Tuesday, January 31, 2012

പോര് മുറുകി; സുധാകരനെതിരെ നടപടി തേടി എ ഗ്രൂപ്പ്

പോസ്റ്റര്‍ വിവാദത്തില്‍ കോണ്‍ഗ്രസിനുള്ളിലെ വാക്പോര് പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനത്തിലേക്ക് നീങ്ങുന്നു. കണ്ണൂരിലെ എ വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്ന് സുധാകരന്റെ പേരില്‍ നടപടിയെടുപ്പിക്കാന്‍ നീക്കംതുടങ്ങി. വ്യക്തികള്‍ എന്ന നില വിട്ട് ഗ്രൂപ്പ് നിലയിലേക്ക് കാര്യങ്ങള്‍ മാറി. എ ഗ്രൂപ്പ് വാര്‍ത്താസമ്മേളനം വിളിച്ച് സുധാകരനെതിരെ ആഞ്ഞടിച്ചു. കണ്ണൂര്‍ എസ്പിയെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സുധാകരന്‍ , ഇതിനായി മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കോണ്‍ഗ്രസിനെ വിഴുങ്ങുന്ന കാളസര്‍പ്പമാണ് സുധാകരനെന്ന് പി രാമകൃഷ്ണന്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സുധാകരന് പിന്തുണയുമായി കെ അച്യുതന്‍ എംഎല്‍എയും രംഗത്തെത്തി.

സുധാകരന്റെ പേരില്‍ അച്ചടക്ക നടപടിയെടുക്കണമെന്ന് കണ്ണൂരിലെ എ വിഭാഗം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സതീശന്‍ പാച്ചേനി, എന്‍ രാമകൃഷ്ണന്‍ , എ ഡി മുസ്തഫ, കെ പി നൂറുദീന്‍ , എന്‍ രാമകൃഷ്ണന്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചത്. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ തെരുവില്‍ പറയരുത്. സംഘടനയെയും സര്‍ക്കാരിനെയും ആശയക്കുഴപ്പത്തിലാക്കുന്ന ഗൂഢാലോചനയാണ് സുധാകരന്‍ നടത്തുന്നത്. സര്‍ക്കാരിനെ നയിക്കാന്‍ പെടാപ്പാട് നടത്തുന്ന മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണിത്. ഇത് അംഗീകരിക്കാനാവില്ല. സുധാകരന്റെ പേരില്‍ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. കയ്യൂക്കുകൊണ്ടും ശരീരഭാഷകൊണ്ടും ആര്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല. കണ്ണൂര്‍ എസ്പി നിഷ്പക്ഷമായും മാന്യമായുമാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് സുധാകരന്റെ ആശ്രിതനാണ്. മുല്ലപ്പള്ളിയുടെ മാന്യതയെക്കുറിച്ച് സുധാകരന്‍ പറയേണ്ട കാര്യമില്ല. മുല്ലപ്പള്ളിയുടെ രണ്ടു മണ്ഡലങ്ങള്‍ കണ്ണൂരിലാണെന്ന് മറക്കേണ്ടന്ന സുധാകരന്റെ ഭീഷണിസ്വരം വേണ്ടെന്നും ഇവര്‍ പറഞ്ഞു.

സുധാകരനെതിരെ ശക്തമായ ആരോപണങ്ങളാണ് ഡിസിസി മുന്‍ പ്രസിഡന്റുകൂടിയായ രാമകൃഷ്ണന്‍ ഉന്നയിക്കുന്നത്. സുധാകരനെ നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയായിട്ടുണ്ട്. എന്തും ചെയ്യാമെന്ന രീതിയിലാണ് കോണ്‍ഗ്രസില്‍ സുധാകരന്റെയും അനുയായികളുടെയും പ്രവര്‍ത്തനമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

സുധാകരന് നീതി കിട്ടിയില്ലെന്നും അതുകൊണ്ടാണ് വയലാര്‍ രവി സുധാകരന് അനുകൂലമായി പ്രതികരിച്ചതെന്നും ചിറ്റൂര്‍ എംഎല്‍എ കെ അച്യുതന്‍ പറഞ്ഞു. എസ്പിയുടെ നടപടി ധിക്കാരമാണ്. നടപടിയെടുക്കണം. പൊലീസ് അസോസിയേഷന്‍ ജില്ലാകമ്മറ്റി യോഗവും കണ്ണൂരില്‍ ചേരുന്നുണ്ട്. സംസ്ഥാന ഭാരവാഹികള്‍ സംബന്ധിക്കുന്നു.

deshabhimani news

1 comment:

  1. പോസ്റ്റര്‍ വിവാദത്തില്‍ കോണ്‍ഗ്രസിനുള്ളിലെ വാക്പോര് പരസ്യമായ ഗ്രൂപ്പ് പ്രവര്‍ത്തനത്തിലേക്ക് നീങ്ങുന്നു. കണ്ണൂരിലെ എ വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്ന് സുധാകരന്റെ പേരില്‍ നടപടിയെടുപ്പിക്കാന്‍ നീക്കംതുടങ്ങി. വ്യക്തികള്‍ എന്ന നില വിട്ട് ഗ്രൂപ്പ് നിലയിലേക്ക് കാര്യങ്ങള്‍ മാറി. എ ഗ്രൂപ്പ് വാര്‍ത്താസമ്മേളനം വിളിച്ച് സുധാകരനെതിരെ ആഞ്ഞടിച്ചു. കണ്ണൂര്‍ എസ്പിയെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സുധാകരന്‍ , ഇതിനായി മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കോണ്‍ഗ്രസിനെ വിഴുങ്ങുന്ന കാളസര്‍പ്പമാണ് സുധാകരനെന്ന് പി രാമകൃഷ്ണന്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സുധാകരന് പിന്തുണയുമായി കെ അച്യുതന്‍ എംഎല്‍എയും രംഗത്തെത്തി.

    ReplyDelete