Sunday, January 29, 2012

സര്‍ക്കാരും ഐ എ എസുകാരും ഇടയുന്നു

രാഷ്ട്രീയ പകപോക്കലിന് ഐ എ എസുകാരെ ബലിയാടാക്കുന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ കൂടെ ജോലിചെയ്യാനാവില്ലെന്ന് ഐ എ എസ് അസോസിയേഷന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അസോസിയേഷന്‍ ഭാരവാഹികള്‍ രേഖാമൂലം പ്രതിഷേധം അറിയിക്കുകയും ചെയ്തു.  ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍കണ്ട് പ്രതിഷേധം ഉള്‍ക്കൊള്ളുന്ന നിവേദനം നല്‍കിയത്.

പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദന്‍ ഒന്നാം പ്രതിയായ ഭൂമിദാന കേസില്‍ നാല് ഐ എ എസുകാരെക്കൂടി പ്രതിയാക്കിയിട്ടുണ്ട്. പൊതുവേ സത്യസന്ധരെന്ന് അറിയപ്പെടുന്ന നാല് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ പ്രതിയാക്കിയിരിക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ നിഷ്പക്ഷമായി പരിശോധിച്ച് വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് അസോസിയേഷന്‍ സെക്രട്ടറി മനോജ് ജോഷിയുടെ നേതൃത്വത്തില്‍ കൈമാറിയ നിവേദനത്തില്‍  മുഖ്യമന്ത്രിയോട്  ആവശ്യപ്പെട്ടു.

ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കുന്നതിന് മുമ്പ് അത് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണം. ഈ സംവിധാനം മുമ്പ് ഇവിടെ നിലവിലുണ്ടായിരുന്നു. 2001 ലാണ് അത് അവസാനിപ്പിച്ചത്. ആ സംവിധാനം പുനരാരംഭിക്കണം. കേന്ദ്രവിജിലന്‍സ് കമ്മിഷന്‍ മാതൃകയില്‍ സംസ്ഥാനത്തും വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കണം. ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ആറും ഏഴും വകുപ്പുകളുടെ ചുമതലയാണ് ഓരോ ഐ എ എസ് ഉദ്യോഗസ്ഥനുമുള്ളത്. ഇത് നല്‍കുന്ന മാനസിക സംഘര്‍ഷംതന്നെ താങ്ങാനാവാത്തതാണ്. അതിന്റെകൂടെയാണ് ഇത്തരം അനാവശ്യ കേസുകള്‍കൂടി വരുന്നത്. ഇത് ഉദ്യോഗസ്ഥരെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന നിലപാടാണ്. ഇത് ഭരണ സംബന്ധമായ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഇതിന്റെ പഴിയും ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് ചില മന്ത്രിമാര്‍ ശ്രമിക്കുന്നത്. ഇത്തരം നിലപാടുകള്‍ തുടര്‍ന്നാല്‍ മന്ത്രിമാരോടൊപ്പം ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകും. ഇത് ഭരണ സ്തംഭനത്തിന് വഴിയവയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ഐ എ എസ് ഉദ്യോഗസ്ഥര്‍ വേട്ടയാടപ്പെടുന്നത്. ഇത് നിയന്ത്രിക്കുന്നതിന് മോണിറ്ററിംഗ് സമിതി രൂപീകരിക്കണം. ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥരായ എം സുബ്ബയ്യ, എസ് എം വിജയാനന്ദ് എന്നിവരും നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.മുഖ്യമന്ത്രിയായിരിക്കെ വി എസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ്, കെ ആര്‍ മുരളീധരന്‍, കാസര്‍ഗോഡ് കലക്ടര്‍മാരായിരുന്ന ആനന്ദ് സിംഗ്, കൃഷ്ണന്‍കുട്ടി എന്നിവരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥര്‍.

janayugom 290112

1 comment:

  1. രാഷ്ട്രീയ പകപോക്കലിന് ഐ എ എസുകാരെ ബലിയാടാക്കുന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ കൂടെ ജോലിചെയ്യാനാവില്ലെന്ന് ഐ എ എസ് അസോസിയേഷന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അസോസിയേഷന്‍ ഭാരവാഹികള്‍ രേഖാമൂലം പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍കണ്ട് പ്രതിഷേധം ഉള്‍ക്കൊള്ളുന്ന നിവേദനം നല്‍കിയത്.

    ReplyDelete