Tuesday, January 31, 2012

മുഖ്യമന്ത്രിക്കും മുല്ലപ്പള്ളിക്കുമെതിരെ സുധാകരനും ഡിസിസിയും


കണ്ണൂരിലെ ഫ്ളക്സ് വിവാദത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനെ പിന്തുണച്ച മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമെതിരെ രൂക്ഷവിമര്‍ശവുമായി കെ സുധാകരന്‍ എംപിയും കണ്ണൂര്‍ ഡിസിസിയും രംഗത്തെത്തി. എസ്പിയെ മുന്നില്‍നിര്‍ത്തി ഒളിയമ്പെയ്ത മുഖ്യമന്ത്രിക്കെതിരെ സുധാകരന്റെ നേതൃത്വത്തില്‍ സണ്ണി ജോസഫ് എംഎല്‍എയും കണ്ണൂര്‍ ഡിസിസിയും രൂക്ഷമായ പ്രത്യാക്രമണമാണ് തിങ്കളാഴ്ച നടത്തിയത്. പുനഃസംഘടന വൈകി ഗ്രൂപ്പുവഴക്കില്‍ പുകയുന്ന കേരളത്തിലെ കോണ്‍ഗ്രസില്‍ കണ്ണൂര്‍ ഫ്ളക്സ് വിവാദം പുതിയ വഴിത്തിരിവ് സൃഷ്ടിക്കുകയാണ്.

സുധാകരന് അഭിവാദ്യം അര്‍പ്പിച്ച ഫ്ളക്സ് ബോര്‍ഡ് മാറ്റിയതും ബോര്‍ഡ് സ്ഥാപിച്ച പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതും എസ്പിയുടെ സ്വാഭാവികനടപടി മാത്രമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കെ സുധാകരനെ പിന്തുണയ്ക്കുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും പരസ്യമായി പിന്തുണച്ച വയലാര്‍ രവിക്കുമുള്ള മറുപടി കൂടിയായിരുന്നു മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിക്ക് പിന്നാലെ വിവാദത്തില്‍ പങ്കുചേര്‍ന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂര്‍ എസ്പി അനൂപ് കുരുവിള ജോണ്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും പ്രതികരിച്ചു. ഇതിലൂടെ മുല്ലപ്പള്ളിയും ലക്ഷ്യമിടുന്നത് സുധാകരനെ അനുകൂലിക്കുന്ന മുതിര്‍ന്ന നേതാക്കളെയാണ്.

എസ്പിയെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെയും മുല്ലപ്പള്ളിക്കെതിരെയും പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് ആണ് ആദ്യം ചാനലുകളിലൂടെ രംഗത്തുവന്നത്. തുടര്‍ന്ന് വൈകിട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത ആക്രമണം നടത്തി. ഇതിന്റെ തുടര്‍ച്ചയെന്നോണം കണ്ണൂര്‍ കലക്ടറേറ്റില്‍ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ ബോര്‍ഡും പോസ്റ്ററും യൂത്ത്കോണ്‍ഗ്രസുകാരെത്തി വലിച്ചുകീറി. കെ സുധാകരനെ അഭിവാദ്യം ചെയ്ത് ബോര്‍ഡുവച്ച പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തത് നിയമപരമാണെന്നും പൊലീസ് അസോസിയേഷന്റെ ഭരണഘടന ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞത്. എന്നാല്‍ , ബോര്‍ഡ് വച്ചത് ചട്ടവിരുദ്ധമല്ലെന്നായിരുന്നു സുധാകരന്റെ വാദം. ബോര്‍ഡ് മാറ്റിച്ച എസ്പിയുടെ നടപടി മനഃപൂര്‍വമാണെന്ന് പറഞ്ഞ സുധാകരന്‍ പൊതുപ്രവര്‍ത്തകരുടെ മാന്യത സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ച് പലയിടത്തും പൊലീസുകാര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ചട്ടവിരുദ്ധമാണെങ്കില്‍ അതും നീക്കണം. ഇക്കാര്യത്തില്‍ മുല്ലപ്പള്ളിയുടെ ഇടപെടല്‍ അനവസരത്തിലുള്ളതാണെന്നും സുധാകരന്‍ പറഞ്ഞു. എസ്പിയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സണ്ണിജോസഫും പ്രതികരിച്ചു. എസ്പി അത്ര മിടുക്കനാണെങ്കില്‍ മുല്ലപ്പള്ളി ഡല്‍ഹിക്ക് ഒപ്പം കൊണ്ടുപോകുകയാണ് വേണ്ടതെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നില്ലെന്നും കണ്ണൂര്‍ ഡിഡിസി അധ്യക്ഷന്‍ പി കെ വിജയരാഘവന്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ കണ്ണൂര്‍ പരേഡ് ഗ്രൗണ്ടിനുസമീപം കെ സുധാകരന്‍ എംപിയെ അഭിവാദ്യം ചെയ്ത് പൊലീസ് അസോസിയേഷന്‍ സ്ഥാപിച്ച ബോര്‍ഡ് ജില്ലാ പൊലീസ് മേധാവി ഇടപെട്ട് മാറ്റിയതോടെയാണ് വിവാദസംഭവങ്ങളുടെ തുടക്കം. വൈകിട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ ഒരുസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി ബോര്‍ഡ് വീണ്ടും സ്ഥാപിച്ചു. ഇതിന്റെ പേരില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമുള്‍പ്പെടെ ആറു പൊലീസുകാരെ എസ്പി സസ്പെന്‍ഡു ചെയ്തു. ഇതില്‍ പ്രകോപിതനായ സുധാകരന്‍ എസ്പിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തി. ഇക്കാര്യം മുഖ്യമന്ത്രി തള്ളിയതോടെയാണ് പാര്‍ടിയെ ഉലക്കുന്ന നിലയിലേക്ക് ഫ്ളക്സ് വിവാദം കത്തിപ്പടര്‍ന്നത്.

മുഖ്യമന്ത്രിയുടെ ബോര്‍ഡും നീക്കണം: കെ സുധാകരന്‍

ജനപ്രതിനിധികളെ അഭിവാദ്യം ചെയ്ത് ബോര്‍ഡ് സ്ഥാപിച്ചത് ചട്ടവിരുദ്ധമാണെങ്കില്‍ മുഖ്യമന്ത്രിയുടെ ബോര്‍ഡും നീക്കണമെന്ന് കെ സുധാകരന്‍ എംപി. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലും ശബരിമലയിലെ പൊലീസ് മെസിലും സര്‍ക്കാര്‍ ഓഫീസുകളിലും മുഖ്യമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ച് പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഇവ ചട്ടവിരുദ്ധമാണെങ്കില്‍ എല്ലാം നീക്കണം- കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാനും ജനപ്രതിനിധികളുടെ മാന്യത സംരക്ഷിക്കാനും മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. സംഭവത്തില്‍ എസ്പിയെ പ്രശംസിച്ച കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ നടപടി അനവസരത്തിലുള്ളതാണ്. അഭിമാനബോധമുള്ളവര്‍ക്കേ മറ്റുള്ളവരുടെ അഭിമാനക്ഷതം മനസിലാകൂ. ബോര്‍ഡ് നീക്കിയതുസംബന്ധിച്ച വസ്തുതകളുടെ ദിശമാറുന്നതായി സംശയമുണ്ട്. ഫ്ളക്സ്ബോര്‍ഡ് സ്ഥാപിച്ചത് പരേഡ് ഗ്രൗണ്ടിലോ എആര്‍ ക്യാംപിലോ അല്ല. പൊതുനിരത്തിലാണ്. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും വികസനപദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുമ്പോള്‍ അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കുന്നത് കേരളത്തിലെ കീഴ്വഴക്കമാണ്.

ബോര്‍ഡ് മാറ്റിയ നടപടി പ്രതികാരബുദ്ധിയോടെയുള്ളതാണ്. എസ്പി എന്നും പോകുന്ന വഴിയില്‍ ജനുവരി നാലിന് സ്ഥാപിച്ച ബോര്‍ഡ് 22 ദിവസമായിട്ടും കണ്ടില്ലെന്നു പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. പരേഡില്‍ പങ്കെടുക്കാന്‍ ഗ്രൗണ്ടിലെത്തിയ തന്റെ മുന്നില്‍വച്ച് ബോര്‍ഡ് മാറ്റാന്‍ എസ്പി കാണിച്ച ശുഷ്കാന്തി, ബോര്‍ഡ് സ്ഥാപിച്ചത് ചട്ടവിരുദ്ധമായതുകൊണ്ടോ അതോ തന്നെ മനപൂര്‍വം അപമാനിക്കാന്‍വേണ്ടിയാണോയെന്നും സുധാകരന്‍ ചോദിച്ചു. കണ്ണൂര്‍ എസ്പിയുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷവും നീതിപൂര്‍വവുമല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഈ അഭിപ്രായം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എസ്പി അനൂപ് കുരുവിള ജോണിനെതിരെ എന്തു നടപടിയെടുക്കണമെന്നു പറയാന്‍ താന്‍ ആരുമല്ല. ബോര്‍ഡ് സ്ഥാപിച്ചതിന്റെ പേരില്‍ പൊലീസുകാര്‍ക്കെതിരെഎടുത്ത നടപടി തെറ്റാണ്. മാറ്റിയ ബോര്‍ഡ് വീണ്ടും സ്ഥാപിച്ചതിന്റെ പേരിലാണ് നടപടിയെങ്കില്‍ ടൗണ്‍ എസ്ഐയുടെ കസ്റ്റഡിയിലുണ്ടായിരുന്ന ബോര്‍ഡ് എങ്ങിനെയാണ് വീണ്ടും സ്ഥാപിക്കപ്പെട്ടതെന്ന കാര്യവും അന്വേഷിക്കണമെന്ന് സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ബോര്‍ഡ് യൂത്ത് കോണ്‍ഗ്രസുകാര്‍ കീറി

കണ്ണൂര്‍ : കലക്ടറേറ്റിന് മുന്നില്‍ സ്ഥാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബോര്‍ഡുകളും പോസ്റ്ററുകളും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീക്കംചെയ്തു. കെ സുധാകരന്‍ കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചതിന് പിന്നാലെയാണ് മുപ്പതോളം സുധാകര അനുകൂലികള്‍ ചാനല്‍ ക്യാമറകളെ സാക്ഷിയാക്കി പോസ്റ്ററുകള്‍ നീക്കിയത്. മുഖ്യമന്ത്രിയുടെ വലിയ ചിത്രങ്ങളോടുകൂടിയ ബോര്‍ഡുകളും പോസ്റ്ററുകളും പാതയോരത്തുതന്നെ വലിച്ചുകീറി. ജനസമ്പര്‍ക്കപരിപാടിയുമായി ബന്ധപ്പെട്ടാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ പോസ്റ്ററുകളും നീക്കണമെന്ന് കൊച്ചിയില്‍ സുധാകരന്‍ ചോദിച്ചതിന് പിന്നാലെയാണ് അനുയായികള്‍ ബോര്‍ഡുകള്‍ മാറ്റിയത്. കണ്ണൂര്‍ ഡിഡിസിയുടെ താല്‍ക്കാലിക അധ്യക്ഷനായ പി കെ വിജയരാഘവനും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പരസ്യമായി രംഗത്തുവന്നു. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രവര്‍ത്തകരുടെ വികാരം ഇവര്‍ മാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പൊലീസ് ചീഫിന്റെ കോലം കത്തിച്ചത് പ്രതിഷേധാര്‍ഹം

കണ്ണൂര്‍ : സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമായും സേനയുടെ അച്ചടക്കത്തിന് നിരക്കാത്ത വിധത്തില്‍ രാഷ്ട്രീയ പ്രചാരണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിച്ചതിന്റെ പേരില്‍ ജില്ലാപൊലീസ് ചീഫിനെ ഭീഷണിപ്പെടുത്തുകയും കോലം കത്തിക്കുകയും ചെയ്ത നടപടിയില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. സത്യസന്ധമായും ആത്മാര്‍ഥമായും ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കം വിലപ്പോവില്ല. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 310112

1 comment:

  1. കണ്ണൂരിലെ ഫ്ളക്സ് വിവാദത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനെ പിന്തുണച്ച മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമെതിരെ രൂക്ഷവിമര്‍ശവുമായി കെ സുധാകരന്‍ എംപിയും കണ്ണൂര്‍ ഡിസിസിയും രംഗത്തെത്തി. എസ്പിയെ മുന്നില്‍നിര്‍ത്തി ഒളിയമ്പെയ്ത മുഖ്യമന്ത്രിക്കെതിരെ സുധാകരന്റെ നേതൃത്വത്തില്‍ സണ്ണി ജോസഫ് എംഎല്‍എയും കണ്ണൂര്‍ ഡിസിസിയും രൂക്ഷമായ പ്രത്യാക്രമണമാണ് തിങ്കളാഴ്ച നടത്തിയത്. പുനഃസംഘടന വൈകി ഗ്രൂപ്പുവഴക്കില്‍ പുകയുന്ന കേരളത്തിലെ കോണ്‍ഗ്രസില്‍ കണ്ണൂര്‍ ഫ്ളക്സ് വിവാദം പുതിയ വഴിത്തിരിവ് സൃഷ്ടിക്കുകയാണ്.

    ReplyDelete