Saturday, January 28, 2012

ലീഗില്‍ ചേരിതിരിവ് രൂക്ഷം; ഇ ടിക്കൊപ്പം കൂടുതല്‍ നേതാക്കള്‍

ഭരണത്തിന്റെ മറവില്‍ പാര്‍ടി നേതൃത്വം കോക്കസായി മാറിയെന്ന ആരോപണം മുസ്ലിംലീഗില്‍ ചേരിതിരിവ് രൂക്ഷമാക്കുന്നു. അധികാര ദല്ലാളന്മാരുടെ രംഗപ്രവേശത്തിനിടെ, പ്രവര്‍ത്തകരുടെയും പാര്‍ടിയുടെയും താല്‍പര്യം മാനിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് നേതൃതലത്തില്‍ ഭിന്നതയും അസംതൃപ്തിയും വ്യാപകമായത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ മന്ത്രിമാരുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത് ഈ പശ്ചാത്തലത്തിലാണ്. ഇ-മെയില്‍ , മാറാട് വിഷയങ്ങളിലാണ് ഇ ടി പാര്‍ടിയിലെ ചിലര്‍ക്കെതിരായ നിലപാടുകള്‍ പരസ്യമാക്കിയത്. ലീഗിന് ഒറ്റ ജനറല്‍ സെക്രട്ടറി മതിയെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവനയും നേതൃത്വത്തിനെതിരായ വെടിയുതിര്‍ക്കലാണ്. തുടര്‍ച്ചയായി പാര്‍ടി സമീപനങ്ങളില്‍നിന്ന് വേറിട്ട അഭിപ്രായം പ്രകടിപ്പിച്ച മുഹമ്മദ്ബഷീര്‍ , ലീഗിന്റെ പോക്ക് ശരിയല്ലെന്ന വാദമാണ് മുന്നോട്ടുവയ്ക്കുന്നത്.

വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ ഇ ടി യുടെ നിലപാടുകളോട് യോജിക്കുന്ന അപ്രതീക്ഷിത പ്രതികരണങ്ങളുണ്ടായി. ഇ-മെയില്‍ ചോര്‍ത്തപ്പെട്ട അബ്ദുള്‍സമദ് സമദാനിയും പി വി അബ്ദുള്‍വഹാബുമാണ് ഇ ടിയുടെ നിലപാടിനൊപ്പം നിലകൊണ്ടവരില്‍ പ്രമുഖര്‍ . ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ സമീപനം ശരിയായില്ലെന്ന അഭിപ്രായം ഒന്നിലേറെ നേതാക്കള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ലീഗ് നേതാക്കളെയടക്കം ഇ- മെയില്‍ ചോര്‍ത്താന്‍ പൊലീസ് ലക്ഷ്യമിട്ടതിനെ കുഞ്ഞാലിക്കുട്ടി ഗൗരവത്തിലെടുത്തില്ലെന്ന വാദമാണ് ചര്‍ച്ചയിലുയര്‍ന്നത്. ഭരണത്തെ ബാധിക്കാതിരിക്കാനാണ് താന്‍ ഇത്തരം നിലപാടെടുത്തതെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്കുശേഷമാണ് താന്‍ ഇ-മെയില്‍ വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ പിന്നീടും ഇത് ഗൗരവമുള്ളതാണെന്ന ഇ ടിയുടെ പരാമര്‍ശം ശരിയായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സര്‍ക്കാരിന്റെ സംരക്ഷണമേറ്റെടുത്തതോടെ പാര്‍ടിക്ക് സമുദായത്തിലും പുറത്തുമുള്ള വിശ്വാസ്യത ഇല്ലാതാകുന്നതെന്നായിരുന്നു ഇ ടിയുടെയും മറ്റും വാദം. ഇ-മെയില്‍ വിഷയത്തില്‍ , ലീഗ് ഭരണത്തിലിരിക്കുമ്പോഴാണ് പാര്‍ടിനേതാക്കളെയും സമുദായസംഘടനകളെയും പ്രതിക്കൂട്ടിലേറ്റിയതെന്നത് ചെറുതായി കാണാനാകില്ല. ടി എ അഹമ്മദ്കബീര്‍ എംഎല്‍എ, കുട്ടി അഹമ്മദ്കുട്ടി എന്നിവരും യോഗത്തില്‍ ഇതേ അഭിപ്രായം പങ്കുവച്ചു. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിച്ചതോടെ ലീഗാകെ പ്രതിചേര്‍ക്കപ്പെട്ട അവസ്ഥയിലായെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതോടൊപ്പം ഒരു ജനറല്‍സെക്രട്ടറി മതിയെന്നും താന്‍ സ്ഥാനത്തിനില്ലെന്നുമുള്ള ഇ ടിയുടെ ചാനലല്‍ വന്ന അഭിപ്രായവും ചര്‍ച്ചയായി. മറ്റൊരു ജനറല്‍ സെക്രട്ടറിയായ കെ പി എ മജീദിന്റെ പ്രവര്‍ത്തനത്തില്‍ ഇ ടിയ്ക്കും ഒപ്പമുള്ളവര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. മജീദ് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്നു, മറ്റൊരു ജനറല്‍ സെക്രട്ടറിയായ താനൊന്നുമറിയുന്നില്ലെന്നാണ് ബഷീറിന്റെ പ്രതികരണത്തിനുപിന്നില്‍ . സെക്രട്ടറിയറ്റ് യോഗത്തിന് തൊട്ടുമുമ്പായിരുന്നു പരസ്യ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. കെ പി എ മജീദിന്റെ പ്രവര്‍ത്തനം പോരെന്ന അഭിപ്രായവും ബഷീറിനുണ്ട്. അതിനാലാണ് ജനറല്‍ സെക്രട്ടറിയാകാന്‍ ലീഗില്‍ മിടുക്കരുണ്ട്, അവര്‍ക്ക് അവസരം നല്‍കണമെന്ന് ചാനല്‍ ചര്‍ച്ചകളില്‍ ഇ ടി പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ പൂര്‍ണനിയന്ത്രണത്തിലുള്ള മജീദിനെ മാറ്റുകയെന്ന ഇടിയുടെ ലക്ഷ്യത്തിനാപ്പം എംഎല്‍എമാരടക്കമുള്ള നേതാക്കളിലൊരു വിഭാഗമുണ്ടെന്നതാണ് ചേരിതിരിവിന് പുതിയ തലം നല്‍കുന്നത്. കേന്ദ്രമന്ത്രി ഇ അഹമ്മദും മന്ത്രി മുനീറും റിപ്പബ്ലിക് ദിനത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തില്ല.

deshabhimani 280112

1 comment:

  1. ഭരണത്തിന്റെ മറവില്‍ പാര്‍ടി നേതൃത്വം കോക്കസായി മാറിയെന്ന ആരോപണം മുസ്ലിംലീഗില്‍ ചേരിതിരിവ് രൂക്ഷമാക്കുന്നു. അധികാര ദല്ലാളന്മാരുടെ രംഗപ്രവേശത്തിനിടെ, പ്രവര്‍ത്തകരുടെയും പാര്‍ടിയുടെയും താല്‍പര്യം മാനിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് നേതൃതലത്തില്‍ ഭിന്നതയും അസംതൃപ്തിയും വ്യാപകമായത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ മന്ത്രിമാരുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത് ഈ പശ്ചാത്തലത്തിലാണ്. ഇ-മെയില്‍ , മാറാട് വിഷയങ്ങളിലാണ് ഇ ടി പാര്‍ടിയിലെ ചിലര്‍ക്കെതിരായ നിലപാടുകള്‍ പരസ്യമാക്കിയത്. ലീഗിന് ഒറ്റ ജനറല്‍ സെക്രട്ടറി മതിയെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവനയും നേതൃത്വത്തിനെതിരായ വെടിയുതിര്‍ക്കലാണ്. തുടര്‍ച്ചയായി പാര്‍ടി സമീപനങ്ങളില്‍നിന്ന് വേറിട്ട അഭിപ്രായം പ്രകടിപ്പിച്ച മുഹമ്മദ്ബഷീര്‍ , ലീഗിന്റെ പോക്ക് ശരിയല്ലെന്ന വാദമാണ് മുന്നോട്ടുവയ്ക്കുന്നത്.

    ReplyDelete