Monday, January 30, 2012

മനോരമയുടെ വളച്ചൊടിക്കല്‍

സിപിഐ (എം)ന്റെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ "ദി മാര്‍ക്സിസ്റ്റ്" പ്രസിദ്ധീകരിക്കാന്‍പോകുന്ന പ്രകാശ്കാരാട്ടിന്റെ ഒരു ലേഖനത്തെക്കുറിച്ച് "മനോരമ"യും "മാതൃഭൂമി"യും വലിയ പരസ്യപ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തില്‍തന്നെ നിഷേധാത്മകമാണ് പ്രചാരണമെങ്കിലും ദി മാര്‍ക്സിസ്റ്റിന്റെ വരാനിരിക്കുന്ന ലക്കം കേരളത്തിലെങ്കിലും റെക്കോഡ് വില്‍പനയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം. ജനുവരി 20ന് മനോരമയുടെ ദല്‍ഹി ലേഖകന്‍ ജോമിതോമസ് എന്ന പുത്തന്‍ കൂറ്റുകാരനാണ് പ്രചാരണത്തിന് തുടക്കമിട്ടതെങ്കില്‍ മാതൃഭൂമിയില്‍ പ്രായംചെന്ന എന്‍ അശോകനാണത് ഏറ്റുപിടിച്ചിരിക്കുന്നത്. സോഷ്യലിസത്തില്‍ സിപിഐ (എം) ജനറല്‍സെക്രട്ടറി തിരുത്തല്‍ വരുത്തിയിരിക്കുന്നു എന്നാണ് മനോരമ കണ്ടെത്തിയിരിക്കുന്നത്.

ഭരണകൂടത്തിന് പകരമാവില്ല പാര്‍ടിയെന്നും ഭരിക്കുന്ന പാര്‍ടിയും സര്‍ക്കാരുമായി വ്യക്തമായ വേര്‍തിരിവുള്ളതായിരിക്കണം പുതിയ നൂറ്റാണ്ടിലെ സോഷ്യലിസമെന്നും പ്രകാശിെന്‍റ ലേഖനത്തില്‍ ഉണ്ടത്രെ. അതെങ്ങനെയാണ് സോഷ്യലിസത്തിനുള്ള തിരുത്തലാവുന്നത് എന്ന കാര്യമാണ് പിടികിട്ടാത്തത്. 1992 ജനുവരി മൂന്ന് മുതല്‍ ഒമ്പതുവരെ തീയതികളില്‍ ചെന്നൈയില്‍ വെച്ചാണ് സിപിഐ (എം)ന്റെ പതിനാലാം പാര്‍ടി കോണ്‍ഗ്രസ് നടന്നത്. ആ കോണ്‍ഗ്രസില്‍വെച്ച് "ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍" എന്നൊരു പ്രമേയം സിപിഐ (എം) അംഗീകരിച്ചിരുന്നു. സോവിയറ്റ് യൂണിയെന്‍റയും സോഷ്യലിസ്റ്റ് ചേരിയുടെയും തകര്‍ച്ചയ്ക്ക് നിദാനമായ കാര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് പ്രത്യയശാസ്ത്രപ്രമേയം അംഗീകരിച്ചത്. അതില്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ കഴിഞ്ഞകാല അനുഭവങ്ങള്‍ വിലയിരുത്തിക്കൊണ്ട് സംഭവിച്ച പ്രധാനപ്പെട്ട പ്രമാദങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യമെന്നത് വര്‍ഗത്തിന്റെയാകെ, എന്നുവെച്ചാല്‍ ബഹുഭൂരിപക്ഷത്തിന്റെ സര്‍വാധിപത്യമാണ്. എന്നാല്‍ "പ്രയോഗത്തില്‍ വര്‍ഗ്ഗത്തിന്റെ ഈ സര്‍വാധിപത്യത്തെ അതിന്റെ മുന്നണി വിഭാഗമായ പാര്‍ടിയുടെയും മിക്കപ്പോഴും പാര്‍ടി നേതൃത്വത്തിന്റെയും സര്‍വാധിപത്യം പ്രതിസ്ഥാപിച്ചിരുന്നു". അത് തിരുത്തപ്പെടേണ്ട ഒരു തെറ്റാണെന്ന് പ്രത്യയശാസ്ത്ര രേഖ വ്യക്തമാക്കിയിരുന്നു. ജന സാമാന്യവുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെയും അവരെ ഭരണകൂടത്തിന്റെയും ഭരണത്തിന്റെയും പ്രവര്‍ത്തനത്തില്‍ പങ്കാളിയുമാക്കിയാണ് പാര്‍ടി അതിന്റെ നേതൃത്വപരമായ പങ്ക് നിര്‍വഹിക്കേണ്ടത്. അല്ലാതെ ഭരണകൂടത്തിന് ബദലായി പ്രവര്‍ത്തിച്ചുകൊണ്ടല്ല എന്ന് പ്രത്യയശാസ്ത്ര പ്രമേയം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെതന്നെ വിശദീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രകാശ്കാരാട്ട് പുതിയതായി യാതൊരു തിരുത്തലും മര്‍ക്സിസം-ലെനിനിസത്തില്‍ വരുത്തുന്നില്ല.

1992ല്‍ പ്രത്യയശാസ്ത്ര പ്രമേയത്തില്‍ അംഗീകരിച്ച പൊതു നിലപാടിനെ വികസിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. പെതു ഉടമസ്ഥത അല്ലെങ്കില്‍ സ്വത്തിന്റെ സമൂഹവല്‍ക്കരണ പ്രക്രിയ വിവിധ രൂപത്തോടുകൂടിയായിരിക്കുമെന്ന കാര്യവും പ്രത്യയശാസ്ത്രരേഖ വ്യക്തമാക്കിയതാണ്. "സ്വത്തിന് സ്റ്റേറ്റ് ഉടമയിലുള്ള സംരംഭങ്ങള്‍ , കൂട്ടുല്‍പാദനസംഘങ്ങള്‍ , സഹകരണസംഘങ്ങള്‍ , വ്യക്തിഗത സ്വത്ത് എന്നിങ്ങനെ വിവിധ രൂപങ്ങളുണ്ട്" എന്ന് പ്രത്യയശാസ്ത്രരേഖ വിശദീകരിക്കുന്നുണ്ട്. ആസൂത്രണവും കമ്പോളവും എന്ന ഭാഗത്ത് "സോഷ്യലിസത്തില്‍ കമ്പോളം ഇല്ലാതാകുമെന്ന നിഗമനത്തിലെത്തുന്നത് തെറ്റായിരിക്കാം. ചരക്കുകള്‍ ഉല്‍പാദിപ്പിക്കുന്നിടത്തോളംകാലം കമ്പോളം നിലനില്‍ക്കും. ആസൂത്രണമോ കമ്പോളമോ എന്നതല്ല മുഖ്യ ചോദ്യം. ഏത് ഏതിനുമേല്‍ ആധിപത്യം പുലര്‍ത്തുന്നു എന്നതാണ്. സോഷ്യലിസത്തിനുകീഴില്‍ കമ്പോളം ഉല്‍പാദിപ്പിച്ച ചരക്കുകള്‍ വിതരണംചെയ്യാനുള്ള ഉപാധികളില്‍ ഒന്നാണ്". എന്ന് വിശദീകരിച്ചുകൊണ്ട് സോഷ്യലിസത്തില്‍ കമ്പോള സൂചകങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പ്രത്യയശാസ്ത്ര പ്രമേയം എടുത്തുപറഞ്ഞിരുന്നു. ആസൂത്രണത്തിലെ ജന പങ്കാളിത്തം ഭരണത്തിലെ ജനപങ്കാളിത്തം തുടങ്ങി "മനോരമ" പ്രകാശ് കാരാട്ടിന്റെ തിരുത്തലുകളായി കണ്ടെത്തുന്ന കാര്യങ്ങളെല്ലാംതന്നെ 20 വര്‍ഷംമുമ്പ് പ്രത്യയശാസ്ത്ര പ്രമേയത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്.

ചിന്ത വാരിക 010212

1 comment:

  1. സിപിഐ (എം)ന്റെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ "ദി മാര്‍ക്സിസ്റ്റ്" പ്രസിദ്ധീകരിക്കാന്‍പോകുന്ന പ്രകാശ്കാരാട്ടിന്റെ ഒരു ലേഖനത്തെക്കുറിച്ച് "മനോരമ"യും "മാതൃഭൂമി"യും വലിയ പരസ്യപ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തില്‍തന്നെ നിഷേധാത്മകമാണ് പ്രചാരണമെങ്കിലും ദി മാര്‍ക്സിസ്റ്റിന്റെ വരാനിരിക്കുന്ന ലക്കം കേരളത്തിലെങ്കിലും റെക്കോഡ് വില്‍പനയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം. ജനുവരി 20ന് മനോരമയുടെ ദല്‍ഹി ലേഖകന്‍ ജോമിതോമസ് എന്ന പുത്തന്‍ കൂറ്റുകാരനാണ് പ്രചാരണത്തിന് തുടക്കമിട്ടതെങ്കില്‍ മാതൃഭൂമിയില്‍ പ്രായംചെന്ന എന്‍ അശോകനാണത് ഏറ്റുപിടിച്ചിരിക്കുന്നത്.

    ReplyDelete