Saturday, January 28, 2012

പൊലീസ് ചമച്ചത് സിനിമയെ വെല്ലുന്ന തിരക്കഥ

ആലപ്പൂഴ: സിപിഐ എം നേതാക്കളെയടക്കം ജയിലിലടക്കാന്‍ സിനിമയെ വെല്ലുന്ന തിരക്കഥയാണ് പി സി വിഷ്ണുനാഥിന്റെ സ്വാധീനത്തില്‍ പൊലീസ് മെനഞ്ഞത്. കുട്ടംപേരൂരിലെ എസ്കെവി സ്കൂളിന് സമീപം പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിച്ച റോഡിന്റെ ഉദ്ഘാടന വേദിയിലാണ് സംഭവങ്ങള്‍ക്ക് ആധാരമായ കാര്യങ്ങള്‍ ഉണ്ടായത്. പട്ടിക ജാതിക്കാരായ 15 കുടുംബങ്ങള്‍ താമസിക്കുന്ന റോഡിന്റെ ബാക്കി ഭാഗം കൂടി നവീകരിക്കണമെന്ന നിവേദനവുമായാണ് നാട്ടുകാര്‍ എംഎല്‍എയെ കാണാനെത്തിയത്. പക്വമായി മറുപടി പറഞ്ഞ് തീര്‍ക്കേണ്ടതിന് പകരം വളരെ നിഷേധപരമായ മറുപടിയാണ് എംഎല്‍എ നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്നു. എംഎല്‍എയും ഒപ്പം ഇരുന്നു. ഇതിനിടെ എംഎല്‍എയെ സ്വീകരിക്കാന്‍ താലവുമായെത്തിയ ഒരു സ്ത്രീ പട്ടികജാതിക്കാരിയായ ഭാരതിയെന്ന സ്ത്രീയെ താലപാത്രംകൊണ്ടടിച്ചു. ഇത് അല്‍പ്പം സംഘര്‍ത്തിനും വാക്കേറ്റത്തിനും വഴിവച്ചു. ഇതിനെയാണ് എംഎല്‍എയെ വധികാനുള്ള ആസൂത്രിത നീക്കമായി തിരക്കഥ മെനഞ്ഞ് പൊലീസ് കേസെടുത്തത്.

എന്നാല്‍ ഡോക്ടര്‍ നല്‍കിയ ആക്സിഡന്റ് രജിസ്റ്റര്‍ റിപ്പോര്‍ട്ടില്‍ എംഎല്‍എ ദേഹത്ത് കാണത്തക്ക ഒരു പരിക്കും ഇല്ലെന്ന് പറഞ്ഞിരുന്നു. അതായത് ഒരു തുള്ളി രക്തം പൊടിയുകയോ, മുറിവേല്‍ക്കുകയോ ചെയ്തിരുന്നില്ല. അഞ്ച്- ആറ് സിപിഐ എം പ്രവര്‍ത്തകര്‍ നെഞ്ചില്‍ തള്ളുകയും ഇടിക്കുകയും ചെയ്തുവെന്നാണ് എംഎല്‍എ തന്നെ ഡോക്ടര്‍ക്ക് മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് എഫ്ഐആറില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കരിങ്കല്ലും കുറുവടിയുമായി 16 പേര്‍ എംഎല്‍എയെ വധിക്കാന്‍ ശ്രമിച്ചുവെന്ന് എഴുതിച്ചേര്‍ത്തു. സംഭവത്തില്‍ എംഎല്‍എയ്ക്ക് പരിക്കേല്‍ക്കാത്തതിനാല്‍ തന്നെ തൊട്ടടുത്ത ദിവസം മവേലിക്കര മജിസ്ട്രേറ്റ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. സമയം വൈകിയതിനാല്‍ പിറ്റേദിവസം നടപടി പൂര്‍ത്താക്കാമെന്ന വിശ്വാസത്തോടെ അഭിഭാഷകരും ഇവരുടെ ബന്ധുക്കളും മടങ്ങി. എന്നാല്‍ പിറ്റേ ദിവസം പൊലീസ് ഡിവൈഎസ്പിയടക്കമുള്ളവര്‍ മജിസ്ടേറ്റിന്റെ മുന്നിലെത്തി ജാമ്യം നല്‍കിയതിലുള്ള പ്രതിഷേധം അറിയിച്ചു. ഇതെ തുടര്‍ന്ന് ജാമ്യം നടപ്പാക്കല്‍ വൈകിച്ചു. ഇതിനിടെ കസ്റ്റഡി അപേക്ഷയും പൊലീസ് നല്‍കി. രണ്ട് പേരുടെ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന വിഷ്ണുനാഥിനെ വധിച്ചാല്‍ സര്‍ക്കാരിനെ താഴെയിറക്കാമെന്നായിരുന്നു സമരക്കാരുടെ ഉദ്ദേശമെന്ന വാദമുഖം കൂടി പൊലീസ് നല്‍കി. തുടര്‍ന്ന് സെഷന്‍സ് കേടതിയില്‍ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയും പൊലീസ് നല്‍കി. ഈ ഹര്‍ജി അസാമാന്യ വേഗത്തിലാണ് മാവേലിക്കര കോടതിയില്‍ എത്തിയത്. ഇതിലും എംഎല്‍എ ഇടപെട്ടുവെന്ന് ഇത് വ്യക്തമാക്കുന്നു.

കള്ളക്കേസില്‍ പത്ത് പേരുടെ പട്ടിക കൂടി കൈമാറി

ആലപ്പുഴ: കുട്ടംപേരൂരില്‍ ചെങ്ങന്നൂര്‍ എംഎല്‍എയെ ആക്രമിച്ചുവെന്ന കള്ളക്കേസില്‍ കുടുക്കി കൂടുതല്‍ സിപിഐ എം പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ നീക്കം. കേസില്‍ അറസ്റ്റുചെയ്യേണ്ട സ്ത്രീകളടക്കം പത്ത് പേരുടെ പേര് കോണ്‍ഗ്രസ് നേതൃത്വം പൊലീസിന് കൈമാറി. കള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിപിഐ എം ലോക്കല്‍ സെക്രട്ടറി പ്രസാദടക്കമുള്ളവര്‍ക്ക്് കോടതി ജാമ്യം നല്‍കിയിട്ടും എംഎല്‍എയും പൊലീസും ഗൂഢാലോചന നടത്തി നീതി നിഷേധിച്ച് കഴിഞ്ഞ 19 ദിവസമായി ജയിലിടച്ചതിന് പുറമെയാണിത്. കസ്റ്റഡിയിലുള്ള സിപിഐ എം ലോക്കല്‍ സെക്രട്ടറിയെയടക്കം കൈവിലങ്ങ്വെച്ച് തെളിവെടുപ്പും നടത്തി. സ്വന്തം നാട്ടില്‍ നിന്ന് എംഎല്‍എ കുടിയിരുത്തിയ സിഐയുടെ നേതൃത്വത്തിലാണ് ഈ നരനായാട്ടുകള്‍ . അതേസമയം ഇതുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസുപോലും എടുക്കാന്‍ മടിക്കുന്നു. സംഘര്‍ഷ സമയത്ത് താലപാത്രംകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക തലക്കടിച്ച ഭാരതിയെന്ന പട്ടികജാതി സ്ത്രീ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. പ്രസാദിന്റെ കട തല്ലിതകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുക്കാന്‍ വിമുഖത കാട്ടുന്നു. അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ രാജ്യദ്രോഹകുറ്റവും ചുമത്തി.

വിഷ്ണുനാഥ് മാപ്പു പറയണം

ആലപ്പുഴ: മാന്നാറില്‍ ജനാധിപത്യ പരമായി നാടിന്റെ ആവശ്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ച സിപിഐ എം നേതാക്കളെയടക്കം കള്ളക്കേസില്‍ കുടുക്കി കഴിഞ്ഞ 19 ദിവസമായി ജയിലിലടക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത പി സി വിഷ്ണുനാഥ്, എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് സജിചെറിയാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഫ്ഐആറില്‍ കള്ളകഥയുണ്ടാക്കി എഴുതിചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. ജനപ്രതിനിധികളായിരുന്നവരെ പോലും കൈവിലങ്ങുവെച്ച് തെളിവെടുപ്പ് നടത്തി മനുഷ്യാവകാശം പാടെ ലംഘിച്ച പൊലീസ് ഉദ്യോഗസ്ഥരെ നടപടിയെടുക്കണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 280112

1 comment:

  1. സിപിഐ എം നേതാക്കളെയടക്കം ജയിലിലടക്കാന്‍ സിനിമയെ വെല്ലുന്ന തിരക്കഥയാണ് പി സി വിഷ്ണുനാഥിന്റെ സ്വാധീനത്തില്‍ പൊലീസ് മെനഞ്ഞത്. കുട്ടംപേരൂരിലെ എസ്കെവി സ്കൂളിന് സമീപം പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിച്ച റോഡിന്റെ ഉദ്ഘാടന വേദിയിലാണ് സംഭവങ്ങള്‍ക്ക് ആധാരമായ കാര്യങ്ങള്‍ ഉണ്ടായത്.

    ReplyDelete