Saturday, January 28, 2012

കര്‍ണാടക ക്ഷേത്രങ്ങളിലെ അയിത്തം: ഉഡുപ്പിയില്‍ പ്രക്ഷോഭം തുടങ്ങി

 ജാതീയതയ്ക്കും ക്ഷേത്രങ്ങളിലെ അനാചാരങ്ങള്‍ക്കുമെതിരെ സിപിഐ എം കര്‍ണാടക സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന് അത്യുജല തുടക്കം. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ വിശ്വാസികള്‍ക്ക് ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി മഠത്തിനുമുന്നില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന റാലിയിലും ധര്‍ണയിലും അയ്യായിരത്തോളംപേര്‍ അണിചേര്‍ന്നു. വരുംനാളുകളില്‍ കര്‍ണാടകത്തില്‍ സിപിഐ എം നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഉഡുപ്പി സമരം നാന്ദി കുറിച്ചു. പ്രവര്‍ത്തകരെ സമരത്തിന് മുമ്പ് അറസ്റ്റുചെയ്യാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല.

ഉഡുപ്പി അജ്ജര്‍ക്കാട് രക്തസാക്ഷിമണ്ഡപത്തില്‍നിന്നാണ് റാലി ആരംഭിച്ചത്. ഉഡുപ്പി മഠത്തിനുമുന്നില്‍ കനകദാസ റോഡില്‍ ബാരക്കേഡ് തീര്‍ത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ക്ഷേത്രത്തിനകത്തേക്ക് കുതിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് ഇവരെ ശാന്തരാക്കി. ബംഗളൂരു, ദക്ഷിണകാനറ, ഉഡുപ്പി, തുമക്കൂറു, കോലാര്‍ , ഹാസ്സന്‍ , മൈസൂരു, കുടക്, ചിക്ക്മംഗളൂരു, കാര്‍വാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. വിവിധ ക്ഷേത്രങ്ങളില്‍ എച്ചിലിലയില്‍ പ്രദക്ഷിണം ചെയ്യിപ്പിക്കുക, ചാതുര്‍വര്‍ണ്യവ്യവസ്ഥ പ്രകാരം ഭക്ഷണവിതരണം ചെയ്യുക തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമരക്കാര്‍ ഉയര്‍ത്തിയത്. സിപിഐ എം കര്‍ണാടക സംസ്ഥാനസെക്രട്ടറി ജി വി ശ്രീരാംറെഡ്ഡി സമരം ഉദ്ഘാടനംചെയ്തു. 250ലേറെ ക്ഷേത്രങ്ങളില്‍ നടമാടുന്ന അയിത്താചരണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടകക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി അവസാനിപ്പിക്കുന്നതില്‍ ബിജെപി സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വി ജെ കെ നായര്‍ , സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ജി എന്‍ നാഗരാജ്, ബി മാധവ, കെ ആര്‍ ശ്രീയാന്‍ , കെ നില, എസ് പ്രസന്നകുമാര്‍ , നിത്യാനന്ദസ്വാമി, ഉഡുപ്പി ജില്ലാസെക്രട്ടറി കെ ശങ്കര്‍ , മനുഷ്യാവകാശപ്രവര്‍ത്തകന്‍ വെങ്കടേഷ്മൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. സമരത്തിനിടെ ഉഡുപ്പി ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ സമരപ്പന്തലില്‍ എത്തി സിപിഐ എമ്മിന്റെ നിവേദനം ഏറ്റുവാങ്ങി.

deshabhimani 280112

1 comment:

  1. ജാതീയതയ്ക്കും ക്ഷേത്രങ്ങളിലെ അനാചാരങ്ങള്‍ക്കുമെതിരെ സിപിഐ എം കര്‍ണാടക സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന് അത്യുജല തുടക്കം. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ വിശ്വാസികള്‍ക്ക് ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി മഠത്തിനുമുന്നില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന റാലിയിലും ധര്‍ണയിലും അയ്യായിരത്തോളംപേര്‍ അണിചേര്‍ന്നു. വരുംനാളുകളില്‍ കര്‍ണാടകത്തില്‍ സിപിഐ എം നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഉഡുപ്പി സമരം നാന്ദി കുറിച്ചു. പ്രവര്‍ത്തകരെ സമരത്തിന് മുമ്പ് അറസ്റ്റുചെയ്യാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല.

    ReplyDelete