Tuesday, January 31, 2012

കയ്യൂര്‍ സ്മരണയില്‍ പതാകജാഥയ്ക്ക് തുടക്കം

ഇന്ത്യന്‍ വിപ്ലവചരിത്രത്തിലെ സൂര്യതേജസ്സായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മരണയിരമ്പുന്ന തേജസ്വിനിക്കരയില്‍നിന്ന് സിപിഐ എം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥക്ക് ആവേശകരമായ തുടക്കം. പതറാതെ, ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് കൊലമരത്തിലേക്ക് നടന്നു കയറിയ ധീരവിപ്ലവകാരികളായ അപ്പുവിന്റെയും ചിരുകണ്ടന്റെയും കുഞ്ഞമ്പുനായരുടെയും അബൂബക്കറുടെയും മരിക്കാത്ത സ്മരണകള്‍ അലയടിക്കുന്ന കയ്യൂരിലെ സ്മൃതി മണ്ഡപത്തില്‍നിന്ന് ആയിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് രക്തപതാകയുമായി ജാഥ പ്രയാണം തുടങ്ങിയത്. കയ്യൂര്‍ സമരസേനാനി കുറുവാടന്‍ നാരായണന്‍ നായരില്‍നിന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഏറ്റുവാങ്ങിയ പതാക ജാഥാലീഡറും കേന്ദ്രകമ്മിറ്റി അംഗവുമായ ഇ പി ജയരാജനു കൈമാറി. തുടര്‍ന്ന്, ദേശീയ സ്വര്‍ണമെഡല്‍ ജേത്രി കവിതാമണി, അഖില്‍ എന്നീ അത്ലറ്റുകള്‍ ജാഥാലീഡറില്‍നിന്ന് ഏറ്റുവാങ്ങി നിരവധി അത്ലറ്റുകളുടെ അകമ്പടിയോടെ റിലേയായി പ്രയാണം തുടങ്ങി.

നിസ്വവര്‍ഗത്തിന്റെ സമരചരിത്രത്തില്‍ മായാമുദ്ര പതിപ്പിച്ച കയ്യൂരിന്റെ വിപ്ലവഭൂമിക്ക് അവിസ്മരണീയാനുഭവമായിരുന്നു തിങ്കളാഴ്ച പകല്‍ മൂന്നിന് നടന്ന ഉദ്ഘാടനച്ചടങ്ങ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ആശയും ആവേശവുമായ സിപിഐ എമ്മിനെ ജീവന്‍നല്‍കിയും കാത്തുസൂക്ഷിക്കുമെന്ന പ്രഖ്യാപനവുമായാണ് കയ്യൂര്‍ രക്തസാക്ഷികളുടെ പിന്മുറക്കാര്‍ ഒത്തുകൂടിയത്. മുന്നൂറോളം അത്ലറ്റുകളും ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ പ്രതീകമായി ചെമ്പതാക ഏന്തിയ 20 വീതം റെഡ്, വൈറ്റ് വളണ്ടിയര്‍മാരും ബൈക്കുകളില്‍ അണിനിരന്നു. ബാന്‍ഡ്വാദ്യസംഘവും നിരവധി ഓട്ടോറിക്ഷകളും നൂറുകണക്കിന് പ്രവര്‍ത്തകരും അനുഗമിച്ചു. കയ്യൂര്‍ സെന്‍ട്രലിലെ പൊതുയോഗം കോടിയേരി ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി അധ്യക്ഷനായി. ഇ പി ജയരാജന്‍ , ജാഥാംഗങ്ങളായ മഹിളാ അസോസിയേഷന്‍ നേതാവ് അഡ്വ. തുളസി, വി എന്‍ വാസവന്‍ , ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് എം സ്വരാജ്, സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എം രാജഗോപാലന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍ എംഎല്‍എ, എ കെ നാരായണന്‍ , ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങള്‍ തുടങ്ങി നിരവധി നേതാക്കള്‍ സന്നിഹിതരായി.

കതിനവെടി മുഴക്കിയും മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയുമാണ് വഴിനീളെ ജാഥയെ വരവേറ്റത്. ക്ലായിക്കോട്, നാപ്പച്ചാല്‍ , വി വി നഗര്‍ , ചെറുവത്തൂര്‍ സ്റ്റേഷന്‍റോഡ്, മട്ടലായി ജെടിഎസ്, കാലിക്കടവ് എന്നിവിടങ്ങളില്‍ ആയിരങ്ങള്‍ വരവേറ്റു. കാലിക്കടവില്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ജയരാജന്‍ , കെ പി സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലേക്ക് സ്വീകരിച്ചു. രാജ്യാന്തര ഫെന്‍സിങ് താരം റീഷ പുതുശേരിയുടെ നേതൃത്വത്തിലാണ് അത്ലറ്റുകള്‍ റിലേയില്‍ അണിനിരന്നത്. കരിവെള്ളൂര്‍ , വെള്ളൂര്‍ , പയ്യന്നൂര്‍ , പിലാത്തറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്ത് ആദ്യദിവസത്തെ പര്യടനം സമാപിച്ചു. ചൊവ്വാഴ്ച വടകരയിലാണ് സമാപനം. വിവിധ ജില്ലകളിലെ സ്വീകരണത്തിനുശേഷം ആറിന് വൈകിട്ട് തിരുവനന്തപുരത്തെ സമ്മേളനനഗറിലെത്തും.

ചരിത്രപ്രദര്‍ശനത്തിന് വര്‍ണാഭ തുടക്കം

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി "മാര്‍ക്സ് ആണ് ശരി"യെന്ന സന്ദേശവുമായി ചരിത്രപ്രദര്‍ശനം തുടങ്ങി. പുത്തരിക്കണ്ടം മൈതാനത്തെ ഇ കെ നായനാര്‍ പാര്‍ക്കില്‍ സജ്ജമാക്കിയ എം കെ പന്ഥെ നഗറില്‍ തിങ്ങിനിറഞ്ഞ ജനാവലിയുടെ സാന്നിധ്യത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ക്സിസം അജയ്യമാണെന്ന് ഒരിക്കല്‍ കൂടി വിളിച്ചറിയിക്കുന്ന പുതിയ വര്‍ഷത്തെ ഓര്‍മിപ്പിച്ച് 2012 ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാണ് പ്രദര്‍ശനത്തിന് തിരശ്ശീല ഉയര്‍ന്നത്. മാര്‍ക്സിന്റെ ചിത്രം ആലേഖനം ചെയ്ത ചുവപ്പ് ബലൂണുകള്‍ പറന്നുയരവെ നഗരം ആവേശത്തിമിര്‍പ്പിലമര്‍ന്നു. സമ്മേളനസന്ദേശവുമായി നഗരത്തില്‍ സംഘടിപ്പിച്ച വിളംബരഘോഷയാത്ര ഉദ്ഘാടനച്ചടങ്ങിന് മിഴിവേകി. സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ അധ്യക്ഷനായി. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ , നടന്‍ മുകേഷ് എന്നിവര്‍ സംസാരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പിരപ്പന്‍കോട് മുരളി, ആനാവൂര്‍ നാഗപ്പന്‍ , ടി എന്‍ സീമ എംപി, കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.
തലമുറകളിലൂടെ വാക്കും വെളിച്ചവുമായി മാര്‍ക്സിസം ജൈത്രയാത്ര തുടരുമെന്ന് പ്രഖ്യാപിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ വരച്ചുകാട്ടുന്ന പ്രദര്‍ശനത്തോടൊപ്പം പുസ്തകമേളയും സിനിമാപ്രദര്‍ശനവും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. രക്തസാക്ഷിത്വം ക്രിസ്തു മുതല്‍ ചെ വരെ, വംഗനാടിന്റെ ചുവപ്പ് മങ്ങില്ല, ചുവപ്പുപ്രഭയില്‍ എന്നും കേരളം, ഭരണമാറ്റത്തിലെ അഭിശപ്തചിത്രം, സ്ത്രീമുന്നേറ്റം, സാംസ്കാരികകേരളം, ചെറുത്തുനില്‍പ്പിന്റെ ചരിത്രപാഠങ്ങള്‍ , ഇ എം എസിന്റെ വേര്‍പാട്, നൂറ്റാണ്ടിലെ മികച്ച പത്ത് ഫോട്ടോകള്‍ , സുകുമാര്‍ അഴീക്കോട് നിലയ്ക്കാത്ത നാദം, പത്രഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനം ഫെബ്രുവരി 10 വരെ തുടരും. രാവിലെ പത്തുമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവേശനം.

മാര്‍ക്സിസം അജയ്യമെന്ന് കാലം തെളിയിച്ചു: പിണറായി

മാര്‍ക്സിസം അജയ്യമാണെന്ന് കാലം തെളിയിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച ചരിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

ലോകമെങ്ങും വന്‍തോതില്‍ ആക്രമിക്കപ്പെട്ട പ്രത്യയശാസ്ത്രമാണ് മാര്‍ക്സിസം. മാര്‍ക്സിസം ഉദയം ചെയ്തതുമുതല്‍ അതിനെ ഇകഴ്ത്തിക്കാട്ടാന്‍ എല്ലാക്കാലവും മുതലാളിത്തം കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്. മുതലാളിത്തത്തിന്റെ ദൗര്‍ബല്യവും പ്രതിസന്ധികളും വരച്ചുകാട്ടിയാണ് അന്ന് അതിനെ നേരിട്ടത്. എല്ലാ ആക്രമണവും നേരിട്ട് പ്രസ്ഥാനം മുന്നേറും. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് ഗവണ്‍മെന്റുകളും തകര്‍ന്നപ്പോള്‍ മുതലാളിത്തവും സാമ്രാജ്യത്വവും മതിമറന്ന് ആഹ്ലാദിച്ചു. അന്ന് അതിന്റെ പ്രചാരകര്‍ ഉയര്‍ത്തിവിട്ട കോലാഹലങ്ങളില്‍പ്പെട്ട് ചില രാജ്യങ്ങളിലെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടികള്‍ പേരുമാറ്റാന്‍ പോലും തയ്യാറായി. എന്നാല്‍ , അന്നും സിപിഐ എം വ്യക്തമായ രാഷ്ട്രീയനിലപാട് സ്വീകരിച്ചു. സോഷ്യലിസത്തിന് ഏറ്റ താല്‍ക്കാലിക തിരിച്ചടിയാണ് ഇതെന്നും അതിനെ അതിജീവിക്കുമെന്നും പാര്‍ടി വിലയിരുത്തി.

ലോക മുതലാളിത്തത്തിന്റെ നായകരായ അമേരിക്കയില്‍ 2007ല്‍ ആരംഭിച്ച പ്രതിസന്ധിയില്‍നിന്ന് നാലുവര്‍ഷം കഴിഞ്ഞിട്ടും കരകയറിയില്ല. അമേരിക്കയെ മാതൃകയാക്കിയ മറ്റു മുതലാളിത്തരാഷ്ട്രങ്ങളും ഇതേ പ്രതിസന്ധിയിലാണ്. അവിടെയെല്ലാം കഷ്ടതയനുഭവിക്കുന്നത് പാവപ്പെട്ട ജനവിഭാഗങ്ങളാണ്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞത് ഞങ്ങള്‍ വ്യത്യസ്ത അഭിപ്രായക്കാരാണെങ്കിലും ചൂഷണാധിഷ്ഠിതമായ വ്യവസ്ഥകള്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കുന്നുവെന്നാണ്. മുതലാളിത്തവ്യവസ്ഥയില്‍ ജനിച്ചുവളര്‍ന്നവരാണ് ഈ വാദം മുന്നോട്ടു വച്ചതെന്ന് പ്രത്യേകം ഓര്‍ക്കണം. മാര്‍ക്സ് ആണ് ശരിയെന്ന സന്ദേശം ലോകമാകെ ഉയരുന്നു. ലോകമാകെ മാര്‍ക്സിനെ വായിക്കപ്പെടുന്നുവെന്നതാണ് വസ്തുത. പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസിനുശേഷമുള്ള നാലുവര്‍ഷക്കാലയളവിനുള്ളില്‍ കേരളത്തില്‍ മാത്രം 27 സഖാക്കളാണ് രക്തസാക്ഷിത്വം വരിച്ചത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട കാലംമുതല്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടരുന്നു. അനേകം സഖാക്കള്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്നു. ഒട്ടേറെ സഖാക്കള്‍ക്ക് മാരകമായ പരിക്കേറ്റു. അവരുടെ രക്തത്തില്‍ കുതിര്‍ന്ന മണ്ണിലാണ് ഈ പ്രസ്ഥാനം വളര്‍ന്നത്- പിണറായി പറഞ്ഞു.

സര്‍ക്കാര്‍ വര്‍ഗീയതയ്ക്ക് കീഴടങ്ങുന്നു: പിണറായി

വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങുന്ന യുഡിഎഫ് സര്‍ക്കാര്‍ മതനിരപേക്ഷതയ്ക്ക് ആപത്തായി മാറുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . മാറാട് കൂട്ടക്കൊല സംബന്ധിച്ച അന്വേഷണം അട്ടിമറിച്ചത് ഇതിനു തെളിവാണ്. വര്‍ഗീയവാദിയായ നരേന്ദ്രമോഡി കുറ്റക്കാരനാണെന്ന് ഇന്ന് രാജ്യം വിലയിരുത്തുന്നു. അതുപോലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറരുതെന്ന് സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച ചരിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

മാറാട് കലാപത്തെ കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് പറയുന്നു. കലാപം നടന്ന വേളയില്‍ സംശയം ഉയര്‍ന്ന അതേ പേരുകളാണ് ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇത് കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്തിനെന്ന് ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. മാറാട് എന്ന ചെറിയ പ്രദേശത്ത് രണ്ട് കലാപങ്ങളും നടന്നത് യുഡിഎഫ് ഭരണകാലത്താണ്. രണ്ടാമത്തെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ തീവ്രവാദികള്‍ ഉണ്ടെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞതാണ്. അതാണ് ജുഡീഷ്യല്‍ കമീഷനും കണ്ടെത്തിയത്. വിദേശബന്ധവും മറ്റും ഉള്ള സാഹചര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. പലപ്രാവശ്യം ഇക്കാര്യം ഉന്നയിച്ചിട്ടും സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഏത് നിസ്സാരകാര്യത്തിനും സിബിഐ അന്വേഷണമാകാമെന്ന നിലപാട് സ്വീകരിക്കുന്ന കേന്ദ്രം ഇക്കാര്യത്തില്‍ മാത്രം മറിച്ചൊരു നിലപാട് എടുത്തത് സിബിഐ അന്വേഷണത്തിന് ലീഗ് എതിരായതുകൊണ്ടാണ്. ഇത്തരം നടപടികള്‍ മതനിരപേക്ഷതയ്ക്കുള്ള വെല്ലുവിളിയാണ്.

മുമ്പ് തൊഗാഡിയയെ പോലുള്ളവര്‍ക്ക് ഇവിടെവന്ന് പ്രസംഗിക്കാന്‍ അവസരം കൊടുത്ത യുഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയതയെ എല്ലാ അര്‍ഥത്തിലും പ്രോത്സാഹിപ്പിച്ചു. യുഡിഎഫ് നടത്തിയ വര്‍ഗീയപ്രീണന നയം കാരണം ആ കാലയളവില്‍ 18 പേരാണ് മരിച്ചത്. അത്തരം കാലഘട്ടത്തിലേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകാനുള്ള നീക്കത്തെ അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തെ ഇന്നത്തെ നിലയില്‍ വാര്‍ത്തെടുക്കുന്നതില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. ജന്മിത്വത്തിനും നാടുവാഴിത്തത്തിനും എതിരായും വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും എതിരായും പൊരുതിക്കൊണ്ട് നിസ്വവര്‍ഗത്തിന് വര്‍ഗബോധം പകര്‍ന്നുനല്‍കിയത് നവോത്ഥാന നായകരുടെ പാത പിന്തുടര്‍ന്ന് എ കെ ജി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നടത്തിയ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്- പിണറായി പറഞ്ഞു.

deshabhimani 310112

1 comment:

  1. ഇന്ത്യന്‍ വിപ്ലവചരിത്രത്തിലെ സൂര്യതേജസ്സായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മരണയിരമ്പുന്ന തേജസ്വിനിക്കരയില്‍നിന്ന് സിപിഐ എം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥക്ക് ആവേശകരമായ തുടക്കം. പതറാതെ, ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് കൊലമരത്തിലേക്ക് നടന്നു കയറിയ ധീരവിപ്ലവകാരികളായ അപ്പുവിന്റെയും ചിരുകണ്ടന്റെയും കുഞ്ഞമ്പുനായരുടെയും അബൂബക്കറുടെയും മരിക്കാത്ത സ്മരണകള്‍ അലയടിക്കുന്ന കയ്യൂരിലെ സ്മൃതി മണ്ഡപത്തില്‍നിന്ന് ആയിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് രക്തപതാകയുമായി ജാഥ പ്രയാണം തുടങ്ങിയത്. കയ്യൂര്‍ സമരസേനാനി കുറുവാടന്‍ നാരായണന്‍ നായരില്‍നിന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഏറ്റുവാങ്ങിയ പതാക ജാഥാലീഡറും കേന്ദ്രകമ്മിറ്റി അംഗവുമായ ഇ പി ജയരാജനു കൈമാറി. തുടര്‍ന്ന്, ദേശീയ സ്വര്‍ണമെഡല്‍ ജേത്രി കവിതാമണി, അഖില്‍ എന്നീ അത്ലറ്റുകള്‍ ജാഥാലീഡറില്‍നിന്ന് ഏറ്റുവാങ്ങി നിരവധി അത്ലറ്റുകളുടെ അകമ്പടിയോടെ റിലേയായി പ്രയാണം തുടങ്ങി.

    ReplyDelete