Saturday, January 28, 2012

ജനസമ്പര്‍ക്കം അപേക്ഷകളേറെയും ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു

പാലക്കാട്: കഴിഞ്ഞ മാസം എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച അപേക്ഷകളേറെയും നിയമാനുസൃതമല്ലാത്തതിനാല്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. അന്ന് പരിഗണിച്ച 20,000അപേക്ഷകളില്‍ 4,000 അപേക്ഷകളില്‍മാത്രമാണ് തീര്‍പ്പുണ്ടായത്. ഇതാകട്ടെ ചികിത്സാസഹായം മാത്രം. റവന്യു, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ , സിവില്‍ സപ്ലൈസ് തുടങ്ങിയ മേഖലകളിലെ അപേക്ഷകള്‍ക്കൊന്നിനുപോലും തീര്‍പ്പുണ്ടാക്കാനായില്ല. മുഖ്യമന്ത്രി ശുപാര്‍ശ ചെയ്ത അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നു കാണിച്ച് ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുകയാണുണ്ടായത്. ചട്ടം മറികടന്ന് അപേക്ഷകള്‍ തീര്‍പ്പാക്കിയാല്‍ തങ്ങളുടെ ജോലിയെ ബാധിക്കുമെന്നാണ് മിക്ക ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്.

അര്‍ഹതയില്ലാത്തവര്‍ക്ക് ആനുകൂല്യം നല്‍കണമെന്ന ശുപാര്‍ശയാണ് അപേക്ഷകളില്‍ കാണുന്നതെന്നാണ് സെക്ഷന്‍മേലധികാരികള്‍ പറയുന്നത്. എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കണമെന്നതും കൃഷിഭൂമിയില്‍ വീട് വയ്ക്കാന്‍ അനുമതി വേണമന്നതും യഥാര്‍ഥ അവകാശിയെ മറികടന്ന് ഫാമിലി പെന്‍ഷന്‍ അനുവദിക്കണമെന്നുമൊക്കെയാണ് അപേക്ഷകളില്‍ ഭൂരിഭാഗവും. രോഗം വ്യക്തമാക്കാതെയും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റില്ലാതെയും നല്‍കിയ ആയിരത്തോളം അപേക്ഷകളില്‍ ആയിരംരൂപവീതം ധനസഹായം നല്‍കിയത് ഇതിനകം ധനവകുപ്പ് ചോദ്യം ചെയ്തിട്ടുണ്ട്. ഡിസംബര്‍ എട്ടിനുതന്നെ 4,000പേര്‍ക്കാണ് ചികിത്സാ സഹായം അനുവദിച്ചത്. 1000മുതല്‍ 5000രൂപവരെയാണ് ചെക്ക് നല്‍കിയത്. ഒരുകേസില്‍മാത്രം 25,000രൂപ അനുവദിച്ചിട്ടുണ്ട്. മറ്റ് അപേക്ഷകളൊക്കെ അതത് വകുപ്പുകള്‍ക്ക് വിട്ടുകൊടുത്തു. ഇതിലൊന്നുംതന്നെ തീര്‍പ്പു കല്‍പ്പിക്കാനാകാതെ വകുപ്പ്മേധാവികള്‍ കുഴയുകയാണ്.

കെഎല്‍യു ആക്ട്പ്രകാരം ഭൂമി വിനിയോഗിക്കാന്‍ നിരവധി അപേകഷകളും നൂലാമാലകളുമുണ്ട്. എന്നാല്‍ , മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍തന്നെ അനുമതി ലഭിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ തെറ്റിദ്ധരിപ്പിച്ചതിനെത്തുടര്‍ന്ന് ആയിരത്തോളം അപേക്ഷകളാണ് ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ചത്. ഇവയിലൊന്നിനുപോലും തീര്‍പ്പാക്കാന്‍ റവന്യുവകുപ്പ് തയ്യാറായിട്ടില്ല. എന്നാല്‍ , എല്ലാ അപേക്ഷകളും തിരിച്ചയക്കുകതന്നെ ചെയ്തു.

ഏറെ കൊട്ടിഘോഷിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച് നടപ്പാക്കിയ ജനസമ്പര്‍ക്കപരിപാടി വെറും ചികിത്സാസഹായവിതരണ പരിപാടി മാത്രമായതായി കോണ്‍ഗ്രസുകാര്‍തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ഷത്തില്‍ പതിനായിരത്തോളംപേര്‍ക്ക് ചികിത്സാസഹായം നല്‍കിയിരുന്നു. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും വരുമാനസര്‍ട്ടിഫിക്കറ്റും അപേക്ഷയും സഹിതം എംഎല്‍എമാര്‍ മുഖേന നല്‍കിയാല്‍ 1,500മുതല്‍ 3,000രൂപവരെ ധനഹായം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് ഇത് അനുവദിച്ചിരുന്നത്. വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് മാത്രമായിരുന്നു ഇത്തരത്തില്‍ ധനസഹായം നല്‍കിയത്. ഇതുപോലെ ധനസഹായം അനുവദിക്കാന്‍ കോടികള്‍ പാഴാക്കി "ജനസമ്പര്‍ക്കമാമാങ്കം"നടത്തേണ്ട വല്ല കാര്യവുമുണ്ടോയെന്നാണ് ഉദ്യോഗസ്ഥരും യുഡിഎഫുകാരും ചോദിക്കുന്നത്.

deshabhimani 280112

1 comment:

  1. കഴിഞ്ഞ മാസം എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച അപേക്ഷകളേറെയും നിയമാനുസൃതമല്ലാത്തതിനാല്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. അന്ന് പരിഗണിച്ച 20,000അപേക്ഷകളില്‍ 4,000 അപേക്ഷകളില്‍മാത്രമാണ് തീര്‍പ്പുണ്ടായത്. ഇതാകട്ടെ ചികിത്സാസഹായം മാത്രം. റവന്യു, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ , സിവില്‍ സപ്ലൈസ് തുടങ്ങിയ മേഖലകളിലെ അപേക്ഷകള്‍ക്കൊന്നിനുപോലും തീര്‍പ്പുണ്ടാക്കാനായില്ല. മുഖ്യമന്ത്രി ശുപാര്‍ശ ചെയ്ത അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നു കാണിച്ച് ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുകയാണുണ്ടായത്. ചട്ടം മറികടന്ന് അപേക്ഷകള്‍ തീര്‍പ്പാക്കിയാല്‍ തങ്ങളുടെ ജോലിയെ ബാധിക്കുമെന്നാണ് മിക്ക ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്.

    ReplyDelete