Tuesday, January 31, 2012

അഴിമതി: പ്രോസിക്യൂഷന്‍ അനുമതിക്ക് 4 മാസം

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ പൊതുപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയില്‍ നാല് മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി 2ജി അഴിമതിക്കേസുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായ സുപ്രീം കോടതിയുടെ ഉത്തരവുണ്ടായത്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായിരുന്നു സ്വാമിയുടെ ഹര്‍ജി. 2ജി ഇടപാടില്‍ ടെലികോം മന്ത്രിയായിരുന്ന എ രാജയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി പ്രധാനമന്ത്രി മനപൂര്‍വം താമസിപ്പിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 2008 നവംബര്‍ 24നാണ് പ്രോസിക്യൂഷന്‍ അനുമതിക്കായി സ്വാമി പ്രധാനമന്ത്രിയ്ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ അന്വേഷണം നടക്കുന്നതിനാല്‍ അപേക്ഷ അനവസരത്തിലാണെന്ന് കാട്ടി 2010 മാര്‍ച്ചിലാണ് സ്വാമിയെ അറിയിച്ചത്.

പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതിക്കേസില്‍ വിചാരണ നടപടികള്‍ക്കായി അനുമതി തേടി വ്യക്തികള്‍ക്കും ബന്ധപ്പെട്ടവരെ സമീപിക്കാമെന്നും അതിനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നതാണെന്നും ജസ്റ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മൂന്നു മാസത്തിനുള്ളില്‍ അനുമതി നല്‍കണമെന്നാണ് കോടതി വിധി. എന്തെങ്കിലും കൂടിയാലോചന വേണങ്കില്‍ ഒരു മാസം കൂടി എടുക്കാം. തീരുമാനമുണ്ടായില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കാം. ഏതു കേസിനും ഒരു സമയപരിധി വേണം- കോടതി വ്യക്തമാക്കി.

എ രാജയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കാന്‍ പ്രധാനമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആദ്യം സ്വാമി ആവശ്യപ്പെട്ടത്. ഡല്‍ഹി ഹൈക്കോടതി ഈ ആവശ്യം നിരസിച്ചിരുന്നു. രാജ രാജിവച്ചതോടെ ഇത്തരം കേസുകളില്‍ പ്രോസക്യഷന്‍ അനുമതിക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കണമെന്നായി സ്വാമിയുടെ ഹര്‍ജി. രാജയുടെ കേസില്‍ 16 മാസം പ്രധാനമന്ത്രി വച്ചുതാമസിപ്പിച്ചുവെന്നും സ്വാമി പറഞ്ഞു. അനുമതി നല്‍കും മുമ്പ് സിബിഐ ശേഖരിച്ച തെളിവുകള്‍ വേണ്ടതുണ്ടെന്നാണ് തനിക്ക്ലഭിച്ച ഉപദേശമെന്നാണ് പ്രധാനമന്ത്രി കോടതിയില്‍ ബോധിപ്പിച്ചത്.

2ജി കേസുമായി ബന്ധപ്പെട്ട് ഇവര്‍ വാദം കേള്‍ക്കുന്ന കേസുകളില്‍ ആദ്യത്തേതാണിത്. യുപിഎ സര്‍ക്കാരിന് നിര്‍ണ്ണായകമായ മറ്റ് മൂന്ന് ഹര്‍ജികളിലും വരുന്ന രണ്ടു ദിവസത്തിനുള്ളില്‍ വിധിയുണ്ടാകും.

deshabhimani news

1 comment:

  1. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ പൊതുപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയില്‍ നാല് മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി 2ജി അഴിമതിക്കേസുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായ സുപ്രീം കോടതിയുടെ ഉത്തരവുണ്ടായത്.

    ReplyDelete