Monday, January 30, 2012

വിദ്യാഭ്യാസപുരോഗതിക്ക് സ്വകാര്യവല്‍ക്കരണം പരിഹാരമല്ല-റൊമിലാ ഥാപ്പര്‍

വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്ക് സ്വകാര്യവല്‍ക്കരണം പരിഹാരമല്ലെന്ന് പ്രസിദ്ധ ചരിത്രകാരി റൊമിലാ ഥാപ്പര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ യൂണിവേഴ്സിറ്റി യൂണിയനുകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച സ്റ്റുഡന്റ് പാര്‍ലമെന്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു ഥാപ്പര്‍ .

ആഗോളവല്‍ക്കരണകാലത്ത് ഉന്നതവിദ്യാഭ്യസരംഗം ഏറെ പ്രതിസന്ധി നേരിടുകയാണ്. ചിലര്‍ വിദ്യാഭ്യാസമേഖല കൈയടക്കിവച്ചിരിക്കുന്നു. പാഠങ്ങള്‍ ഭേദഗതി ചെയ്യാനും തങ്ങളുടെ കാഴ്ചപ്പാട് പ്രചരിപ്പിക്കാനും ചിലര്‍ വിദ്യാലയങ്ങളെ ഉപയോഗിക്കുന്നു. എബിവിപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് എ കെ രാമാനുജത്തിന്റെ "രാമായണ" നിരോധിച്ചത് ഇതിനുതെളിവാണ്. പ്രൈമറിതലം മുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് എത്താന്‍ കഴിയൂ. വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് നല്‍കാന്‍ അധ്യാപകര്‍ക്ക് പലപ്പോഴും കഴിയുന്നില്ല എന്നതാണ് വിദ്യാഭ്യാസം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നങ്ങളിലൊന്ന്. യോഗ്യരായ അധ്യാപകരുടെ അഭാവവും പ്രശ്നമാകുന്നു. സാങ്കേതികവിദ്യയുടെ മേഖലയില്‍ ഏറെ മുന്നേറ്റമുണ്ടായെങ്കിലും പാഠ്യപദ്ധതിയില്‍ കാതലായ മാറ്റമുണ്ടായിട്ടില്ല. ലഭിക്കുന്ന അറിവ് സമൂഹ നന്മയ്ക്ക് ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകണം. സ്വതന്ത്രമായ ചിന്തയാണ് വിജ്ഞാനം നേടുന്നതിലൂടെ ലഭിക്കുന്നത്. ഇതിനായി പരന്ന വായന ആവശ്യമാണ്. മിക്ക വിദ്യാര്‍ഥികളും ഇന്റര്‍നെറ്റിലൂടെ കുറുക്കുവഴി തേടുകയാണ്. ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ കൃത്യമല്ല എന്നതാണ് വസ്തുത. ആഗോളവല്‍കരണകാലത്തെ ഉന്നതവിദ്യാഭ്യാസമേഖലയിലെ പുതിയ രീതികളെക്കുറിച്ച് റൊമില കുട്ടികളോട് സംവദിച്ചു.

ഡോ. കെ എന്‍ പണിക്കര്‍ , ഡോ. മൈക്കിള്‍തരകന്‍ , ഡോ. വിനോദ്റെയ്ന, ഡോ. ജി ബാലമോഹന്‍ തമ്പി, ഡോ. നൈനാന്‍ കോശി, ഡോ. കെ എന്‍ ഹരിലാല്‍ , ഡോ. രാജന്‍ വര്‍ഗീസ്, വിനീത് ഗോവിന്ദ് എന്നിവരും സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍പേഴ്സണ്‍ ശീതള്‍ ഡേവിസ് അധ്യക്ഷയായി. കേരള യൂണിവേഴ്സിറ്റി യുണിയന്‍ ചെയര്‍മാന്‍ എം ഹരികൃഷ്ണന്‍ സ്വാഗതവും എംജി സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ ബി അബ്ദുള്ള നന്ദിയും പറഞ്ഞു. സ്റ്റുഡന്റ് പാര്‍ലമെന്റ് തിങ്കളാഴ്ച സമാപിക്കും.

deshabhimani 300112

1 comment:

  1. വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്ക് സ്വകാര്യവല്‍ക്കരണം പരിഹാരമല്ലെന്ന് പ്രസിദ്ധ ചരിത്രകാരി റൊമിലാ ഥാപ്പര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ യൂണിവേഴ്സിറ്റി യൂണിയനുകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച സ്റ്റുഡന്റ് പാര്‍ലമെന്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു ഥാപ്പര്‍ .

    ReplyDelete