Saturday, January 28, 2012

ഡ്യൂട്ടി നിശ്ചയിക്കുന്നത് ഡിസിസി ഓഫീസില്‍

എആര്‍ ക്യാമ്പില്‍ രാഷ്ട്രീയ പകപോക്കല്‍

പത്തനംതിട്ട: എആര്‍ ക്യാമ്പിലെ പൊലീസുകാരോട് മേലധികാരികള്‍ പരസ്യമായ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നു. കോണ്‍ഗ്രസ് അനുകൂലികളല്ലാത്ത പൊലീസുകാരെ തെരഞ്ഞുപിടിച്ച് ക്രൂരമായി പീഢിപ്പിക്കുന്നതായാണ് ആക്ഷേപം. ഡിസിസി ഓഫീസില്‍നിന്നും പൊലീസ് അസോസിയേഷന്റെ ഭാരവാഹികളുടെ നിര്‍ദേശപ്രകാരവുമാണ് ക്യാമ്പില്‍ ഡ്യൂട്ടി നിശ്ചയിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ പൊലീസുകാരോട് വേര്‍തിരിവ് കാണിക്കുന്നതായും പരാതിയുണ്ട്. ക്യാമ്പിലെ മെസ് നടത്തിപ്പിനായി മാനദണ്ഡങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കുന്നത് ചര്‍ച്ചയായിട്ടുണ്ട്. ഒരുമാസം കൂടുമ്പോള്‍ മെസിന്റെ നടത്തിപ്പ് മാറിമാറി നല്‍കണമെന്നിരിക്കെ ഇപ്പോള്‍ നാലുമാസത്തോളം ഒരു പ്രത്യേക വിഭാഗക്കാരാണ് മെസ് നടത്തുന്നത്. ഇതിനുപിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടുണെണ്ടന്ന് ആരോപണമുണ്ട്. മോശം ഭക്ഷണം നല്‍കി പണം തിരിമറിയും മെസില്‍ നടക്കുന്നു. മാനദണ്ഡം ലംഘിച്ച് മെസ് അനുവദിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും വേണ്ട നടപടിയുണ്ടായില്ല.

പൊലിസുകാരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതിലും കടുത്ത വേര്‍തിരിവുണ്ട്. പൊലീസ് അസോസിയേഷന്റെ പ്രവര്‍ത്തകര്‍ക്കും അവരുടെ അടുപ്പക്കാര്‍ക്കും ക്യാമ്പില്‍ പ്രത്യേക പരിഗണന നല്‍കി ജോലി നിശ്ചയിക്കും. ഇവര്‍ ജോലി ചെയ്യേണ്ടതില്ല. ഇവരുടെ ജോലിയടക്കം നല്‍കി മറ്റുള്ളവരെ പീഡിപ്പിക്കുന്നു. ഇതെല്ലാം അസോസിയേഷന്‍ ഭാരവാഹികള്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡിന് നല്‍കുന്ന പട്ടിക പ്രകാരമാണ് നടക്കുന്നത്. മുമ്പ് പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍നിന്ന് തൊണ്ടി വസ്തുക്കള്‍ കടത്തിയ സംഭവത്തിലെ പ്രധാനിയായ അസോസിയേഷന്‍ ഭാരവാഹിയുടെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. അസോസിയേഷന്റെ പ്രധാന പ്രവര്‍ത്തകരായ ചില പൊലീസുകാര്‍ ക്യാമ്പിലെത്തിയ ശേഷം മറ്റു ജോലികള്‍ക്കായി പോകുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഒരാള്‍ കെട്ടിട നിര്‍മാണത്തിന്റെ കരാറുകാരനാണ്. സര്‍ക്കാര്‍ സേവനത്തിലിരിക്കെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഉന്നതരുടെ പിന്തുണയുണ്ടെന്നാണ് പറയപ്പെടുന്നത്. വകുപ്പിന്റെ അനുവദിയില്ലാതെ ഒരാള്‍ നാടക പരിശീലനത്തിനായി പോകുന്നതും വിവാദമായിട്ടുണ്ട്. ക്യാമ്പിലെ പീഡന വിവരങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമില്ല. കഴിഞ്ഞ ദിവസം എസ്പി ചട്ടവിരുദ്ധമായി പുറത്തിറക്കിയ നിര്‍ബന്ധിത സ്ഥലം മാറ്റ ഉത്തരവില്‍ ഇവിടുത്തെ 44 പൊലീസുകാരും ഉള്‍പ്പെട്ടിരുന്നു. ഇതും രാഷ്ട്രീയ നിര്‍ദേശത്തിന്റെ ഭാഗമായിരുന്നു.

എആര്‍ ക്യാമ്പിലെ കോണ്‍ഗ്രസനുകൂല പ്രചാരണ ബോര്‍ഡുകള്‍ അപ്രത്യക്ഷമായി

ആലപ്പുഴ: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എആര്‍ ക്യാമ്പിലും പരിസരത്തും സ്ഥാപിച്ച ബോര്‍ഡുകള്‍ അപ്രത്യക്ഷമായി. പൊലീസ് അസോസിയേഷന്‍ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. സ്ഥാപിച്ചിട്ട് ഒരുമാസത്തിലേറെയായ ബോര്‍ഡുകള്‍ വെള്ളിയാഴ്ച രാവിലെമുതലാണ് കാണാതായത്. കണ്ണൂരില്‍ റിപ്പബ്ലിക് ദിന പരേഡ് ഗ്രൗണ്ടില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച പൊലീസുകാരെ സസ്പന്‍ഡ് ചെയ്തതിനു പിന്നാലെയാണ് ആലപ്പുഴ എആര്‍ ക്യാമ്പിലും പരിസരത്തും സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ അഴിച്ചുമാറ്റിയത്. കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്.

സര്‍ക്കാര്‍ ശമ്പളംപറ്റുന്ന ഉദ്യോഗസ്ഥര്‍ രാഷ്ട്രീയപാര്‍ടികളുടെ പ്രചാരകരും പ്രവര്‍ത്തകരുമാകുന്നത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നിരിക്കെയാണ് ഒരുപറ്റം പൊലീസുകാര്‍ എആര്‍ ക്യാമ്പിനുള്ളിലും പരിസരത്തും കോണ്‍ഗ്രസനുകൂല ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഒരുമാസത്തിലേറെ ബോര്‍ഡുകള്‍ ഇവിടെ നിന്നിട്ടുംഅധികാരികള്‍ നടപടിയെടുത്തില്ലെന്നതും ഗൗരവതരമാണ്. യുഡിഎഫ് അധികാരമേറ്റശേഷം പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവം.

deshabhimani 280112

1 comment:

  1. എആര്‍ ക്യാമ്പിലെ പൊലീസുകാരോട് മേലധികാരികള്‍ പരസ്യമായ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നു. കോണ്‍ഗ്രസ് അനുകൂലികളല്ലാത്ത പൊലീസുകാരെ തെരഞ്ഞുപിടിച്ച് ക്രൂരമായി പീഢിപ്പിക്കുന്നതായാണ് ആക്ഷേപം. ഡിസിസി ഓഫീസില്‍നിന്നും പൊലീസ് അസോസിയേഷന്റെ ഭാരവാഹികളുടെ നിര്‍ദേശപ്രകാരവുമാണ് ക്യാമ്പില്‍ ഡ്യൂട്ടി നിശ്ചയിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ പൊലീസുകാരോട് വേര്‍തിരിവ് കാണിക്കുന്നതായും പരാതിയുണ്ട്. ക്യാമ്പിലെ മെസ് നടത്തിപ്പിനായി മാനദണ്ഡങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കുന്നത് ചര്‍ച്ചയായിട്ടുണ്ട്. ഒരുമാസം കൂടുമ്പോള്‍ മെസിന്റെ നടത്തിപ്പ് മാറിമാറി നല്‍കണമെന്നിരിക്കെ ഇപ്പോള്‍ നാലുമാസത്തോളം ഒരു പ്രത്യേക വിഭാഗക്കാരാണ് മെസ് നടത്തുന്നത്. ഇതിനുപിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടുണെണ്ടന്ന് ആരോപണമുണ്ട്. മോശം ഭക്ഷണം നല്‍കി പണം തിരിമറിയും മെസില്‍ നടക്കുന്നു. മാനദണ്ഡം ലംഘിച്ച് മെസ് അനുവദിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും വേണ്ട നടപടിയുണ്ടായില്ല.

    ReplyDelete