Tuesday, January 31, 2012

മാറാട് കൂട്ടക്കൊല; മായിന്‍ഹാജിയെ ചോദ്യംചെയ്യണം: സിപിഐ എം

മാറാട് കൂട്ടക്കൊലക്കു പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ പ്രതിചേര്‍ത്ത ലീഗ് നേതാവ് മായിന്‍ഹാജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ തയ്യാറാവണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മായിന്‍ഹാജിയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യറെടുത്ത സന്ദര്‍ഭത്തിലാണ് അന്വേഷണസംഘം തലവനായ സൂപ്രണ്ട് സി എം പ്രദീപ്കുമാറിനെ സര്‍ക്കാര്‍ മനുഷ്യാവകാശ കമീഷനിലേക്കു മാറ്റിയത്. മാറാട് കൂട്ടക്കൊല ആസൂത്രണം ചെയ്തതില്‍ ചില ലീഗ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. കൂട്ടക്കൊല സംബന്ധിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിരുന്നു. കൂട്ടക്കൊലക്കു പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. 2006 ഫെബ്രുവരിയില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ടിന്മേല്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം നിരസിച്ചു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സത്യാവസ്ഥ വെളിച്ചത്തു വരുമെന്നും മായിന്‍ഹാജി ഉള്‍പ്പെടെ ലീഗ് നേതാക്കള്‍ കുടുങ്ങുമെന്നും ബോധ്യമായപ്പോഴാണ് സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ചത്.
ഒന്നാം ഘട്ടത്തില്‍ അഞ്ചു പേരും രണ്ടാം ഘട്ടത്തില്‍ ഒമ്പതു പേരും മരണപ്പെടാനും ലക്ഷക്കണക്കിന് രൂപയുടെ സ്വത്ത് നാശത്തിനും നൂറുകണക്കിന് മനുഷ്യര്‍ തീരാദുഃഖത്തിലാവാനും ഇടയായ കലാപത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരുന്നത് തടയുന്ന യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് നാദാപുരം നരിക്കാട്ടേരിയില്‍ നടന്ന ബോംബ് സ്ഫോടനത്തിനു പിന്നിലെ ഗൂഢാലോചനയും സി എം പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ മരണപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും നാടിനെയാകെ നടുക്കുകയും ചെയ്ത ഈ സംഭവത്തിനു പിന്നിലും ലീഗ് നേതൃത്വത്തില്‍പ്പെട്ട ചിലര്‍ക്കു പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. അവരെ പുറത്തുകൊണ്ടുവരുന്നത് തടയലും പ്രദീപ്കുമാറിനെ മാറ്റിയതിനു പിന്നിലെ ലക്ഷ്യമാണ്.
സംഭവത്തിനു പിന്നിലെ പ്രധാന കണ്ണിയായി പൊലീസ് കണ്ടെത്തിയ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയുടെ സഹോദരന്‍ തയ്യില്‍ മൊയ്തുവിനെ പ്രതിസ്ഥാനത്തുനിന്നു മാറ്റി മാപ്പുസാക്ഷിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതെല്ലാം മുസ്ലിംലീഗിന്റെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങുന്നതിന്റെ തെളിവാണ്. ഭീകരവിരുദ്ധ സ്ക്വാഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതും തീവ്രവാദ ബന്ധമുള്ള കേസുകളിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങളെ തകര്‍ക്കുന്നതും അത്യന്ത്യം അപലപനീയമാണ്. ഈ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്തിരിയണം. യുഡിഎഫ് സര്‍ക്കാരിന്റെ ഹീനമായ നിലപാടിനെതിരെ പ്രതികരിക്കാന്‍ എല്ലാ മതനിരപേക്ഷ ശക്തികളും രംഗത്തിറങ്ങണമെന്നും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 310112

1 comment:

  1. മാറാട് കൂട്ടക്കൊലക്കു പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ പ്രതിചേര്‍ത്ത ലീഗ് നേതാവ് മായിന്‍ഹാജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ തയ്യാറാവണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മായിന്‍ഹാജിയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യറെടുത്ത സന്ദര്‍ഭത്തിലാണ് അന്വേഷണസംഘം തലവനായ സൂപ്രണ്ട് സി എം പ്രദീപ്കുമാറിനെ സര്‍ക്കാര്‍ മനുഷ്യാവകാശ കമീഷനിലേക്കു മാറ്റിയത്. മാറാട് കൂട്ടക്കൊല ആസൂത്രണം ചെയ്തതില്‍ ചില ലീഗ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. കൂട്ടക്കൊല സംബന്ധിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിരുന്നു. കൂട്ടക്കൊലക്കു പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. 2006 ഫെബ്രുവരിയില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ടിന്മേല്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല.

    ReplyDelete