Monday, January 30, 2012

കൂടംകുളം; നാലാംവട്ടചര്‍ച്ച സമരസമിതിയെ ഒറ്റപ്പെടുത്താന്‍ നീക്കം

കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിനായുള്ള നാലാംവട്ട ചര്‍ച്ചക്ക് കളമൊരുങ്ങുന്നു. കേന്ദ്രസമിതിയും - സംസ്ഥാനസമിതിയും ഇതു സംബന്ധിച്ച് നല്ലൈ ജില്ലാ കലക്‌ട്രേറ്റില്‍ നാളെ (31) ചര്‍ച്ച നടത്താനിരിക്കുകയാണ് . ആണവോര്‍ജ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി കൂടംകുളം നിലയം സന്ദര്‍ശിച്ച് നിലവിലുള്ള സ്ഥിതിവിവരങ്ങള്‍ വിലയിരുത്തി. കേന്ദ്രസമിതി അംഗങ്ങളും കൂടംകുളത്ത് എത്തിയിട്ടുണ്ട്.

 ആണവ നിലയത്തിനെതിരെ സമരം നടത്തിവരുന്ന കൂടംകുളം ആണവനിലയ വിരുദ്ധസമിതിയെ ഒഴിവാക്കി ചര്‍ച്ചകളും ഭാവിപരിപാടികളും നടത്താനുള്ള നീക്കവുമായാണ് കേന്ദ്രസമിതി മുന്നോട്ടുപോകുന്നത്. ഇതിന്റെ മുന്നോടിയായി നാലാംവട്ട ചര്‍ച്ചക്ക് സമരസമിതി പ്രതിനിധികളെ ഇനിയും ക്ഷണിച്ചിട്ടില്ല. സമരസമിതിയെ ഒറ്റപ്പെടുത്തി ചര്‍ച്ചകളുമായി മുന്നോട്ടുപോയാല്‍ സംസ്ഥാന സമിതിയിലെ സമരസമിതി അംഗങ്ങള്‍ നാലാംവട്ട ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സമരസമിതി കണ്‍വീനര്‍ ഉദയകുമാറും പ്രതിനിധി എം പുഷ്പരാജും അറിയിച്ചിട്ടുണ്ട്.
 സംസ്ഥാനത്ത് ആയിരത്തോളം കേന്ദ്രങ്ങളില്‍ ആണവനിലയത്തിന്റെ സുരക്ഷ സംബന്ധിച്ച പഠനക്ലാസുകള്‍ നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസമിതി അംഗം എസ് കെ ശര്‍മ്മ പറഞ്ഞത്. സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള ഭീതി അകന്നതായി കേന്ദ്രസമിതി അവകാശപ്പെടുമ്പോള്‍, ഇതു സംബന്ധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരക്കാര്‍ക്കെതിരെ പ്രചരണവും സമരപരിപാടികളും മാത്രമാണ് നടന്നതെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു. ഇടിന്തിക്കരയില്‍ ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടന്നുവന്ന റിലേ നിരാഹാരസമരം ഇന്ന് (30) 102-ാം ദിവസത്തേക്ക് കടക്കുകയാണ്. ഒരു ജനകീയ സമരത്തെ നിര്‍ജ്ജീവമാക്കാന്‍ കേന്ദ്രമന്ത്രി നാരായണസ്വാമി മുന്‍കൈയ്യെടുത്ത് റെയ്ഡുകളും പ്രചരണങ്ങളും നടത്തി വരുകയാണെന്ന് സമരസമിതി ആരോപിക്കുന്നുണ്ട്.

സമരക്കാര്‍ മുന്നോട്ടുവച്ച ജനങ്ങളുടെ ഭീതികളെ സംബന്ധിച്ച ചോദ്യാവലിക്ക് മറുപടിയായി കേന്ദ്രസമിതി നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നാണ് സമരസമിതി കണ്‍വീനര്‍ ഉദയകുമാര്‍ പറയുന്നത്. ജനങ്ങള്‍ക്കുള്ള ഭീതി അകറ്റാന്‍ സമരസമിതി രൂപീകരിച്ച വിദഗ്ധസമിതിയുമായി കേന്ദ്രസമിതി ചര്‍ച്ചക്ക് തയ്യാറാവണമെന്നാണ് സമരസമിതി പറയുന്നത്. സമാധാനത്തിന്റെ പാതയിലാണ് കൂടംകുളത്തെ സമരം മുന്നോട്ടുപോകുന്നത്.

ആരെയും നിര്‍ബന്ധിച്ച് സമരത്തില്‍ സമരസമിതി അണിനിരത്തുന്നില്ല. സ്വമേധയാ സമരരംഗത്തു വന്നവരാണ് എല്ലാവരും. കല്‍പ്പാക്കം ആണവനിലയത്തിനു സമീപമുള്ള ജനവാസകേന്ദ്രങ്ങളില്‍ മാറാ രോഗങ്ങള്‍ക്ക് അടിമകളായികൊണ്ടിരിക്കുന്ന മനുഷ്യരുടെ ജീവിതവും ആണവകേന്ദ്രങ്ങള്‍ക്കുണ്ടായ ദുരന്തങ്ങള്‍ വഴി ലോകം കണ്ട കഷ്ടതകളുമാണ് സമരത്തിനിറങ്ങിയ കൂടംകുളം നിവാസികളുടെ മുന്നിലുള്ളതെന്നും സമരസമിതി പറയുന്നു.

janayugom 300112

1 comment:

  1. കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിനായുള്ള നാലാംവട്ട ചര്‍ച്ചക്ക് കളമൊരുങ്ങുന്നു. കേന്ദ്രസമിതിയും - സംസ്ഥാനസമിതിയും ഇതു സംബന്ധിച്ച് നല്ലൈ ജില്ലാ കലക്‌ട്രേറ്റില്‍ നാളെ (31) ചര്‍ച്ച നടത്താനിരിക്കുകയാണ് . ആണവോര്‍ജ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജി കൂടംകുളം നിലയം സന്ദര്‍ശിച്ച് നിലവിലുള്ള സ്ഥിതിവിവരങ്ങള്‍ വിലയിരുത്തി. കേന്ദ്രസമിതി അംഗങ്ങളും കൂടംകുളത്ത് എത്തിയിട്ടുണ്ട്.

    ReplyDelete