Saturday, January 28, 2012

വരുമാന നഷ്ടവും ഭയവും; ജയില്‍ ജോലിക്ക് ഡോക്ടര്‍മാരില്ല

ജയിലുകളില്‍ ജോലിചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാത്തതുമൂലം സംസ്ഥാനത്ത് ജയില്‍ ഡോക്ടര്‍(മെഡിക്കല്‍ ഓഫീസര്‍)മാരുടെ ഒഴിവുകള്‍ പകുതിയും നികത്താതെ കിടക്കുന്നു. തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെയും കാസര്‍കോട് ചീമേനിയിലെയും തുറന്ന ജയില്‍ , കോഴിക്കോട് ജില്ലാജയില്‍ എന്നിവിടങ്ങളിലാണ് ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. മൂന്നു സെന്‍ട്രല്‍ ജയിലുകളിലടക്കം ആറു ജയിലുകളിലാണ് ഡോക്ടര്‍മാരുടെ തസ്തികയുള്ളത്. നിലവില്‍ സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് ഡോക്ടര്‍മാരുള്ളത്. നഗരത്തില്‍നിന്ന് ഏറെ ദൂരെയുള്ള ജയിലുകളിലാണ് ജോലിചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുന്നത്. സ്വകാര്യപ്രാക്ടീസില്‍നിന്നുള്ള അധികവരുമാനം നഷ്ടപ്പെടുമെന്നതും പ്രധാന കാരണമാണ്. കുറ്റവാളികളോടുള്ള ഭയവും എയ്ഡ്സ്പോലുള്ള മാരകരോഗങ്ങളുള്ളവരെ ചികിത്സിക്കേണ്ടിവരുന്നതും ചിലരെയെങ്കിലും ഇതില്‍നിന്നു പിന്തിരിപ്പിക്കുന്നുണ്ട്.

മുന്നൂറ് തടവുകാരില്‍ കൂടുതലുള്ള ജയിലുകളില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍ വേണമെന്നാണ് നിയമം. കൊല്ലം ജില്ലാജയിലിലെ തടവുകാരുടെ എണ്ണം 300 കവിഞ്ഞിട്ട് ഒരുവര്‍ഷമായെങ്കിലും മെഡിക്കല്‍ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചിട്ടില്ല. ജയില്‍വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. സബ്ജയിലുകളിലെയും സ്പെഷ്യല്‍ സബ്ജയിലുകളിലെയും സ്ഥിതിയും ദയനീയമാണ്. ഇവിടെ മെഡിക്കല്‍ ഓഫീസറുടെ തസ്തികയില്ലാത്തതിനാല്‍ രോഗികള്‍ ഡോക്ടറെ തേടി അടുത്തുള്ള പിഎച്ച്സിയിലെത്തണം. പകര്‍ച്ചവ്യാധി പിടിച്ചാല്‍ ജയിലില്‍ പ്രാഥമികശുശ്രൂഷക്ക് സംവിധാനവുമില്ല. വിവിധ ജയിലുകളിലായി സ്ത്രീകളടക്കം 6300 തടവുകാരുണ്ട്. ഇതില്‍ 230 പേര്‍ മാനസികരോഗികളും 43 പേര്‍ എയ്ഡ്സ് ബാധിതരുമാണ്. കോഴിക്കോട് ഒഴികെയുള്ള തുരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലാജയിലുകളില്‍ മെഡിക്കല്‍ ഓഫീസറുടെ തസ്തികതന്നെ ഇല്ലെന്ന് ജയില്‍ ഡിഐജി അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.

deshabhimani 280112

1 comment:

  1. ജയിലുകളില്‍ ജോലിചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാത്തതുമൂലം സംസ്ഥാനത്ത് ജയില്‍ ഡോക്ടര്‍(മെഡിക്കല്‍ ഓഫീസര്‍)മാരുടെ ഒഴിവുകള്‍ പകുതിയും നികത്താതെ കിടക്കുന്നു. തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെയും കാസര്‍കോട് ചീമേനിയിലെയും തുറന്ന ജയില്‍ , കോഴിക്കോട് ജില്ലാജയില്‍ എന്നിവിടങ്ങളിലാണ് ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. മൂന്നു സെന്‍ട്രല്‍ ജയിലുകളിലടക്കം ആറു ജയിലുകളിലാണ് ഡോക്ടര്‍മാരുടെ തസ്തികയുള്ളത്. നിലവില്‍ സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് ഡോക്ടര്‍മാരുള്ളത്. നഗരത്തില്‍നിന്ന് ഏറെ ദൂരെയുള്ള ജയിലുകളിലാണ് ജോലിചെയ്യാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുന്നത്. സ്വകാര്യപ്രാക്ടീസില്‍നിന്നുള്ള അധികവരുമാനം നഷ്ടപ്പെടുമെന്നതും പ്രധാന കാരണമാണ്. കുറ്റവാളികളോടുള്ള ഭയവും എയ്ഡ്സ്പോലുള്ള മാരകരോഗങ്ങളുള്ളവരെ ചികിത്സിക്കേണ്ടിവരുന്നതും ചിലരെയെങ്കിലും ഇതില്‍നിന്നു പിന്തിരിപ്പിക്കുന്നുണ്ട്.

    ReplyDelete