Monday, January 30, 2012

പോസ്റ്റര്‍ വിവാദം: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കണ്ണൂരില്‍ എസ്പിക്കെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശയക്കുഴപ്പവും അഭിപ്രായവ്യത്യാസവും രൂക്ഷമാകുന്നു. നിയമം അതിന്റെ വഴിക്കുപോകുമെന്ന് തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സത്യസന്ധനായ പൊലീസുദ്യോഗസ്ഥനാണ് കണ്ണൂര്‍ എസ്പിയെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. പൊലീസുദ്യോഗസ്ഥര്‍ പൊതുപ്രവര്‍ത്തകരോട് മാന്യമായി പെരുമാറണമെന്ന് സുധാകരനെ ന്യായീകരിച്ച് കഴിഞ്ഞദിവസം വയലാര്‍ രവിയുടെ പ്രസംഗത്തിനുള്ള മറുപടിയായി ഇരുവരുടെയും പ്രതികരണം. പേരാവൂര്‍ എംഎല്‍എ സണ്ണിജോസഫ് മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തുവന്നു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ക്ക് ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് അസോസിയേഷന് പ്രവര്‍ത്തിക്കാന്‍ ചില ചട്ടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനകത്തു നിന്നാവണം പ്രവര്‍ത്തനം. ചട്ടം ലംഘിച്ചാല്‍ ആര്‍ക്കെതിരെയും നടപടിയുണ്ടാകും. കണ്ണൂര്‍ എസ്പിയും കെ സുധാകരന്‍ എംപിയും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് കെപിസിസി എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്തു. ആവശ്യമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താലേഖകരെ അറിയിച്ചു. തനിക്ക് നേരിട്ടറിയുന്ന ഉദ്യോഗസ്ഥനാണ് അനൂപ്കുരുവിളയെന്നും മാറ്റേണ്ട സാഹചര്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വിവാദമായതോടെ കണ്ണൂര്‍ എസ്പിയെ മാറ്റണമെന്ന സുധാകരന്റെ ആവശ്യം പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല.

റിപ്പബ്ലിക് ദിനപരേഡ് നടന്ന മൈതാനത്ത് കെ സുധാകരന് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡു സ്ഥാപിച്ച ആറുപൊലീസുകാരെ എസ് പി അനൂപ് ജോണ്‍കുരുവിള സസ്പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് അസോസിയേഷന്‍ ഭാരവാഹികളാണിവര്‍ . ഇതോടെ സുധാകരനും എസ്പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി. അനൂപ് ജോണിനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി കൊടുത്തു. എസ്പിക്കെതിരെ കണ്ണൂര്‍ നഗരത്തില്‍ സുധാകരന്റെ അനുകൂലികള്‍ എസ്പിക്കെതിരെ പോസ്റ്ററുകളും പതിച്ചു. ഈ സാഹചര്യത്തിലാണ് എസ്പിയുടെ നടപടി ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രതികരണം.

വക്കം റിപ്പോര്‍ട്ട് ഉടനെ നടപ്പാക്കില്ല ചെന്നിത്തല

ആലപ്പുഴ: വക്കം കമ്മറ്റിയുടെ അന്വേഷണറിപ്പോര്‍ട്ട് പെട്ടെന്ന് നടപ്പാക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പുനരുദ്ധാരണത്തിനുള്ള ദീര്‍ഘകാല ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്്. അച്ചടക്ക നടപടിയെടുക്കാനുള്ളതല്ല. അത് വേഗത്തില്‍ നടപ്പാക്കാനാവില്ല. അച്ചടക്കനടപടിക്കുള്ളതാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു.

deshabhimani news

2 comments:

  1. കണ്ണൂരില്‍ എസ്പിക്കെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശയക്കുഴപ്പവും അഭിപ്രായവ്യത്യാസവും രൂക്ഷമാകുന്നു.

    ReplyDelete
  2. പോസ്റ്റര്‍ വിവാദം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായ പ്രകടനം അനവസരത്തിലെന്ന് കണ്ണൂര്‍ എംപി കെ സുധാകരന്‍ . മുല്ലപ്പള്ളിയുടെ മണ്ഡലത്തില്‍ പൊലീസുകാര്‍ അദ്ദേഹത്തിന് അനുകൂലമായി ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എസ്പിയെ പുകഴ്ത്തിയ മുല്ലപ്പള്ളിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. അഭിമാനമുള്ളവര്‍ക്കേ അഭിമാനക്ഷതത്തെക്കുറിച്ച് മനസിലാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ എസ്പി അനൂപ് കുരുവിള ശ്രമിച്ചത് തന്നെ അപമാനിക്കാനാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. എംപി ഫണ്ട് സംബന്ധിച്ച ബോര്‍ഡ് മാറ്റിയത് തന്റെ കണ്‍മുന്നില്‍വച്ചാണ്. ജനപ്രതിനിധികളുടെ മാന്യത സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ട്. തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിക്കും. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇത്തരത്തില്‍ മുഖ്യമന്ത്രിയ്ക്കും മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും പരസ്യമായി രംഗത്തുവന്നിരിക്കുകയാണ് സുധാകരന്‍ . ഇതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതല്‍ രൂക്ഷമായി. പൊതുവേദിയില്‍ ബോര്‍ഡ് വെച്ചത് ചട്ടവിരുദ്ധമല്ല. നിയമവിരുദ്ധമാണെന്ന് പറയുന്നതിലെ പൊരുള്‍ മനസിലാകുന്നില്ലെന്നും അദ്ദേഹം എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂരില്‍ തന്റെ ബോര്‍ഡ് മാറ്റിയ നടപടി നിയമപരമാണെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് പൊതുസ്ഥലങ്ങളിലുമുള്ള മുഖ്യമന്ത്രിയടക്കമുള്ളവരുടെ ബോര്‍ഡുകളും നീക്കം ചെയ്യണം. എംപിമാരും എംഎല്‍എമാരും വികസനപ്രവര്‍ത്തനങ്ങളുടെ ബോര്‍ഡുകള്‍ വെയ്ക്കാറുണ്ട്. ഇത് സ്വാഭാവികം മാത്രമാണെന്ന് സുധാകരന്‍ പറഞ്ഞു.

    ReplyDelete