അഞ്ചുവര്‍ഷംമുമ്പ് ആരംഭിച്ച ആഗോള മുതലാളിത്തപ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ധന മൂലധനം നയിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ സ്ഥിരതയില്ലായ്മയാണ് ദീര്‍ഘമായ പ്രതിസന്ധി വ്യക്തമാക്കുന്നത്. ചൂഷണാധിഷ്ഠിത നവ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ തിരിച്ചറിയപ്പെടുകയാണ്. എല്ലാ ആധുനിക മുതലാളിത്ത രാജ്യങ്ങളിലെയും ജനങ്ങള്‍ സര്‍ക്കാരുകളുടെ ചെലവുചുരുക്കല്‍ നടപടിയിലും സാമൂഹ്യക്ഷേമപദ്ധതികളുടെ വെട്ടിക്കുറയ്ക്കലിലും പ്രതിഷേധിച്ച് പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലാളികളും വിദ്യാര്‍ഥികളും യുവാക്കളും നടത്തുന്ന സമരപരിപാടികളും ശ്രദ്ധേയമാണ്. ഇടതുപക്ഷശക്തികളുടെ രാഷ്ട്രീയബദല്‍ ഉരുത്തിരിഞ്ഞെങ്കില്‍മാത്രമേ യൂറോപ്പിലെ ജനങ്ങളുടെ പോരാട്ടങ്ങളും മുന്നേറ്റങ്ങളും കാര്യമായ മാറ്റത്തിന് വഴിയൊരുക്കൂ.
ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം നിലനിര്‍ത്താനായി. ഇടതുപക്ഷസര്‍ക്കാരുകള്‍ അധികാരത്തിലുള്ള പല രാജ്യങ്ങളും നവ ഉദാരവല്‍ക്കരണമാതൃക തള്ളിക്കളഞ്ഞു. നവ ഉദാരവല്‍ക്കരണത്തിന് ബദലായുള്ള നയമാണ് ഈ രാജ്യങ്ങള്‍ നടപ്പാക്കുന്നത്. തെക്കന്‍ ഏഷ്യയിലെ ജനാധിപത്യ- പുരോഗമന ശക്തികളോട് പാര്‍ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്. ഈ മേഖലയിലെ ഇടതുജനാധിപത്യ- മതനിരപേക്ഷ ശക്തികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് പാര്‍ടി ശ്രമിക്കും.
ഇപ്പോഴത്തെ മുതലാളിത്തപ്രതിസന്ധിയോടെ മുതലാളിത്തത്തിന്റെ വിജയമെന്ന വായ്ത്താരിക്ക് അവസാനമായി. നവ ഉദാരവല്‍ക്കരണത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്- രാഷ്ട്രീയപ്രമേയം പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കി
നവഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുപോവുകയാണ് രണ്ടാം യുപിഎ സര്‍ക്കാരെന്ന് സിപിഐ എം കരടു രാഷ്ട്രീയപ്രമേയത്തില്‍ പറഞ്ഞു. അവശ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം, ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് ആരംഭിച്ച വന്‍ അഴിമതിയുടെ തുടര്‍ച്ച, അമേരിക്കന്‍ അനുകൂല വിദേശനയത്തിന്റെ തുടര്‍ച്ചയും അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യവും, തൊഴിലാളി വര്‍ഗത്തെയും കര്‍ഷകരെയും പണിയെടുക്കുന്ന മറ്റ് ജനവിഭാഗങ്ങളെയും കടുത്ത ചൂഷണത്തിനും അവഗണനയ്ക്കും വിധേയമാക്കല്‍ എന്നിവയാണ് മൂന്നുവര്‍ഷ കാലയളവില്‍ യുപിഎ സര്‍ക്കാരിന്റെ എടുത്തുപറയാവുന്ന കാര്യങ്ങള്‍ .
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ , എണ്ണ-വാതക-ഖനന മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ധനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കലും വിപണി കൂടുതലായി തുറക്കലും, മരുന്നുനിര്‍മാണരംഗത്ത് ബഹുരാഷ്ട്രകുത്തകകളുടെ ആധിപത്യം തുടരാന്‍ അനുവദിക്കല്‍ , ചില്ലറവ്യാപാരമേഖല ബഹുരാഷ്ട്രകുത്തകള്‍ക്കായി തുറന്നുകൊടുക്കല്‍ എന്നിങ്ങനെ നവ ഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുനീങ്ങുകയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ . അവശ്യവസ്തുക്കളുടെ അവധിവ്യാപാരം അവസാനിപ്പിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഘടന പരിഷ്കരിച്ചും പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കിയും വിലക്കയറ്റം തടയാനുള്ള നടപടിയെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്.
ആഗോളസാമ്പത്തികമാന്ദ്യവും ആഭ്യന്തരമായി സ്വീകരിച്ച നവഉദാരവല്‍ക്കരണ നയവും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കുറയാന്‍ ഇടയാക്കി. തൊഴില്‍ വളര്‍ച്ചയിലും ഗണ്യമായ ഇടിവുണ്ടായി. കാര്‍ഷിക പ്രതിസന്ധി രാജ്യത്ത് വീണ്ടും കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുകൊണ്ടുവന്നു. പൊതുനിക്ഷേപത്തിന്റെ അപര്യാപ്തതയും സബ്സിഡി വെട്ടിക്കുറച്ചതും കാര്‍ഷിക ചെലവ് കൂട്ടി. ന്യായവിലകൂടി ലഭിക്കാത്തതോടെ വലിയ വിഭാഗം കര്‍ഷകര്‍ക്ക് കൃഷി ലാഭമല്ലാതായി മാറി. കര്‍ഷകത്തൊഴിലാളികളുടെ സ്ഥിതിയും കൂടുതല്‍ മോശമായി. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക്ദരിദ്രരുടെ ഒഴുക്ക് വര്‍ധിക്കുകയാണ്. വിദേശ- ആഭ്യന്തര കുത്തകകള്‍ കാര്‍ഷികമേഖല ഏറ്റെടുക്കണമെന്ന നയമാണ് യുപിഎ സര്‍ക്കാരിന്റേത്. ഇതിനെതിരെ പോരാട്ടം ഉയരണം.
പ്രത്യേക സാമ്പത്തികമേഖലയ്ക്കായും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയും ഖനനാവശ്യത്തിനും ഭൂമി ഏറ്റെടുക്കല്‍ വന്‍തോതില്‍ വര്‍ധിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയരാന്‍ ഇതു കാരണമായി. രണ്ട് ദശകം നീണ്ട ഉദാരവല്‍ക്കരണ നയം വന്‍ ബിസിനസുകാര്‍ക്കും നഗരങ്ങളിലെ സമ്പന്നര്‍ക്കുമാണ് ഗുണം ചെയ്തത്. തൊഴിലാളികള്‍ അവഗണിക്കപ്പെട്ടു. ശതകോടീശ്വരന്മാരുടെ എണ്ണം 2003ല്‍ 13 ആയിരുന്നത് 2011 മാര്‍ച്ചില്‍ 55 ആയി. ലാഭവിഹിതം 1980കളില്‍ 20 ശതമാനമായിരുന്നത് 2008ല്‍ 60 ശതമാനമായി. കൂലിയുടെ വിഹിതമാകട്ടെ ഗണ്യമായി കുറഞ്ഞു. നിലവില്‍ തൊഴിലുകളിലെ സിംഹഭാഗവും കരാര്‍ - താല്‍ക്കാലിക സ്വഭാവത്തിലേക്ക് മാറിയെന്നും കരടുപ്രമേയം വ്യക്തമാക്കി.
കേന്ദ്രഭരണ നേതൃത്വത്തിന്റെ മുഖമുദ്ര അഴിമതി
ഉന്നതതല അഴിമതി യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയെന്ന് കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് പാര്‍പ്പിടസമുച്ചയം, കെജി വാതകതടം, എസ് ബാന്‍ഡ് സ്പെക്ട്രത്തിനായുള്ള ആന്‍ഡ്രിക്സ്- ദേവാസ് കരാര്‍ തുടങ്ങി അഴിമതിപരമ്പരതന്നെ അരങ്ങേറി. ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായി വിദേശത്തേക്കുള്ള അനധികൃത പണമൊഴുക്ക് വന്‍തോതില്‍ വര്‍ധിച്ചു. കള്ളപ്പണം കണ്ടെത്തുന്ന കാര്യത്തിലും വിദേശത്ത് അനധികൃതമായി സൂക്ഷിച്ച പണം തിരിച്ചുകൊണ്ടുവരുന്നതിലും സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മ തുടരുകയാണ്.
ഉന്നതതല അഴിമതി തടയാന്‍ സര്‍ക്കാര്‍നടപടി സ്വീകരിക്കണം. ലോക്പാല്‍ രൂപീകരണത്തിനൊപ്പം ജുഡീഷ്യറിക്കായി പ്രത്യേക നിയമനിര്‍മാണം, തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ , കോര്‍പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കുന്ന നയങ്ങള്‍ പിന്‍വലിക്കുക, വന്‍ കച്ചവടക്കാരും രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടും ചേര്‍ന്നുള്ള അഴിമതി തടയുക തുടങ്ങിയ നടപടികളും സ്വീകരിക്കണം. വന്‍ കച്ചവടക്കാരും രാഷ്ട്രീയപാര്‍ടികളുമായുള്ള സഹകരണം വര്‍ധിക്കുന്നതിനെയും തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പണമൊഴുക്കുന്നതിനെയും രാഷ്ട്രീയപ്രമേയം അപലപിച്ചു. പണാധികാരത്തിന്റെ ഉപയോഗം പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം വര്‍ധിക്കുന്നു. രാഷ്ട്രീയത്തിലെ പണസ്വാധീനത്തിന് എതിരായും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്കായും സിപിഐ എം വിശാലാടിസ്ഥാനത്തില്‍ പ്രചാരണം ആരംഭിക്കും.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പുനഃക്രമീകരണത്തിന്റെ ആവശ്യകതയും കരട് രാഷ്ട്രീയപ്രമേയം ഊന്നുന്നു. പരമാവധി സ്വയംഭരണം നല്‍കി ജമ്മു കശ്മീര്‍ പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം, വടക്ക്-കിഴക്കന്‍ മേഖലയിലെ വംശീയ ഏറ്റുമുട്ടലുകളും തീവ്രവാദം തടയേണ്ടതിന്റെ ആവശ്യകത എന്നീ കാര്യങ്ങളും രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഹിന്ദുത്വ അജന്‍ഡ സജീവമാക്കാന്‍ ബിജെപി ശ്രമമാരംഭിച്ചു. വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം വളര്‍ത്താനും തുടര്‍ച്ചയായി ശ്രമം നടക്കുന്നു. ഇത് തടയണം.
ബിജെപി ഭരിക്കുന്ന ഗുജറാത്തിലും കര്‍ണാടകയിലും മധ്യപ്രദേശിലും ന്യൂനപക്ഷങ്ങള്‍ക്കുനേരെ പ്രത്യേകിച്ച് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുനേരെ അക്രമങ്ങള്‍ തുടര്‍ക്കഥയാണ്. ഭീകരാക്രമണങ്ങളില്‍ ചില തീവ്രവാദസംഘടനകള്‍ക്കുള്ള പങ്ക് പുറത്തുവന്നിട്ടുണ്ട്. ഭീകരത ആരുടെ ഭാഗത്തുനിന്നായാലും ചെറുക്കണം. ഭീകരതയ്ക്ക് പ്രേരണയാകുന്ന തീവ്രവാദ-വര്‍ഗീയ ആശയങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും രാഷ്ട്രീയപ്രമേയം പറഞ്ഞു.
സാമ്പത്തികപ്രതിസന്ധി: മുതലാളിത്ത രാജ്യങ്ങള്‍ ബാധ്യത ജനങ്ങളുടെ തലയിലാക്കി
സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദികളായ സ്വകാര്യബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കരകയറ്റുന്നതിന് ശതകോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചശേഷം ഇപ്പോള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചെലവുചുരുക്കല്‍ നടപടിയിലേക്ക് കടന്നിരിക്കുകയാണെന്ന് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. പൊതു മുതല്‍മുടക്ക് വെട്ടിക്കുറച്ച് ബാധ്യത സാധാരണജനങ്ങള്‍ക്ക് കൈമാറി. യൂറോമേഖല രാജ്യങ്ങള്‍ കടുത്ത വായ്പപ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഗ്രീസാണ് ഇതിന്റെ കേന്ദ്രബിന്ദു. തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനും അസമത്വം കൂടുന്നതിനും സാമൂഹ്യക്ഷേമപദ്ധതികളില്‍ വലിയ വെട്ടിക്കുറവിനും പ്രതിസന്ധി വഴിയൊരുക്കി. പ്രതിസന്ധി തുടര്‍ക്കഥയാകുമ്പോഴും അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും അധിനിവേശശ്രമങ്ങള്‍ തുടരുകയാണ്. ലിബിയക്കുമേലുള്ള കടന്നുകയറ്റവും സിറിയയെ കടന്നാക്രമിക്കുമെന്ന ഭീഷണിയും ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.
അഫ്ഗാനില്‍ താലിബാനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്കും നാറ്റോയ്ക്കും കഴിഞ്ഞിട്ടില്ല. അവരുടെ അഫ്പാക്ക് തന്ത്രം പാളിയിരിക്കുകയാണ്. ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയപ്രക്ഷോഭം അവിടത്തെ ഏകാധിപത്യസര്‍ക്കാരുകളെ തകിടംമറിച്ചു. ഈ ജനകീയസമരങ്ങളെ തട്ടിയെടുക്കാനും വഴിതിരിച്ചുവിടാനും അമേരിക്കയും പാശ്ചാത്യശക്തികളും ഇടപെടല്‍ നടത്തി. പലസ്തീന്‍ ജനതയ്ക്കുനേരെയുള്ള അധിനിവേശവും അതിക്രമവും ഇസ്രയേല്‍ തുടരുകയാണ്. എന്നാല്‍ , പലസ്തീന്‍പ്രസ്ഥാനം ഇന്ന് കൂടുതല്‍ യോജിപ്പിലാണ്.
ദളിത് പ്രശ്നങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കും
ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും പ്രശ്നമുയര്‍ത്തി ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഐ എം കരട് രാഷ്ട്രീയപ്രമേയം ആഹ്വാനംചെയ്തു. ദളിതര്‍ക്കായുള്ള പ്രത്യേക ഫണ്ട് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്രനിയമം പാസാക്കണമെന്ന് കരട് രാഷ്ട്രീയപ്രമേയം ആവശ്യപ്പെട്ടു. സ്വകാര്യമേഖലയില്‍ ദളിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം. അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കെതിരെയും പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരണം. പട്ടികവര്‍ഗത്തിനെന്നപോലെ മുസ്ലിം ന്യൂനപക്ഷത്തിനും ഉപ പദ്ധതികള്‍ വേണം. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. മുസ്ലിങ്ങള്‍ക്ക് 10 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് 5 ശതമാനവും സംവരണം വേണമെന്ന കമീഷന്‍ നിര്‍ദേശം ഉടന്‍ നടപ്പാക്കണം.
പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നാലര ശതമാനം സംവരണം മുസ്ലിങ്ങള്‍ക്ക് ഗുണം ചെയ്യില്ല. ദളിതര്‍ക്കുള്ള സംവരണാനുകൂല്യം ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലിങ്ങള്‍ക്കും നല്‍കണം. ഈ നിര്‍ദേശം നടപ്പാക്കാന്‍ ഭരണഘടനാഭേദഗതി ആവശ്യമാണ്. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് ഭരണഘടനാ ഭേദഗതി അനിവാര്യമാകുന്നത്. മുസ്ലിങ്ങള്‍ക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് അന്ത്യമിടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനും രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്തു. വനിതാസംവരണ ബില്‍ ഉടന്‍ പാസാക്കണമെന്നും ആവശ്യപ്പെട്ടു.
ഹിന്ദിമേഖല: പ്രത്യേക രേഖ പാര്‍ടി കോണ്‍ഗ്രസില്‍
ഹിന്ദി മേഖലയില്‍ സിപിഐ എം ശക്തമാക്കുന്നതിനുള്ള കാഴ്ചപ്പാടിനെക്കുറിച്ചുള്ള പ്രത്യേക രേഖ കോഴിക്കോട്ട് ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെ നടക്കുന്ന ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലയിലും പാര്‍ടിയെ വളര്‍ത്താതെ ബദല്‍ ശക്തിയായി വളരാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യമാണ് ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ കാരണമെന്നും കാരാട്ട് പറഞ്ഞു. പ്രാദേശികവിഷയങ്ങള്‍ ഉയര്‍ത്തി തുടര്‍ച്ചയായ സമരങ്ങള്‍ നടത്തണമെന്ന മുന്‍ പാര്‍ടി കോണ്‍ഗ്രസിന്റെ ആഹ്വാനം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നടപ്പായിട്ടില്ല. ഈ ദൗര്‍ബല്യം പരിഹരിക്കേണ്ടതുണ്ട്-കാരാട്ട് പറഞ്ഞു. ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം എ കെ ജി ഭവനില്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു കാരാട്ട്.
ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെയാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്. ശനിയാഴ്ച പുറത്തിറക്കിയ കരട് രാഷ്ട്രീയപ്രമേയം എല്ലാ പ്രാദേശികഭാഷകളിലേക്കും തര്‍ജമ ചെയ്യും. പാര്‍ടിയുടെ എല്ലാ ഘടകങ്ങളും കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ചചെയ്യും. കൊല്‍ക്കത്തയില്‍ ജനുവരി 17 മുതല്‍ 20 വരെ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയമാണ് പുറത്തിറക്കിയത്. 2008ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസിന് ശേഷമുള്ള നാല് വര്‍ഷം സാര്‍വദേശീയ- ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളും അതിന്റെ അടിസ്ഥാനത്തിലുള്ള അടവ് നയവുമാണ് പ്രമേയത്തിലുള്ളത്. കരട് രാഷ്ട്രീയപ്രമേയത്തില്‍ പാര്‍ടി അംഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും ഭേദഗതി അവതരിപ്പിക്കാം. ഭേദഗതികള്‍ അയക്കുമ്പോള്‍ കരട് പ്രമേയത്തിലെ ഖണ്ഡികയും വരിയും ഏതെന്ന് വ്യക്തമാക്കണം. അയക്കുന്ന വ്യക്തിയുടെ അല്ലെങ്കില്‍ ഘടകത്തിന്റെ പേര് വ്യക്തമാക്കണം. മാര്‍ച്ച് 10നകം ഭേദഗതി പാര്‍ടി ആസ്ഥാനത്ത് ലഭിക്കണം. കവറിന് പുറത്ത് "കരട് രാഷ്ട്രീയപ്രമേയത്തിനുള്ള ഭേദഗതികള്‍" എന്ന് എഴുതണം.
അയക്കേണ്ട വിലാസം സിപിഐ എം കേന്ദ്രകമ്മിറ്റി, എ കെ ഗോപാലന്‍ ഭവന്‍ , 27-29 ഭായ്വീര്‍സിങ് മാര്‍ഗ്, ന്യൂഡല്‍ഹി 110001. ഭേദഗതികള്‍ ഇ-മെയില്‍ വഴിയും അയക്കാം. അതിലും കരട് രാഷ്ട്രീയപ്രമേയത്തിനുള്ള ഭേദഗതിയെന്ന് വ്യക്തമാക്കണം. അറ്റാച്ച്മെന്റ് അയക്കരുത്. അയക്കേണ്ട വിലാസം 20@രുശാ.ീൃഴ ഫാക്സില്‍ അയക്കരുത്. പാര്‍ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രപ്രമേയം അടുത്ത ആഴ്ച പുറത്തിറക്കും.
അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം രാജ്യത്തിന് ദോഷം
അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന്റെ ഭാഗമായാണ് ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപത്തിന് യുപിഎ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് കരട് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ താല്‍പ്പര്യത്തിനെതിരായ സ്വതന്ത്ര വ്യാപാര കരാറുകളും അമേരിക്കന്‍ അനുകൂല വിദേശ നയത്തിന്റെ ഫലമാണ്. അമേരിക്കയുമായുള്ള ആണവകരാറിന്റെ ഭാഗമായി വിലയേറിയ ആണവ റിയാക്ടര്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ വൈദ്യുതിയുടെ വില വര്‍ധിക്കും. അതിനാല്‍ സ്വതന്ത്ര വിദേശനയത്തിനായുള്ള സമരം രാഷ്ട്രീയ ബദല്‍ കെട്ടിപ്പടുക്കാനുള്ള സമരത്തിന്റെ ഭാഗമാണെന്ന് കരടുപ്രമേയം വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് ആയുധക്കടത്ത് ഉറപ്പാക്കുന്നതിനാണ് അന്തിമ ഉപയോഗ കരാര്‍ (എന്‍ഡ്യൂസ് കരാര്‍) ഒപ്പിട്ടത്. ഇതിനകം 40,000 കോടി രൂപയുടെ ആയുധം അമേരിക്കയില്‍ നിന്നു വാങ്ങി. 2010ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചത് ഇന്ത്യന്‍ കമ്പോളം അവര്‍ക്കായി തുറന്നിടാന്‍ സമ്മര്‍ദം ചെലുത്താനും സൈനികബന്ധം ശക്തമാക്കാനും വേണ്ടിയായിരുന്നുവെന്നും കരടുപ്രമേയം വ്യക്തമാക്കി.
കേരളത്തില്‍ വിഭാഗീയതയില്ല: കാരാട്ട്
കേരളത്തിലെ പാര്‍ടിയില്‍ വിഭാഗീയതയില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം വിഭാഗീയതയല്ല. രാഷ്ട്രീയ പ്രമേയം പുറത്തിറക്കിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിലെ വിഭാഗീയതയാണ് കേരളത്തിലെ പരാജയത്തിന് കാരണമെന്ന സിപിഐയുടെ വിലയിരുത്തല്‍ തെറ്റാണെന്ന് കാരാട്ട് പറഞ്ഞു.
മൂന്ന് സീറ്റിന്റെ വ്യത്യാസത്തിനാണ് കേരളത്തില്‍ ഭരണം നഷ്ടമായത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് പറയാനാകില്ല. പാര്‍ടിയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തലനുസരിച്ച് സിപിഐ എമ്മിലെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെയും വര്‍ധിച്ച ഐക്യമാണ് തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കാരണമായത്. യഥാര്‍ഥ വസ്തുത കാണാതെയാണ് സിപിഐയുടെ വിലയിരുത്തല്‍ . പശ്ചിമബംഗാളിലെ തോല്‍വിയുടെ ഉത്തരവാദിത്തം സിപിഐ എമ്മിനാണെന്ന സിപിഐയുടെ വിലയിരുത്തലിനെക്കുറിച്ച്് ചോദിച്ചപ്പോള്‍ 34 വര്‍ഷം ഭരണം നിലനിര്‍ത്തിയതിന്റെയും ഏഴു തവണ തുടര്‍ച്ചയായി വിജയിച്ചതിന്റെയും ബഹുമതി സിപിഐ എമ്മിന് ആയിരിക്കുമല്ലോ എന്ന് കാരാട്ട് പ്രതികരിച്ചു.
deshabhimani 290112
അഞ്ചുവര്‍ഷംമുമ്പ് ആരംഭിച്ച ആഗോള മുതലാളിത്തപ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ധന മൂലധനം നയിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ സ്ഥിരതയില്ലായ്മയാണ് ദീര്‍ഘമായ പ്രതിസന്ധി വ്യക്തമാക്കുന്നത്. ചൂഷണാധിഷ്ഠിത നവ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ തിരിച്ചറിയപ്പെടുകയാണ്. എല്ലാ ആധുനിക മുതലാളിത്ത രാജ്യങ്ങളിലെയും ജനങ്ങള്‍ സര്‍ക്കാരുകളുടെ ചെലവുചുരുക്കല്‍ നടപടിയിലും സാമൂഹ്യക്ഷേമപദ്ധതികളുടെ വെട്ടിക്കുറയ്ക്കലിലും പ്രതിഷേധിച്ച് പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലാളികളും വിദ്യാര്‍ഥികളും യുവാക്കളും നടത്തുന്ന സമരപരിപാടികളും ശ്രദ്ധേയമാണ്. ഇടതുപക്ഷശക്തികളുടെ രാഷ്ട്രീയബദല്‍ ഉരുത്തിരിഞ്ഞെങ്കില്‍മാത്രമേ യൂറോപ്പിലെ ജനങ്ങളുടെ പോരാട്ടങ്ങളും മുന്നേറ്റങ്ങളും കാര്യമായ മാറ്റത്തിന് വഴിയൊരുക്കൂ.
ReplyDelete