Tuesday, January 31, 2012

നുണപരിശോധനക്ക് വിധേയമാക്കണം: റൗഫ്

കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന്

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഡയറിയും മറ്റ് രേഖകളും അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയാണ് കോടതിയില്‍ മുദ്രവച്ച കവറില്‍  സമര്‍പ്പിച്ചത്. ഇക്കാര്യം പരിഗണിച്ച കോടതി റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ക്കായി കേസ് മാര്‍ച്ച് ആറിലേക്കു മാറ്റി.

ആക്റ്റിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. റിപ്പോര്‍ട്ടിന്റെ കോപ്പി കിട്ടണമെന്ന് ഹര്‍ജിക്കാരനായ അച്യുതാനന്ദന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം തങ്ങള്‍ പരിശോധിക്കട്ടെയെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. ക്രിമിനല്‍ നടപടിക്രമമനുസരിച്ച് കോപ്പി ലഭിക്കാന്‍ അവകാശമുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

അതേസമയം അന്വേഷണ റിപ്പോര്‍ട്ടില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന. 142 സാക്ഷികളെ വിസ്തരിച്ചെങ്കിലും പലരുടെയും മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ട്. അതുകൊണ്ടുതന്നെ കേസെടുക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ഐസ്‌കീം പെണ്‍വാണിഭ കേസിന്റെ വിധി അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി ജഡ്ജിമാരെ സ്വാധീനിച്ചുവെന്ന അടുത്ത ബന്ധു റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം നടത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എന്നാല്‍ പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തപ്പോള്‍ അന്വേഷണ സംഘത്തെ നിര്‍ജീവമാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശപ്രകാരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്

നുണപരിശോധനക്ക് വിധേയമാക്കണം: റൗഫ്

കോഴിക്കോട്: ഐസ്‌ക്രീം കേസിലെ വെളിപ്പെടുത്തലുകള്‍ സത്യമാണോ എന്ന് തെളിയിക്കുന്നതിനായി തന്നെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് കെ എ റൗഫ് ആവശ്യപ്പെട്ടു.  നുണപരിശോധനയ്ക്ക് സന്നദ്ധനാണെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 27ന് കേസന്വേഷണത്തലവന്‍ എ ഡി ജി പി വിന്‍സന്‍ എം പോളിന് താന്‍ കത്തയച്ചിട്ടുണ്ടെന്നും റൗഫ് പറഞ്ഞു.

താന്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പൂര്‍ണമായും സത്യമാണെന്ന് തെളിയിക്കാനുള്ള ഏക വഴി ഇതായതിനാലാണ് തന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഐസ്‌ക്രീം കേസിന്റെ അന്വേഷണറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് റൗഫ് ഇക്കാര്യം പറഞ്ഞത്.

പി കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തിക്കൊണ്ട് പറഞ്ഞതെല്ലാം തനിക്ക് നേരിട്ട് അറിവുള്ളതും താന്‍ സാക്ഷിയായതുമായ കാര്യങ്ങളാണ്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തന്നെ നുണപരിശോധനക്ക് വിധേയമാക്കുന്നതിലൂടെ സാധിക്കുമെങ്കില്‍ അതിനുള്ള സാഹചര്യം ഒരുക്കണമെന്നാണ് അന്വേഷണോദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്. വിന്‍സന്‍ എം പോള്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് അറിവ്. അദ്ദേഹത്തെക്കുറിച്ച് പരാതിയില്ലെന്നും റൗഫ് പറഞ്ഞു.

കേസില്‍ മൊഴിമാറ്റിപ്പറയാന്‍ പെണ്‍കുട്ടികള്‍ക്ക് പണം നല്‍കിയതിന്റെ റസീപ്റ്റ് സൂക്ഷിച്ചുവെച്ചിരുന്നു. അത് അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ട്.  ഐസ്‌ക്രീം പാര്‍ലര്‍കേസ് അട്ടിമറി അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി പൂര്‍ണമായി ഒഴിവാക്കപ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും ചിലതിലെങ്കിലും അദ്ദേഹം ഉത്തരം പറയേണ്ടിവരുമെന്നും റൗഫ് പറഞ്ഞു.

കേസിന്റെ അന്വേഷണം നടക്കുമ്പോള്‍ ഒരു പൊലീസ് മേധാവി പി കെ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി  അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ അറിയാന്‍ കാറെടുത്ത് ചുറ്റിസഞ്ചരിച്ചിരുന്നുവെന്നും റൗഫ് പറഞ്ഞു. തനിക്കെതിരെ എന്തെങ്കിലും കേസെടുക്കാന്‍ വഴിയുണ്ടോ എന്ന് നോക്കുകയാണ് ഈ പൊലീസ് മേധാവി. തനിക്കെതിരെ കേസെടുക്കുകയാണെങ്കില്‍ അതിനെ നേരിടാന്‍ തയ്യാറാണെന്നും റൗഫ് പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറി തെളിയിക്കപ്പെടാന്‍ മുന്‍ അഡ്വക്കറ്റ് ജനറല്‍ എം കെ ദാമോദരന്റെ ഓഫീസിലെ ജീവനക്കാരനെക്കൂടി നുണപരിശോധനക്ക് വിധേയമാക്കണമെന്നും റൗഫ് ആവശ്യപ്പെട്ടു. എം കെ ദാമോദരന് 15 ലക്ഷം രൂപയാണ് താന്‍ കൊടുത്തത്. അത് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ബാങ്കില്‍ പണമായിട്ടുതന്നെയാണ് അടച്ചത്. ദാമോദരന്റെ ഓഫീസിലെ സ്റ്റെനോഗ്രാഫറോ ടെലിഫോണ്‍ ഓപ്പറേറ്ററോ ആയി ജോലിചെയ്തിരുന്ന ഒരാളാണ് തന്റെ കൂടെ പണമടക്കാന്‍ ബാങ്കില്‍ വന്നത്. ഈ ജീവനക്കാരനെ നുണപരിശോധനക്ക് വിധേയമാക്കിയാല്‍ സത്യം വെളിപ്പെടുമെന്നും  റൗഫ് പറഞ്ഞു.

janayugom 310112

1 comment:

  1. ഐസ്‌ക്രീം കേസിലെ വെളിപ്പെടുത്തലുകള്‍ സത്യമാണോ എന്ന് തെളിയിക്കുന്നതിനായി തന്നെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് കെ എ റൗഫ് ആവശ്യപ്പെട്ടു. നുണപരിശോധനയ്ക്ക് സന്നദ്ധനാണെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 27ന് കേസന്വേഷണത്തലവന്‍ എ ഡി ജി പി വിന്‍സന്‍ എം പോളിന് താന്‍ കത്തയച്ചിട്ടുണ്ടെന്നും റൗഫ് പറഞ്ഞു.

    ReplyDelete