Monday, January 30, 2012

വി കെ സിംഗിനെതിരെ പ്രതിരോധ മന്ത്രാലയം

ജനനത്തിയതി തര്‍ക്കത്തില്‍ കരസേന മേധാവി ജനറല്‍ വി കെ സിംഗിന് വീണ്ടും തിരിച്ചടി. വി കെ സിംഗിന്റെ ജനന വര്‍ഷം 1950 മെയ് 10 ആയി രേഖപ്പെടുത്താന്‍ പ്രതിരോധമന്ത്രാലയം സേനയുടെ റെക്കോര്‍ഡ്‌സ് വിഭാഗത്തിനു നിര്‍ദേശം നല്‍കി. സേനയുടെ റെക്കോര്‍ഡ്‌സ് വിഭാഗമായ അഡ്ജറ്റന്റ് ബ്രാഞ്ചില്‍ 1951 മെയ് 10 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മിലിട്ടറി സെക്രട്ടറി ബ്രാഞ്ച് റെക്കോര്‍ഡ് അനുസരിച്ച് ഇത് 1950 മെയ് 10 ആണ്.

ജനനവര്‍ഷം 1950 ആയി കണക്കാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കരസേനാ മേധാവി നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ പുതിയ നടപടി. ഒപ്പം സേനയുടെ രേഖകളില്‍ 1951 മേയ് 10 വി കെ സിംഗിന്റെ ജനനത്തിയതി ആയി രേഖപ്പെടുത്തിയത് എങ്ങനെയെന്ന് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുസരിച്ചാണ് സേനയുടെ റെക്കോര്‍ഡ്‌സ് വിഭാഗത്തിന്റെ രേഖകളില്‍ ജനന തിയതി 1951 എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ അദ്ദേഹം യു ജി സി അപേക്ഷയില്‍ രേഖപ്പെടുത്തിയ 1950 മെയ് 10 ആണ് മിലിട്ടറി സെക്രട്ടറി ബ്രാഞ്ചില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വി കെ സിംഗിന് കഴിഞ്ഞ രണ്ട് സ്ഥാനക്കയറ്റങ്ങളും നല്‍കിയത് ജനന വര്‍ഷം 1950 ആയി കണക്കാക്കിയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനി ജനനത്തീയതി മാറ്റുന്നത് ശരിയായ കീഴ്‌വഴക്കമാകില്ലെന്നുമാണ് മന്ത്രാലയത്തിന്റെ നിലപാട്.

ജനനത്തിയതി 1950 ആയി കണക്കാക്കിയാല്‍ ജനറല്‍ വി കെ സിംഗ് ഈ വര്‍ഷം മേയില്‍ വിരമിക്കേണ്ടി വരും. അല്ലാത്ത പക്ഷം അദ്ദേഹത്തിന് ഒരു വര്‍ഷം കൂടി കാലാവധി നീട്ടിക്കിട്ടും. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കരസേനാ മേധാവി കോടതിയെ സമീപിച്ചതിലും പ്രതിരോധമന്ത്രാലയത്തിന് അസംതൃപ്തിയുണ്ട്.

janayugom 300112

1 comment:

  1. ജനനത്തിയതി തര്‍ക്കത്തില്‍ കരസേന മേധാവി ജനറല്‍ വി കെ സിംഗിന് വീണ്ടും തിരിച്ചടി. വി കെ സിംഗിന്റെ ജനന വര്‍ഷം 1950 മെയ് 10 ആയി രേഖപ്പെടുത്താന്‍ പ്രതിരോധമന്ത്രാലയം സേനയുടെ റെക്കോര്‍ഡ്‌സ് വിഭാഗത്തിനു നിര്‍ദേശം നല്‍കി. സേനയുടെ റെക്കോര്‍ഡ്‌സ് വിഭാഗമായ അഡ്ജറ്റന്റ് ബ്രാഞ്ചില്‍ 1951 മെയ് 10 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മിലിട്ടറി സെക്രട്ടറി ബ്രാഞ്ച് റെക്കോര്‍ഡ് അനുസരിച്ച് ഇത് 1950 മെയ് 10 ആണ്.

    ReplyDelete