Sunday, January 29, 2012

"മാര്‍ക്സാണ് ശരി" പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും

മാനവരാശിയുടെ പുരോഗതിക്കു പിന്നിലെ പോരാട്ടചരിത്രത്തിലേക്ക് അകക്കണ്ണ് തുറക്കുന്ന കാഴ്ചയുടെ വസന്തോത്സവമായി ചരിത്രപ്രദര്‍ശനം ജനുവരി 30 മുതല്‍ ഫെബ്രുവരി 10 വരെ തലസ്ഥാനനഗരിയില്‍ . സിപിഐ എം സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായാണ് കേരളം കാണുന്ന ഏറ്റവും വിപുലമായ പ്രദര്‍ശനം ഒരുക്കുന്നതെന്ന് സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാറും ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ഞായറാഴ്ച വൈകിട്ട് 5.30ന് കിഴക്കേകോട്ട ഇ കെ നായനാര്‍ പാര്‍ക്കില്‍ പ്രദര്‍ശനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍ കരുണ്‍ , നടന്‍ മുകേഷ്, വാസ്തുശില്‍പ്പി ജി ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. "മാര്‍ക്സ്: മാനവപുരോഗതിയുടെ വഴി" എന്ന സന്ദേശവുമായി "മാര്‍ക്സാണ് ശരി"യെന്ന പ്രദര്‍ശനം, 12 ഏക്കറില്‍ പുത്തരിക്കണ്ടം മൈതാനിയില്‍ തയ്യാറാക്കിയ എം കെ പന്ഥെ നഗറിലാണ്. മാര്‍ക്സ് അന്ത്യവിശ്രമം കൊള്ളുന്ന ഹൈഗേറ്റ് സെമിത്തേരിയുടെ മാതൃകയാണ് പ്രദര്‍ശനകവാടം പിന്നിടുമ്പോള്‍ വരവേല്‍ക്കുക. തൊട്ടടുത്ത് "നമ്മള്‍ കൊയ്യും വയലെല്ലാം, നമ്മുടേതാകും പൈങ്കിളിയേ" എന്ന പാട്ട് യാഥാര്‍ഥ്യമാക്കിയതിനു പിന്നിലെ മണ്ണിന്റെ മക്കളുടെ പോരാട്ടം ചിത്രീകരിക്കുന്ന നെല്‍പ്പാടവും ചിത്രവുമായിരിക്കും.

10 വിഭാഗങ്ങളിലായാണ് പ്രദര്‍ശനമെന്ന് എക്സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബി എസ് രാജീവും കണ്‍വീനര്‍ ആര്‍ എസ് ബാബുവും പറഞ്ഞു. വിപുലമായ പുസ്തകമേളയുണ്ട്. വിശ്വവിഖ്യാത ചലച്ചിത്രങ്ങളടക്കം പ്രദര്‍ശിപ്പിക്കുന്ന ഹോംതിയറ്ററും സര്‍വകലാശാലാപ്രതിഭകള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന കല-സാംസ്കാരിക മത്സരങ്ങളും പരിപാടികളും ഉണ്ടാകും. എല്ലാദിവസവും വൈകിട്ട് സാംസ്കാരിക- കലാപരിപാടികള്‍ക്കും വേദിയുണരും. 31ന് വൈകിട്ട് നാലിന് ലക്ഷ്മിനായരും നൗഷാദും ചേര്‍ന്ന് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും. നൂറുവര്‍ഷത്തെ ഫോട്ടോഗ്രഫിയില്‍നിന്ന് ഷാജി എന്‍ കരുണ്‍ തെരഞ്ഞെടുത്ത 10 ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കും. ഡോ. സുകുമാര്‍ അഴീക്കോടിന്റെ സ്മരണാഞ്ജലിയായി ഫോട്ടോസെഷനുണ്ടാകും. അഴീക്കോട് ഫോട്ടോ എക്സിബിഷനെ ആസ്പദമാക്കി മലയാളത്തിന്റെ മഹാകവി ഒ എന്‍ വി കുറുപ്പ് സംസാരിക്കും.

ക്രിസ്തുമുതല്‍ ഗാന്ധിവരെയുള്ളവരുടെ രക്തസാക്ഷിത്വം, മാര്‍ക്സിന്റെ സഞ്ചാരവഴികള്‍ , കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ചരിത്രം, ലാറ്റിനമേരിക്കന്‍ മുന്നേറ്റം, അറബ്വസന്തം, കേരളത്തിന്റെ നവോഥാനം, സമരകേരളം, കേരളഭരണത്തിന്റെ രണ്ടുമുഖം, പോരാട്ടത്തിലെ സ്ത്രീ, ജനപക്ഷ സാംസ്കാരിക മുന്നേറ്റം, ചുവപ്പു മങ്ങാത്ത ബംഗാള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനത്തില്‍ 100 കണക്കിനു ചിത്രങ്ങളും ലിഖിതങ്ങളും പുരാരേഖകളുടെ പകര്‍പ്പുമുണ്ടാകും. മാധ്യമങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിലെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രമുഖ ചിത്രകാരന്മാര്‍ രണ്ടുദിവസം ഇ എം എസ് അക്കാദമിയില്‍ സംഘടിപ്പിച്ച ക്യാമ്പിലെ സൃഷ്ടികളായ 33 ചിത്രങ്ങള്‍ അപൂര്‍വകാഴ്ചയാകും. എല്ലാ ദിവസവും വിഖ്യാതചലച്ചിത്രങ്ങളുടെ ഒന്നിലധികം പ്രദര്‍ശനങ്ങളുണ്ടാകും. ജി ശങ്കര്‍ ചെയര്‍മാനും സി എം രവീന്ദ്രന്‍ കണ്‍വീനറുമായ സാങ്കേതിക സമിതിയാണ് പ്രദര്‍ശനത്തിനുള്ള പശ്ചാത്തലസൗകര്യം ഒരുക്കിയത്.

deshabhimani 290112

1 comment:

  1. മാനവരാശിയുടെ പുരോഗതിക്കു പിന്നിലെ പോരാട്ടചരിത്രത്തിലേക്ക് അകക്കണ്ണ് തുറക്കുന്ന കാഴ്ചയുടെ വസന്തോത്സവമായി ചരിത്രപ്രദര്‍ശനം ജനുവരി 30 മുതല്‍ ഫെബ്രുവരി 10 വരെ തലസ്ഥാനനഗരിയില്‍ . സിപിഐ എം സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായാണ് കേരളം കാണുന്ന ഏറ്റവും വിപുലമായ പ്രദര്‍ശനം ഒരുക്കുന്നതെന്ന് സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാറും ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete