Sunday, January 29, 2012

രണ്ടാം മാറാട് കലാപ ഗൂഢാലോചന: ഒന്നും രണ്ടും പ്രതികള്‍ ലീഗ് നേതാക്കള്‍

ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കലാപത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ചെയ്ത കേസില്‍ ഒന്നും രണ്ടും പ്രതികള്‍ ലീഗ് നേതാക്കള്‍.

മുസ്‌ലിംലീഗ്  ബേപ്പൂര്‍ മേഖലാ സെക്രട്ടറി പി പി മൊയ്തീന്‍കോയയെ ഒന്നാം പ്രതിയും സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജിയെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊലപാതകം, കലാപ പ്രേരണ, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളില്‍ സംശയിക്കാവുന്നതായിട്ടാണ് ഇവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 2010 സെപ്റ്റംബര്‍ 25 ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ് ഐ ആര്‍ കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (അഞ്ച്) കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അതീവരഹസ്യമായി വെച്ചിരിക്കുകയായിരുന്നു.

കുറ്റകരമായ ഗൂഢാലോചനയിലൂടെ  മാറാട് കൂട്ടക്കൊലക്ക് ഒത്താശ ചെയ്യുക  വഴി ഇരുവരും കൂട്ടക്കൊലയില്‍ പരസ്പര പങ്കാളികളായി പ്രവര്‍ത്തിച്ചുവെന്നാണ് എ എഫ് ഐ ആറിലുള്ളത്. എന്‍ ഡി എഫുകാരെയും മഹല്ല് കമ്മിറ്റി അംഗങ്ങളെയും കുറിച്ച് പരമാര്‍ശങ്ങളുണ്ടെങ്കിലും ഈ  രണ്ട് ലീഗ് നേതാക്കളെ മാത്രമേ പേരെടുത്ത് പരാമര്‍ശിക്കുന്നുള്ളൂ.

 ഇതില്‍ എം സി മായിന്‍ഹാജിയുടെ പേര് നേരത്തേയും ഈ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു.  കേസ് അന്വേഷിച്ച സിറ്റി പൊലീസ് കമ്മീഷണര്‍ ടി കെ വിനോദകുമാര്‍ ഇദ്ദേഹത്തെ പ്രതിയാക്കാന്‍ തീരുമാനിച്ചിരുന്നതായി സംഘം കണ്ടെത്തിയിട്ടുണ്ട്.  മാറാട് സംഭവത്തെക്കുറിച്ച് തനിക്ക് മുന്‍കൂട്ടി സൂചന ലഭിച്ചതായി പൊലീസിന് ആദ്യം നല്‍കിയ സത്യവാങ്മൂലത്തില്‍ മായിന്‍ഹാജി പറഞ്ഞിരുന്നു.  2006 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ നിന്ന് ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടയാളാണ്.

ഇക്കഴിഞ്ഞ പുനഃസംഘടനയിലാണ് മായിന്‍ ഹാജി ലീഗിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. മാറാട് കേസില്‍ കോടതി വിട്ടയച്ച പി പി മൊയ്തീന്‍കോയ ഈയിടെയാണ്  പാര്‍ട്ടി മേഖലാ സെക്രട്ടറിയായത്.  ഗൂഢാലോചനക്കേസില്‍ ഇരുവരെയും പ്രതിചേര്‍ത്ത് അന്വേഷണം പുരോഗമിക്കുകയും ചോദ്യംചെയ്യുമെന്നുള്ള ഘട്ടമെത്തുകയും ചെയ്തപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി എം പ്രദീപ്കുമാറിനെ സ്ഥലം മാറ്റിയത്.

മാറാട് മേഖലയില്‍ ടൂറിസം വികസനത്തിന് ഏറ്റെടുക്കാന്‍ തീരുമാനിച്ച 500 ഏക്കര്‍ ഭൂമി ഒറ്റ പ്ലോട്ടായി വരത്തക്ക വിധത്തില്‍ തീരദേശപാതയില്‍ ഗതിമാറ്റം വരുത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

janayugom 300112

1 comment:

  1. ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ രണ്ടാം മാറാട് കലാപത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ചെയ്ത കേസില്‍ ഒന്നും രണ്ടും പ്രതികള്‍ ലീഗ് നേതാക്കള്‍.

    ReplyDelete