Saturday, January 28, 2012

ത്രിപുരയില്‍ മറ്റ് പാര്‍ടികളില്‍നിന്ന് 30,000 പേര്‍ സിപിഐ എമ്മില്‍

 ത്രിപുരയില്‍ മൂന്ന് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികളില്‍നിന്നും രാജിവച്ച് 30,000 പേര്‍ സിപിഐ എമ്മില്‍ ചേര്‍ന്നെന്ന് സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ അറിയിച്ചു. ഞായറാഴ്ച ആരംഭിക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളന പരിപാടികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനുശേഷം ത്രിപുരയില്‍ സിപിഐ എം അഭൂതപൂര്‍വമായ വളര്‍ച്ച നേടി. സംസ്ഥാനത്ത് പാര്‍ടിയില്‍ 77,915 അംഗങ്ങളുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം 16,000 പുതിയ അംഗങ്ങള്‍ ചേര്‍ന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അഗര്‍ത്തല ടൗണ്‍ഹാളിലെ വൈദ്യനാഥ് മജുംദാര്‍ ഹാളിനുമുന്നില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനം ആരംഭിക്കുക. തുടര്‍ന്ന് അഗര്‍ത്തല ആസ്താബല്‍ മൈതാനത്ത് നടക്കുന്ന റാലി കാരാട്ട് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് പ്രതിനിധിസമ്മേളനം കാരാട്ട് ഉദ്ഘാടനംചെയ്യും. 512 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഫെബ്രുവരി ഒന്നുവരെ നടക്കുന്ന സമ്മേളനത്തില്‍ പൊളിറ്റ്ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദകാരാട്ട് എന്നിവരും പങ്കെടുക്കും. ത്രിപുരയില്‍ സമാധാനവും വികസനവും തുടര്‍ന്നു കൊണ്ടുപോകാന്‍ ഏഴാമത് ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തിലേറ്റാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സമ്മേളനം രൂപം നല്‍കും. സോഷ്യലിസമാണ് മാനവരാശിയുടെ ഭാവി എന്ന ശക്തമായ പ്രചാരണം നടത്തും.

സംസ്ഥാന സമ്മേളന റാലി നടത്താന്‍ അഗര്‍ത്തലയിലെ അസം റൈഫിള്‍സ് മൈതാനം വിട്ടുതരാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ബിജന്‍ ധര്‍ പറഞ്ഞു. മുമ്പ് രാഷ്ട്രീയപാര്‍ടികള്‍ക്ക് പൊതുയോഗം നടത്താന്‍ ഈ മൈതാനം അനുവദിച്ചിട്ടില്ലെന്നാണ് ഇതുസംബന്ധിച്ച് സീതാറാം യെച്ചൂരി നല്‍കിയ കത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം നല്‍കിയ മറുപടി. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇതേ മൈതാനത്ത് കോണ്‍ഗ്രസിന്റെ പൊതുയോഗം നടത്തിയിട്ടുണ്ട്. ജ്യോതിബസുവും ഇ എം എസും പങ്കെടുത്ത സിപിഐ എമ്മിന്റെ റാലികളും ഇതേ മൈതാനത്ത് നടന്നിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി കള്ളം പറയുകയും രാഷ്ട്രീയ പകപോക്കല്‍ നടത്തുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
(വി ജയിന്‍)

deshabhimani 280112

1 comment:

  1. ത്രിപുരയില്‍ മൂന്ന് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികളില്‍നിന്നും രാജിവച്ച് 30,000 പേര്‍ സിപിഐ എമ്മില്‍ ചേര്‍ന്നെന്ന് സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ അറിയിച്ചു. ഞായറാഴ്ച ആരംഭിക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളന പരിപാടികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനുശേഷം ത്രിപുരയില്‍ സിപിഐ എം അഭൂതപൂര്‍വമായ വളര്‍ച്ച നേടി. സംസ്ഥാനത്ത് പാര്‍ടിയില്‍ 77,915 അംഗങ്ങളുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം 16,000 പുതിയ അംഗങ്ങള്‍ ചേര്‍ന്നു.

    ReplyDelete