Tuesday, January 31, 2012

നേര് ചികഞ്ഞ്; നന്മകള്‍ കാത്ത്...


തിരൂരങ്ങാടി: "ബാബറി മസ്ജിദ് പ്രശ്നത്തില്‍ നേരിനൊപ്പം നിലയുറപ്പിക്കാന്‍ ധൈര്യം കാണിച്ചത് ദേശാഭിമാനി മാത്രമായിരുന്നു"വെന്ന് പാര്‍ട്യാക്ക എന്ന വി പി കുഞ്ഞിമുഹമ്മദിന്റെ സാക്ഷ്യം. 1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ത്തപ്പോള്‍ പല പത്രങ്ങളും "തര്‍ക്കമന്ദിരം തകര്‍ത്തു"വെന്ന് ഒഴുക്കന്‍ മട്ടില്‍ വാര്‍ത്ത നല്‍കി. എന്നാല്‍ "ബാബറി മസ്ജിദ്" തകര്‍ത്തുവെന്ന് തുറന്നുപറഞ്ഞത് നമ്മുടെ പത്രമാണ്. പേപ്പര്‍ വായനയുടെ പതിറ്റാണ്ടുകളില്‍നിന്ന് മങ്ങാത്ത ഓര്‍മകള്‍ ചികഞ്ഞെടുക്കുന്നു മൂന്നിയൂര്‍ പാറക്കടവിലെ എഴുപതുകാരനായ മരക്കച്ചവടക്കാരന്‍ കുഞ്ഞിമുഹമ്മദ്.

""കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ഭൂട്ടാസിങ് അടക്കമുള്ളവരാണ് 1989ല്‍ അയോധ്യയില്‍ മസ്ജിദ് പരിസരത്ത് ശിലാന്യാസത്തിന് സംഘപരിവാറുകാര്‍ക്ക് അവസരമൊരുക്കിക്കൊടുത്തത്. ഇക്കാര്യവും വെളിപ്പെടുത്താന്‍ "ദേശാഭിമാനി"യേ തയ്യാറായിരുന്നുള്ളൂ. മറ്റുപത്രങ്ങളൊക്കെ പുറത്താണ് രാമക്ഷേത്രത്തിന് സംഘപരിവാര്‍ തറക്കല്ലിട്ടതെന്ന് പ്രചരിപ്പിച്ചു. ഏറെ കഴിയുംമുമ്പ് ദേശാഭിമാനി വാര്‍ത്തയായിരുന്നു ശരിയെന്ന് തെളിഞ്ഞു. ഇറാഖ്യുദ്ധ സമയത്ത് മലയാള പത്രങ്ങള്‍ അധികവും അമേരിക്കന്‍ അനുകൂല വാര്‍ത്തകള്‍ നല്‍കി. അപ്പോഴും യാഥാര്‍ഥ്യം ജനങ്ങളിലെത്തിച്ചത് ദേശാഭിമാനിയാണ്" ചെറുപ്പകാലംതൊട്ടേ ദേശാഭിമാനിയുടെ സ്ഥിരം വരിക്കാരനും വായനക്കാരനുമായ പാര്‍ട്യാക്കക്ക് പറയാന്‍ ഇതുപോലെ അനുഭവങ്ങള്‍ ഒട്ടേറെ.

പാറക്കടവിലെ പാര്‍ട്യാക്കയുടെ മരക്കടയില്‍ നേരം പുലരുമ്പോഴേ തിരക്കുതുടങ്ങും. അദ്ദേഹത്തിന്റെ ദിനചര്യ ആരംഭിക്കുന്നത് പത്രവായനയോടെയാണ്. രണ്ടാംക്ലാസ്വരെമാത്രം പഠിച്ച അദ്ദേഹം അക്ഷരം കൂട്ടിവായിച്ചുതുടങ്ങിയപ്പോഴേ ഉള്ള ബന്ധമാണ് ദേശാഭിമാനിയുമായി. പത്രം വായിക്കാനും ചര്‍ച്ചചെയ്യാനും കടയില്‍ സമപ്രായക്കാരടക്കം അനേകം പേര്‍ രാവിലെമുതലേ എത്തും. രാഷ്ട്രീയവും പൊതുപ്രശ്നങ്ങളുമായി ആരവമൊഴിഞ്ഞ നേരമില്ല. ചര്‍ച്ചയും വിലയിരുത്തലുകളും പലപ്പോഴും രാത്രിവരെ നീളും. സ്ഥലത്തെ വായനശാലയും ചര്‍ച്ചാവേദിയും സാംസ്കാരിക കേന്ദ്രവുമാണ് പാര്‍ട്യാക്കയുടെ മരപ്പീടിക. ഇതിനിടയില്‍ ഉരുപ്പടികള്‍ തരംതിരിച്ചും വില്‍പ്പന നടത്തിയും ഉപജീവനച്ചെലവ് പാര്‍ട്യാക്ക കണ്ടെത്തും. പഴയ കാലത്ത് ദേശാഭിമാനി കിട്ടാന്‍ വളരെ പ്രയാസമായിരുന്നുവെന്ന് പാര്‍ട്യാക്ക പറയുന്നു.

""പാറക്കടവ് ഓട്ടുകമ്പനിയില്‍ ജോലിക്കെത്തിയിരുന്ന ഫറോക്കിലെ സഖാക്കളാണ് അന്ന് പത്രം എത്തിച്ചിരുന്നത്. പിന്നീട് കുറെക്കാലം പരപ്പനങ്ങാടിയില്‍ പോയി വാങ്ങി" വാര്‍ത്തയറിയാനുള്ള ആ യാത്രകളുടെ ആവേശം ഇപ്പോഴുമുണ്ട് വാക്കുകളില്‍ . ""പണ്ട് നാലുപുറമുള്ള പത്രമായിരുന്നു. കടലാസും അച്ചടീമൊക്കെ ഒരു വക. ഇപ്പോ ഒരുപാട് മാറീട്ട്ണ്ട്. കാഴ്ചയിലും വാര്‍ത്തകളിലുമെല്ലാം. മറ്റ് പത്രങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ദേശാഭിമാനിക്ക് അത്ര കുറവൊന്നൂല്ല" തന്റെ ഇഷ്ടപത്രത്തിന്റെ കാലാനുസൃതമായ വളര്‍ച്ചയില്‍ അഭിമാനിക്കുന്ന അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കമ്യൂണിസ്റ്റാണെന്ന് പറഞ്ഞാല്‍ നാട്ടിലിറങ്ങാന്‍ പറ്റാത്ത കാലത്ത് യാഥാസ്ഥിതികരെ വെല്ലുവിളിച്ച് പ്രവര്‍ത്തിച്ചതിന് നാട്ടുകാരും സഹപ്രവര്‍ത്തകരും സ്നേഹപൂര്‍വം നല്‍കിയ വിളിപ്പേരാണ് "പാര്‍ട്യാക്ക" എന്നത്. മൂന്നിയൂര്‍ പാറക്കടവിലെത്തി വി പി കുഞ്ഞിമുഹമ്മദിനെ ചോദിച്ചാല്‍ ആര്‍ക്കുമറിയില്ല. എന്നാല്‍ പാര്‍ട്ട്യാക്കാനെ ഏവര്‍ക്കും സുപരിചിതം. 19 വര്‍ഷക്കാലം പാറക്കടവ് ജനതാ ടൈല്‍സില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം കമ്പനിയില്‍നിന്ന് വിരമിച്ചശേഷമാണ് മരക്കച്ചവടത്തിലേക്കിറങ്ങിയത്. ഒപ്പം ചില്ലറ പൊതുപ്രവര്‍ത്തനവുമുണ്ട്.

തയ്യാറാക്കിയത്: റസാഖ് മണക്കടവന്‍

deshabhimani 310112

1 comment:

  1. തിരൂരങ്ങാടി: "ബാബറി മസ്ജിദ് പ്രശ്നത്തില്‍ നേരിനൊപ്പം നിലയുറപ്പിക്കാന്‍ ധൈര്യം കാണിച്ചത് ദേശാഭിമാനി മാത്രമായിരുന്നു"വെന്ന് പാര്‍ട്യാക്ക എന്ന വി പി കുഞ്ഞിമുഹമ്മദിന്റെ സാക്ഷ്യം. 1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ത്തപ്പോള്‍ പല പത്രങ്ങളും "തര്‍ക്കമന്ദിരം തകര്‍ത്തു"വെന്ന് ഒഴുക്കന്‍ മട്ടില്‍ വാര്‍ത്ത നല്‍കി. എന്നാല്‍ "ബാബറി മസ്ജിദ്" തകര്‍ത്തുവെന്ന് തുറന്നുപറഞ്ഞത് നമ്മുടെ പത്രമാണ്. പേപ്പര്‍ വായനയുടെ പതിറ്റാണ്ടുകളില്‍നിന്ന് മങ്ങാത്ത ഓര്‍മകള്‍ ചികഞ്ഞെടുക്കുന്നു മൂന്നിയൂര്‍ പാറക്കടവിലെ എഴുപതുകാരനായ മരക്കച്ചവടക്കാരന്‍ കുഞ്ഞിമുഹമ്മദ്.

    ReplyDelete