Saturday, January 28, 2012

കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ ഒന്നടങ്കം സമരത്തില്‍

മലങ്കര ഓര്‍ത്തഡോക്‌സ് സഭയൂടെ നിയന്ത്രണത്തിലുള്ള കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ ഒന്നടങ്കം അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് നഴ്‌സസ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.

റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ അനുരഞ്ജന ചര്‍ച്ച തുടര്‍ന്നെങ്കിലും മാനേജ്‌മെന്റിന്റെ പിടിവാശിയെ തുടര്‍ന്ന് ഒത്തുതീര്‍പ്പിലെത്താതെ പിരിയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാവിലെ 8 മണിയോടെ വാര്‍ഡുകളില്‍ നിന്ന് പുറത്തിറങ്ങിയ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിച്ചത്. വെല്‍ഫയര്‍ അസോസിയേഷന്‍ അഖിലേന്ത്യാ സെക്രട്ടറി സുധീഷ് രാജന്‍ ഉദ്ഘാടനം ചെയ്തു.

ആഴ്ചകള്‍ക്ക് മുമ്പ് 19 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് ആശുപത്രി മാനേജ്‌മെന്റിന് നഴ്‌സുമാര്‍ നിവേദനം നല്‍കിയിരുന്നു. പ്രധാന ആവശ്യമായ ശമ്പള വര്‍ധനവിന് തയ്യാറല്ലെന്ന സമീപനം സ്വീകരിച്ചതാണ് നഴ്‌സുമാരെ സമരത്തിലേക്ക് നയിച്ചത്. അഞ്ഞൂറില്‍പരം നഴ്‌സുമാര്‍ ഇന്നലെ മുതല്‍ സമരം ആരംഭിച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. പല വാര്‍ഡുകളിലെയും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയച്ചു. മിക്ക വാര്‍ഡുകളുടെയും പ്രവര്‍ത്തനം നിലച്ചു. പുതിയ രോഗികളെ ഇന്നലെ ആശുപത്രിയില്‍ കിടത്തിയില്ല. തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം മാത്രമെ നടക്കുന്നുള്ളു.

സര്‍ക്കാര്‍ നിരക്കില്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരരംഗത്ത് എത്തിയത്. എന്നാല്‍ ചില അപ്രധാന ആവശ്യങ്ങള്‍ മാത്രം അംഗീകരിച്ച് സമരത്തെ പരാജയപ്പെടുത്താനാണ് മാനേജ്‌മെന്റ് ശ്രമിച്ചതെന്ന് സമരം നടത്തുന്ന നഴ്‌സുമാര്‍ പറഞ്ഞു.

വര്‍ഷങ്ങളായി ഇവിടെ സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് അവരുടെ സര്‍വ്വീസിന് ആനുപാതികമായി ശമ്പളം ലഭിക്കുന്നില്ലെന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. സമരരംഗത്തുള്ള നഴ്‌സുമാരെ അഭിവാദ്യം ചെയ്ത് എ ഐ വൈ എഫ് നടത്തിയ പ്രകടനം ജില്ലാ പ്രസിഡന്റ് ടി എം ഹാരീസ് ഉദ്ഘാടനം ചെയ്തു.

അതേസമയം ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനത്തേക്കാള്‍ കൂടുതലും നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും നല്‍കി വരുന്നുണ്ടെന്നും സര്‍ക്കാര്‍ നിശ്ചയിച്ചതിന്റെ ഇരട്ടിയിലധികം ശമ്പളം വേണമെന്ന പിടിവാശിയാണ് സമരക്കാര്‍ ഉന്നയിക്കുന്നതെന്നും ആശുപത്രി സെക്രട്ടറി പറഞ്ഞു. ജോയിന്റ് ലേബര്‍ കമ്മീഷണറുടെ അഭ്യര്‍ത്ഥന മാനിക്കാതെയും നിയമാനുസൃതം നോട്ടീസ് നല്‍കാതെയുമാണ് ഇവര്‍ സമരം നടത്തുന്നതെന്നും സെക്രട്ടറി പറഞ്ഞു.

janayugom 290112

2 comments:

  1. മലങ്കര ഓര്‍ത്തഡോക്‌സ് സഭയൂടെ നിയന്ത്രണത്തിലുള്ള കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ ഒന്നടങ്കം അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് നഴ്‌സസ് വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.

    ReplyDelete
  2. സേവനവേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മരട് ലേക്ഷോര്‍ ആശുപത്രിയിലെ നേഴ്സുമാര്‍ സമരം തുടങ്ങി. 700ഓളം നേഴ്സുമാരാണ് സമരത്തിലുള്ളത്. പ്രവൃത്തിപരിചയത്തിന് അനുസരിച്ച് വേതനം പരിഷ്കരിക്കുക, സമരത്തെ പിന്തുണയ്ക്കുന്നവരെ പിരിച്ചുവിടുമെന്ന മാനേജ്മെന്റിന്റെ പിടിവാശി ഉപേക്ഷിക്കുക, ജോലി സുരക്ഷിതത്വം ഉറപ്പുനല്‍കുക, ഷിഫ്റ്റ് സമ്പ്രദായം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നേഴ്സുമാര്‍ സമരം ചെയ്യുന്നത്. സമരം ചെയ്യുന്ന നേഴ്സുമാര്‍ ആശുപത്രിപരിസരത്ത് കുത്തിയിരിക്കുകയാണ്. അതേസമയം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നേഴ്സുമാരുടെ സമരം മൂന്നാംദിവസത്തേക്ക് കടന്നു. കലക്ടറുടെ മധ്യസ്ഥതയില്‍ ഞായറാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടു.

    ReplyDelete