ഥാനത്തിനും ഗുണം ചെയ്യില്ലെന്നും കിസാന്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete