മുല്ലപ്പെരിയാറില്‍ ജനങ്ങളുടെ ഭീതി അകറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തീര്‍ത്തും അപര്യാപ്തവും ദുര്‍ബലവുമാണെന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പഠനം നടത്തിയ അഭിഭാഷക സംഘം വിലയിരുത്തി. അപകടസാധ്യത കണ്ട് മുന്നറിയിപ്പ് നല്‍കാനോ ദുരന്തമുണ്ടായാല്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനോ സര്‍ക്കാര്‍ തലത്തില്‍ കുറ്റമറ്റ നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് അണക്കെട്ടിന്റെ താഴ്‌വരം സന്ദര്‍ശിച്ച സംഘത്തിന് ബോധ്യമായി.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളിലും ദുരന്ത നിവാരണ സമിതിയുടെ പ്രവര്‍ത്തനങ്ങളിലും പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സേവ് കേരള മൂവ്‌മെന്റ്, അഭിഭാഷകരുടെ പരിസ്ഥിതി സംഘടനയായ 'ലീഫ്' എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജികളില്‍ നേരത്തെ വാദം കേട്ട ഹൈക്കോടതി അഡ്വ. ശിവന്‍ മഠത്തിലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അഭിഭാഷക സമിതിയെ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു.
അപായ മുന്നറിയിപ്പ് നല്‍കാന്‍ റവന്യുമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വഞ്ചിവയല്‍ സ്‌കൂളില്‍ സ്ഥാപിച്ച സൈറണ്‍ പ്രവര്‍ത്തനം തുടങ്ങും മുമ്പേ കേടായത് സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടു. അത്യാധുനിക സാങ്കേതിക വിദ്യയോടെ എന്ന് അവകാശപ്പെട്ട് സ്ഥാപിച്ചതും ചുരുങ്ങിയത് നൂറ് കിലോമീറ്ററെങ്കിലും ശബ്ദം മുഴങ്ങുമെന്ന് പറഞ്ഞിരുന്നതുമായ സൈറണ്‍ ആണിത്. എന്നാല്‍ ഒരു കിലോമീറ്റര്‍ പോലും വ്യാപ്തിയില്‍ ശബ്ദം കേള്‍ക്കാതായതോടെ സൈറണ്‍ അഴിച്ചുമാറ്റി വക്കുകയായിരുന്നു. അണക്കെട്ടിനുതൊട്ടുതാഴെ വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിനടുത്ത് നേരത്തെ സ്ഥാപിച്ചിരുന്ന സൈറനും ഇതേ ഗതിയാണ്. ദുരന്തസാധ്യത മുന്‍കൂട്ടി അറിയാന്‍ അണക്കെട്ടിനടുത്ത് സാറ്റ്‌ലൈറ്റ് ഫ്യൂഷന്‍ ക്യാമറ ഘടിപ്പിക്കാന്‍ നടപടിയായെന്ന് നേരത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദവും പൊള്ളയാണെന്ന് അഭിഭാഷക സംഘത്തിന് ബോധ്യമായി.
ദുരന്ത ഭീഷണിയുടെ നടുവില്‍ കഴിയുന്ന പെരിയാര്‍ തീരദേശ വാസികളെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ച സമിതിയില്‍ അഡ്വ. പത്മനാഭന്‍ നായര്‍, അഡ്വ. സാബു ശ്രീധരന്‍ എന്നിവരും ഉണ്ടായിരുന്നു. അപകടമുണ്ടായാല്‍ ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും സമിതി കണ്ടെത്തി. വണ്ടിപ്പെരിയാര്‍, മ്ലാമല വഴി ചപ്പാത്ത് സമരപന്തലിലെത്തിയശേഷമാണ് സംഘം കൊച്ചിയിലേക്ക് മടങ്ങിയത്. വിശദമായ റിപ്പോര്‍ട്ട് ഈ മാസം 31ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
അതിനിടെ ഇന്നലെ മുല്ലപ്പെരിയാറിലെത്തിയ സര്‍വെ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ അടക്കമുള്ളവരെ സംസ്ഥാന ജലവിഭവ വകുപ്പ് അവഗണിച്ചതും വിവാദമായി. തിരുവനന്തപുരം കേന്ദ്രത്തിലെ ഡയറക്ടര്‍ സഞ്ജീവ് കുമാറും രണ്ട് സീനിയര്‍ ഉദ്യോഗസ്ഥരുമാണ് പരിശോധനകള്‍ക്കായി രാവിലെ എത്തിയത്. ഇവര്‍ തേക്കടി ബോട്ട്‌ലാന്‍ഡിംഗില്‍ ഏറേനേരം കാത്തുനിന്നിട്ടും ജലവിഭവവകുപ്പിലെ ഉദ്യോഗസ്ഥരാരും എത്തിയില്ല. രണ്ട് മണിക്കൂറിനുശേഷം എത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ പിന്നീട് ഒരു ഫോറസ്റ്റ് ബോട്ട് തരപ്പെടുത്തി നല്‍കുകയായിരുന്നു.
janayugom 290112
No comments:
Post a Comment