Friday, January 27, 2012

മുഖ്യമന്ത്രിയുടെ ബഹുജനസമ്പര്‍ക്ക പരിപാടിയും സിവില്‍ സര്‍വീസും

ജനാധിപത്യഭരണക്രമം വരുന്നതിനുമുമ്പും സിവില്‍ സര്‍വീസ് ഉണ്ടായിരുന്നു. പക്ഷേ അത് രാജാവിന്റെ അല്ലെങ്കില്‍ ഭരണം നടത്തുന്നവരുടെ സുരക്ഷയ്ക്കും സുഖസൗകര്യങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു. 1722 ല്‍ ഇന്ത്യയില്‍ സിവില്‍ സര്‍വീസിനു തുടക്കമായി എന്നു പറയാം. ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ സൗകര്യത്തിനു വേണ്ടിയായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളും തപാല്‍വിതരണ സംവിധാനവും റെയില്‍വേയും ഒക്കെ തുടങ്ങിയതെങ്കിലും അതിന്റെയൊക്കെ കുറെ സൗകര്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്കും ലഭിക്കുകയുണ്ടായി. തിരുവിതാംകൂറില്‍ 1729 ല്‍ മാര്‍ത്താണ്ഡവര്‍മ്മ രാജ്യം ഭരിക്കുമ്പോഴാണ് റവന്യൂ, ധനകാര്യം, നീതിന്യായം, പട്ടാളം എന്നീ വകുപ്പുകള്‍ രൂപംകൊള്ളുന്നത്.
സ്വാര്‍ഥതാല്‍പ്പര്യത്തോടെയാണെങ്കിലും ഓരോ സന്ദര്‍ഭങ്ങളില്‍ സിവില്‍ സര്‍വീസിനെ എങ്ങനെ ഉപയോഗിക്കാമെന്ന് നന്നായി പഠിച്ച് പ്രവര്‍ത്തിച്ച ഒരു ഭരണാധികാരിയായിരുന്നു സര്‍ സി പി രാമസ്വാമി.

'സാധാരണ ജനങ്ങള്‍ക്ക് വഴി കണ്ടെത്താന്‍ കഴിയാത്ത ഒന്നാണ് സിവില്‍ സര്‍വീസ്' എന്നാണ് ലെനിന്‍ പറഞ്ഞിരുന്നത്. 'ഭരണപരമായ കാട്' എന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു സിവില്‍ സര്‍വീസിനെ വിശേഷിപ്പിച്ചത്. ജനക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള ഒരു ജനാധിപത്യ ഉപകരണമായി സിവില്‍ സര്‍വീസിനെ ഉപയോഗിക്കാന്‍ പരിശ്രമിച്ചവരായിരുന്നു രണ്ടുപേരും. അതിനവര്‍ക്ക് നല്ല വിയര്‍പ്പൊഴുക്കേണ്ടിവന്നു. ഒരുപരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തു.

സ്വാതന്ത്ര്യത്തിനുശേഷം സിവില്‍ സര്‍വീസിന്റെ പ്രവര്‍ത്തനത്തില്‍ കുറെ മാറ്റങ്ങള്‍ കേരളത്തിലും അനുഭവപ്പെട്ടു തുടങ്ങി. എങ്കിലും 1957 ല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വരവോടെയാണ് സര്‍ക്കാര്‍ ആഫീസുകളും അവിടെ പണിയെടുക്കുന്ന ജീവനക്കാരും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണെന്ന ധാരണ ശക്തിപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഭൂപരിഷ്‌കരണം തുടങ്ങി നിരവധി കാര്യങ്ങളില്‍, ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ വകുപ്പുകളും ജീവനക്കാരും നിര്‍ബന്ധിതരായി. 1969 നവംബര്‍ ഒന്നിന് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായി വന്നതിനുശേഷം സര്‍ക്കാര്‍ ആഫീസുകളുടെ മുഖം അതിവേഗം മാറി. കേരളത്തിന്റെയും ജനങ്ങളുടെയും പുരോഗതി ലക്ഷ്യമാക്കിയും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും ശാസ്ത്ര - സാങ്കേതികരംഗത്തെ പുത്തന്‍ ഉണര്‍വുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയും സിവില്‍ സര്‍വീസ് വളരാന്‍ തുടങ്ങി. 1969 ല്‍ 2,68,000 ജീവനക്കാര്‍ ഉണ്ടായിരുന്നത് (അധ്യാപകരുള്‍പ്പെടെ) 1979 ആയപ്പോഴേക്കും 4,60,000 ആയി ഉയര്‍ന്നു. കേരളം ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ചത് ഈ കാലഘട്ടത്തിലായിരുന്നു. ധാരാളം കുറവുകള്‍ ചൂണ്ടിക്കാട്ടാനാകുമെങ്കിലും കേരളത്തിന്റെ വളര്‍ച്ചയില്‍ സിവില്‍ സര്‍വീസ് വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.

ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് സിവില്‍ സര്‍വീസ് അനിവാര്യമാണ്. എന്നാല്‍ ഇന്നത്തെ കേരളത്തിലെ സര്‍ക്കാര്‍ ആഫീസുകളെക്കുറിച്ചും ജീവനക്കാരെക്കുറിച്ചും ജനങ്ങള്‍ക്ക് നല്ല  അഭിപ്രായമില്ല. ജീവനക്കാരില്‍ ഒരു വിഭാഗം അഴിമതിക്കാരും പണിയെടുക്കാത്തവരും മോശമായ പെരുമാറ്റമുള്ളവരുമാണ്. തട്ടുകളുടെ എണ്ണം കുറയ്ക്കുക, കൂടുതല്‍ അധികാരങ്ങള്‍ താഴേത്തട്ടുകളിലേക്ക് കൈമാറുക, ഭരണഭാഷ മലയാളമാക്കുക തുടങ്ങിയ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടില്ല. രാഷ്ട്രീയ അഴിമതിയും സത്യസന്ധതയില്ലായ്മയും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. സേവനം വിലകൊടുത്തു വാങ്ങുക എന്ന ആഗോളവല്‍ക്കരണനയം എല്ലാ മേഖലയിലും വേരുറപ്പിക്കുന്നു. പ്രധാനമായും ഈ നാലുകാരണങ്ങള്‍ കൊണ്ടാണ് ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സിവില്‍ സര്‍വീസ് മാറാത്തത്. ഇവിടെയാണ് ഭരണാധികാരികളുടെ കഴിവ് മാറ്റുരയ്ക്കപ്പെടുന്നത്.

'എല്ലാവരേയും സന്തോഷിപ്പിക്കുക' എന്ന ശൈലി നല്ല ഭരണാധികാരിയുടെ ലക്ഷണമല്ല. ഈ ശൈലി അച്യുതമേനോന് അന്യമായിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള ആനുകൂല്യം നല്‍കേണ്ടത് അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമാകണമെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. അച്യുതമേനോനില്‍ നിന്നും ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിലേക്കുള്ള ദൂരം അളന്നെടുക്കുവാന്‍ മാര്‍ഗ്ഗമൊന്നുമില്ല.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍  നിയമാനുസൃതം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അത് ചെയ്യിക്കുവാന്‍ മുഖ്യമന്ത്രിയോ ജനപ്രതിനിധികളോ ഇടപെടുക തന്നെ വേണം. പക്ഷേ എല്ലാപേരേയും വിളിച്ചുകൂട്ടി, എല്ലാപേര്‍ക്കും ആനുകൂല്യം നല്‍കി അധികകാലം മുന്നോട്ട് പോകാനാകില്ല. ഓരോ ആനുകൂല്യവും നല്‍കുന്നതിന് മാനദണ്ഡം നിശ്ചയിച്ച്, നിയമാനുസൃതം അര്‍ഹരെ കണ്ടെത്തി വേണം അത് നല്‍കാന്‍. ഭരണഘടന അതേ അനുവദിക്കുന്നുള്ളൂ. പാര്‍ട്ടിക്കാരോടും വേണ്ടപ്പെട്ടവരോടും ആളെകൂട്ടി വരാന്‍ നിര്‍ദ്ദേശിക്കുകയും അങ്ങനെ വന്നവര്‍ക്കെല്ലാം ആനുകൂല്യം നല്‍കുകയുമാണ് കേരളമുഖ്യമന്ത്രി ചെയ്തുവരുന്നത്. ഒരു ഡോക്ടര്‍ തന്നെ ആയിരത്തിലധികം പേര്‍ക്ക് അസുഖമാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും അവര്‍ക്കെല്ലാം സാമ്പത്തിക ആനുകൂല്യം നല്‍കുകയും ചെയ്യുന്ന ഭരണശൈലി ശരിയാണോ എന്ന് കേരളം ചര്‍ച്ച ചെയ്യണം. മുഖ്യമന്ത്രിയുടെ  പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് ആനുകൂല്യം നേടിയ അര്‍ഹതപ്പെട്ടവര്‍ 15 ശതമാനത്തില്‍ താഴെയാണ്. സംഘടിതമായ രീതിയില്‍ സാമ്പത്തിക ആനുകൂല്യം നേടിയെടുക്കുകയായിരുന്നു മറ്റുള്ളവര്‍ ചെയ്തത്. പല സ്ഥലങ്ങളിലും സിവില്‍ സര്‍വീസിനെ നോക്കുകുത്തിയാക്കി, ഭരണകക്ഷിക്കാരുടെ 'ഷോ' ആയി ഇത് മാറുകയും ചെയ്തു. കേരളത്തില്‍ എന്തോ അത്ഭുതം നടക്കുന്നു എന്ന വിധത്തിലാണ് ചില മാധ്യമങ്ങള്‍ ഈ പരിപാടി ആഘോഷിച്ചത്. പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ സാമ്പത്തിക വിതരണവും അതുവാങ്ങിയെടുക്കുന്നതിനുള്ള സംഘടിതനീക്കവും ഉണ്ടായിരുന്നില്ലെങ്കില്‍, ഇപ്പോള്‍ പങ്കെടുത്തതിന്റെ നാലിലൊന്നു ജനക്കൂട്ടം കൂടി അവിടെ ഉണ്ടാകുമായിരുന്നില്ല.

ഇതുമായി ബന്ധപ്പെട്ട ഒരു പഴയ അനുഭവം കൂടി വിശദീകരിക്കുന്നു. കഴിഞ്ഞപ്രാവശ്യം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുമ്പോഴാണ് പൊതുജനസമ്പര്‍ക്ക പരിപാടി തുടങ്ങുന്നത്. അന്ന് തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുത്ത ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്. 'സ്വന്തമായി വീടില്ലാത്തതിനാല്‍ പൂജപ്പുരയിലെ ഒരു സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് അനുവദിക്കണം' എന്നായിരുന്നു. മുഖ്യമന്ത്രി അതില്‍ എഴുതി '2000 രൂപ അനുവദിച്ചിരിക്കുന്നു' എന്ന്. മറ്റൊരാള്‍ നല്‍കിയത് ഒരു സ്ഥലംമാറ്റ അപേക്ഷയായിരുന്നു. അതിലും 2000 രൂപ നല്‍കാന്‍ ഉത്തരവിട്ടു. സംഘടന ഭാരവാഹിയായ ഞാന്‍ ഇക്കാര്യം പത്രങ്ങള്‍ക്ക് വാര്‍ത്തയായി നല്‍കുകയും 'സൂര്യാ റ്റി വി'യില്‍ ഇന്റര്‍വ്യൂ നല്‍കുകയും ചെയ്തു. അന്നത്തെ സി പി ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ പി രാജേന്ദ്രന്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചു. വലിയ വിവാദമായി. ഇപ്പോഴത്തെ ഇടുക്കി എം പി  പി റ്റി തോമസ് എനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി (അതോ എഴുതി വാങ്ങിയോ?) സര്‍ക്കാര്‍ ജീവനക്കാരനായ ഞാന്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കി എന്നായിരുന്നു പരാതി.  സര്‍ക്കാര്‍ സുമന എന്‍ മേനോന്‍ ഐ എ എസ് നെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനായി ചുമതലപ്പെടുത്തി. നോട്ടീസ് ലഭിച്ച പ്രകാരം പോയി മൊഴി നല്‍കി. മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നു എന്നും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ അവസരം നല്‍കിയാല്‍ ഇത്തരം കൂടുതല്‍ ക്രമക്കേടുകള്‍ തെളിയിക്കാമെന്നും മൊഴിനല്‍കി ഒപ്പിട്ടുകൊടുത്തു. അന്വേഷണ റിപ്പോര്‍ട്ട് ഒടുവില്‍ യുക്തമായ ഉത്തരവിനായി മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തി. തുടര്‍നടപടി ആവശ്യമില്ല എന്ന് മുഖ്യമന്ത്രി ഫയലില്‍ രേഖപ്പെടുത്തി. ആ അധ്യായം അവിടെ അവസാനിച്ചു. അന്നത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രി കൂടുതല്‍ ജാഗ്രത കാട്ടിയോ എന്നറിയില്ല.

വിവരാവകാശനിയമം നടപ്പിലാക്കിയത് ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഒന്നായി മാറി. ഇനി സേവനാവകാശ നിയമം നടപ്പിലാക്കുകയും അതിന്റെ ഭാഗമായി സിവില്‍ സര്‍വീസ് പരിഷ്‌കരിക്കുകയും വേണം. അതോടൊപ്പം അഴിമതിയും ക്രമക്കേടും പുറത്തുകൊണ്ടു വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമവും പാസ്സാക്കണം. അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. ഇക്കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തന്നെ ഭരണ - രാഷ്ട്രീയ തലത്തിലെ അഴിമതിയും സ്വാര്‍ഥമോഹത്തോടെയുള്ള ഇടപെടലും അവസാനിപ്പിക്കുകയും വേണം. ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ്. എല്ലാവരെയും സുഖിപ്പിക്കുന്ന പൈങ്കിളിശൈലി ഒരു ഭരണകൂടത്തിന്റെ മുദ്രയായി മാറുന്നത് ജനങ്ങള്‍ക്കും കേരളത്തിനും ഗുണകരമല്ല.

സി ആര്‍ ജോസ്പ്രകാശ് (ലേഖകന്‍ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയാണ്)

janayugom 260112

1 comment:

  1. കഴിഞ്ഞപ്രാവശ്യം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുമ്പോഴാണ് പൊതുജനസമ്പര്‍ക്ക പരിപാടി തുടങ്ങുന്നത്. അന്ന് തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുത്ത ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്. 'സ്വന്തമായി വീടില്ലാത്തതിനാല്‍ പൂജപ്പുരയിലെ ഒരു സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് അനുവദിക്കണം' എന്നായിരുന്നു. മുഖ്യമന്ത്രി അതില്‍ എഴുതി '2000 രൂപ അനുവദിച്ചിരിക്കുന്നു' എന്ന്. മറ്റൊരാള്‍ നല്‍കിയത് ഒരു സ്ഥലംമാറ്റ അപേക്ഷയായിരുന്നു. അതിലും 2000 രൂപ നല്‍കാന്‍ ഉത്തരവിട്ടു. സംഘടന ഭാരവാഹിയായ ഞാന്‍ ഇക്കാര്യം പത്രങ്ങള്‍ക്ക് വാര്‍ത്തയായി നല്‍കുകയും 'സൂര്യാ റ്റി വി'യില്‍ ഇന്റര്‍വ്യൂ നല്‍കുകയും ചെയ്തു. അന്നത്തെ സി പി ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ പി രാജേന്ദ്രന്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചു. വലിയ വിവാദമായി. ഇപ്പോഴത്തെ ഇടുക്കി എം പി പി റ്റി തോമസ് എനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി (അതോ എഴുതി വാങ്ങിയോ?) സര്‍ക്കാര്‍ ജീവനക്കാരനായ ഞാന്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കി എന്നായിരുന്നു പരാതി. സര്‍ക്കാര്‍ സുമന എന്‍ മേനോന്‍ ഐ എ എസ് നെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനായി ചുമതലപ്പെടുത്തി. നോട്ടീസ് ലഭിച്ച പ്രകാരം പോയി മൊഴി നല്‍കി. മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നു എന്നും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ അവസരം നല്‍കിയാല്‍ ഇത്തരം കൂടുതല്‍ ക്രമക്കേടുകള്‍ തെളിയിക്കാമെന്നും മൊഴിനല്‍കി ഒപ്പിട്ടുകൊടുത്തു. അന്വേഷണ റിപ്പോര്‍ട്ട് ഒടുവില്‍ യുക്തമായ ഉത്തരവിനായി മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തി. തുടര്‍നടപടി ആവശ്യമില്ല എന്ന് മുഖ്യമന്ത്രി ഫയലില്‍ രേഖപ്പെടുത്തി. ആ അധ്യായം അവിടെ അവസാനിച്ചു. അന്നത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ മുഖ്യമന്ത്രി കൂടുതല്‍ ജാഗ്രത കാട്ടിയോ എന്നറിയില്ല.

    ReplyDelete