Saturday, January 28, 2012

കേരള ഗവര്‍ണറായിരിക്കെ മരിച്ച രണ്ടാമന്‍


എം ഒ എച്ച് ഫാറൂഖിന് അന്ത്യാഞ്ജലി

കേരള ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. പുതുച്ചേരി ഉപ്പളം ജുമാമസ്ജിദില്‍ വെള്ളിയാഴ്ച വൈകിട്ട് പൂര്‍ണ ഔദ്യോഗികബഹുമതികളോടെയായിരുന്നു കബറടക്കം. സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. വൃക്കരോഗത്തെതുടര്‍ന്ന് ഡിസംബര്‍ നാലിന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫാറൂഖിന്റെ അന്ത്യം വ്യാഴാഴ്ച രാത്രി 9.10നായിരുന്നു. 74 വയസ്സായിരുന്നു. പുതുച്ചേരി മുഖ്യമന്ത്രിയായും കേന്ദ്ര സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന ഫാറൂഖ് സെപ്തംബര്‍ എട്ടിനാണ് കേരള ഗവര്‍ണറായി ചുമതലയേറ്റത്.

1937 സെപ്തംബര്‍ ആറിന് പുതുച്ചേരിയിലെ കാരക്കലിലായിരുന്നു എം ഒ ഹസ്സന്‍ ഫാറൂഖ് മരിക്കാര്‍ എന്ന എം ഒ എച്ച് ഫാറൂഖിന്റെ ജനനം. രാജ്യത്ത് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മുഖ്യമന്ത്രിയായ വ്യക്തി ഇദ്ദേഹമാണ്; 29-ാംവയസ്സില്‍ , 1967ലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. 1969, 1974 എന്നീ വര്‍ഷങ്ങളിലും അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തെത്തി. 1991, 1996, 1999 വര്‍ഷങ്ങളില്‍ പുതുച്ചേരി ലോക്സഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്തു. കേന്ദ്രവ്യോമയാന, ടൂറിസം സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004ല്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിതനായി. ദീര്‍ഘകാലം കേന്ദ്രഹജ്ജ് കമ്മിറ്റിയില്‍ അംഗമായിരുന്നു. പരേതയായ ഖദീജ നെച്ചിയിലാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

ഫാറൂഖിന്റെ നിര്യാണത്തെതുടര്‍ന്ന് കേരളത്തില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗികപരിപാടികള്‍ റദ്ദാക്കി. വെള്ളിയാഴ്ച പൊതു അവധിയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന സര്‍വകലാശാല, പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു. രാജ്ഭവനില്‍ പ്രത്യേക അനുശോചനയോഗം ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, ഇ അഹമ്മദ്, വി നാരായണസ്വാമി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ , മന്ത്രിമാരായ കെ സി ജോസഫ്, അടൂര്‍ പ്രകാശ്, ഡോ. എം കെ മുനീര്‍ , വി കെ ഇബ്രാഹിംകുഞ്ഞ്, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ , ഡിജിപി ജേക്കബ് പുന്നൂസ്, പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമി, ലഫ്. ഗവര്‍ണര്‍ ഡോ. ഇഖ്ബാല്‍ സിങ്, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ പുതുച്ചേരിയില്‍ എത്തി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കുവേണ്ടിയും റീത്ത് സമര്‍പ്പിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

അധികാരപദവികളില്‍ നാല് പതിറ്റാണ്ട്

നാലു പതിറ്റാണ്ടിലേറെ പുതുച്ചേരി രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച് ഭരണരംഗത്ത് നിറഞ്ഞുനിന്ന അതികായനായിരുന്നു എം ഒ ഹസന്‍ ഫാറൂഖ് മരയ്ക്കാര്‍ എന്ന എം ഒ എച്ച് ഫാറൂഖ്. മതനിരപേക്ഷമൂല്യം ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരിയെന്ന നിലയിലാവും ജനങ്ങള്‍ ഫാറൂഖിനെ ഓര്‍ക്കുക. സംസ്ഥാനത്തെ പ്രായംകുറഞ്ഞ സ്പീക്കര്‍ , മുഖ്യമന്ത്രി എന്നീ നിലകളില്‍ ചരിത്രം സൃഷ്ടിച്ചാണ് പുതുച്ചേരി വിമോചനപോരാളിയായ ഈ നേതാവ് യാത്രയാവുന്നത്.

പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലില്‍ 1937 സെപ്തംബര്‍ ആറിന് ജനിച്ച ഫാറൂഖ് വിദ്യാര്‍ഥിയായിരിക്കെ ഫ്രഞ്ച്സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസിലെത്തിയ അദ്ദേഹം 1964ല്‍ കാരയ്ക്കല്‍ നോര്‍ത്തില്‍നിന്ന് 27-ാം വയസിലാണ് ആദ്യമായി നിയമസഭയിലെത്തിയത്. ആദ്യസഭയില്‍ സ്പീക്കറുമായി. 1967 ഏപ്രില്‍ ഒമ്പതിന് ഇരുപത്തൊമ്പതാം വയസില്‍ മുഖ്യമന്ത്രിയായി- ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി. ഒരു വര്‍ഷമേ ആ ഭരണത്തിന് ആയുസുണ്ടായുള്ളൂ. കോണ്‍ഗ്രസ് വിട്ട് ഡിഎംകെയില്‍ ചേക്കേറിയ ഫാറൂഖ് 1969 മാര്‍ച്ച് 17 മുതല്‍ മുഖ്യമന്ത്രിക്കസേരയില്‍ വീണ്ടുമെത്തി. ഇക്കുറി കാലാവധി പൂര്‍ത്തിയാക്കിയ അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങി. 1985ല്‍ മൂന്നാംതവണയും മുഖ്യമന്ത്രിയായി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി. ദ്രാവിഡ രാഷ്ട്രീയത്തില്‍ ചുറ്റിക്കറങ്ങിയ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് മേല്‍വിലാസമുണ്ടാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. കാരയ്ക്കലിലെ ഓരോ കുടുംബത്തെയും പേരെടുത്തുവിളിക്കാനുള്ള ബന്ധവും അടുപ്പവുമുണ്ടായിരുന്നു. സംസ്ഥാനത്ത് വിദേശമദ്യഷാപ്പ് ലൈസന്‍സ് വ്യാപകമായി അനുവദിച്ചതും ഫാറൂഖ് മുഖ്യമന്ത്രിയായിരിക്കെയാണ്. 1990ല്‍ ദേശീയരാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. 1991, 1996, 1999 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്ക് ഹാട്രിക് വിജയം. "91ലെ നരസിംഹറാവു മന്ത്രിസഭയില്‍ വ്യോമയാന- ടൂറിസം സഹമന്ത്രി. 2004ല്‍ സൗദി അംബാസഡറായി. 2010ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി. തുടര്‍ന്ന് കേരള ഗവര്‍ണറും.
(പി ദിനേശന്‍)

കേരള ഗവര്‍ണറായിരിക്കെ മരിച്ച രണ്ടാമന്‍

കേരള ഗവര്‍ണര്‍ പദവിയിലിരിക്കെ മരണമടയുന്ന രണ്ടാമത്തെ ഗവര്‍ണറാണ് എം ഒ എച്ച് ഫാറൂഖ്. മുന്‍ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തും കേരള ഗവര്‍ണറായിരിക്കുമ്പോഴാണ് മരിച്ചത്. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഭക്ത് 2004 ഫെബ്രവരി 23 നാണ് മരിച്ചത്. ചുമതലയേറ്റ് രണ്ടുവര്‍ഷം തികയും മുമ്പ് അദ്ദേഹം മരിച്ചു. എം ഒ എച്ച് ഫാറൂഖ് കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് കേരള ഗവര്‍ണറായി ചുമതലയേറ്റത്. അസുഖബാധിതനായതിനെത്തുടര്‍ന്ന് അധികമൊന്നും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിനായില്ല. കേരളകലാകേന്ദ്രം സുവര്‍ണ സംഗമത്തോടനുബന്ധിച്ച് കനകക്കുന്നില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങിലാണ് ഗവര്‍ണര്‍ ഏറ്റവുമൊടുവില്‍ പങ്കെടുത്തത്. നവംബര്‍ ഒമ്പതിനായിരുന്നു അത്. ആര്‍ എസ് ഗവായിയുടെ പിന്‍ഗാമിയായി പത്തൊമ്പതാമത് ഗവര്‍ണറായാണ് ഫാറൂഖ് എത്തുന്നത്. നാല് മാസവും പതിനിനേഴ് ദിവസവുമാണ് അദ്ദേഹം തുടര്‍ന്നത്. ചികിത്സയെത്തുടര്‍ന്ന് ഫാറൂഖ് അവധിയിലായതിനാല്‍ ഗവര്‍ണറുടെ ചുമതല കഴിഞ്ഞയാഴ്ച കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ഏറ്റെടുത്തിരുന്നു. സംസ്ഥാനത്ത് ഏറ്റവും ചുരുങ്ങിയ കാലയളവില്‍ ഗവര്‍ണര്‍ പദവിയിലിരുന്നത് ടി എന്‍ ചതുര്‍വേദിയാണ്. 2004 ഫെബ്രുവരി 25 മുതല്‍ ജൂണ്‍ 23 വരെയാണ് ചതുര്‍വേദി ഗവര്‍ണറായിരുന്നത്.

deshabhimani 280112

1 comment:

  1. നാലു പതിറ്റാണ്ടിലേറെ പുതുച്ചേരി രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച് ഭരണരംഗത്ത് നിറഞ്ഞുനിന്ന അതികായനായിരുന്നു എം ഒ ഹസന്‍ ഫാറൂഖ് മരയ്ക്കാര്‍ എന്ന എം ഒ എച്ച് ഫാറൂഖ്. മതനിരപേക്ഷമൂല്യം ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരിയെന്ന നിലയിലാവും ജനങ്ങള്‍ ഫാറൂഖിനെ ഓര്‍ക്കുക. സംസ്ഥാനത്തെ പ്രായംകുറഞ്ഞ സ്പീക്കര്‍ , മുഖ്യമന്ത്രി എന്നീ നിലകളില്‍ ചരിത്രം സൃഷ്ടിച്ചാണ് പുതുച്ചേരി വിമോചനപോരാളിയായ ഈ നേതാവ് യാത്രയാവുന്നത്.

    ReplyDelete