Monday, January 30, 2012

കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നേഴ്സുമാരുടെ സമരം ശക്തമാകുന്നു

കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തുന്ന സമരം ശക്തമാവുന്നു. സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കോളേജിലെ എഴുനൂറോളം നേഴ്സുമാര്‍ ശനിയാഴ്ച രാവിലെമുതലാണ് അനിശ്ചിതകാലസമരം ആരംഭിച്ചത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ നേഴ്സസ് പേരന്റ്സ് അസോസിയേഷന്‍ , ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സമരപ്പന്തലിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തി. പകല്‍ മൂന്നോടെയാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രക്ഷിതാക്കള്‍ മാര്‍ച്ച് നടത്തിയത്. ആശുപത്രിഗേറ്റിനുമുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ്വലയം ഭേദിച്ച് സമരപ്പന്തലിലെത്തിയ രക്ഷിതാക്കള്‍ നേഴ്സുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. ഭാരവാഹികളായ എ ആര്‍ മോഹന്‍കുമാര്‍ , അഡ്വ. സി ടി അയ്യപ്പന്‍ , ചാക്കോ എന്നിവര്‍ സംസാരിച്ചു.

ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സമരപ്പന്തലിലെത്തിയപ്പോള്‍ ആവേശമുണര്‍ത്തി. ബ്ലോക്ക് പ്രസിഡന്റ് ജിന്‍സ് ടി മുസ്തഫ, സെക്രട്ടറി അഡ്വ. കെ എസ് അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബിനു കുര്യാക്കോസ്, എ ആര്‍ രാജേഷ്, അജിതന്‍നായര്‍ , ടി ജി രഘു, രഞ്ജിത്ത് ടി അബ്ദുള്ള, പി കെ ജിനീഷ് എന്നിവര്‍ നേതൃത്വംനല്‍കി. സമരം മൂന്നാംദിനത്തിലേക്കു കടക്കുന്നതോടെ തിങ്കളാഴ്ച കൂടുതല്‍ സംഘടനകള്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുമെന്നാണ് സൂചന. നാട്ടുകാരും വിവിധ സംഘടനാ പ്രതിനിധികളുമടക്കം നൂറുകണക്കിനുപേരാണ് സമരപ്പന്തലിലെത്തുന്നത്. സമരം ശക്തമായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു. ആശുപത്രി ഒ പി ബ്ലോക്കിന്റെ പ്രവര്‍ത്തനം നിലച്ചതിനുപുറമെ അഡ്മിറ്റ്ചെയ്ത പല രോഗികളെയും വിട്ടയച്ചു.

ആശുപത്രി പ്രവര്‍ത്തനങ്ങളോടും മാനേജ്മെന്റിനോടുമുള്ള അതൃപ്തിയും സമരത്തിന് ജനപിന്തുണ ഏറാന്‍ ഇടയായിട്ടുണ്ട്. സമീപ ആശുപത്രികളില്‍നിന്ന് നേഴ്സുമാരെ ഇറക്കുമതിചെയ്തും നേഴ്സിങ് വിദ്യാര്‍ഥികളെ ഉപയോഗിച്ചും സമരം നേരിടാന്‍ മാനേജ്മെന്റ് നീക്കം നടത്തുന്നുണ്ട്. നേഴ്സിങ് വിദ്യാര്‍ഥികളെ ജോലിക്കുപയോഗിക്കാനുള്ള നീക്കത്തിനെതിരെ രക്ഷിതാക്കളും എസ്എഫ്ഐ അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. സമരക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ആശുപത്രിയുടെ വിവിധ കേന്ദ്രങ്ങളില്‍ മാനേജ്മെന്റ് ക്യാമറകള്‍ സ്ഥാപിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന നേഴ്സുമാരെയും പിന്തുണയുമായി എത്തുന്നവരെയും നിരീക്ഷിക്കാനാണ് ക്യാമറ സ്ഥാപിച്ചത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ലേബലില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി നിലവില്‍ ചില സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലാണ്.

deshabhimani 300112

1 comment:

  1. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സുമാര്‍ നടത്തുന്ന സമരം ശക്തമാവുന്നു. സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കോളേജിലെ എഴുനൂറോളം നേഴ്സുമാര്‍ ശനിയാഴ്ച രാവിലെമുതലാണ് അനിശ്ചിതകാലസമരം ആരംഭിച്ചത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ നേഴ്സസ് പേരന്റ്സ് അസോസിയേഷന്‍ , ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സമരപ്പന്തലിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തി

    ReplyDelete