ജനാധിപത്യ മര്യാദകള്‍ കാറ്റില്‍പ്പറത്തി സംസ്ഥാന ശിശുക്ഷേമസമിതി ഭരണസമിതി പിരിച്ചുവിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
സമിതിയുടെ നിയമാവലിപ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ നികത്താനുള്ള അധികാരവും അംഗങ്ങളെ നീക്കാനുള്ള അവകാശവും എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. ഇതിനെ മറികടന്നാണ് അഞ്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ ഏഴുപേരെ അംഗത്വത്തില്‍നിന്ന് നീക്കി അഴിമതി ആരോപണങ്ങളില്‍ അന്വേഷണവിധേയരായ രണ്ടുപേരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ തിരുകിക്കയറ്റുകയും ചെയ്തത്. നിയമാവലി ലംഘിച്ച് യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അനാഥരായ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍പോലും അപകടപ്പെടുത്തുന്ന തരത്തിലുള്ളതാണ്. രണ്ട് അംഗങ്ങള്‍മാത്രം അവശേഷിക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണുണ്ടാകുക. ഇത് ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനത്തെ സ്തംഭിപ്പിക്കും. അനാഥരായ കുട്ടികളുടെ ദൈനംദിന ചെലവിനുവേണ്ട പണംപോലും ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകും. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമസമിതിയെ കരിതേച്ചുകാണിക്കാനും സ്വന്തക്കാരെ തിരുകിക്കയറ്റുന്നതിനും എടുത്ത നടപടി അടിയന്തരമായി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്ന് സെക്രട്ടറിയറ്റ് മുന്നറിയിപ്പ് നല്കി.
സംസ്ഥാന ശിശുക്ഷേമസമിതി ഓഫീസില്‍ കോണ്‍ഗ്രസ് അക്രമം; ഫയല്‍ കടത്തി
അനാഥരായ പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തെയടക്കം മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി സംസ്ഥാന ശിശുക്ഷേമസമിതി ഓഫീസില്‍ കോണ്‍ഗ്രസ് അതിക്രമം. പൊലീസ് സംരക്ഷണയില്‍ ഓഫീസ് പൂട്ട് തല്ലിത്തകര്‍ത്ത കോണ്‍ഗ്രസ് സംഘം രേഖകളും ഫയലുകളും കടത്തിക്കൊണ്ടുപോയി. ജീവനക്കാര്‍ക്കുനേരെ വധഭീഷണിയും മുഴക്കി. തൈക്കാട്ടുള്ള ശിശുക്ഷേമസമിതി ഓഫീസില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനില്‍ , സുനില്‍ സി കുര്യന് എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പേരാണ് അതിക്രമം കാട്ടിയത്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആദ്യം വന്‍ പൊലീസ് സംഘം സമിതി ഓഫീസ് വളയുകയായിരുന്നു. ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ച പൊലീസുകാര്‍ ജീവനക്കാരെ തടഞ്ഞുവച്ചു. ഓഫീസിന്റെ താക്കോലും മറ്റും ആവശ്യപ്പെട്ട പൊലീസ് ജീവനക്കാര്‍ക്കുനേരെ ഭീഷണിയും മുഴക്കി. തുടര്‍ന്ന് സ്ഥലത്തെത്തിയ ചെമ്പഴന്തി അനിലും സംഘവും മുദ്രാവാക്യം വിളികളുമായി ഗേറ്റിനുള്ളില്‍ കടന്ന് ഓഫീസിന്റെ പൂട്ട് അടിച്ചു തകര്‍ത്തു. പോര്‍വിളികളുമായി അകത്തുകടന്ന സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സമിതി ജനറല്‍ സെക്രട്ടറിയുടെ മുറിയുടെ പൂട്ടും തകര്‍ത്ത് അകത്ത് കടന്ന അക്രമികള്‍ രണ്ട് ഷെല്ഫുകളും മേശയും കുത്തിത്തുറന്നു. ഇവിടെയുണ്ടായിരുന്ന ഫയലുകളും മെമ്പര്‍ഷിപ്പ് രജിസ്റ്ററുകളും മറ്റ് രേഖകളും കടത്തിക്കൊണ്ടുപോയി. ഓഫീസ് പിടിച്ചെടുത്തതായി മുദ്രാവാക്യം വിളിച്ച് ബഹളംവച്ചു. തങ്ങളാണ് ഇനിമുതല്‍ സമതി ഭരിക്കുന്നതെന്നു പറഞ്ഞ് ജീവനക്കാരെ സംഘം ഭീഷണിപ്പെടുത്തി. സംഘം മണിക്കൂറുകള്‍ക്ക് ശേഷമാണ് മടങ്ങിയത്. ഈ സമയമത്രയും പൊലീസ് പുറത്തും അകത്തുമായി സംഘത്തിന് സംരക്ഷണമൊരുക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. മണിക്കൂറുകള്‍ നീണ്ട ഭീകരാവസ്ഥ സമതിയോടു ചേര്‍ന്നുള്ള ശിശുപരിചരണ ദത്തെടുക്കല്‍കേന്ദ്രത്തെയും ബാധിച്ചു. കുട്ടികള്‍ക്കാവശ്യമായ സാധനങ്ങളുമായി എത്തിയ ജീവനക്കാരെ പോലും പൊലീസ് തടഞ്ഞു. അകത്തുള്ള ജീവനക്കാരെ പുറത്തേക്കു വിടാനും അനുവദിച്ചില്ല. സമിതിയുടെ സംരക്ഷണയില്‍ ഇവിടെ 55 പിഞ്ചുകുഞ്ഞുങ്ങളാണുള്ളത്.
deshabhimani 310112
No comments:
Post a Comment