Monday, April 30, 2012
വാള്‍സ്ട്രീറ്റ് പ്രക്ഷോഭം; ഇന്ന് അമേരിക്കയില്‍ പണിമുടക്ക്
ഇന്ന്, മെയ്ദിനത്തില്‍ അമേരിക്കയിലുടനീളം പൊതു പണിമുടക്കിന് വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്തു. അമേരിക്കന്‍ നഗരങ്ങളില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ചുകളും റാലികളും നടക്കും.
ലോകതൊഴിലാളി ദിനത്തില്‍ നടക്കുന്ന പ്രകടനങ്ങളില്‍ തൊഴിലും പഠനവും ബഹിഷ്‌കരിച്ച് തൊഴിലാളികളും വിദ്യാര്‍ഥികളും അണിനിരക്കും. ഏറ്റവും പാവപ്പെട്ട പൗരന്മാരോട് അതിക്രമം കാണിക്കുന്ന സാമ്പത്തികനയങ്ങള്‍ക്കും ബാങ്കുകള്‍ക്കും എതിരായ പ്രതിഷേധമായി മെയ്ദിനാചരണം മാറും. മുതലാളിത്ത തിന്മകള്‍ക്കും സമ്പന്നവര്‍ഗം നടത്തുന്ന സാമ്പത്തിക ക്രമക്കേടുകള്‍ക്കുമെതിരെ 99 ശതമാനം വരുന്ന ജനങ്ങളുടെ സമരമാണ് തങ്ങളുടേതെന്നു വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ അവകാശപ്പെടുന്നു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മുതല്‍ ആഗോള വിപണിയില്‍ നടമാടുന്ന അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും കുറഞ്ഞകൂലിക്കും കുറഞ്ഞ വരുമാനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നികുതി ഭാരത്തിനുമെതിരെ അമേരിക്കന്‍ നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടന്നുവരികയാണ്. തൊഴിലും പഠനവും ഉപേക്ഷിച്ച് പണിമുടക്ക് സമരത്തില്‍ പങ്കാളികളാവുന്നവരോട് കടകളിലും മറ്റും പണം ചെലവാക്കുന്നത് ഒഴിവാക്കാനും വാള്‍സ്ട്രീറ്റ് പ്രക്ഷോഭ സംഘാടകര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അത് വ്യവസ്ഥിതിയോടുള്ള പ്രതിഷേധമാക്കാനാണ് പ്രക്ഷോഭകരുടെ ശ്രമം.
നിരവധി യൂണിയനുകളും തൊഴിലാളി ഗ്രൂപ്പുകളും നീതിക്കുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുക്കും. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളും പ്രക്ഷോഭകര്‍ ഉയര്‍ത്തിപ്പിടിക്കുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് ആരംഭിച്ച സമരത്തെ ബാറ്റണ്‍ കൊണ്ടും കുരുമുളക് സ്‌പ്രേ കൊണ്ടും തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. നൂറുകണക്കിന് പ്രക്ഷോഭകര്‍ ജയിലിലടയ്ക്കപ്പെട്ടു.
ഇന്റര്‍നെറ്റുവഴി വന്‍ പ്രചാരണമാണ് പ്രക്ഷോഭകര്‍ നടത്തിവരുന്നത്.’'അവര്‍ക്ക് ഒരിടത്തുനിന്ന് നമ്മളെ നിഷ്‌കാസനം ചെയ്യാന്‍ കഴിഞ്ഞേക്കും പക്ഷേ ആശയങ്ങളെ തുടച്ചുമാറ്റാനാവില്ല.
അത് അതിവേഗം ശതഗുണീഭവിക്കും' പ്രക്ഷോഭകരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്‌ഘോഷിക്കുന്നു. കഴിഞ്ഞ പത്തുമാസമായി മുതലാളിത്ത വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടാണ് വാഷിംഗ്ടണ്‍, സെന്‍വര്‍ (കോളറാഡോ), ലോസാഞ്ചല്‍സ്, ന്യൂയോര്‍ക്ക്, നെവാര്‍ക്ക് (ന്യുജയ്‌സി), അറ്റ്‌ലാന്റാ (ജോര്‍ജിയ), ഓക്‌ലാന്‍ഡ് (കാലിഫോര്‍ണിയ, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളില്‍ സമരം തുടരുന്നത്.
കോര്‍പറേറ്റുകളും പണത്തോടുള്ള ആര്‍ത്തിയും വന്‍ ബിസിനസുകളുടെ അളവറ്റ അധികാരത്തിനുമെതിരായ സമരം ജനങ്ങളുടെ പിന്തുണ ആര്‍ജിച്ചുവരികയാണ്.
janayugom 010512
കലിക്കറ്റിലെ സി എച്ച് ചെയറിനും 4.89 കോടി നല്‍കാന്‍ ഉത്തരവ്
കലിക്കറ്റ് സര്‍വകലാശാലയില്‍ വിവാദ ഭൂമിദാനത്തില്‍ ഉള്‍പ്പെട്ട സി എച്ച് മുഹമ്മദ്കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിങ് സൊസൈറ്റിക്കും കോടികള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പിതാവിന്റെ പേരിലുള്ള സ്ഥാപനത്തിന് പഞ്ചായത്തുകള്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മന്ത്രി എം കെ മുനീറിന്റെ വകുപ്പുതന്നെയാണ് ഉത്തരവ് ഇറക്കിയത്. ഓരോ പഞ്ചായത്തും അരലക്ഷം വീതം നല്‍കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് 978 പഞ്ചായത്തുകളാണുള്ളത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ പഞ്ചായത്തുകളും പണം നല്‍കിയാല്‍ പിരിഞ്ഞുകിട്ടുന്നത് 4.89 കോടി രൂപ. മിക്ക പഞ്ചായത്തുകളും പണം നല്‍കിയതായാണ് വിവരം. ഈ ഉത്തരവിലൂടെ എത്ര തുക പിരിച്ചെടുത്തുവെന്ന് ആര്‍ക്കുമറിയില്ല.
തിരുവനന്തപുരത്ത് സി എച്ച് മുഹമ്മദ് കോയ ചാരിറ്റബിള്‍ സെന്ററിന് ആ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളും പണം നല്‍കണമെന്ന തദ്ദേശഭരണ വകുപ്പ് ഉത്തരവ് വിവാദമായതിന് പിറകെയാണ്മറ്റൊരു ഉത്തരവുകൂടി പുറത്തുവന്നത്. കലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ ഭൂമിദാന നീക്കം മന്ത്രി എം കെ മുനീര്‍ ഉള്‍പ്പെടെയുള്ള മുസ്ലിംലീഗ് നേതാക്കളുടെ ഒത്താശയോടെയാണെന്ന് 2011 സെപ്തംബര്‍ ആറിന് ഇറങ്ങിയ ഉത്തരവ് വ്യക്തമാക്കുന്നു. 2011 നവംബര്‍ എട്ടിനാണ് സി എച്ച് മുഹമ്മദ്കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിങ് സൊസൈറ്റീസ് സ്ഥാപിക്കാന്‍ പത്തേക്കര്‍ ആവശ്യപ്പെട്ട് സി എച്ച് ചെയര്‍ ഡയറക്ടര്‍ സര്‍വകലാശാലയ്ക്ക് അപേക്ഷ നല്‍കിയത്. 30 കോടി ചെലവുവരുന്ന പദ്ധതിയുടെ വിശദമായ മാസ്റ്റര്‍പ്ലാനും സമര്‍പ്പിച്ചു. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിന് മുമ്പുതന്നെ പണപ്പിരിവിനുള്ള മാര്‍ഗങ്ങളും ആസൂത്രണം ചെയ്തിരുന്നതായി ഉത്തരവ് വ്യക്തമാക്കുന്നു.
ചെയറുകള്‍ക്ക് ഇരുപത് സെന്റില്‍ കൂടുതല്‍ നല്‍കാന്‍ സര്‍വകലാശാലാ ചട്ടം അനുവദിക്കുന്നില്ല. ഇക്കാര്യം മനസ്സിലാക്കി ഗ്രേസ് അസോസിയേഷന്‍ എന്ന കടലാസ് സംഘടനയുടെ പേരില്‍ പുതിയ അപേക്ഷ മാര്‍ച്ച് 20ന് സമര്‍പ്പിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് ഈ ട്രസ്റ്റിന്റെ ചെയര്‍മാന്‍. ഇത് സ്വീകരിച്ച് പദ്ധതി അംഗീകരിക്കാന്‍ 27ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അനുമതി നല്‍കി. ഭൂമിദാനം വിവാദമായതോടെ സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കി. നിലവില്‍ വാടകക്കെട്ടിടത്തിലാണ് സി എച്ച് ചെയര്‍ പ്രവര്‍ത്തിക്കുന്നത്. ധനസഹായം ആവശ്യപ്പെട്ട് 2011 ജൂലൈ 20നാണ് ചെയര്‍ ഡയരക്ടര്‍ സര്‍ക്കാരിന് കത്ത് എഴുതിയത്. സര്‍വകലാശാലയുടെ കീഴില്‍ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങളെക്കുറിച്ച് പഠനം, ഗവേഷണം, മുതലായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായാണ് കത്തില്‍ അവകാശപ്പെടുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും അടിസ്ഥാന സൗകര്യം ഒരുക്കാനും സഹായിക്കണമെന്നാണ് അഭ്യര്‍ഥന. ഈ കത്തുമാത്രം പരിഗണിച്ചാണ് പഞ്ചായത്തുകള്‍ അരലക്ഷത്തില്‍ കവിയാത്ത തുക തനത് ഫണ്ടില്‍നിന്ന് ധനസഹായമായി നല്‍കണമെന്ന് ഗവണ്‍മെന്റ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് ഉത്തരവിറക്കിയത്.
സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ചെയര്‍ ഡയറക്ടര്‍ ധനസഹായം ആവശ്യപ്പെട്ട് എല്ലാ പഞ്ചായത്തുകള്‍ക്കും നേരിട്ട് കത്തയച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ നടത്തിപ്പുകാരെന്നും കത്തിലുണ്ട്. ചെയറിന്റെ കെട്ടിടം, ഗ്രന്ഥാലയം, പശ്ചാത്തല സൗകര്യം എന്നിവക്ക് വലിയ തുക ആവശ്യമായി വരുമെന്നും ഇക്കാര്യത്തില്‍ പണം നല്‍കാന്‍ സര്‍ക്കാരിന്റെ ഉത്തരവുണ്ടെന്നും ഓര്‍മപ്പെടുത്തിയാണ് കത്ത് ചുരുക്കുന്നത്. സംസ്ഥാനത്ത് മുസ്ലിംലീഗ് ഭരണത്തിലുള്ള പഞ്ചായത്തുകളെല്ലാം സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക നല്‍കിയതായാണ് വിവരം. സര്‍വകലാശാലയില്‍ ചെയര്‍ ആരംഭിക്കണമെങ്കില്‍ 25 ലക്ഷം രൂപ കെട്ടിവയ്ക്കണം. ഇതിന്റെ പലിശ ഉപയോഗിച്ചാണ് ചെയറുകളുടെ പ്രവര്‍ത്തനം. സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് എട്ട് ചെയറുകളും സര്‍ക്കാരിന്റെ ഫണ്ട് കൈപ്പറ്റുന്നില്ല. ചരിത്രത്തില്‍ ആദ്യമായാണ് ചെയറിനുവേണ്ടി സര്‍ക്കാര്‍ നേരിട്ട് പണം പിരിക്കുന്നത്.
(ആര്‍ രഞ്ജിത്)
deshabhimani 010512
നിലവാരമില്ലാത്ത മാലിന്യപ്ലാന്റുകള്‍ വാങ്ങാന്‍ നീക്കം: കോഴയ്ക്ക് കളമൊരുങ്ങുന്നു
സംസ്ഥാനത്തിന്റെ നഗരപ്രദേശങ്ങളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തകൃതിയായ നീക്കത്തിന് പിന്നില്‍ കോടികളുടെ അഴിമതിക്ക് കളമൊരുങ്ങി. ഇതിന്റെ ആദ്യപടിയായി 379 കോടി രൂപയുടെ മാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും സൂചനയുണ്ട്.
ഉപകരണങ്ങള്‍ നല്‍കുന്ന കമ്പനിയുടെ പ്രതിനിധികള്‍ തലസ്ഥാനത്തെ ഒരു പ്രമുഖ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും ആക്ഷപമുണ്ട്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് നിശ്ചിത യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്ന് 2010 സെപ്റ്റംബറില്‍ കേന്ദ്ര നഗരാസൂത്രണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്നതിനെത്തിയിട്ടുള്ള കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ ഇല്ലെന്നും സൂചനയുണ്ട്.
ഇതൊക്കെ രഹസ്യമാക്കി ഗുണനിലവാരമില്ലാത്ത കമ്പനികളുമായി കരാര്‍ ഒപ്പിട്ട് ഉപകരണങ്ങള്‍ വാങ്ങാനാണ് നഗരാസൂത്രണ വകുപ്പിന്റെ തീരുമാനം. ഗുണനിലവാരമില്ലാത്ത കമ്പനികളില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങുന്നതിലൂടെ കമ്മിഷന്‍ ഇനത്തില്‍ കോടികള്‍ ലഭിക്കും. പത്ത് ശതമാനം കമ്മിഷന്‍ നല്‍കാമെന്ന് തലസ്ഥാനത്ത് തമ്പടിച്ചിട്ടുള്ള കമ്പനി പ്രതിനിധികള്‍ പദ്ധതിയുമായി ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇത് അംഗീകരിച്ചില്ല. 30 മുതല്‍ 40 ശതമാനം വരെ കമ്മിഷന്‍ ലഭിച്ചാല്‍ മാത്രമേ കരാറില്‍ എത്താന്‍ കഴിയൂവെന്നാണ് അധികൃതരുടെ നിലപാട്.
ഇതിനിടെ നിലവാരമില്ലാത്ത ഉപകരണങ്ങള്‍ മാത്രം വിതരണം ചെയ്യുന്ന കമ്പനികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി ഔദ്യോഗിക എംപാനല്‍മെന്റ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിയുടെ ശുപാര്‍ശയോടെ കെ എസ് യു ഡി പി അധികൃതര്‍ക്ക് കത്ത് നല്‍കി. തുടര്‍ന്നുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഭയന്ന് കെ എസ് യു ഡി പി അധികൃതര്‍ ഉത്തരവ് ഇനിയും നല്‍കിയിട്ടില്ല. ഇതിനെ തുടര്‍ന്ന് കമ്പനി പ്രതിനിധികള്‍ വന്‍തുക കോഴ വാഗ്ദാനം ചെയ്ത് കെ എസ് യു ഡി പി അധികൃതരേയും് പാട്ടിലാക്കുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ക്രഷര്‍, ബെയ്‌ലര്‍, കോംപാക്ടര്‍, വാഹനങ്ങള്‍ തുടങ്ങിയ ഉപകരണങ്ങളാണ് ആദ്യഘട്ടത്തില്‍ വാങ്ങുന്നത്. 456 പ്ലാന്റുകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക. ഇതിന് മാത്രം 69 കോടി ചെലവ് വരും. വ്യക്തമായ നിയമങ്ങള്‍ പാലിച്ച് ഇ ടെന്റര്‍ നടപടികള്‍ പാലിച്ചാല്‍ 42 കോടി രൂപ ചെലവില്‍ ഇതൊക്കെ വാങ്ങാന്‍ കഴിയുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. നിലവാരം കുറഞ്ഞ സാധനങ്ങള്‍ ഇതിലും കുറച്ച് വിലയ്ക്ക് ലഭിക്കും. വന്‍തുക കോഴ വാങ്ങുകയാണ് വകുപ്പ് നിയന്ത്രിക്കുന്ന കക്ഷിയുടെ ലക്ഷ്യമെന്ന ആക്ഷേപവുമുണ്ട്.
സ്ഥാപിക്കുന്ന പ്ലാന്റുകളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ നടത്തുന്നതിന് കോടികള്‍ വീണ്ടും ചെലവാകും. ഇക്കാര്യം കമ്പനി അധികൃതരും സമ്മതിക്കുന്നു. യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിന് പുറമേ അറ്റകുറ്റപണി ഇനത്തിലും കോടികളുടെ ദീര്‍ഘകാല അഴിമതിക്ക് ഇത് കാരണമാകും.
ഇത് കൂടാതെ ജീവനക്കാര്‍ കൂടുതലായുള്ള ഓഫീസ് സമുച്ചയങ്ങളിലും വ്യവസായ ശാലകളിലും പ്രത്യേക മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു. തലസ്ഥാനത്ത് സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളജ്, പബ്ലിക് ഓഫീസ്, വികാസ് ഭവന്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ എയ്‌റേറ്റ്ഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. മെഡിക്കല്‍ കോളജില്‍ 2.7 കോടി രൂപ സെക്രട്ടേറിയറ്റില്‍ 1.6 കോടി, പബ്ലിക് ഓഫീസില്‍ 98 ലക്ഷം രൂപ ചെലവിലുമാണ് പുതിയ പ്ലാന്റുകള്‍ തയ്യാറാക്കുന്നത്. എന്നാല്‍ എയ്‌റേറ്റഡ് സാങ്കേതിക വിദ്യ മറ്റുള്ള രാജ്യങ്ങളില്‍ ഇതിനകം ഉപേക്ഷിച്ചു. സിങ്കപ്പൂര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇവ ഇളക്കി മാറ്റി പുതിയവ സ്ഥാപിച്ചു.
ഇതേ മെഷീനുകളാണ് സംസ്ഥാനത്തെ സര്‍ക്കാരിനെ സ്വാധീനിച്ച് കേരളത്തില്‍ വില്‍ക്കാന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നത്. കമ്പോള വിലയെക്കാള്‍ 60 ശതമാനം വരെ വില കുറച്ച് സിങ്കപ്പൂര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും ഇളക്കി മാറ്റിയ മെഷീനുകള്‍ വില്‍ക്കാന്‍ തയ്യാറാണ്. ഇതിലൂടെയും കോടികള്‍ കോഴയായി ലഭിക്കും.
എയ്‌റേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് പരിസ്ഥിതി സന്തുലനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കെ എസ് യു ഡി പിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ആക്ഷപം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച്ചത്തെ യോഗ മിനിട്‌സില്‍ തങ്ങളുടെ വിയോജനകുറിപ്പ് രേഖപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ആക്ഷപമുണ്ട്. കോടികള്‍ കായ്ക്കുന്ന മരമാണ് മാലിന്യ പ്ലാന്റുകളെന്ന സത്യം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പ്രത്യേകിച്ചും അടിത്തിടെ അധികാരത്തിലെത്തിയ മന്ത്രി മഞ്ഞളാം കുഴി അലിക്കും ബോധ്യമുണ്ട്.
janayugom 010512
ഇറ്റലിയുമായുള്ള കരാര്‍ നിയമവിരുദ്ധം സുപ്രീം കോടതി
കടലില്‍ വെടിവെപ്പുണ്ടായ സംഭവത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും തമ്മിലുണ്ടാക്കിയ ഒത്തു തീര്‍പ്പ് ഇന്ത്യന്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഒത്തുതീര്‍പ്പ് കരാറിനെ ചോദ്യം ചെയ്യാതിരുന്ന സംസ്ഥാനസര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനസര്‍ക്കാര്‍ എത്രയും വേഗം അപ്പീല്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി എന്തുകൊണ്ട് ഇക്കാര്യം പരിശോധിച്ചില്ല. കടല്‍സംബന്ധമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസ് എങ്ങനെയാണ് ലോക് അദാലത്തില്‍ തീര്‍ക്കുകയെന്നും കോടതി ചോദിച്ചു. കപ്പല്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കപ്പലുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിയിലാണ് സുപ്രീം കോടതി ഉത്തരവ്. ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
കപ്പലുടമയും കൊല്ലപ്പെട്ടവരുടെ കുടുംബവും തമ്മിലുണ്ടാക്കിയ കരാര്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്കു വിരുദ്ധമാണ്. കോടതിക്കു പുറത്ത് എങ്ങനെയാണ് കരാറുണ്ടാക്കാന്‍ കഴിയുക. ഇന്ത്യന്‍ നിയമവ്യവസ്ഥക്ക് വിരുദ്ധമായ കരാറില്‍ ഒപ്പിടാന്‍ എങ്ങനെ കഴിഞ്ഞുവെന്ന് സുപ്രീം കോടതി ആശ്ചര്യപ്പെട്ടു. കരാര്‍ നിയമവിരുദ്ധമാണ്. ഇന്ത്യന്‍ നിയമവ്യവസ്ഥക്ക് വിരുദ്ധമായ കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ല. പണം കൊടുത്ത് കേസില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ഇല്ലാതാക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് കോടതി പറഞ്ഞു. കപ്പല്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ കോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും. കോടതി ആവശ്യപ്പെടുന്ന സമയത്ത് പ്രതികളായ നാവികരെ ഹാജരാക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇറ്റലി ഉറപ്പു നല്‍കാത്ത സാഹചര്യത്തിലാണ് കപ്പല്‍വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
deshabhimani news
വായ്പ നിഷേധിച്ചു നഴ്സിങ്ങ് വിദ്യാര്‍ഥിനി ജീവനൊടുക്കി
വിദ്യാഭ്യാസവായ്പ കിട്ടാത്തതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. കുടമാളൂരിലെ അമ്പാടിക്കവല ഗോപികയില്‍ ശ്രീകാന്തിന്റെ മകള്‍ ശ്രുതി(20)യാണ് മരിച്ചത്. നഴ്സിങ്ങ് പഠനത്തിന് വായ്പക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും അനുവദിച്ചില്ല. പഠനം തുടരാനാവാത്ത സാഹചര്യത്തിലാണ് ആത്മഹത്യ. കഴിഞ്ഞ 18 നാണ് ശ്രുതി വിഷം കഴിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന ശ്രുതി തിങ്കളാഴ്ച രാവിലെ എട്ടിന് മരിച്ചു. ബിഎസ്സി നഴ്സിങ്ങ് പഠനത്തിനായി വായ്പക്ക് എച്ച്ഡിഎഫ്സി ബാങ്ക് കുടമാളൂര്‍ ശാഖയില്‍ അപേക്ഷ നല്‍കിയിരുന്നു. തുക അനുവദിക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം അപേക്ഷ അനുവദിക്കാനാവില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് മനോവിഷമത്തിലായ ശ്രുതി വീട്ടില്‍വെച്ച് വിഷം കഴിക്കുകയായിരുന്നു.
2010 ജൂലൈയിലാണ് വായ്പക്ക് അപേക്ഷിച്ചത.് ബാങ്ക് അധികൃതര്‍ വിവിധകാരണങ്ങള്‍ പറഞ്ഞ് നീട്ടി. തിരുപ്പൂര്‍ ശ്രീ ചൈതന്യ നഴ്സിങ്ങ് കോളേജിലെ വിദ്യാര്‍ഥിനിയാണ്. പ്രതിവര്‍ഷം 1 ലക്ഷം രൂപയോളം ആവശ്യമുണ്ട്. 3,60,000 രൂപക്കാണ് വായ്പക്കപേക്ഷിച്ചത്. ആവശ്യത്തിന് രേഖകള്‍ നല്‍കിയിട്ടും അനുവദിച്ചില്ല. ആദ്യവര്‍ഷഫീസ് സമയം കഴിഞ്ഞു. ഫീസടക്കണമെന്ന് കാട്ടി സ്ഥാപനത്തില്‍ നിന്നുള്ള കത്ത് ബാങ്കില്‍ കാണിച്ചുവെങ്കിലും അനുവദിക്കാന്‍ അവര്‍ തയ്യാറായില്ല. ശ്രുതി വിഷം കഴിച്ച് ആശുപത്രിയിലായപ്പോള്‍ തിടുക്കത്തില്‍ വായ്പ അനുവദിക്കുകയും ചെയ്തു. അമ്മ: ബിന്ദു, സഹോദരന്‍: ശ്രീശൈല്‍.
deshabhimani news
രാജീവ് സദാനന്ദന് മുമ്പും എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട്
കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ട് തിരുത്തണമെന്നാവശ്യപ്പെട്ട് കത്തയച്ച ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന് മുമ്പും എന്‍ഡോസള്‍ഫാനുവേണ്ടി നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃഷിവകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ 2002ല്‍ ഇദ്ദേഹം എന്‍ഡോസള്‍ഫാന്‍ അനുകൂല നടപടിയുമായി രംഗത്തുവന്നിരുന്നു. കൃഷിവകുപ്പ് ജീവനക്കാരിയായിരുന്ന ലീലാകുമാരിയമ്മ കോടതിയില്‍ കേസ് കൊടുത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള ആദ്യ ഉത്തരവ് വാങ്ങിയപ്പോഴാണ് കൃഷിവകുപ്പ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്റെ ബദല്‍ ഉത്തരവ് ഇറങ്ങിയത്.
ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയാണ് ലീലാകുമാരിയമ്മയുടെ ഹര്‍ജി പരിഗണിച്ച് ആദ്യമായി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. എന്നാല്‍, കോടതി ഉത്തരവ് അംഗീകരിക്കേണ്ടതില്ലെന്നു കാണിച്ച് യുഡിഎഫ് സര്‍ക്കാരിനുവേണ്ടി രാജീവ് സദാനന്ദന്‍ അന്ന് ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതെന്നും കേന്ദ്രത്തിനുമാത്രമേ നിരോധിക്കാന്‍ അധികാരമുള്ളൂവെന്നുമാണ് ഉത്തരവില്‍ പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളുടെ ആവശ്യപ്രകാരമായിരുന്നു ഈ ഉത്തരവ്. കീടനാശിനി നിര്‍മാതാക്കളുമായി മുമ്പുണ്ടാക്കിയ അവിഹിത ബന്ധം ഇപ്പോഴും തുടരുന്നുവെന്നതിന് തെളിവാണ് മെഡിക്കല്‍ കോളേജ് മേധാവിക്ക് ഇപ്പോള്‍ അയച്ച കത്ത്.
എന്‍ഡോസള്‍ഫാന്‍: ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമീഷന്‍ സമന്‍സ്
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ സംസ്ഥാന സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമീഷന്റെ രൂക്ഷവിമര്‍ശം. ഇരകള്‍ക്ക് സഹായധനം ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറിക്ക് കമീഷന്‍ സമന്‍സ് അയച്ചു. ജൂണ്‍ 11ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. അലംഭാവം തുടര്‍ന്നാല്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കമീഷന്‍ വ്യക്തമാക്കി.
2010 ഡിസംബര്‍ 31ന് നല്‍കിയ ശുപാര്‍ശ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കമീഷന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അധികസമയം നല്‍കിയിട്ടും സംസ്ഥാനം വീഴ്ചവരുത്തിയതായി കമീഷന്‍ സമ്പൂര്‍ണയോഗം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുന്നത്. ജൂണ്‍ 11ന് നടപടി റിപ്പോര്‍ട്ടും ഹാജരാക്കണം. ജൂണ്‍ നാലിനകം ശുപാര്‍ശ നടപ്പാക്കിയാല്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഇളവ് നല്‍കും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും പൂര്‍ണമായി കിടപ്പിലായവര്‍ക്ക് മൂന്ന് ലക്ഷം രൂപയും നല്‍കാനായിരുന്നു കമീഷന്റെ നിര്‍ദേശം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സയ്ക്കായി ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും പുനരധിവാസത്തിന് നടപടിയെടുക്കണമെന്നും കമീഷന്‍ ശുപാര്‍ശചെയ്തു. എന്നാല്‍, ഒരു വര്‍ഷവും നാലു മാസവും കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറനയം തുടരുകയാണ്. ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ മനുഷ്യാവകാശ കമീഷന് നല്‍കിയ വിശദീകരണം. നഷ്ടപരിഹാരത്തിന്റെ വിഹിതം നല്‍കാന്‍ കഴിയില്ലെന്ന പ്ലാന്റേഷന്‍ കോര്‍പറേഷന്റെ നിലപാടും ഇതിനിടെ മന്ത്രിസഭായോഗം ശരിവച്ചു.
deshabhimani 300412
ധനമൂലധനത്തിന്റെ അധിനിവേശം കവിതയിലും: ജി സുധാകരന്‍
കോട്ടയം: ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ധനമൂലധനത്തിന്റെ അധിനിവേശം മലയാള കവിതയിലും പ്രകടമാണെന്ന് ജി സുധാകരന്‍ എംഎല്‍എ. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം 67 ാം വാര്‍ഷികാഘോഷം പൊന്‍കുന്നം വര്‍ക്കി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഴയകാല കവിതകളെപ്പറ്റിയുള്ള ചര്‍ച്ച കേട്ടാല്‍ 1970 ന് ശേഷം മലയാളത്തില്‍ കവിത ഉണ്ടായിട്ടില്ലേ എന്ന് സംശയിക്കും. ഈ കാലഘട്ടത്തിലെ കവികള്‍ വര്‍ത്തമാനകാല വൈരുദ്ധ്യങ്ങളോട് പ്രതികരിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. സാഹിത്യകാരന്റെ പ്രതിബദ്ധത ആരോട് എന്ന ചോദ്യം ഇന്നും പ്രസക്തമാണ്. വിയര്‍പ്പൊഴുക്കുന്ന ജനവിഭാഗത്തോടായിരിക്കണം സര്‍ഗപ്രക്രിയയില്‍ ഏര്‍പ്പെടുന്നവര്‍ പ്രതിബദ്ധത പുലര്‍ത്തേണ്ടത്. സര്‍വകലാശാലകള്‍ ഭാഷയെ കൊല്ലുകയാണ്. അവശേഷിക്കുന്ന ഭാഷയെ സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥവൃന്ദം വീതംവച്ചു തിന്നുന്നു. ശുദ്ധമായ ഭാഷ വീട്ടുജോലി ചെയ്യുന്ന സ്ത്രീകളുടേതാണ്. മന്ത്രിയായിരിക്കുമ്പോള്‍ കഴിഞ്ഞ പതിറ്റാണ്ടിലെ മലയാള കവിത എന്നൊരു പഠനം വേണമെന്ന നിര്‍ദ്ദേശം സംഘം ബോര്‍ഡില്‍ താനാണ് ഉന്നയിച്ചതെന്നും അത് യാഥാര്‍ഥ്യമായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
114 കവിതകള്‍ ഉള്‍പ്പെടുത്തി കവി ഏഴാച്ചേരി രാമചന്ദ്രന്‍ എഡിറ്റ് ചെയ്ത "പതിറ്റാണ്ടിന്റെ കവിത" എന്ന സമാഹാരം ജി സുധാകരന് നല്‍കി ഡോ. അമ്പലപ്പുഴ രാമവര്‍മ പ്രകാശനം ചെയ്തു. എസ്പിസിഎസ് ഭരണസമിതിയംഗം കൂടിയായ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് രചിച്ച "എന്റെ പേര്" കവിതാസമാഹാരം ആര്‍ പാര്‍വതീദേവിക്ക് നല്‍കി ഡോ. സ്കറിയ സക്കറിയ പ്രകാശനം ചെയ്തു. സംഘം പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷനായി. ജി സുധാകരനുള്ള ഉപഹാരം ഏഴാച്ചേരി സമ്മാനിച്ചു. കെ എം വേണുഗോപാല്‍, ബോര്‍ഡംഗം ആര്‍ ബി രാജലക്ഷ്മി, മുന്‍ സെക്രട്ടറി പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പബ്ലിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബി ശശികുമാര്‍ സ്വാഗതവും സെക്രട്ടറി അജിത് കെ ശ്രീധര്‍ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ഏഴാച്ചേരി ഉദ്ഘാടനം ചെയ്തു. പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് അധ്യക്ഷയായി. വിവിധ കലാ-സാഹിത്യ-കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ആര്‍ പാര്‍വതീദേവി സമ്മാനദാനം നിര്‍വഹിച്ചു. കെ പ്രശാന്ത് സംസാരിച്ചു. സി എസ് വിനോദ്കുമാര്‍ നന്ദി പറഞ്ഞു.
deshabhimani 300412
ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ തിരികെ നല്‍കും: എം വി രാഘവന്‍
സിഎംപിക്ക് യുഡിഎഫ് നല്‍കിയ നക്കാപ്പിച്ച ബോര്‍ഡ്,കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ പിന്‍വലിക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്ന് സിഎംപി നേതാവ് എം വി രാഘവന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്മാരോട് രാജിക്കത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ലഭിച്ചാലുടന്‍ മുഖ്യമന്ത്രിക്ക് കൈമാറും. മുന്നണി വിടുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍, ഇനിയും അവഗണന തുടരുകയാണെങ്കില്‍ യുഡിഎഫ് വിടുന്ന കാര്യം ആലോചിക്കും. ഘടകകക്ഷികളെ കണക്കിലെടുക്കാതെയുള്ള പോക്കില്‍ പ്രതിഷേധമുണ്ട്. ചില ഘടകകക്ഷികളോടു മാത്രം ആലോചിച്ചാണ് യുഡിഎഫില്‍ തീരുമാനമെടുക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. സിഎംപിയെ വേണ്ടരീതിയില്‍ പരിഗണിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച് രണ്ടാഴ്ചമുമ്പ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയെങ്കിലും മറുപടിയുണ്ടായില്ല. അഞ്ചുതവണ താന്‍ മത്സരിച്ച അഴീക്കോട് മണ്ഡലം പോലും ലീഗിനു നല്‍കി. തന്നെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനും പലരും ശ്രമിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന്റെ ഭരണനേട്ടം പ്രതിഫലിക്കുമോ എന്ന ചോദ്യത്തിന് പണം കൊടുത്തതാണോ നേട്ടമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നെയ്യാറ്റിന്‍കരയില്‍ ആര്‍ക്കും എളുപ്പമല്ലെന്നും രാഘവന്‍ പറഞ്ഞു.
deshabhimani 300412
ഭവനബോര്‍ഡ് ചെയര്‍മാനും സെക്രട്ടറിക്കും ആഡംബരകാര്‍ വാങ്ങുന്നു
സാമ്പത്തികപ്രതിസന്ധിമൂലം നട്ടംതിരിയുന്ന ഭവന നിര്‍മാണ ബോര്‍ഡില്‍ വന്‍ ധൂര്‍ത്ത്. ലക്ഷങ്ങള്‍ ചെലവിട്ട് ചെയര്‍മാനും സെക്രട്ടറിക്കും പുതിയ ആഡംബരകാര്‍ വാങ്ങുന്നു. രണ്ടുവര്‍ഷമാകാത്ത കാര്‍, ബോര്‍ഡിനുള്ളപ്പോഴാണിത്. ചെയര്‍മാന്റെ ഓഫീസ് മുറിയും ഗസ്റ്റ്ഹൗസും മോടിപിടിപ്പിക്കാനും വന്‍ തുകയാണ് ചെലവിടുന്നത്. ചെയര്‍മാന് ഇന്നോവയും സെക്രട്ടറിക്ക് ടൊയോട്ട എറ്റിയോസുമാണ് വാങ്ങുന്നത്. ഇതിനായി 22,26,980 രൂപ കഴക്കൂട്ടത്തെ ഡീലര്‍ക്ക് കൈമാറി. 14,88,311 രൂപയാണ് ചെയര്‍മാനുള്ള കാറിന്റെ വില. സെക്രട്ടറിയുടെ കാറിന് 7,38,670 രൂപയും കൊടുത്തു. വര്‍ക്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. ഡീലര്‍ ആദ്യം നല്‍കിയ ഇന്‍വോയിസ്പ്രകാരം 21,68,384 രൂപ നല്‍കിയിരുന്നു. പിന്നീട് അധികമായി ആവശ്യപ്പെട്ട 58,597 രൂപയും കൈമാറി.
നിലവില്‍ ഫോര്‍ഡ് ഫിയസ്റ്റ കാര്‍ ഉള്ളപ്പോഴാണ് ചെയര്‍മാനായി പുതിയ കാര്‍ വാങ്ങുന്നത്. വിശ്രമസ്ഥലം അടക്കമുള്ള ശീതീകരിച്ച ഓഫീസ് മുറിയാണ് വിസ്തൃതമാക്കുന്നത്. സൗകര്യം കുറവെന്ന പേരിലാണ് ഭിത്തികള്‍ ഇടിച്ചുമാറ്റി വലിപ്പം കൂട്ടുന്നത്. പട്ടത്തുള്ള ബോര്‍ഡിന്റെ ഗസ്റ്റ്ഹൗസ് മോടിപിടിപ്പിച്ച് ചെയര്‍മാന്‍ പുതുതായി നിയമിച്ചവര്‍ക്ക് താമസിക്കാന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ചെയര്‍മാന്‍ ദിവസവും കൊട്ടാരക്കരയ്ക്കടുത്തുള്ള വീട്ടില്‍ പോയിവരികയാണ്. ബോര്‍ഡില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാര്യമായിട്ടില്ല. പുതിയ ഭവനപദ്ധതികളുമില്ല. ബോര്‍ഡിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാരുടെ ശമ്പളം, പിഎഫ് വിഹിതം അടയ്ക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും തുക കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്. സാമ്പത്തികസ്ഥിതി ഏറ്റവും മോശപ്പെട്ട സമയത്താണ് ധൂര്‍ത്തും കെടുകാര്യസ്ഥതയും അരങ്ങേറുന്നത്.
(ജി രാജേഷ്കുമാര്‍)
deshabhimani 300412
ഒഞ്ചിയം പോരാട്ടചരിത്രം പുസ്തകരൂപത്തില്‍
ഒഞ്ചിയത്തിന്റെ വിപ്ലവപോരാട്ടങ്ങളുടെ ചരിത്രം വിവരിക്കുന്ന പി പി ഷാജുവിന്റെ "പടനിലങ്ങളില്‍ പൊരുതിവീണവര്‍" എന്ന പുസ്തകം പുറത്തിറങ്ങുന്നു. ""ഒഞ്ചിയത്തിന്റെ പോരാട്ടം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന അധ്യായമാണ്. എന്നാല്‍ അതുസംബന്ധിച്ച ഏറെ വിശദമായ പഠനങ്ങള്‍ നടന്നിട്ടുണ്ട് എന്നു പറയാനാവില്ല. ഇതു പരിഹരിക്കുന്നതിനുള്ള ഒരു ശ്രമമാണ് "പടനിലങ്ങളില്‍ പൊരുതിവീണവര്‍" എന്ന പുസ്തകത്തിലൂടെ നടത്തുന്നത്"" - സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുസ്തകത്തെ സമഗ്രമായി വിലയിരുത്തി എഴുതിയ അവതാരികയില്‍ പറയുന്നു.
""ഇന്നത്തെ കേരളം ഈ അവസ്ഥയില്‍ എത്തിച്ചേരുന്നതിന് ഇടയാക്കിയ ഘടകങ്ങളെ സംബന്ധിച്ച് പുതിയ തലമുറയ്ക്ക് ഏറെയൊന്നും അറിഞ്ഞുകൊള്ളണമെന്നില്ല. ആ ചരിത്രം അവരെ പഠിപ്പിക്കുക എന്നത് നാടിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. അക്കാലത്തെ പോരാട്ടങ്ങളുടെ ഓര്‍മ പഴയ തലമുറയില്‍ ജ്വലിപ്പിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഈ രണ്ട് ചരിത്രപരമായ ദൗത്യങ്ങളും നിര്‍വഹിക്കുന്ന തരത്തിലാണ് ഈ പുസ്തകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.""
ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ ആമുഖം എഴുതിയത് ചരിത്രകാരന്‍ രാജന്‍ ഗുരുക്കളാണ്. ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ പുസ്തകത്തിന് 135 രൂപയാണ് വില. ഒഞ്ചിയം രക്തസാക്ഷി ദിനാചരണ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തില്‍ തിങ്കളാഴ്ച വൈകിട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പുസ്തകം പ്രകാശനംചെയ്യും. സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറിയായിരുന്ന അന്തരിച്ച പി പി ഗോപാലന്റെ മകനാണ് അധ്യാപകനായ ഗ്രന്ഥകര്‍ത്താവ് പി പി ഷാജു. ഇംഗ്ലീഷ്, മലയാളം വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമുള്ള ഇദ്ദേഹം നരവംശശാസ്ത്രത്തില്‍ പഠനം നടത്തുന്നു.
deshabhimani 300412
പ്രധാനമന്ത്രി കാര്യാലയത്തിന്റെ മൗനത്തിന് വിലയായി ഭൂമിദാനം
ടട്രാ ട്രക്ക് ഇടപാട് തടസ്സമില്ലാതെ നടത്താന്‍ പ്രധാനമന്ത്രി കാര്യാലയം സമ്മതം മൂളിയതിനു പ്രതിഫലമായി ബംഗളൂരുവില്‍ ചുളുവിലയ്ക്ക് ഭൂമി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി കെ എ നായരുടെ സഹോദരിയുടെ മകള്‍ക്കും അടുത്ത ബന്ധുവിനുമാണ് ബംഗളൂരുവില്‍ ബിഇഎംഎല്‍ ജീവനക്കാരുടെ സൊസൈറ്റി വക ഭൂമി നിസ്സാര വിലയ്ക്ക് തരപ്പെട്ടതെന്ന് "ദ ഹിന്ദു" റിപ്പോര്‍ട്ട്ചെയ്തു. വാര്‍ത്ത ടി കെ എ നായര്‍ നിഷേധിച്ചു. ഇക്കാര്യം പ്രധാനമന്ത്രി കാര്യാലയം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടട്രാ ട്രക്കിനേക്കാള്‍ സാങ്കേതിക മികവുള്ള ട്രക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ബിഇഎംഎല്‍ ഇടനിലക്കാരന്‍ വഴി ട്രക്കിന്റെ ഭാഗങ്ങള്‍ ഇറക്കുമതിചെയ്ത് കൂട്ടിയോജിപ്പിക്കുകയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ നടന്ന ഇടപാടില്‍ സേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബിഇഎംഎല്‍ മേധാവികളും നേട്ടമുണ്ടാക്കി. ഇടപാട് തടയാതിരിക്കാന്‍ പ്രധാനമന്ത്രി കാര്യാലയം ഇടപെട്ടിരുന്നു. അതിനുശേഷമാണ് ബംഗളൂരുരില്‍ ബിഇഎംഎല്‍ ജീവനക്കാര്‍ക്കായുള്ള ഭവനിര്‍മാണ പദ്ധതിക്കുള്ള ഭൂമിയില്‍നിന്ന് ടി കെ എ നായരുടെ സഹോദരീപുത്രി പ്രീതി പ്രഭയ്ക്കും കുടുംബസുഹൃത്തിനും ഭൂമി കിട്ടിയത്. ഭൂമി നല്‍കുന്ന സമയത്ത് നായര്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. ബിഇഎംഎല്‍ ഡയറക്ടര്‍ വി ആര്‍ എസ് നടരാജന്‍ വളരെ അടുത്ത കുടുംബസുഹൃത്താണെന്നാണ് പ്രീതി പ്രഭ പറഞ്ഞത്.
2008ല്‍ ദക്ഷിണ ബംഗളൂരുവിലെ ചന്നസന്ദ്രയിലാണ് 10.8 ലക്ഷം രൂപയ്ക്ക് 2400 ചതുരശ്ര അടി വീതം ഭൂമി നല്‍കിയത്. കമ്പോളവിലയുടെ ആറിലൊന്നുമാത്രമാണ് ഈടാക്കിയത്. എന്നാല്‍, ബിഇഎംഎല്‍ മുന്‍ ജീവനക്കാരനായ പെരിയസ്വാമി ഇതുസംബന്ധിച്ച് പരാതി നല്‍കി. ബിഇഎംഎല്‍ മേധാവി വി ആര്‍ എസ് നടരാജന്റെ നിരന്തര സമ്മര്‍ദംമൂലമാണ് സൊസൈറ്റി ഭാരവാഹികള്‍ ഭൂമി നല്‍കിയതെന്നും പരാതിയില്‍ പറഞ്ഞു. പരാതിക്ക് മറുപടിയൊന്നും ലഭിച്ചില്ല. എന്നാല്‍, കൂടുതല്‍ വിവാദമുണ്ടാകേണ്ടെന്നു കരുതി നായരുടെ ബന്ധുക്കള്‍ ഭൂമി തിരികെ നല്‍കി. ജീവനക്കാര്‍ക്കുള്ള ഭവനപദ്ധതികള്‍ സംബന്ധിച്ച് 1995ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമാണ് ഭൂമിദാനം. ജീവനക്കാര്‍ക്കുള്ള ഭവനപദ്ധതികള്‍ക്കായി രൂപീകരിക്കുന്ന സൊസൈറ്റികളില്‍ അംഗത്വം ജീവനക്കാര്‍ക്കു മാത്രമായിരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
40 ഉദ്യോഗസ്ഥര്‍ക്കും ചട്ടം ലംഘിച്ച് ഭൂമി
ബംഗളൂരു: ബിഇഎംഎല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളികള്‍ക്കായി അനുവദിച്ച ഭൂമി പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും വഴിവിട്ട് അനുവദിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ 40 ഉദ്യോഗസ്ഥര്‍ക്കാണ് ബിഇഎംഎല്‍ സിഎംഡി വി ആര്‍ എസ് നടരാജന്‍ ഇടപെട്ട് സൈറ്റ് അനുവദിച്ചതെന്ന് ബിഇഎംഎല്‍ മുന്‍ തൊഴിലാളിയും ഓഹരിയുടമയുമായ കെ എസ് പെരിയസ്വാമി വെളിപ്പെടുത്തി. അനധികൃത ഭൂമി കൈമാറ്റത്തിന്റെ തെളിവുകളും രേഖകളും തന്റെ പക്കലുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നടരാജന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങളെത്തുടര്‍ന്നാണ് ബിഇഎംഎല്ലില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കായി വകയിരുത്തിയ ഭൂമി ഉന്നത ഉദ്യോഗസ്ഥര്‍ക്കും ബന്ധുക്കള്‍ക്കും വഴിവിട്ട് അനുവദിച്ചത്. ടി കെ എ നായരും നടരാജനും അടുത്ത സുഹൃത്തുക്കളാണ്. കടുത്ത സമ്മര്‍ദം ചെലുത്തിയാണ് നായര്‍ തന്റെ ബന്ധുക്കള്‍ക്ക് അനധികൃതമായി ഭൂമി ലഭ്യമാക്കിയത്. ബംഗളൂരു നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ബിഇഎംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയത്തിലെ 63 സൈറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ ചട്ടം ലംഘിച്ച് സ്വന്തമാക്കിയത് ഏറെ വിവാദമായിരുന്നു. ഇതിനിടയിലാണ് ടി കെ എ നായര്‍ക്കും ബന്ധുവിനും കുടുംബസുഹൃത്തിനും ഭൂമിദാനംചെയ്ത വാര്‍ത്ത "ദ ഹിന്ദു" പുറത്തുവിട്ടത്.
ബിഇഎംഎല്ലില്‍ അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്കും കര്‍ണാടകത്തില്‍ 10 വര്‍ഷമായി താമസിക്കുന്നവര്‍ക്കും മാത്രമേ സൈറ്റ് അനുവദിക്കാന്‍ പാടുള്ളുവെന്നാണ് ബിഇഎംഎല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചട്ടം. എന്നാല്‍, നായരടക്കം 63 പേര്‍ക്ക് ചട്ടം ലംഘിച്ച് ഭൂമി അനുവദിച്ചു. തുച്ഛമായ വിലയ്ക്കായിരുന്നു ഇത്. പലതവണ വിവിധ തൊഴിലാളി സംഘടനകള്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമെടുത്തില്ല. പകരം പരാതി നല്‍കിയവര്‍ക്കെതിരെ പ്രതികാരനടപടി കൈക്കൊള്ളുകയായിരുന്നു സിഎംഡി. നടരാജനും നായരും ചേര്‍ന്നുള്ള സംഘം അനവധി അഴിമതി നടത്തിയിട്ടുണ്ടെന്നും പെരിയസ്വാമി ആരോപിച്ചു. ഉന്നതങ്ങളിലെ സമ്മര്‍ദം കാരണമാണ് ഇവ പുറത്തുവരാത്തത്. ചുരുങ്ങിയത് 6000 ഫയലുകളെങ്കിലും ഇരുവരുംചേര്‍ന്ന് കൈകാര്യംചെയ്തിട്ടുണ്ട്. രാജ്യം കണ്ട വന്‍ കുംഭകോണങ്ങളിലൊന്നാണിത്. ഇവര്‍ രാജ്യത്തെ വില്‍ക്കുകയാണെന്നും പെരിയസ്വാമി പറഞ്ഞു.
(പി വി മനോജ്കുമാര്‍)
ട്രക്ക് ഇടപാട് ഏഴുവര്‍ഷം മുമ്പുതന്നെ വിവാദമായി
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തെ പിടിച്ചുകുലുക്കിയ ടട്രാ ട്രക്ക് ഇടപാട് ഏഴു വര്‍ഷം മുമ്പുതന്നെ വിവാദമായിരുന്നു. യഥാര്‍ഥ നിര്‍മാതാക്കളില്‍ നിന്നല്ല ട്രക്ക് ഇറക്കുമതി ചെയ്യുന്നതെന്നും ഇടനിലക്കമ്പനി ഇറക്കുന്ന ട്രക്കിന്റെ ഭാഗങ്ങള്‍ ബിഇഎംഎല്ലില്‍ കൂട്ടിയോജിപ്പിക്കുകയാണെന്നുമുള്ള ആരോപണം 2005ല്‍ ഉയര്‍ന്നു. സാങ്കേതികവിദ്യ സ്വന്തമാക്കാതെ ബിഇഎംഎല്‍ കൂട്ടിയോജിപ്പിക്കല്‍മാത്രമാണ് നടത്തുന്നതെന്ന ആക്ഷേപം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായെടുത്തില്ല. ചെക്ക് റിപ്പബ്ലിക്കിലെ ടട്രാ കമ്പനിയുമായി 1986ല്‍ ഒപ്പിട്ട കരാര്‍ രവി ഋഷിയുടെ കമ്പനിയായ ടട്രാ സിപോക്സ് യുകെയ്ക്ക് 1997ല്‍ ലഭിച്ചു. യഥാര്‍ഥ നിര്‍മാതാക്കളുമായുണ്ടാക്കിയ കരാര്‍ എങ്ങനെ ഇടനിലക്കമ്പനിക്ക് കിട്ടിയെന്നതാണ് സിബിഐ അന്വേഷിക്കുന്ന വിഷയങ്ങളിലൊന്ന്.
ടട്രാ സിപോക്സില്‍നിന്ന് ട്രക്കിന്റെ ഭാഗങ്ങള്‍ ഇറക്കുമതിചെയ്ത് യോജിപ്പിക്കുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു 2005ല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിഗമനം. ടട്രാ സിപോക്സ് യുകെ എന്ന കമ്പനി ടട്രാ കമ്പനിയുടെ ഉപസ്ഥാപനമാണെന്ന ചെക്ക് റിപ്പബ്ലിക്കിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. ചെക്കോസ്ലോവാക്യ വിഭജിക്കപ്പെട്ട് ചെക്ക്, സ്ലോവാക്യ റിപ്പബ്ലിക്കുകളാക്കിയപ്പോള്‍ കമ്പനിക്കുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ കമ്പനി രൂപീകരിച്ചതെന്നും സ്ഥാനപതി കത്തില്‍ പറഞ്ഞു. ടട്രാ സിപോക്സ് ഡയറക്ടര്‍ ജോസഫ് മാജ്സ്കിയില്‍നിന്ന് പ്രതിരോധ മന്ത്രാലയം വിവരങ്ങള്‍ ആരാഞ്ഞു. ഇന്ത്യയുമായുള്ള ട്രക്കിടപാട് തുടരാന്‍ മാതൃസ്ഥാപനം ടട്രാ സിപോക്സിനെയാണ് ചുമതലപ്പെടുത്തിയതെന്ന മറുപടിയും ലഭിച്ചു. ടട്രാ സിപോക്സില്‍നിന്ന് ട്രക്കിന്റെ ഭാഗങ്ങള്‍ ഇറക്കുമതിചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലെന്ന് പ്രതിരോധ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
deshabhimani 300412
കമ്പനിവല്‍ക്കരണം: വൈദ്യുതി ബോര്‍ഡിലെ പെന്‍ഷന്‍ മുടങ്ങും
ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വവും പെന്‍ഷനും അപകടത്തിലാക്കി വൈദ്യുതി ബോര്‍ഡില്‍ പുനഃസംഘടന നടപ്പാക്കുന്നു. കമ്പനി രൂപീകരണത്തിന് സര്‍ക്കാരും നിലവിലുള്ള ബോര്‍ഡും ജീവനക്കാരുടെ സംഘടനകളും ചേര്‍ന്ന ത്രികക്ഷി കരാര്‍ വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് അട്ടിമറി. ഇപ്പോള്‍ വിഭാവനം ചെയ്ത രീതിയില്‍ കമ്പനിവല്‍ക്കരണം നടന്നാല്‍ നിരവധിപേര്‍ക്ക് പെന്‍ഷന്‍ മുടങ്ങും.
നിലവിലുള്ള ജീവനക്കാരെ മുഴുവന്‍ കമ്പനിയില്‍ സ്ഥിരപ്പെടുത്തുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ കൈമാറ്റ കരടില്‍ പറഞ്ഞിരുന്നത്. എന്നാല്‍, "നിലവിലുള്ള" എന്നതിനു പകരം "യോഗ്യരായ" എന്ന് യുഡിഎഫ് സര്‍ക്കാര്‍ തിരുത്തല്‍ വരുത്തി. സമയബന്ധിതമായി പ്രൊമോഷന്‍ നല്‍കുമെന്ന വ്യവസ്ഥയും മാറ്റി. കാര്യക്ഷമത വിലയിരുത്തിയായിരിക്കും പ്രൊമോഷനെന്ന് പുതിയ കരടില്‍ പറയുന്നു. ഇതെല്ലാം ജീവനക്കാരില്‍ സംശയം ജനിപ്പിക്കുന്നു. ഇപ്പോഴത്തെ നിലയില്‍ കമ്പനിവല്‍ക്കരണം നടപ്പാക്കുന്നത് പെന്‍ഷന്‍ മുടങ്ങാനിടയാക്കും.
സ്വകാര്യ ട്രസ്റ്റ് രൂപീകരിച്ചാണ് കമ്പനിയില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. കമ്പനിവല്‍ക്കരണം നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കുന്ന പണത്തിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നു. എന്നാല്‍, കേരളത്തിലാകട്ടെ, ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. 7584 കോടി രൂപയുടെ ഫണ്ട് രൂപീകരിച്ചാലേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ കഴിയൂ. നിലവില്‍ 4520 കോടിയുടെ സ്രോതസ്സുകള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ പ്രതിവര്‍ഷം 850 കോടിയാണ് ബോര്‍ഡ് നിലവില്‍ മുടക്കുന്നത്. കേരളത്തില്‍ ജനങ്ങളുടെ കൂടിയ ആയുര്‍ദൈര്‍ഘ്യം, വര്‍ധിച്ചുവരുന്ന ശമ്പള ആനുകൂല്യങ്ങള്‍ എന്നിവ ബാധ്യത ഇനിയും വര്‍ധിപ്പിക്കും. ഫണ്ടിലേക്കുള്ള തുകയില്‍ 2400 കോടിയോളും രൂപയുടെ കുറവുള്ളത് പെന്‍ഷന്‍ മുടങ്ങാനിടയാക്കും. കമ്പനിവല്‍ക്കരണം നടപ്പായാല്‍ അടുത്തമാസത്തെ പെന്‍ഷന്‍ കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ജൂണ്‍ 30 വരെ സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും അടുത്തമാസം തന്നെ കമ്പനിവല്‍ക്കരണം നടപ്പാക്കാനാണ് ചെയര്‍മാന്റെ നേതൃത്വത്തില്‍ തിരക്കിട്ട നീക്കം. ഐഎഎസുകാരനായ ചെയര്‍മാന്‍ മെയ് 31നു സര്‍വീസില്‍ നിന്ന് വിരമിക്കുമെന്നതാണ് ഇതിനു കാരണമായി പറയുന്നത്. മെയ് മാസം തന്നെ കമ്പനിവല്‍ക്കരണം നടപ്പായാല്‍ നിലവിലുള്ള ചെയര്‍മാന് കമ്പനിയുടെ ചുമതലക്കാരനാകാനും കഴിയും.
(ആര്‍ സാംബന്‍)
deshabhimani 300412
റേഷന്‍കടകളിലെ ഗോതമ്പ് വിതരണവും നിര്‍ത്തലാക്കി
മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചതിനു പിന്നാലെ റേഷന്‍ ഗോതമ്പ് വിതരണവും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. റേഷന്‍കടകള്‍ വഴി വിതരണംചെയ്യാന്‍ കേരളത്തിന് പ്രതിമാസം 18,000 ടണ്‍ ഗോതമ്പാണ് അനുവദിച്ചിരുന്നത്. ഇനി മുതല്‍ ഇത് സ്വകാര്യമില്ലുകള്‍ക്ക് നല്‍കും. അവര്‍ അത് പൊടിച്ച് സപ്ലൈകോയ്ക്ക് കൈമാറും. സ്വകാര്യമില്ലുടമകളുടെ ലാഭക്കൊതിയും സമ്മര്‍ദവുമാണ് ഈ തീരുമാനത്തിനു പിന്നില്‍. റേഷന്‍കട വഴി കിലോയ്ക്ക് രണ്ടു രൂപയ്ക്ക് ലഭിച്ചിരുന്ന ഗോതമ്പ് മായം ചേര്‍ത്ത് ആട്ടയാക്കിയത് 13 രൂപയ്ക്ക് ജനങ്ങള്‍ വാങ്ങേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഗോതമ്പ് ആട്ടയാക്കി വിതരണംചെയ്യുന്നതെന്ന് കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ വി തോമസ് പറഞ്ഞു.
കേന്ദ്രം അനുവദിക്കുന്ന 5000 ടണ്‍ ഗോതമ്പ് സ്വകാര്യമില്ലുകളില്‍ ആട്ടയാക്കി ഇപ്പോള്‍ത്തന്നെ സംസ്ഥാനത്ത് വിതരണംചെയ്യുന്നുണ്ട്. എന്നാല്‍, നിലവാരം മോശമായതിനാല്‍ ഇതിന് ചെലവു കുറവാണ്. മോശം ഗോതമ്പ് തവിട് കൂടി ചേര്‍ത്ത് മില്ലുകാര്‍ റേഷന്‍കടകള്‍ക്ക് നല്‍കുന്നതായി ആരോപണം നിലനില്‍ക്കെയാണ് ചുമതല പൂര്‍ണമായും അവരെ ഏല്‍പ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് റേഷന്‍കടകള്‍ അടച്ചിടുമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിഷേന്‍ പ്രസിഡന്റ് ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു.
deshabhimani 300412
വിമാനത്താവളത്തില്‍ പരിചയപ്പെട്ട യുവതിക്ക് വിസി വക ഉദ്യോഗം
വിമാനത്താവളത്തില്‍ പരിചയപ്പെട്ട യുവതിക്ക് വൈസ്ചാന്‍സലര്‍ ഡോ. അബ്ദുള്‍സലാം കലിക്കറ്റ് സര്‍വകലാശാലയില്‍ അനധികൃത നിയമനം നല്‍കി. വിസിയുടെ പ്രത്യേക ശുപാര്‍ശ പ്രകാരം ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം ലഭിച്ച ഡല്‍ഹി നിവാസി അശ്വതി പത്മസേനന്‍ സര്‍വകലാശാലയുടെ പ്രത്യേക ലെയ്സണ്‍ ഓഫീസറാണിപ്പോള്‍. സര്‍വകലാശാലാ ഓര്‍ഡിസന്‍സില്‍പോലുമില്ലാത്ത തസ്തികയില്‍ മാസശമ്പളം 15,000 രൂപ. ജോലി രാജ്യതലസ്ഥാനത്തും. അശ്വതി പത്മസേനന്‍ നല്‍കിയ അപേക്ഷയില്‍ വിസി തന്റെ ശുപാള്‍ശ എഴുതിയതിങ്ങനെ
"സെന്‍ട്രല്‍ എഡ്യുക്കേഷന്‍ കണ്‍സോര്‍ഷ്യം (സിഇസി) യോഗത്തില്‍ പങ്കെടുക്കാനുള്ള എന്റെ യാത്രക്കിടെ ഞാന്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍വച്ചാണ് ഇവരെ പരിചയപ്പെട്ടത്. നമ്മള്‍ നേരത്തെ ചര്‍ച്ചചെയ്തപ്രകാരം ഇവര്‍ക്ക് ജോലി ലഭിക്കാനാവശ്യമായ സഹായങ്ങള്‍ ചെയ്താലും"- 2011 നവംബര്‍ 18ന് വിസി ഒപ്പിട്ട കുറിപ്പില്‍ പറയുന്നു. ഉദ്യോഗാര്‍ഥിയുടെ കഴിവും പ്രാഗത്ഭ്യവും ബോധ്യപ്പെട്ടതായും അപേക്ഷ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ പരിഗണനയ്ക്കെടുക്കണമെന്നും ഒപ്പം വിസി നിര്‍ദേശിച്ചു.
എന്നാല്‍, സര്‍വകലാശാലാ ഓര്‍ഡിനന്‍സിലില്ലാത്ത തസ്തികയില്‍ നിയമനം നടത്താനാവില്ലെന്ന് ബന്ധപ്പെട്ട സെക്ഷന്‍ രജിസ്ട്രാര്‍ക്ക് മറുപടി നല്‍കി. നിയമനം നിര്‍ബന്ധമാണെങ്കില്‍ പാലിക്കേണ്ട നടപടിക്രമവും അറിയിച്ചു. ഇതേതുടര്‍ന്നാണ് 2011 ഡിസംബര്‍ എട്ടിനു ചേര്‍ന്ന സിന്‍ഡിക്കേറ്റില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചത്. അതനുസരിച്ച് പിന്നീട് രണ്ടുപേരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അശ്വതിക്ക് നിയമനം നല്‍കുകയായിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചിനാണ് അശ്വതിക്ക് സര്‍വകലാശാല നിയമന മെമ്മോ അയച്ചത്. സര്‍വകലാശാലയ്ക്ക് യുജിസിയില്‍ നിന്നും മറ്റ് ഏജന്‍സികളില്‍നിന്നും കേന്ദ്ര മന്ത്രിസഭയില്‍നിന്നും ലഭിക്കുന്ന ധനസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ത്വരിതപ്പെടുത്താനെന്ന പേരിലാണ് നിയമനം. ന്യൂഡല്‍ഹിയില്‍ "ക്യാമ്പ്ഫയര്‍ ഗ്രാഫിക് നോവല്‍" എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായ അശ്വതി അവിടെ ഇരുന്നാണ് ലെയ്സണ്‍ ഓഫീസര്‍ ജോലിചെയ്യുന്നത്. ഹാജര്‍ രജിസ്റ്റര്‍പോലും ഇവര്‍ക്ക് ബാധകമല്ല. എല്ലാ മാസവും ഇവരുടെ അക്കൗണ്ടില്‍ സര്‍വകലാശാല ശമ്പളം അയച്ചുകൊടുക്കുകയാണ്.
സര്‍വകലാശാലാ ഓര്‍ഡിനന്‍സിലില്ലാത്ത എസ്റ്റേറ്റ് ഓഫീസര്‍ തസ്തികയില്‍ മുമ്പ് വിസി നടത്തിയ നിയമനം വിവാദമായിരുന്നു. കൃഷിവകുപ്പില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ച എം ഭാസ്കരനെയാണ് വിസി പ്രത്യേക താല്‍പര്യമെടുത്ത് എസ്റ്റേറ്റ് ഓഫീസറായി നിയമിച്ചത്. 24,000 രൂപ ശമ്പളത്തിലാണ് നിയമനം.
(സി പ്രജോഷ്കുമാര്‍)
deshabhimani 300412
അശ്വതി പത്മസേനന്റെ കത്തും ലേഖകന്റെ വിശദീകരണവും ഇവിടെ
"സെന്‍ട്രല്‍ എഡ്യുക്കേഷന്‍ കണ്‍സോര്‍ഷ്യം (സിഇസി) യോഗത്തില്‍ പങ്കെടുക്കാനുള്ള എന്റെ യാത്രക്കിടെ ഞാന്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍വച്ചാണ് ഇവരെ പരിചയപ്പെട്ടത്. നമ്മള്‍ നേരത്തെ ചര്‍ച്ചചെയ്തപ്രകാരം ഇവര്‍ക്ക് ജോലി ലഭിക്കാനാവശ്യമായ സഹായങ്ങള്‍ ചെയ്താലും"- 2011 നവംബര്‍ 18ന് വിസി ഒപ്പിട്ട കുറിപ്പില്‍ പറയുന്നു. ഉദ്യോഗാര്‍ഥിയുടെ കഴിവും പ്രാഗത്ഭ്യവും ബോധ്യപ്പെട്ടതായും അപേക്ഷ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ പരിഗണനയ്ക്കെടുക്കണമെന്നും ഒപ്പം വിസി നിര്‍ദേശിച്ചു.
എന്നാല്‍, സര്‍വകലാശാലാ ഓര്‍ഡിനന്‍സിലില്ലാത്ത തസ്തികയില്‍ നിയമനം നടത്താനാവില്ലെന്ന് ബന്ധപ്പെട്ട സെക്ഷന്‍ രജിസ്ട്രാര്‍ക്ക് മറുപടി നല്‍കി. നിയമനം നിര്‍ബന്ധമാണെങ്കില്‍ പാലിക്കേണ്ട നടപടിക്രമവും അറിയിച്ചു. ഇതേതുടര്‍ന്നാണ് 2011 ഡിസംബര്‍ എട്ടിനു ചേര്‍ന്ന സിന്‍ഡിക്കേറ്റില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചത്. അതനുസരിച്ച് പിന്നീട് രണ്ടുപേരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അശ്വതിക്ക് നിയമനം നല്‍കുകയായിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചിനാണ് അശ്വതിക്ക് സര്‍വകലാശാല നിയമന മെമ്മോ അയച്ചത്. സര്‍വകലാശാലയ്ക്ക് യുജിസിയില്‍ നിന്നും മറ്റ് ഏജന്‍സികളില്‍നിന്നും കേന്ദ്ര മന്ത്രിസഭയില്‍നിന്നും ലഭിക്കുന്ന ധനസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ത്വരിതപ്പെടുത്താനെന്ന പേരിലാണ് നിയമനം. ന്യൂഡല്‍ഹിയില്‍ "ക്യാമ്പ്ഫയര്‍ ഗ്രാഫിക് നോവല്‍" എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായ അശ്വതി അവിടെ ഇരുന്നാണ് ലെയ്സണ്‍ ഓഫീസര്‍ ജോലിചെയ്യുന്നത്. ഹാജര്‍ രജിസ്റ്റര്‍പോലും ഇവര്‍ക്ക് ബാധകമല്ല. എല്ലാ മാസവും ഇവരുടെ അക്കൗണ്ടില്‍ സര്‍വകലാശാല ശമ്പളം അയച്ചുകൊടുക്കുകയാണ്.
സര്‍വകലാശാലാ ഓര്‍ഡിനന്‍സിലില്ലാത്ത എസ്റ്റേറ്റ് ഓഫീസര്‍ തസ്തികയില്‍ മുമ്പ് വിസി നടത്തിയ നിയമനം വിവാദമായിരുന്നു. കൃഷിവകുപ്പില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ച എം ഭാസ്കരനെയാണ് വിസി പ്രത്യേക താല്‍പര്യമെടുത്ത് എസ്റ്റേറ്റ് ഓഫീസറായി നിയമിച്ചത്. 24,000 രൂപ ശമ്പളത്തിലാണ് നിയമനം.
(സി പ്രജോഷ്കുമാര്‍)
deshabhimani 300412
അശ്വതി പത്മസേനന്റെ കത്തും ലേഖകന്റെ വിശദീകരണവും ഇവിടെ
ഗോള്‍ഫ് ക്ലബ്: മുന്‍ ഭാരവാഹികള്‍ക്കു നല്‍കണമെന്ന് മാണിയുടെ സര്‍ക്കുലര്‍
സര്‍ക്കാര്‍ അധീനതയിലുള്ള കോടികള്‍ വിലമതിക്കുന്ന ഗോള്‍ഫ് ക്ലബ് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനുള്ള നീക്കത്തിന് പിന്നില്‍ നിയമവകുപ്പും. ഗോള്‍ഫ് ക്ലബ് വിട്ടുകൊടുക്കരുതെന്ന റവന്യു വകുപ്പിന്റെ നിര്‍ദ്ദേശം പാടെ തള്ളിക്കളഞ്ഞാണ് നിയമ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. മന്ത്രി കെ എം മാണിയുടെ ഒപ്പോടുകൂടി ഇറങ്ങിയ സര്‍ക്കുലറില്‍ ക്ലബ് ഏറ്റെടുക്കല്‍ നടപടി നിലനില്‍ക്കുന്നതല്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്ലബ് മുന്‍ നടത്തിപ്പുകാര്‍ക്ക് നല്‍കുന്നതില്‍ നിയമപരമായ തടസ്സങ്ങള്‍ ഇല്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത തിരുവനന്തപുരം ഗോള്‍ഫ്ക്ലബ് മുമ്പുള്ള ക്ലബ് ഭാരവാഹികള്‍ക്ക് തിരികെ നല്‍കാനാണ് നീക്കം. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയും കെട്ടിടങ്ങളും ക്ലബ് ഭാരവാഹികള്‍ക്ക് നല്‍കുന്നതിനോട് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ റവന്യു വകുപ്പിന്റെ നിര്‍ദ്ദേശം മറികടന്നാണ് നിയമവകുപ്പിന്റെ നീക്കം.
1991-94 കാലഘട്ടത്തില്‍ നിവേദിത പി ഹരന്‍ തിരുവനന്തപുരം ജില്ലാ കലക്ടറായിരിക്കെയാണ് പാട്ടക്കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് ക്ലബിന് നോട്ടീസയച്ചത്. അന്ന് നോട്ടീസ് നല്‍കിയതിന് തൊട്ട് പിന്നാലെ നിവേദിത പി ഹരനെ സ്ഥലം മാറ്റി. കെ എം മാണിയായിരുന്നു അന്ന് റവന്യു മന്ത്രി. ഇപ്പോള്‍ നിവേദിത പി ഹരനെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. ക്ലബ് ഏറ്റെടുത്തശേഷം അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഗവേണിങ് ബോഡി രൂപീകരിച്ചതിനെതിരെ ക്ലബ് ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവ് വരുന്നതിന് മുമ്പേതന്നെ ക്ലബ് കൈമാറാനാണ് നീക്കം.
കേസിന്റെ വാദം നീട്ടിക്കൊണ്ടുപോകാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കിയതിന് ഗോള്‍ഫ്ക്ലബ് ഭാരവാഹികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തിലൂടെ നന്ദി അറിയിച്ചിരുന്നു. ക്ലബ് കൈമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ്സെക്രട്ടറിയുടെ അധ്യക്ഷതയില്‍ അനൗദ്യോഗിക യോഗവും നടന്നിരുന്നു. മന്ത്രി ഗണേഷ്കുമാറും, ഷിബു ബേബിജോണും ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുമെല്ലാം ക്ലബിലെ സ്ഥിരാംഗങ്ങളാണ്. ഗോള്‍ഫ് കളി പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് 1962ലാണ് സര്‍ക്കാര്‍ പാട്ടക്കരാര്‍ വ്യവസ്ഥയില്‍ ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബിന് ഭൂമിയും കെട്ടിടങ്ങളും കൈമാറിയത്. ക്ലബില്‍ ബാര്‍ ആരംഭിക്കുകയും തലസ്ഥാനത്തെ ഉന്നതരുടെ താവളമാവുകയും ചെയ്തു.വാടകയിലൂടെ ക്ലബ് ഭാരവാഹികള്‍ പ്രതിമാസം ലക്ഷങ്ങള്‍ കൊയ്തെങ്കിലും സര്‍ക്കാരിന് നികുതി നല്‍കിയിരുന്നില്ല.
deshabhimani 300412
ലീഗ് ട്രസ്റ്റിന് 1.09 കോടി നല്‍കാന്‍ ഉത്തരവ്
പഞ്ചായത്തുഭരണമന്ത്രി എം കെ മുനീറിന്റെ പിതാവ് സി എച്ച് മുഹമ്മദുകോയയുടെ പേരില്‍ മുസ്ലിംലീഗ് നേതാക്കള്‍ നടത്തുന്ന സ്വകാര്യ ചാരിറ്റബിള്‍ ട്രസ്റ്റിന് തദ്ദേശഭരണസ്ഥാപനങ്ങള്‍വഴി ഒരുകോടി ഒമ്പതുലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്. പിതാവിന്റെ പേരിലുള്ള ട്രസ്റ്റിന് തദ്ദേശഫണ്ട് കൊള്ളയടിക്കാന്‍ മകന്‍ ഭരിക്കുന്ന വകുപ്പ് ഇറക്കിയ ഉത്തരവ് തദ്ദേശഭരണസ്ഥാപനങ്ങളെ ഞെട്ടിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത് സി എച്ച് മുഹമ്മദുകോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ എന്ന പേരില്‍ ലീഗ് നേതാക്കള്‍ നടത്തുന്ന ട്രസ്റ്റിന്റെ പേരിലാണ് പൊതുഖജനാവ് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തദ്ദേശസ്വയംഭരണവകുപ്പിന്റെ സ.ഉ (സാധാരണ ഉത്തരവ്) നം.1044-2012 നമ്പര്‍ ഉത്തരവില്‍, ചാരിറ്റബിള്‍ സെന്ററിന് തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ കോര്‍പറേഷനും നഗരസഭകളും ജില്ല- ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളും ഫണ്ട് നല്‍കാന്‍ നിര്‍ദേശിക്കുന്നു. കോര്‍പറേഷനും ജില്ലാപഞ്ചായത്തും മൂന്നുലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും രണ്ടുലക്ഷം വീതവും ഗ്രാമപഞ്ചായത്തുകള്‍ ഒരുലക്ഷം വീതവും നല്‍കാന്‍ യഥേഷ്ടാനുമതി നല്‍കുന്നതായി ഉത്തരവില്‍ പറയുന്നു. ഇതുപ്രകാരം 1.09 കോടി സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ 11 ബ്ലോക്ക് പഞ്ചായത്തും നാലു നഗരസഭയും 73 ഗ്രാമപഞ്ചായത്തുമുണ്ട്. ഏപ്രില്‍ രണ്ടിന് ഇറക്കിയ ഉത്തരവിനുപുറമെ എല്ലാ സ്ഥാപനത്തിലെയും സെക്രട്ടറിമാരെ ഫോണില്‍ വിളിച്ച് തുക അനുവദിക്കാന്‍ ഉന്നതങ്ങളില്‍നിന്ന് വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുക നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ദോഷമായി ബാധിക്കുമെന്ന ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ചെയര്‍മാനായുള്ള സെന്ററിന്റെ മറ്റു ഭാരവാഹികളും ലീഗ് നേതാക്കളും പ്രവര്‍ത്തകരുമാണ്. റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ എത്തുന്ന വിരലിലെണ്ണാവുന്ന രോഗികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കുന്നുവെന്നാണ് ഈ സെന്റര്‍ അവകാശപ്പെടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ സി എച്ച് മുഹമ്മദുകോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ എന്ന പച്ച ബോര്‍ഡ് വച്ച ചെറിയ ഷെഡുള്ളതൊഴിച്ചുനിര്‍ത്തിയാല്‍ ഈ സംഘടനയുടെ കാര്യമായ പ്രവര്‍ത്തനമൊന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആര്‍സിസി അധികൃതര്‍ക്കും ഒന്നുമറിയില്ല. ഫണ്ട് നല്‍കാന്‍ ആധാരമായി ഉത്തരവില്‍ പറയുന്ന ഏകഘടകം സെന്റര്‍ പ്രസിഡന്റിന്റെ കത്തുമാത്രമാണ്. ഈ കത്തിനെ അടിസ്ഥാനപ്പെടുത്തി മന്ത്രി ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരം വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ഫണ്ടില്‍ സേവനമേഖലയില്‍ വിനിയോഗിക്കുന്നതിന് നിശ്ചിത തുക നീക്കിവച്ചിട്ടുണ്ട്. ഈ തുക ഇത്തരം സെന്ററുകള്‍ക്ക് നല്‍കാന്‍ വകുപ്പില്ല. ഇത് മറികടന്ന് ഫണ്ട് വകമാറ്റി തട്ടിയെടുക്കാനുള്ള തന്ത്രമാണ് ഉത്തരവിനുപിന്നില്‍. ഭാവിപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന മന്ത്രി ഓഫീസില്‍നിന്നുള്ള ഭീഷണിയുള്ളതിനാല്‍, മുഴുവന്‍ സ്ഥാപനങ്ങളും തുക നല്‍കേണ്ടിവരുമെന്ന് ഭയക്കുന്നു. കലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ ഭൂമിദാനപ്രശ്നം കത്തിനില്‍ക്കെയാണ് ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി, ഫണ്ട് തട്ടാന്‍ ലീഗ് മന്ത്രി ഉത്തരവിറക്കിയത്.
(എം രഘുനാഥ്)
deshabhimani 300412
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത് സി എച്ച് മുഹമ്മദുകോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ എന്ന പേരില്‍ ലീഗ് നേതാക്കള്‍ നടത്തുന്ന ട്രസ്റ്റിന്റെ പേരിലാണ് പൊതുഖജനാവ് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തദ്ദേശസ്വയംഭരണവകുപ്പിന്റെ സ.ഉ (സാധാരണ ഉത്തരവ്) നം.1044-2012 നമ്പര്‍ ഉത്തരവില്‍, ചാരിറ്റബിള്‍ സെന്ററിന് തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ കോര്‍പറേഷനും നഗരസഭകളും ജില്ല- ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളും ഫണ്ട് നല്‍കാന്‍ നിര്‍ദേശിക്കുന്നു. കോര്‍പറേഷനും ജില്ലാപഞ്ചായത്തും മൂന്നുലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും രണ്ടുലക്ഷം വീതവും ഗ്രാമപഞ്ചായത്തുകള്‍ ഒരുലക്ഷം വീതവും നല്‍കാന്‍ യഥേഷ്ടാനുമതി നല്‍കുന്നതായി ഉത്തരവില്‍ പറയുന്നു. ഇതുപ്രകാരം 1.09 കോടി സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ 11 ബ്ലോക്ക് പഞ്ചായത്തും നാലു നഗരസഭയും 73 ഗ്രാമപഞ്ചായത്തുമുണ്ട്. ഏപ്രില്‍ രണ്ടിന് ഇറക്കിയ ഉത്തരവിനുപുറമെ എല്ലാ സ്ഥാപനത്തിലെയും സെക്രട്ടറിമാരെ ഫോണില്‍ വിളിച്ച് തുക അനുവദിക്കാന്‍ ഉന്നതങ്ങളില്‍നിന്ന് വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുക നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ദോഷമായി ബാധിക്കുമെന്ന ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ചെയര്‍മാനായുള്ള സെന്ററിന്റെ മറ്റു ഭാരവാഹികളും ലീഗ് നേതാക്കളും പ്രവര്‍ത്തകരുമാണ്. റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ എത്തുന്ന വിരലിലെണ്ണാവുന്ന രോഗികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കുന്നുവെന്നാണ് ഈ സെന്റര്‍ അവകാശപ്പെടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ സി എച്ച് മുഹമ്മദുകോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ എന്ന പച്ച ബോര്‍ഡ് വച്ച ചെറിയ ഷെഡുള്ളതൊഴിച്ചുനിര്‍ത്തിയാല്‍ ഈ സംഘടനയുടെ കാര്യമായ പ്രവര്‍ത്തനമൊന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആര്‍സിസി അധികൃതര്‍ക്കും ഒന്നുമറിയില്ല. ഫണ്ട് നല്‍കാന്‍ ആധാരമായി ഉത്തരവില്‍ പറയുന്ന ഏകഘടകം സെന്റര്‍ പ്രസിഡന്റിന്റെ കത്തുമാത്രമാണ്. ഈ കത്തിനെ അടിസ്ഥാനപ്പെടുത്തി മന്ത്രി ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരം വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ഫണ്ടില്‍ സേവനമേഖലയില്‍ വിനിയോഗിക്കുന്നതിന് നിശ്ചിത തുക നീക്കിവച്ചിട്ടുണ്ട്. ഈ തുക ഇത്തരം സെന്ററുകള്‍ക്ക് നല്‍കാന്‍ വകുപ്പില്ല. ഇത് മറികടന്ന് ഫണ്ട് വകമാറ്റി തട്ടിയെടുക്കാനുള്ള തന്ത്രമാണ് ഉത്തരവിനുപിന്നില്‍. ഭാവിപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന മന്ത്രി ഓഫീസില്‍നിന്നുള്ള ഭീഷണിയുള്ളതിനാല്‍, മുഴുവന്‍ സ്ഥാപനങ്ങളും തുക നല്‍കേണ്ടിവരുമെന്ന് ഭയക്കുന്നു. കലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ ഭൂമിദാനപ്രശ്നം കത്തിനില്‍ക്കെയാണ് ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി, ഫണ്ട് തട്ടാന്‍ ലീഗ് മന്ത്രി ഉത്തരവിറക്കിയത്.
(എം രഘുനാഥ്)
deshabhimani 300412
ഗാര്‍ഹിക മണ്ണെണ്ണ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു: സര്‍ക്കാര്‍ മൗനത്തില്‍
ഗാര്‍ഹികാവശ്യത്തിനുള്ള മണ്ണെണ്ണ വന്‍തോതില്‍ കരിഞ്ചന്തയിലേക്ക് ഒഴുകുകയാണ്. വള്ളങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മണ്ണെണ്ണ ആവശ്യത്തിന് വിതരണം ചെയ്യാതെ പൂഴ്ത്തിവച്ച് ഗോഡൗണുകളില്‍ നിന്നാണ് കരിഞ്ചന്തയിലേക്ക് ഒഴുകുന്നത്.
ഓരോ തീരപ്രദേശത്തുനിന്നും കടലില്‍ മത്സ്യബന്ധനത്തിനായി ഇറങ്ങുന്ന വള്ളങ്ങള്‍ക്കാണ് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത്. ഒരു വള്ളത്തിന് 120 മുതല്‍ 139 ലിറ്റര്‍ വരെയാണ് അനുവദിക്കുന്നത്. നിലവില്‍ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങളുടെ എണ്ണത്തെക്കാള്‍ നാലിരട്ടിയോളം വള്ളങ്ങള്‍ക്കാണ് പെര്‍മിറ്റ് അനുവദിക്കുന്നത്. വള്ളങ്ങളുടെ തെറ്റായ കണക്ക് കാണിച്ച് ഗോഡൗണ്‍ കേന്ദ്രീകരച്ച് പ്രവര്‍ത്തിക്കുന്ന ലോബിയാണ് അനധികൃത മണ്ണെണ്ണ പെര്‍മിറ്റ് സംഘടിപ്പിക്കുന്നത്. ഗോഡൗണ്‍ നടത്തിപ്പുകാര്‍ക്കും ഇതില്‍ പ്രധാന പങ്ക് ഉണ്ട്. ഫലത്തില്‍ മത്സ്യബന്ധനത്തിന് പോകുന്ന വളരെ കുറച്ചു വള്ളങ്ങള്‍ക്ക് മാത്രമാണ് മണ്ണെണ്ണ ലഭിക്കുന്നത്.
വള്ളങ്ങളുടെ പേരില്‍ എത്തുന്ന മണ്ണെണ്ണ വന്‍തോതില്‍ കരിഞ്ചന്തയില്‍ എത്തും. വന്‍കിട ബോട്ടുടമകളാണ് ഇത്തരത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള മണ്ണെണ്ണ കൈക്കലാക്കുന്നത്. ഇതു കൂടാതെ ലിറ്ററിന് എട്ടിരട്ടി അധികം വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്ന ഇതിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ചേര്‍ത്തലയില്‍ 1500 ലിറ്റര്‍ മണ്ണെണ്ണ ഈ അടുത്തകാലത്ത് പിടിച്ചെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ മത്സ്യബന്ധന വള്ളങ്ങള്‍ക്കായി പ്രത്യേകം മണ്ണെണ്ണ അനുവദിച്ചിട്ടില്ല. ഗാര്‍ഹികാവശ്യത്തിനുള്ള മണ്ണെണ്ണയാണ് പ്രത്യേക പെര്‍മിറ്റില്‍ മത്സ്യബന്ധനത്തിന് കൊടുക്കുന്നത്. ഇതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ മത്സ്യബന്ധനത്തിനായി പ്രത്യേകം മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്.
ഇതു മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ ഓരോ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കൂടുതല്‍ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും ബംഗാളിലും കര്‍ണാടകയിലും ആറ് ലിറ്റര്‍ വീതം ജമ്മു കശ്മീരില്‍ 14 ലിറ്റര്‍ മണ്ണെണ്ണയുമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. കേരളത്തിനോട് കേന്ദ്രം എല്ലാത്തിലും എന്നപോലെ വന്‍ അവഗണനയാണ് ഈ വിഷയത്തിലും കാണിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉള്ള വീടെന്നോ ഇല്ലാത്ത വീടെന്നോ തരംതിരിച്ചിട്ടില്ല. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഒരുപോലെ മണ്ണെണ്ണ നല്‍കുന്നു. അതേസമയം കേരളത്തില്‍ തരംതിരിച്ചു വൈദ്യുതീകരിച്ച വീടുകള്‍ക്ക് അര ലിറ്ററാണ് ദാനംപോലെ നല്‍ക്കുന്നത്.
കേരളത്തിനുവേണ്ടി സംസാരിക്കാന്‍ കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ മന്ത്രിമാരും എം പിമാരും ഉണ്ടെങ്കിലും മണ്ണെണ്ണ വിഷയത്തില്‍ ഇവര്‍ മൗനംപാലിക്കുകയാണ് ചെയ്യുന്നത്.
കേരളത്തില്‍ മത്സ്യബന്ധന വള്ളങ്ങള്‍ക്കായി മണ്ണെണ്ണ നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് സി പി ഐ നേതാവ് സി ദിവാകരന്‍ കൊണ്ടുവന്ന പദ്ധതി യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കാതെ മാറ്റിവച്ചിരിക്കുകയാണ്. പദ്ധതി നടത്തിപ്പിനായി 15 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ മണ്ണെണ്ണ കരിഞ്ചന്തക്കാരെ സഹായിക്കുന്ന തരത്തിലുള്ള നടപടികളാണ് കൈകൊണ്ടിരിക്കുന്നത്.
janayugom 300412
വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും രംഗത്ത്
പരസ്യപ്രസ്താവനകള്‍ക്ക് കല്‍പിച്ച വിലക്ക് ലംഘിച്ച് വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. അഞ്ചാം മന്ത്രിയും വകുപ്പുമാറ്റവും സംബന്ധിച്ച വിവാദം കത്തിനില്‍ക്കെ ഒരാഴ്ച മുമ്പ് ഒരു കല്യാണച്ചടങ്ങില്‍ വെച്ചാണ് കെ പി സി സി പ്രസിഡന്റും ലീഗ് നേതാക്കളും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി കെട്ടിപ്പിടിച്ചുകൊണ്ട് പ്രഖ്യാപിച്ചത്. എന്നാല്‍ അതിന്റെ ചൂടാറും മുമ്പ് ഇന്നലെ വീണ്ടും ആരോപണങ്ങളുമായി ആര്യാടന്‍ മുഹമ്മദും കെ മുരളീധരനും രംഗത്തെത്തി.
ഇനി പറയാനുള്ളതെല്ലാം നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പു തീയതിയായ ജൂണ്‍ രണ്ട് കഴിഞ്ഞിട്ടു പറയുമെന്നായിരുന്നു കെ മുരളീധരന്‍ കെ പി സി സി പ്രസിഡന്റിന്റെ വിലക്കു വന്ന ഉടന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ലീഗുകാര്‍ പ്രതിസ്ഥാനത്തു വന്ന കാലിക്കറ്റ് സര്‍വകലാശാലം ഭൂമിദാനപ്രശ്‌നത്തോടെ മുരളീധരന്‍ ലീഗ് വിരുദ്ധപ്രസ്താവനയുമായി വീണ്ടുമെത്തുകയായിരുന്നു. സര്‍വകലാശാലയുടെ തലപ്പത്തിരിക്കുന്നത് പെരുങ്കള്ളന്മാരാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൊരുള്‍ വ്യക്തം. ഭൂമിദാനത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് പൊല്ലാപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന മുരളീധരനെ നെയ്യാറ്റിന്‍കരയിലെ തിരഞ്ഞെടുപ്പു പരിപാടിയില്‍ നിന്ന് കോണ്‍ഗ്രസ് മാറ്റിനിര്‍ത്തിയിരിക്കുകയുമാണ്.
ലീഗിന്റെ ശക്തനായ എതിരാളിയായി അറിയപ്പെടുന്ന ആര്യാടന്‍ മുഹമ്മദ് ഇന്നലെ കോഴിക്കോട് എടക്കാട് മണ്ഡലം സമ്മേളനത്തിലാണ് ലീഗിനെതിരെ വീണ്ടും ആഞ്ഞടിച്ചത്. ലീഗിന്റെ പേരെടുത്തുപറയാതെയായിരുന്നു ആക്ഷേപങ്ങള്‍. മുസ്‌ലിം തീവ്രവാദസംഘടനകള്‍ എല്ലാ പാര്‍ട്ടികളിലും നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ ആര്യാടന്‍ ചില പാര്‍ട്ടികളില്‍ അവര്‍ക്ക് എളുപ്പം കയറിക്കൂടാന്‍ കഴിയുന്നുണ്ടെന്നും പറഞ്ഞു. ഇത് ലീഗിനെ ഉദ്ദേശിച്ചാണ്. അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ അഭിപ്രായം പറഞ്ഞ ആര്യാടനെതിരെ പ്രകടനം നടത്തുകയും ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്‌യതില്‍ ലീഗില്‍ കയറിക്കൂടിയ തീവ്രവാദികള്‍ക്ക് പങ്കുള്ളതായി വാര്‍ത്തകളുണ്ടായിരുന്നു.
ലീഗിന്റെ ചില നേതാക്കളും ഇതു ശരിവെച്ചുകൊണ്ട് പാര്‍ട്ടിയോഗങ്ങളില്‍ സംസാരിക്കുകയും ചെയ്തു. ഇതിനുമുമ്പ് കാസര്‍കോട്ടും കണ്ണൂരും നടന്ന അക്രമസംഭവങ്ങളിലും ലീഗിനകത്ത് കയറിക്കൂടിയ തീവ്രവാദികളുടെ പങ്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതേസമയം തീവ്രവാദികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല ലീഗ് എന്ന് പരസ്യമായി കഴിഞ്ഞ ദിവസങ്ങളില്‍ ലീഗ് നേതാക്കള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇതെല്ലാം വെച്ചുകൊണ്ടാണ് ആര്യാടന്‍ ലീഗിനെ തീവ്രവാദികള്‍ക്ക് എളുപ്പം കയറിക്കൂടാവുന്ന പാര്‍ട്ടിയായി ചിത്രീകരിച്ചിരിക്കുന്നത്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നടത്തിയ കേരളയാത്രയില്‍ പങ്കെടുക്കരുതെന്ന് മുസ്‌ലിം ലീഗ് നേതൃത്വം അവരുടെ നേതാക്കളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളാവട്ടെ ലീഗിനെ പ്രകോപിപ്പിക്കാന്‍ എല്ലായിടത്തും കാന്തപുരത്തിന്റെ യാത്രാസ്വീകരണങ്ങളില്‍ വലിയ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യാത്രയുടെ സമാപനത്തില്‍ ആര്യാടന്‍ മുഹമ്മദും കെ മുരളീധരനും പങ്കെടുത്തു. കാന്തപുരത്തിന്റെ വളര്‍ച്ചയില്‍ ആരും അസൂയപ്പെട്ടിട്ടു കാര്യമില്ലെന്ന് ലീഗിനെ പ്രകോപ്പിച്ചുകൊണ്ട് ചടങ്ങില്‍ ആര്യാടന്‍ പറയുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് നയിക്കുന്ന യാത്രക്ക് മലബാറില്‍ നല്‍കിയ സ്വീകരണങ്ങളിലെല്ലാം ലീഗ്-കോണ്‍ഗ്രസ് പോര് പ്രകടമായിരുന്നു. നേതാക്കളുടെ പ്രസംഗങ്ങളെല്ലാം ലീഗിനെതിരായ ആരോപണങ്ങള്‍ നിറഞ്ഞതായിരുന്നു.
ഇരു പാര്‍ട്ടികളുടേയും സംസ്ഥാന പ്രസിഡന്റുമാര്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്ന് പറഞ്ഞെങ്കിലും അണികള്‍ക്കിടയില്‍ ഇപ്പോഴും ശത്രുത തീര്‍ന്നിട്ടില്ല. ഇരു കൂട്ടര്‍ക്കും ഒരുമിച്ച് ഒരു പരിപാടിയല്‍ പങ്കെടുക്കാനോ യോഗം വിളിച്ചുകൂട്ടാനോ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. അതിനിടെ മലപ്പുറം ജില്ലയില്‍ യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഇരുകൂട്ടരും പരസ്പരം കാലുവാരാനും ആരംഭിച്ചിട്ടുണ്ട്.
സി കരുണാകരന്‍ ജനയുഗം 300412
ആരോഗ്യവകുപ്പില്‍ 'കീടനാശിനി മാഫിയ'യുടെ ക്വട്ടേഷന്‍ സംഘം
പ്രതിയോടും പ്രതിഭാഗം വക്കീലിനോടും കൂടിയാലോചിച്ചിട്ട് കുറ്റപത്രം തിരുത്തിയെഴുതി സമര്‍പ്പിച്ചാല്‍ മതി'.
കൊലപാതകം സംബന്ധിച്ച് അന്വേഷണം നടത്തിയും മൊഴിയെടുത്തും തയ്യാറാക്കിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചുകഴിയുമ്പോള്‍ ആഭ്യന്തരവകുപ്പ് അന്വേഷണോദ്യോഗസ്ഥനോടും പബ്ലിക് പ്രോസിക്യൂട്ടറോടും ഇങ്ങനെ ആവശ്യപ്പെടുമോ? അതും സംഭവിക്കും നാളെ. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എന്‍ഡോസള്‍ഫാന്‍ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന് അന്വേഷിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാര്‍ക്ക് നല്‍കിയ കല്‍പന അങ്ങനെയൊരു സാധ്യത ആസന്നഭാവിയില്‍ പ്രതീക്ഷിക്കാം എന്ന സൂചനയാണ് നല്‍കുന്നത്.
2010 അവസാനമാണ് മെഡിക്കല്‍ കോളജ് സംഘം കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ബാധ സംബന്ധിച്ച് പഠനം നടത്തിയത്. കേരള ഗവണ്‍മെന്റിന്റെ നിര്‍ദേശമനുസരിച്ചായിരുന്നു പഠനം. എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശവാസികളില്‍ നിന്നും രക്തസാമ്പിളെടുത്തു. താരതമ്യപഠനത്തിന് കീടനാശിനി തളിക്കാത്ത ഗ്രാമങ്ങളില്‍ നിന്നും അത്രതന്നെയാളുകളുടെ സാമ്പിളുമെടുത്തു. കോയമ്പത്തൂരിലെ സലിം അലി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശോധന നടത്തിയത്. കീടനാശിനി തളിച്ച പ്രദേശത്ത് രോഗബാധ കൂടുതലുണ്ടെന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് യഥാസമയം ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. സുപ്രിം കോടതി മുമ്പാകെ ഈ റിപ്പോര്‍ട്ടാണ് ഹാജരാക്കിയത്. ഈ വിവരമറിഞ്ഞപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകര്‍ പരിഭ്രാന്തരായി. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മനസ്സിലാക്കി എക്‌സല്‍ പ്രൊഡക്ഷന്‍ മേധാവി ഗണേശന്‍ പഠനസംഘത്തിലെ ഡോക്ടര്‍മാര്‍ക്ക് വിക്കീല്‍ നോട്ടീസയച്ചു. 2011 ജൂലൈ 28 നകം റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി. ഡോക്ടര്‍ ജയകൃഷ്ണനും സംഘവും വഴങ്ങിയില്ല. അതുകൊണ്ടാണ് ആരോഗ്യമന്ത്രിയെ പാട്ടിലാക്കിയത്. മന്ത്രി കല്‍പിച്ചു: സെക്രട്ടറി ഉത്തരവിട്ടു. റിപ്പോര്‍ട്ട് തിരുത്തണം, ഗണേശന്‍ പറഞ്ഞു. തരും എന്താണ് എഴുതേണ്ടത് എന്ന്.
എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ പുതിയ കളിയല്ല ഇത്. 2002 ല്‍ ഒ പി ദുബെ കേന്ദ്രസര്‍ക്കാരിനുവേണ്ടി അന്വേഷണം നടത്താന്‍ വന്നപ്പോള്‍ ആ സംഘത്തില്‍ കീടനാശിനി ഉല്‍പാദകരുടെ പ്രതിനിധികളായ അശ്വിന്‍ഷ്‌റോഫും സാഗര്‍ കൗശിക്കും ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള ലാബോറട്ടറികളെ അവഗണിച്ച് തമിഴ്‌നാട്ടിലെ ഒരു സ്വകാര്യലാബിലാണ് സാമ്പിള്‍ പരിശോധന നടത്തിയത്. ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എണ്‍വയോണ്‍മെന്റ് കണ്ടെത്തിയതുപോലെ, തിരുത്തിയെഴുതിയ റിപ്പോര്‍ട്ടാണ് ലാബിന്റേതായി റിപ്പോര്‍ട്ടില്‍ ചേര്‍ത്തത്. സലിം അലി ഇന്‍സ്റ്റിറ്റിയൂട്ട് വഴങ്ങാത്തപ്പോള്‍ ഭീഷണി. ലാബ് ജീവനക്കാര്‍ക്കുംകിട്ടി വക്കീല്‍ നോട്ടീസ്.
സുപ്രിം കോടതിമുമ്പാകെയുള്ള കേസില്‍ മെഡിക്കല്‍ കോളജിന്റെ പഠനറിപ്പോര്‍ട്ട് പരിഗണിക്കപ്പെടും എന്ന് കണ്ടപ്പോള്‍ മറ്റൊരു അടവ്; ചില എന്‍ ജി ഒ കളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങി യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. ഒരു ഇംഗ്ലീഷ് പത്രത്തില്‍ ഇങ്ങനെയൊരു പരസ്യവും നല്‍കി.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ചേര്‍ന്ന യോഗങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിലും ഗണേശനും ഹരിഹരനും ജി കെ പാണ്ഡെയും തീര്‍ഥാങ്കര്‍ ബസുവും മറ്റും ഉണ്ടായിരുന്നു.
കേന്ദ്ര കൃഷിമന്ത്രാലയം സെക്രട്ടറിയെ മൂകസാക്ഷിയാക്കി ഇവരാണ് ഇന്ത്യയുടെ നിലപാട് ജനീവാ കണ്‍വന്‍ഷനില്‍ അവതരിപ്പിച്ചത്. തിരിച്ചുവന്നശേഷം ഇവര്‍ ഡല്‍ഹിയില്‍ വലിയൊരു ശില്‍പശാല സംഘടിപ്പിച്ചു; ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. പങ്കെടുത്ത പ്രമുഖര്‍ സോണിയാഗാന്ധി, മന്‍മോഹന്‍സിംഗ്, ശരത്പവാര്‍. ഇന്ത്യയിലെ കൃഷി മെച്ചപ്പെടണമെങ്കില്‍ എന്‍ഡോസള്‍ഫാന്‍ അനുപേക്ഷണീയം - ശില്‍പശാലയുടെ പ്രഖ്യാപനം. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനുള്ള മൂന്നുപാധി എന്‍ഡോസള്‍ഫാന്റെ നിയന്ത്രണം നീക്കുക എന്നത് - ശരത്പവാര്‍. കേരള ആരോഗ്യവകുപ്പും കൃഷിവകുപ്പും 'കീടനാശിനി മാഫിയ'യുടെ ക്വട്ടേഷന്‍ സംഘത്തെപ്പോലെ പ്രവര്‍ത്തിക്കുന്നു. അതിന് അവസാനത്തെ തെളിവാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.
നാരായണന്‍ പേരിയ ജനയുഗം 300412
Sunday, April 29, 2012
സര്‍ക്കാര്‍ സമീപനം വേട്ടക്കാരുടേത്: വി വി ദക്ഷിണാമൂര്‍ത്തി
കോഴിക്കോട്: മത്സ്യത്തൊഴിലാളികളോട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേട്ടക്കാരുടെ സമീപനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. അതുകൊണ്ടാണ് പണംകൊടുത്ത് വെടിവയ്പ്പ് കേസ് ഇല്ലതാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവന് സര്‍ക്കാര്‍ വില കല്‍പ്പിക്കുന്നില്ലെന്ന സ്ഥിതി വന്നു. പക്ഷികളെ കൊല്ലുന്ന ലാഘവത്തോടെയാണ് നമ്മുടെ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ നിറയൊഴിക്കുന്നത്. അവര്‍ തങ്ങളുടെ സ്വന്തമെന്നുകരുതുന്ന കടലില്‍വച്ച് അടുത്തിടെ ഏഴ് മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ജീവന്‍ പണയപ്പെടുത്തി കടലില്‍പോയി ജനതയ്ക്ക് ഭക്ഷണവും രാജ്യത്തിന് വിദേശനാണ്യവും നേടിത്തരുന്ന കടലിന്റെ മക്കളോട് എല്ലാവിഭാഗം ജനങ്ങള്‍ക്കുമുള്ള ആദരമാണ് മനുഷ്യസാഗരത്തില്‍ പ്രകടമായത്- അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരുകള്‍ സംരക്ഷണം നല്‍കണം: പാലോളി
തിരൂര്‍: മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും ജീവനും സംരക്ഷണം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. ഫിഷറീസ് കോര്‍ഡിനേഷന്‍ നേതൃത്വത്തില്‍ നടത്തിയ മനുഷ്യസാഗരത്തിനുശേഷം പുറത്തൂര്‍ നായര്‍തോടില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തെ തുടക്കത്തില്‍ ഗൗരവത്തോടെ കണ്ട സര്‍ക്കാരുകള്‍ പിന്നീട് പ്രതികള്‍ക്കനുകൂലമായി. കോടതിക്കുപോലും ഇക്കാര്യത്തില്‍ സര്‍ക്കാരുകളെ വിമര്‍ശിക്കേണ്ടിവന്നു. കൊലയാളികളായ ഇറ്റലിക്കാരെ രക്ഷപ്പെടുത്തുന്ന നിലയിലേക്ക് മാറ്റിപ്പറയുന്ന സ്ഥിതിക്ക് പിന്നില്‍ ഗൂഢശക്തികളുണ്ടെന്ന സംശയം ഉയര്‍ന്നിരിക്കുന്നു. ബാലിശമായ വാദഗതികളുയര്‍ത്തി പ്രതികളെ സംരക്ഷിക്കുന്നവര്‍ക്കെതിരെയുള്ള മത്സ്യ ത്തൊഴിലാളികളുടെ രോഷമാണ് മനുഷ്യസാഗരത്തിലൂടെ പ്രകടമായതെന്നും പാലോളി പറഞ്ഞു.
സി ഒ അറുമുഖന്‍ അധ്യക്ഷനായി. കൂട്ടായി ബഷീര്‍, കെ വി സുധാകരന്‍, സി ഒ ശ്രീനിവാസന്‍, കെ ടി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. മൂന്നങ്ങാടിയില്‍ പൊതുയോഗം സിപിഐ എം ഏരിയാ സെക്രട്ടറി എ ശിവദാസന്‍ ഉദ്ഘാടനംചെയ്തു. സി കുട്ടന്‍ അധ്യക്ഷനായി. കെ നാരായണന്‍, എ കെ മജീദ്, കാസിം വാടി എന്നിവര്‍ സംസാരിച്ചു. വാടിക്കലില്‍ യു വി പുരുഷോത്തമന്‍ ഉദ്ഘാടനംചെയ്തു. കെ പി ബാപ്പുട്ടി അധ്യക്ഷനായി. പി സദാശിവന്‍, കെ പി സുനില്‍കുമാര്‍, എം പി മജീദ്, ഷംസു എന്നിവര്‍ സംസാരിച്ചു. കൂട്ടായി ടൗണില്‍ നടന്ന പൊതുയോഗം കെ ടി ജലീല്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. കെ പി ബാപ്പുട്ടി അധ്യക്ഷനായി. എം ബാപ്പുട്ടി, കെ സെയ്തലവി, സലാം താണിക്കാട്, ഹംസക്കോയ, ഹംസക്കുട്ടി എന്നിവര്‍ സംസാരിച്ചു. പറവണ്ണയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ദിവാകരന്‍ ഉു്ഘാടനംചെയ്തു. അഡ്വ. യു സൈനുദ്ദീന്‍, അധ്യക്ഷനായി. സി പി കുഞ്ഞുമോന്‍, എം രജനി, എ പി ഉബൈദ് എന്നിവര്‍ സംസാരിച്ചു.
വിദേശിക്ക് ധാര്‍ഷ്ട്യത്തിന് അവസരമൊരുക്കിയത് ഭരണക്കാര്‍ : ബേബിജോണ്‍
ചാവക്കാട്: കടല്‍സമ്പത്ത് ഒരു കൂട്ടം പരദേശി കടല്‍ക്കൊള്ളക്കാര്‍ക്ക് തീറെഴുതിയതോടെയാണ്് നമ്മുടെ മത്സ്യതൊഴിലാളിജീവിതം ദുരിതപൂര്‍ണ്ണമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍. ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യസാഗരത്തോടനുബന്ധിച്ച് ചാവക്കാട് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടല്‍ എന്റേതാണെന്ന വിശ്വാസത്തിലാണ് തലമുറകളായി മീന്‍പിടുത്തത്തിന് തൊഴിലാളി പോകുന്നത്. ആ മടിത്തട്ടില്‍ അഭയംതേടുന്ന കടല്‍മക്കളെ വെടിവെച്ചിടുന്ന ഭയാനകമായ സ്ഥിതിവിശേഷം പലതിന്റെയും തുടര്‍ച്ചയാണ്. പണ്ടും കടലില്‍ കപ്പലോട്ടവും മത്സ്യബന്ധനവും സുഗമമായി നടന്നിട്ടുണ്ട്. പരസ്പര ബഹുമാനത്തിലായിരുന്നു അത്. ഇത് നഷ്ടപ്പെടുത്താനും വിദേശികള്‍ക്ക് ധാര്‍ഷ്ട്യം കാട്ടാനും അവസരമുണ്ടാക്കിയതില്‍ ഭരണകര്‍ത്താക്കള്‍ക്ക് പങ്കുണ്ട്. കടല്‍ നിങ്ങളുടേതല്ലെന്ന് മീന്‍പിടുത്തക്കാരോട് പറയുന്ന ഒരു വര്‍ഗം ഉയര്‍ന്നുവന്നിട്ടുണ്ട്. അവര്‍ക്കായി ഒരു നിബന്ധനയുമില്ലാതെ കടലിനെ തുറന്നിട്ടുകൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അടിത്തട്ട് വരെ അരിച്ച് വന്ധ്യംകരിക്കുകയാണ് വിദേശ ട്രോളറുകള്‍. പ്രകൃതിവിരുദ്ധ കടല്‍ക്കൊള്ളക്ക് വിദേശികള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നതിന്റെ അനന്തരഫലമാണ് കടലിലെ വെടിവെപ്പും മത്സ്യതൊഴിലാളികളുടെ മരണവും. സ്വന്തം പൗരന്മാര്‍ നിസ്സഹായരായി വെടിയേറ്റു മരിച്ചിട്ടും കോടതിയില്‍ വിദേശികള്‍ക്ക് വേണ്ടി പൊറാട്ടുനാടകമാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. യോഗം ഡിസിസി പ്രസിഡണ്ട് വി ബലറാം ഉദ്ഘാടനം ചെയ്തു. കെ പുരുഷോത്തമന്‍ അധ്യക്ഷനായി.
ഒത്തുതീര്‍പ്പുകള്‍ നിയമത്തിന് വിധേയമാകണം: സുധീരന്‍
നാട്ടിക: കടലിലെ വെടിവയ്പ്പില്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസിലുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ നിയമത്തിന് വിധേയമായിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ .നാട്ടികയില്‍ മനുഷ്യസാഗരത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.
ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കേസില്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായി അറിഞ്ഞു. എന്നാല്‍ നിയമം അതിന്റെ വഴിക്ക് പോകണം. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുകയും വേണം. അതാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന പരമാവധി നീതി. കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്വീകരിച്ച നിലപാട് തെറ്റാണ്. അദ്ദേഹത്തിന്റെ നടപടി നാടിന് നാണക്കേടുണ്ടാക്കി. അദ്ദേഹത്തിന്റെ ഈ നിലപാടിന് പിന്നില്‍ എന്ത് താല്‍പ്പര്യമാണെന്ന് അന്വേഷിച്ച് പുറത്തു കൊണ്ടുവരണം. കേസ് സോളിസിറ്റര്‍ ജനറല്‍ ഏറ്റെടുക്കണം. തല്‍സ്ഥാനത്തുനിന്നു തന്നെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ മാറ്റണം. വെട്ടിക്കുറച്ച മണ്ണെണ്ണ പുനഃസ്ഥാപിച്ച് തീരദേശത്ത് ആവശ്യത്തിന് ലഭ്യമാക്കണമെന്നും സുധീരന്‍ പറഞ്ഞു.
deshabhimani 290412
കേരളത്തില്‍ സിമി സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേരളത്തില്‍ നിരോധിത സംഘടനയായ സിമിയുടെ സാന്നിധ്യം ഇപ്പോഴുമുണ്ടെന്ന് സംസ്ഥാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ടു നല്‍കി. സിമി നിരോധനം സംബന്ധിച്ച് കേന്ദ്ര ട്രൈബ്യൂണലിന് കേന്ദ്രആഭ്യന്തരമന്ത്രാലയം ഈ റിപ്പോര്‍ട്ട് കൈമാറി. അടുത്ത മാസം 3ന് കേരളം സന്ദര്‍ശിക്കുന്ന ജസ്റ്റിസ് വി കെ ഷാലിയുടെ നേതൃത്വത്തിലുള്ള ട്രിബ്യൂണലിന് കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2011 ലാണ് സിമിയുടെ പ്രവര്‍ത്തനം നിരോധിച്ചത്. നിരോധനം പുതുക്കുന്നതിന്റെ ഭാഗമായുള്ള തെളിവുശേഖരിക്കുന്നതിനാണ് ട്രിബ്യൂണല്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നത്.
മതതീവ്രവാദസംഘടനയായ സിമി കേരളത്തില്‍ പലവിധത്തിലുളള വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും സാമുദായികകുഴപ്പങ്ങള്‍ക്കും ശ്രമിച്ചുവരികയായിരുന്നു. കേരളത്തില്‍ നടന്ന സ്ഫോടനങ്ങള്‍ക്കും സാമുദായിക കലാപത്തിനും പിന്നില്‍ സിമിയുടെ കരങ്ങള്‍ ഉണ്ടായിരുന്നു. വിദേശപരിശീലനം കിട്ടിയവര്‍ സിമിയുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ രംഗത്തിറങ്ങി. സിമിയുടെ അംഗങ്ങള്‍ പലരൂപത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രഹസ്യമായി പണവും എത്തുന്നുണ്ട്്. കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് വിദേശരാജ്യങ്ങളില്‍ നിന്നും പണം വാങ്ങി പ്രവര്‍ത്തിക്കുന്ന സംഘടനകളാണിവ. കേരളത്തില്‍ അധ്യാപകന്റെ കൈവെട്ടിയതുള്‍പ്പടെയുള്ള സംഭവങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനം ശക്തമായി വെളിവാക്കപ്പെട്ടിരുന്നു. സാമൂഹ്യപ്രശ്നങ്ങളിലിടപെട്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാനും രഹസ്യമായി ഇത്തരം സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ സിമിയുടെ പ്രവര്‍ത്തനമുണ്ടെന്ന് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
ചില രാഷ്ട്രീയപാര്‍ട്ടികളില്‍ തീവ്രവാദികള്‍ കയറിക്കൂടുന്നു ആര്യാടന്‍
കോഴിക്കോട്: എസ്ഡിപിഐ, സിമി, ജമാഅത്തെ ഇസ്ലാമി, എന്‍ഡിഎഫ് തുടങ്ങിയ തീവ്രവാദസംഘടനകള്‍ ചില രാഷ്ട്രീയപാര്‍ട്ടികളില്‍ കയറിക്കൂടാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്യാടന്‍. ഇവര്‍ക്ക് ചില രാഷ്ട്രീയപാര്‍ട്ടികളില്‍ എളുപ്പത്തില്‍ കയറിക്കൂടാന്‍ കഴിയും. തനിക്കു നേരെ വെടിയുതിര്‍ത്താല്‍ താനും തിരിച്ച് വെടിവെക്കും. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിക്കുകയാണിപ്പോള്‍. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബോര്‍ഡിന്റെ ശുപാര്‍ശ കിട്ടിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും ആര്യാടന്‍ പറഞ്ഞു.
deshabhimani news
1889 കോടി കമ്മി റെഗുലേറ്ററി കമീഷന്‍ അംഗീകരിച്ചു
1889.15 കോടി കമ്മി പ്രതീക്ഷിക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ 2012-13 വര്‍ഷത്തെ വരവുചെലവുകണക്കുകള്‍ക്ക് വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അംഗീകാരം. കമ്മിയുടെ അടിസ്ഥാനത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനാണ് ബോര്‍ഡിന്റെ ആലോചന. 6097.24 കോടി രൂപ വരവും 7986.39 കോടി രൂപ ചെലവും ആണ് കമീഷന്‍ അംഗീകരിച്ചത്. 9638.12 കോടി ചെലവും 6397.24 കോടി വരുമാനവും 3240.25 കോടി കമ്മിയും പ്രതീക്ഷിക്കുന്ന കണക്കുകളാണ് ബോര്‍ഡ് അവതരിപ്പിച്ചത്.
നിലവിലുള്ള നിരക്കില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെയും മറ്റ് ഉപയോക്താക്കള്‍ക്ക് മുന്‍വര്‍ഷത്തെ ഉപയോഗത്തിന്റെ 85 ശതമാനം വരെയും പരിധി ഏര്‍പ്പെടുത്തുകയും അതിനുമുകളിലുള്ള ഉപയോഗത്തിന് യൂണിറ്റ് ഒന്നിന് 11 രൂപ നിരക്കില്‍ വര്‍ഷം മുഴുവന്‍ ഈടാക്കുകയും ചെയ്യണമെന്നായിരുന്നു ബോര്‍ഡിന്റെ നിര്‍ദേശം. എന്നാല്‍, ഒരു വര്‍ഷം മുഴുവന്‍ ഇത്തരം നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നതിനോട് കമീഷന്‍ വിയോജിച്ചു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ സാധാരണഗതിയില്‍ ആവശ്യമില്ല എന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി.
15 ശതമാനം ഉപയോഗനിയന്ത്രണമില്ലാതെ ബോര്‍ഡിന്റെ കമ്മി 3240.25 കോടിക്കു പകരം 4337.08 കോടി ആകുമായിരുന്നു. 2012-13 വര്‍ഷത്തേക്ക് സംസ്ഥാനത്തിന് 19235 ദശലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ടിവരുമെന്ന് കമീഷന്‍ കണക്കാക്കി. ബോര്‍ഡ് പ്രതീക്ഷിക്കുന്ന 15.32 ശതമാനം പ്രസരണ വിതരണനഷ്ടം 14.81 ശതമാനം ആയി കുറയ്ക്കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു. വൈദ്യുതി ഉല്‍പ്പാദനത്തിനും വിലയ്ക്ക് വാങ്ങുന്നതിനും ബോര്‍ഡ് അവതരിപ്പിച്ച 5659 കോടി രൂപയുടെ കണക്കും കമീഷന്‍ അംഗീകരിച്ചില്ല. ഇതിനായി 5202 കോടി രൂപ മതിയെന്ന് കമീഷന്‍ കണ്ടെത്തി. ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവിലേക്കായി ബോര്‍ഡ് 2231 കോടി രൂപ നീക്കിവച്ചെങ്കിലും 1663 കോടി രൂപ മതിയാകുമെന്നാണ് കമീഷന്‍ കണക്കാക്കിയത്. ഈ കണക്കനുസരിച്ച് ഉപയോക്താക്കളില്‍ വൈദ്യുതി എത്തിക്കാനുള്ള ചെലവ് യൂണിറ്റ് ഒന്നിന് 4.64 രൂപയായിരിക്കും. എന്നാല്‍, നിലവിലുള്ള നിരക്ക് അനുസരിച്ച് ബോര്‍ഡിന് യൂണിറ്റ് ഒന്നിന് ശരാശരി 3.49 രൂപമാത്രമേ ഈടാക്കാന്‍ കഴിയൂ എന്നാണ് കമീഷന്‍ കണക്കാക്കിയത്.
deshabhimani 290412
വാള്‍സ്ട്രീറ്റ് മാതൃകയില്‍ കര്‍ഷകപ്രക്ഷോഭം വളര്‍ത്തണം: സി പി നാരായണന്‍
"ഞങ്ങള്‍ 99 ശതമാനം ജനങ്ങള്‍; നിങ്ങള്‍ ഒരു ശതമാനം സമ്പന്നര്‍" എന്ന് അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ മുഴങ്ങിയ ത് പോലെ ഇന്ത്യയിലെ അസംഘടിതരായ കര്‍ഷകജനലക്ഷങ്ങള്‍ക്കും സംഘടിച്ച് മുദ്രാവാക്യം മുഴക്കാന്‍ കഴിയണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി പി നാരായണന്‍ പറഞ്ഞു. കേരള കര്‍ഷകസംഘം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നടത്തിയ പഞ്ചദിന അഖണ്ഡസത്യഗ്രഹ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായമേഖലയില്‍ സംഘടിതതൊഴിലാളികളെ ഇല്ലാതാക്കാന്‍ കരാര്‍ ജോലി വ്യാപകമാക്കുന്നതുപോലെ കാര്‍ഷിക മേഖലയിലേക്കും പുത്തന്‍ നയങ്ങള്‍ വ്യാപിപ്പിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ ഭൂപരിഷ്കരണമെന്നാല്‍ ആദിവാസികളില്‍ നിന്നും ദളിതരില്‍ നിന്നും മറ്റ് ദരിദ്ര-നാമമാത്ര-പരിമിത കര്‍ഷകരില്‍ നിന്നും ഭൂമി തിരിച്ചുപിടിച്ച് വന്‍കിടക്കാര്‍ക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്കും നല്‍കലാണ്. ഇതിനുള്ള ന്യായം കൃഷി ഭൂമി കൃഷി ചെയ്യാന്‍ അവര്‍ക്കേ കഴിയൂ എന്നാണ്. കാര്‍ഷികവായ്പയും ഈ ശതകോടീശ്വരന്മാര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് 12ാം പദ്ധതിരേഖയില്‍ പറയുന്നു. പാവപ്പെട്ട കര്‍ഷകര്‍ക്ക് വായ്പ നല്‍കിയാല്‍ അവര്‍ അത് അടിയന്തര ജീവല്‍പ്രശ്നങ്ങള്‍ക്ക് വകമാറ്റി വിനിയോഗിക്കുമത്രേ. ഭൂവുടമസ്ഥതാ കേന്ദ്രീകരണമാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്. ഇതിനെതിരേ പോരാടാന്‍ കര്‍ഷകര്‍ പുതിയ ഊര്‍ജം ഉള്‍ക്കൊള്ളണം. സംഘടിക്കുന്ന കര്‍ഷകനേ ശബ്ദിക്കാന്‍ കഴിയൂ. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഏറ്റവും അസംഘടിതരായ വിഭാഗമാണ് കര്‍ഷകര്‍. സംഘടിതര്‍ വ്യവസായ തൊഴിലാളികള്‍ മാത്രമാണ്. അതുകൊണ്ടാണ് ഫെബ്രുവരി 28ന്റെ പണിമുടക്കില്‍ എല്ലാ വിഭാഗം തൊഴിലാളികളും ഒറ്റക്കെട്ടായി പങ്കെടുത്ത് ചരിത്രത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞത്. കര്‍ഷകരുടേയും ഈ വിധത്തിലുള്ള ഐക്യനിര പടുത്തുയര്‍ത്താനുള്ള ശ്രമമാണ് കര്‍ഷകസംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് സി പി നാരായണന്‍ പറഞ്ഞു.
സംഘം ജില്ലാ സെക്രട്ടറി പ്രൊഫ. എം ടി ജോസഫ് സമാപന പ്രസംഗം നടത്തി. സമരത്തെ അഭിവാദ്യം ചെയ്ത സിപിഐ എമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും സര്‍വീസ് സംഘടനകളുടെയും നേതാക്കള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. കെ അനില്‍കുമാര്‍ സംസാരിച്ചു. സംഘം സംസ്ഥാന കമ്മിറ്റിയംഗം കെ സി ജോസഫ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പ്രൊഫ. ആര്‍ നരേന്ദ്രനാഥ് സ്വാഗതം പറഞ്ഞു. 23ന് രാവിലെ 10ന് തുടങ്ങിയ സത്യഗ്രഹം 103 മണിക്കൂര്‍ പിന്നിട്ട് 27ന് വൈകിട്ട് നാലിന് സമാപിച്ചു.
deshabhimani 290412
ചട്ടം ലംഘിച്ച് ഉന്നതര്‍ ഭൂമി സ്വന്തമാക്കിയെന്ന്
ട്രക്ക് അഴിമതിക്കു പിന്നാലെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍) മറ്റൊരു വിവാദത്തില്‍. കമ്പനി ജീവനക്കാരുടെ സഹകരണസംഘത്തിന് അനുവദിച്ച ഭൂമി ചട്ടം മറികടന്ന് ഉന്നത ഉദ്യോഗസ്ഥരും ബന്ധുക്കളും സ്വന്തമാക്കിയെന്നാണ് ആരോപണം. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ സ്ഥലംമാറ്റിയെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു.
ബംഗളൂരു നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ബിഇഎംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുംവേണ്ടി നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയത്തിലെ 63 സൈറ്റുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചട്ടം ലംഘിച്ച് സ്വന്തമാക്കിയെന്നാണ് പരാതി. ടട്ര ട്രക്ക് ഇടപാടില്‍ സിബിഐ അന്വേഷണം നേരിടുന്ന സിഎംഡി അടക്കം രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഭൂമി സ്വന്തമാക്കിയവരുടെ പട്ടികയിലുണ്ട്. ദക്ഷിണ ബംഗളൂരുവിലെ വര്‍ത്തൂരില്‍ തുബരഹള്ളിയില്‍ 795, 796 എന്നീ നമ്പരുകളിലുള്ള രണ്ട് സൈറ്റ് ഉന്നത ഉദ്യോഗസ്ഥന്‍ സ്വന്തമാക്കിയെന്നും ആക്ഷേപമുണ്ട്. പൊതുവിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി 8,58,000 രൂപയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയത്.
ബിഇഎംഎല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചട്ടപ്രകാരം പുറത്തുള്ളവര്‍ക്കും സംഘത്തില്‍ അംഗങ്ങളല്ലാത്തവര്‍ക്കും ഭൂമി അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. ബിഇഎംഎല്ലിലെ ഡയറക്ടര്‍മാര്‍ എന്ന പേരിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഭൂമി സ്വന്തമാക്കിയത്. സൊസൈറ്റി നിയമാവലി അനുസരിച്ച് ഡയറക്ടര്‍മാര്‍ സ്ഥിരം ജീവനക്കാരല്ല. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ഭൂമി അനുവദിക്കാന്‍ പാടില്ലെന്നും ബൈലോ അനുശാസിക്കുന്നു. ചട്ടം ലംഘിച്ച് ഭൂമി അനുവദിച്ചതിനെതിരെ ബിഇഎംഎല്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ഒന്നരവര്‍ഷംമുമ്പ് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ചട്ടം ലംഘിച്ച് ഭൂമി അനുവദിച്ച നടപടിക്കെതിരെ പരാതി നല്‍കിയതിന് പ്രതികാര നടപടിയെന്നോണം മൂന്ന് ഉദ്യോഗസ്ഥരെ ബംഗളൂരുവില്‍നിന്ന് കോലാര്‍ ഗോള്‍ഡ്ഫീല്‍ഡിലെ യൂണിറ്റിലേക്ക് സ്ഥലംമാറ്റി. മാര്‍ട്ടിന്‍ ലൂദര്‍, സി ഉമേഷ്, എസ് വിശ്വനാഥ എന്നിവരെയാണ് സ്ഥലംമാറ്റിയത്. ഇതിനെതിരെയാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്.
deshabhimani 290412
ബംഗാളില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
ആറരമാസത്തിനിടെ പശ്ചിമബംഗാളില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 50 ആയി. ബര്‍ദ്വാന്‍ ജില്ലയില്‍ സദര്‍ ഒന്നാം നമ്പര്‍ ബ്ലോക്കില്‍ കുര്‍മുണ്‍ ദക്ഷിണ പാഢാ ഗ്രാമത്തില്‍ ഖാദു ഘോഷ് (58) ആണ് സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി ജീവനൊടുക്കിയ കര്‍ഷകന്‍. 10 ബിഗാ ഭൂമിയില്‍ കൃഷി നടത്തിയ ഘോഷ് വിളവ് നശിച്ച് കടക്കെണിയില്‍പെട്ട സാഹചര്യത്തിലാണ് ജീവനൊടുക്കിയത്.
ബംഗാളിന്റെ വിളനിലമായി അറിയപ്പെടുന്ന ബര്‍ദ്വാന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്. 34 കര്‍ഷകര്‍ ജീവനൊടുക്കി. 2011 ഒക്ടോബര്‍ 12ന് ബാഗ്മാര ഗ്രാമത്തില്‍ ധനാ ടുഡു എന്ന ആദിവാസി പാട്ട കൃഷിക്കാരന്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്തതായിരുന്നു തുടക്കം. ജാല്‍പായഗുരി, ദക്ഷിണ 24 പര്‍ഗാനാസ്, ഉത്തര 24 പര്‍ഗാനാസ്, ബീര്‍ഭൂം, മാള്‍ഡ, മൂര്‍ഷിദാബാദ്, ഹൗറ, പശ്ചിമ മേദിനിപുര്‍, ബാങ്കുറ എന്നീ ജില്ലകളിലും കര്‍ഷകര്‍ ജീവനൊടുക്കി.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുപകരം ജീവനൊടുക്കിയവരെ അപമാനിക്കാനാണ് മുഖ്യമന്ത്രിയും സഹ മന്ത്രിമാരും ശ്രമിക്കുന്നത്. ആത്മഹത്യകള്‍ക്ക് കാരണം കുടുംബപ്രശ്നങ്ങളാണ് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സര്‍ക്കാര്‍ സഹായം ലഭിക്കാതെവന്നതിനെ തുടര്‍ന്ന് കൃഷിക്കാര്‍ സ്വകാര്യപണമിടപാടുകരില്‍നിന്ന് കൊള്ളപ്പലിശയ്ക്ക് പണം കടമെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. മിനിമംകൂലി നല്‍കി വിളവ് ഏറ്റെടുക്കുന്നതിലും സര്‍ക്കാര്‍ വീഴ്ചകാട്ടി. ഇതോടെ വിളകള്‍ കുറഞ്ഞ വിലയ്ക്ക് ഇടനിലക്കാര്‍ക്ക് വില്‍ക്കേണ്ടിവന്നു. ഇടതുമുന്നണി ഭരണത്തില്‍ കൃഷികാര്‍ക്ക് സൗജന്യനിരക്കില്‍ വിത്തും വളവും നല്‍കിയിരുന്നു. കൃഷി ഈടിന്മേല്‍ പണം കടം ലഭിക്കാനും പൂര്‍ണമായി വിളവ് ഏറ്റെടുക്കാനും സംവിധാനം ഉണ്ടായിരുന്നു.
(ഗോപി)
deshabhimani 290412
മതസംഘടനകള്‍ രാഷ്ട്രീയപാര്‍ടികളായി രൂപംമാറുന്നതിനോട് എതിര്‍പ്പ്: കാന്തപുരം
മതസംഘടനകള്‍ രാഷ്ട്രീയപാര്‍ടികളായി രൂപം മാറുന്നതിനോട് ആശയപരമായി എതിരാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. കേരളയാത്രയുടെ സമാപനം കുറിച്ച് സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരിക്കലും രാഷ്ട്രീയ പാര്‍ടി രൂപീകരണം ഞങ്ങളുടെ ലക്ഷ്യമല്ല. സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചും വ്യക്തമായ നിലപാടുകള്‍ ഞങ്ങള്‍ക്കുണ്ട്. ഈ ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരോട് ഞങ്ങളും അനുഭാവം പുലര്‍ത്തും. സാക്ഷരതാപ്രസ്ഥാനത്തിന്റെ മാതൃകയില്‍ മാനവികകേരളം സാക്ഷാല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ സമഗ്രപദ്ധതിക്ക് രൂപംനല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ മാനവികപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍,മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, മന്ത്രി വി എസ് ശിവകുമാര്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരളയാത്രയുടെ സമാപനസംഗമത്തിന്റെ ഭഭാഗമായി മൂന്ന് മണിയോടെ പുത്തരിക്കണ്ടം മൈതാനത്തുനിന്ന് ആരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.
deshabhimani 290412
സര്‍ക്കാരറിയാതെ വിദേശികള്‍ കരാറുറപ്പിച്ചതെങ്ങനെ: വി എസ്
ഇറ്റാലിയന്‍ നാവികര്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അറിയാതെ ഇന്ത്യന്‍ പൗരന്മാരുമായി ഒരു വിദേശരാജ്യത്തിന് എങ്ങനെ കരാര്‍ ഉറപ്പിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചോദിച്ചു. ഇത് ഗുരുതര വിഷയമാണ്. ആസൂത്രിതമായ നാടകത്തിലെ രംഗങ്ങള്‍പോലെയാണ് കടല്‍കൊലക്കേസ് മുന്നോട്ടുപോകുന്നത്. ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ അന്തസ്സ് കെടുത്തിയ ഈ നടപടി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് സമഗ്ര അന്വേഷണത്തിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം-വി എസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേസില്‍ വാദിഭാഗത്തിന്റെ കൂറുമാറ്റം രാജ്യാന്തരതലത്തില്‍ത്തന്നെ ഇന്ത്യക്ക് അപമാനമാണ്. കൊല്ലപ്പെട്ടവര്‍ ജോലിചെയ്തിരുന്ന ബോട്ടിന്റെ ഉടമ 17 ലക്ഷം രൂപ കണ്ടപ്പോള്‍ ആദ്യം പറഞ്ഞതെല്ലാം വിഴുങ്ങി. കൊല്ലപ്പെട്ട സഹപ്രവര്‍ത്തകരാണ് സംഭവത്തിന് ഉത്തരവാദികളെന്നാണ് ഇപ്പോള്‍ ബോട്ടുടമ പറയുന്നത്. ഇറ്റാലിയന്‍ മാനദണ്ഡപ്രകാരം നിസ്സാരതുക നഷ്ടപരിഹാരം കിട്ടിയപ്പോള്‍ ബന്ധുക്കള്‍ കേസ് പിന്‍വലിച്ചു. കേരള ഹൈക്കോടതി ഈ നടപടിയെ നിശിതമായി വിമര്‍ശിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഇറ്റാലിയന്‍ കൊലയാളികള്‍ക്കുവേണ്ടി വാദിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രതികള്‍ക്ക് ഗസ്റ്റ് ഹൗസില്‍ താമസ സൗകര്യം നല്‍കുന്നു. കേസ് അട്ടിമറിക്കത്തക്ക നിലയില്‍ കേരള പൊലീസ് എഫ്ഐആര്‍ തയ്യാറാക്കുന്നു. ഇറ്റലിയില്‍നിന്നെത്തിയ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുരോഹിതര്‍ക്കും കേസ് അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നു. പണത്തോടുള്ള ആര്‍ത്തിയും അടിമ മനോഭാവവും ആത്മാഭിമാനമില്ലായ്മയുമാണ് കടല്‍ക്കൊലയുടെ കാര്യത്തില്‍ ഇവിടെ ഉണ്ടായിട്ടുള്ളത്. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും മറ്റ് ചില കേന്ദ്രങ്ങളുടെയും ഗൂഢാലോചനയുടെ ഫലമാണെന്ന് വിഎസ് പറഞ്ഞു.
deshbahimani 290412
എസ്എസ്എല്‍സി: നൂറുമേനി പദ്ധതി തകര്‍ത്തതും പിന്നോട്ടടിക്കു കാരണം
എസ്എസ്എല്‍സി വിജയശതമാനത്തില്‍ കോട്ടയം ജില്ല മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് "നൂറുമേനി" പദ്ധതി തകിടം മറിച്ചതും കാരണമായി. എല്‍ഡിഎഫ് ജില്ലാപഞ്ചായത്ത് ഭരിച്ചപ്പോള്‍ കൊണ്ടുവന്ന ഈ പദ്ധതി യുഡിഎഫ് അധികാരമേറ്റയുടന്‍ വേണ്ടെന്ന് തീരുമാനിച്ചു. ഇപ്പോഴുണ്ടായ പിന്നോട്ടടിക്കു മറുപടി പറയേണ്ടത് സര്‍ക്കാരും ജില്ലാപഞ്ചായത്തുമാണ്. സോഷ്യല്‍ സയന്‍സിന് കൂട്ടത്തോല്‍വി വന്നതാണ് ഒന്നാം സ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന ഒരു പത്രത്തിന്റെ പ്രചാരണവും അധികാരികളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ്.
എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയിലെ വിജയശതമാനം ഉയര്‍ന്നതിനു പിന്നില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കിയ നൂറുമേനി പദ്ധതിയായിരുന്നെന്ന് കണക്കുകളില്‍ തന്നെ വ്യക്തം. 2010ല്‍ ജില്ലയിലെ വിജയം 96.37 ശതമാനമായിരുന്നു. 2011ല്‍ 97.02 ലേക്ക് വിജയശതമാനം വര്‍ധിച്ചപ്പോള്‍ ജില്ല സ്വന്തമാക്കിയത് സംസ്ഥാനത്തെ ഒന്നാം റാങ്ക്. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ ജില്ലയില്‍ 80 ശതമാനമായിരുന്നു വിജയം. നൂറുശതമാനവും വിജയം ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന അഡ്വ. കെ അനില്‍കുമാറാണ് നൂറുമേനി പദ്ധതി ആവിഷ്കരിച്ചത്. കെ പി സുഗുണന്‍ പ്രസിഡന്റായ ഭരണസമിതി പദ്ധതി ജില്ലയില്‍ എല്ലായിടത്തും നടപ്പാക്കാന്‍ തീരുമാനിച്ചു. സ്കൂളുകളില്‍ സര്‍വേ നടത്തിയായിരുന്നു തുടക്കം. കുട്ടികളുടെ വീട്ടിലെ സാഹചര്യങ്ങളും സാമ്പത്തിക-സാമൂഹ്യ സ്ഥിതിയും ഇതിലൂടെ മനസിലാക്കി. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ മൂന്നാട്ട് കൊണ്ടുവരാന്‍ "എഡ്യുകെയര്‍" പരിപാടി സംഘടിപ്പിച്ചു.
പിന്നീടാണ് ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിലും നൂറുമേനി പദ്ധതി തുടങ്ങിയത്. ഒമ്പതാം ക്ലാസിലെ അര്‍ധവാര്‍ഷിക പരീക്ഷയുടെ നിലവാരം കൂടി മാനദണ്ഡമാക്കി കുട്ടികളെ എ,ബി,സി എന്നിങ്ങനെ തരംതിരിച്ചു. ഇതില്‍ "സി" ഗ്രൂപ്പില്‍ പെട്ട കുട്ടികളുടെ പഠനത്തിന് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി. ഇവര്‍ക്ക് പ്രത്യേക ട്യൂഷന് ഓരോ അധ്യാപകര്‍ക്കും ചുമതല നല്‍കി. രാവിലെ ഒമ്പതു മുതല്‍ 10 വരെയും ക്ലാസ് കഴിഞ്ഞ് വൈകിട്ട് നാലിനും പ്രത്യേക പരിശീലനം നല്‍കി. ഇതിനായി എയ്ഡഡ് സ്കൂളുകളില്‍ സ്പെഷ്യല്‍ അധ്യാപകരെ നിയോഗിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ വിരമിച്ച അധ്യാപകരെ കൂടി വിനിയോഗിച്ചു. പിടിഎ, പ്രധാനാധ്യാപകര്‍ എന്നിവരുടെ യോഗം വിളിച്ച് പഠനപ്രവര്‍ത്തനങ്ങളുടെ ഏകോപനവും ഉറപ്പാക്കി. മികവുള്ള കുട്ടികളെയും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെയും ഉള്‍പ്പെടുത്തി പഠനഗ്രൂപ്പുണ്ടാക്കിയതും നേട്ടമായി. ലളിതമായ രീതിയില്‍ കണക്കും സാമൂഹ്യശാസ്ത്രവും മനസിലാക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയതും ഗുണമായി. കൗണ്‍സിലിങിന് ഡോക്ടര്‍മാരുടെ സേവനവും ഏര്‍പ്പെടുത്തി.
തുടക്കകാലത്ത് സി വിഭാഗത്തില്‍ 7000 കുട്ടികളായിരുന്നു. 2007-08ലെ ഫലം വന്നപ്പോള്‍ ഇതില്‍ 5900 കുട്ടികളും ഉപരിപഠന യോഗ്യത നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിജയശതമാനം കൂടി. 2008-09ല്‍ 96.22 ലേക്കും അടുത്തവര്‍ഷം 96.37 ലേക്കും ഉയര്‍ന്നു. ഇതില്‍ സര്‍ക്കാര്‍ സ്കൂളുകളും ശ്രദ്ധേയമായി. പദ്ധതിക്കു മുമ്പ് ജില്ലയില്‍ രണ്ട് സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രമായിരുന്നു നൂറുമേനി വിജയം. 2010ല്‍ 18 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുമേനി തികച്ചു. 2011ല്‍ 23 സ്കൂളുകളിലേക്ക് നേട്ടം വര്‍ധിച്ചു. 2020 ഓടെ എസ്എസ്എല്‍സി വിജയിക്കാത്തവരില്ലാത്ത ജില്ലയാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
എസ്എസ്എല്‍സി ഫലം: ജില്ല പിന്നിലായത് ജില്ലാപഞ്ചായത്തിന്റെ പിടിപ്പുകേട്
എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ കോട്ടയം ജില്ല പിന്നോട്ട് പോയത് ജില്ലാപഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി യോഗം ആരോപിച്ചു.
ജില്ലാപഞ്ചായത്ത് എല്‍ഡിഎഫ് ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ജില്ലയിലെ പിന്നോക്കം നില്‍ക്കുന്ന സ്കൂളുകളെ കണ്ടെത്തി അവയ്ക്ക് മുന്നേറാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് നൂറുമേനി പദ്ധതി ആവിഷ്കരിച്ചത്. യുഡിഎഫ് നേതൃത്വത്തില്‍ നിലവിലുള്ള ഭരണസമിതി ഈ പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് പിന്നോട്ടുപോയി. ഭരണകക്ഷികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണിത്. ജില്ലാപഞ്ചായത്ത് ഭവന്റെ നവീകരണം നിര്‍മിതി കേന്ദ്രത്തിനു നല്‍കിയെങ്കിലും അഭിപ്രായവ്യത്യാസം മൂലം പണികര്‍ നിര്‍ത്തി. ജില്ലാപഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിലും ഭരണസമിതി തികഞ്ഞ പരാജയമാണെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ ബിജു തോമസും സെക്രട്ടറി പി എസ് പുഷ്പമണിയും ആരോപിച്ചു.
എസ്എസ്എല്‍സി: ജില്ല പിന്നിലായത് ഭരണത്തിന്റെ പിടിപ്പുകേട് - ഡിവൈഎഫ്ഐ
കോട്ടയം: എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ കോട്ടയം ജില്ല പിന്നോട്ട് പോയത് ജില്ലാ ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ഡിവൈഎഫ്ഐ കോട്ടയം ജില്ലാകമ്മിറ്റി ആരോപിച്ചു.
ജില്ലയില്‍ എല്‍ഡിഎഫ് ഭരണകാലത്തും ജില്ലാപഞ്ചായത്ത് എല്‍ഡിഎഫ് ഭരിച്ചുണ്ടിരുന്നപ്പോഴും വിദ്യാഭ്യാസമേഖലയില്‍ നിരവധി ഇടപെടലുകള്‍ നടത്തിയിരുന്നു. അഡ്വ. കെ അനില്‍കുമാര്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരിക്കെ നൂറുമേനി പദ്ധതിയടക്കം ആവിഷ്കരിച്ച് നടപ്പിലാക്കിയിരുന്നു. പിന്നീട് വന്ന യുഡിഎഫ് ഭരണം അവ മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടത്ര മുന്‍കൈയെടുത്തില്ല. ജില്ലയിലെ പിന്നോക്കം നില്‍ക്കുന്ന സ്കൂളുകളെ കണ്ടെത്തി അവയ്ക്ക് മുന്നേറാനുള്ള സാഹചര്യമോ പ്രത്യേക പരിഗണനയോ നല്‍കുന്നതില്‍നിന്ന് ജില്ലാപഞ്ചായത്ത് പിന്നോട്ടുപോയി. ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളെ വേണ്ടവിധത്തില്‍ ഏറ്റെടുത്ത് പിന്തുണ നല്‍കാന്‍ ജില്ലയിലെ ഭരണകര്‍ത്താക്കള്‍ക്ക് സാധിച്ചില്ല. പൊതുവിദ്യാഭ്യാസത്തെയടക്കം തകര്‍ക്കുന്ന നിലപാടുമായി പോകുന്ന ഭരണകര്‍ത്താക്കള്‍ ഇതില്‍നിന്നും പിന്തിരിയണമെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ആര്‍ രാജേഷും സെക്രട്ടറി കെ രാജേഷും ആവശ്യപ്പെട്ടു.
deshabhimani 290412
അട്ടപ്പള്ളത്ത് ആര്‍എസ്എസുകാര്‍ 4 സിഐടിയു പ്രവര്‍ത്തകരെ വെട്ടി
പാലക്കാട്: അട്ടപ്പള്ളം ജങ്ഷനില്‍ നാല് സിഐടിയു പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. അട്ടപ്പള്ളത്തെ സമ്പത്ത്(31), സ്റ്റീഫന്‍(19), ആല്‍ബര്‍ട്ട്(31), പ്രകാശ് എന്ന കോശു(34)എന്നീ സിഐടിയു പ്രവര്‍ത്തകരെയാണ് വെട്ടിയത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വട്ടപ്പാറ അമ്പലത്തില്‍ ആട് വെട്ട് പൂജ കഴിഞ്ഞ വരികയായിരുന്ന ആര്‍എസ്എസ് സംഘം അട്ടപ്പള്ളത്ത് നില്‍ക്കുകയായിരുന്ന സിഐടിയു പ്രവര്‍ത്തകരുമായി വാക്ക്തര്‍ക്കത്തിലായി. തുടര്‍ന്ന് ഈ സംഘം ഫോണ്‍ ചെയ്തതനുസരിച്ച് ഓട്ടോയിലെത്തിയ മറ്റൊരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിഐടിയു പ്രവര്‍ത്തകരെ വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. പ്രദേശത്തെ അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിലാണ് അക്രമി സംഘം വന്നത്. ആല്‍ബര്‍ട്ടിന് തലയ്ക്കാണ് വെട്ടേറ്റത്. സ്റ്റീഫനും സമ്പത്തിനും കൈയ്ക്കും വെട്ടേറ്റു. സ്ഥലത്തെ ചുമട്ടുതൊഴിലാളികളാണിവര്‍. പതിവായി അട്ടപ്പള്ളത്ത് കുഴപ്പമുണ്ടാക്കുന്ന ആര്‍എസ്എസ് ക്രിമിനല്‍ സംഘംതന്നെയാണ് ഈ ആക്രമണത്തിനും പിന്നില്‍. മുമ്പ് നടന്ന ആക്രമണത്തിലും സ്റ്റീഫന് വെട്ടേറ്റിരുന്നു.
ആര്‍എസ്എസ് ക്രിമിനലുകള്‍ സിപിഐ എം പ്രവര്‍ത്തകന്റെ കൈ തല്ലി ഒടിച്ചു
ചങ്ങനാശേരി: തൃക്കൊടിത്താനത്ത് ഭീകരാന്തരീക്ഷം തീര്‍ത്ത് സിപിഐ എം പ്രവര്‍ത്തകനെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം മര്‍ദ്ദിച്ചവശനാക്കി കൈ തല്ലിയൊടിച്ചു. കുന്നുംപുറം പടിക്കക്കുളം വീട്ടില്‍ ടി വി ബിജുമോനെ(30)യാണ് മര്‍ദിച്ച് കൈ തല്ലിയൊടിച്ചത്. വെള്ളിയാഴ്ച രാത്രി 7.30ന് കൊക്കോട്ടുചിറയില്‍ വച്ചാണ് ആക്രമണം. സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടുനില്‍ക്കുകയായിരുന്ന ബിജുവിനെ മാരകായുധങ്ങളുമായെത്തിയ 15 ഓളം പേരടങ്ങിയ സംഘം വളഞ്ഞിട്ട് മര്‍ദിച്ചു. കമ്പിവടി, വടിവാള്‍, ദണ്ഡ് തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് മര്‍ദനം. ഒരുവിധ പ്രകാപനവും ഇല്ലാത്ത പ്രദേശത്ത് ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കമാണ് ആക്രമണത്തിന് പിന്നില്‍. ബിജുവിനെ മര്‍ദിക്കുന്നത് തടയാനെത്തിയ സുഹൃത്തുക്കളെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ സംഘം അവനെ കൊല്ലെടായെന്ന് ആക്രോശിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്.
ആര്‍എസ്എസ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍(സിഐടിയു) ഏരിയകമ്മിറ്റിയംഗവും സിപിഐ എം കുന്നുംപുറം ബ്രാഞ്ചംഗവുമാണ് ബിജു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍(സിഐടിയു) താലൂക്ക്കമ്മിറ്റി ആവശ്യപ്പെട്ടു.
വിനീഷ് വധം: മുഖ്യപ്രതികളായ 4 പേര്‍കൂടി പിടിയില്‍
ചെര്‍പ്പുളശേരി: പൂക്കോട്ടുകാവിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളായ നാല് ആര്‍എസ്എസുകാരെക്കൂടി ചെര്‍പ്പുളശേരി സിഐ ശശികുമാറും സംഘവും പിടികൂടി. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. ആര്‍എസ്എസ്-ബിജെപി-ബജ്രംഗ്ദള്‍ പ്രവര്‍ത്തകരായ 13 പേരാണ് കൊലപാതകത്തില്‍ ഏര്‍പ്പെട്ടത്. മുഖ്യപ്രതിയും ആസൂത്രകനുമായ കല്ലുവഴി കടിഞ്ഞൂത്തൊടി വീട്ടില്‍ പ്രവീണ്‍(24), വിനീഷിനെ വാള്‍കൊണ്ട് വെട്ടിയ കാരാട്ടുകുറുശി തോട്ടത്തില്‍ ശ്യാംകുമാര്‍(22), കൊല സംഘടിപ്പിച്ച പനമണ്ണ കടാംകുറുശി വീട്ടില്‍ ശങ്കരനാരായണന്റെ മകന്‍ അനൂപ് (26), ഗൂഢാലോചന ചെയ്ത കല്ലുവഴി പുലാക്കാട് വീട്ടില്‍ മോഹന്‍ദാസിന്റെ മകന്‍ രാംകുമാര്‍ (21)എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മംഗലാംകുന്ന്, പനമണ്ണ, കോതകുറുശി, കല്ലുവഴി എന്നിവിടങ്ങളില്‍നിന്നായി പിടികൂടിയത്.
പ്രതികളായ പ്രവീണ്‍ ബിജെപി പഞ്ചായത്ത്കമ്മിറ്റി പ്രസിഡന്റാണ്. ശ്യാംകുമാര്‍ ആര്‍എസ്എസ് ഒറ്റപ്പാലം മേഖലാ സേവാ പ്രമുഖാണ്. അനൂപ് ബജ്രംഗ്ദള്‍ ഒറ്റപ്പാലം താലൂക്ക് മുന്‍ സംയോജക് ആണ്. പൂക്കോട്ടുകാവില്‍ സിപിഐ എമ്മിനും ഡിവൈഎഫ്ഐക്കും ഉണ്ടായ വളര്‍ച്ചയില്‍ വിറളി പൂണ്ടാണ് ബിജെപി പഞ്ചായത്ത്നേതാക്കളായ പ്രവീണും സുധീഷ്കുമാറും സംഘവും ചേര്‍ന്ന് വിനീഷിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. ഒന്നരമാസമായി സംഘം ഒറ്റപ്പാലം താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ഇരുന്ന് ഗൂഢാലോചനയും പദ്ധതികളും ഒരുക്കിയിരുന്നു. കോട്ടപ്പുറത്തെ ഒറ്റപ്പാലം യുവമോര്‍ച്ചാ നിയോജകമണ്ഡലം ജനറല്‍സെക്രട്ടറിയായ ശ്രീനാഥ്, കിഴൂര്‍ കത്തിരാധയെയും പനമണ്ണ അനൂപിനെയും വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്താന്‍ ഏല്‍പിച്ചത്. തുടര്‍ന്ന് സംഘം വാണിയംകുളത്തുനടന്ന സംഘപരിവാറിന്റെ ഒരു സമ്മേളനസ്ഥലത്തുവച്ച് വിദഗ്ധമായി ആസൂത്രണം ചെയ്താണ് കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച പിടിയിലായ രാംകുമാര്‍ പ്രവീണിനോടൊപ്പം കൊലപാതകഗൂഢാലോചനയില്‍ ഉണ്ടായിരുന്നു. രാംകുമാര്‍ കോഴിക്കോട് ആക്സിസ് ബാങ്കില്‍ ജോലി ചെയ്യുകയാണ്. നാലുതവണയായി 13 പ്രതികളെയാണ് പിടിയികൂടിയത്. സംഘത്തിലെ എല്ലാ പ്രതികളും റിമാന്‍ഡിലായി. കല്ലുവഴി പ്രശാന്ത്(24), കിഴൂര്‍ രാധാകൃഷ്ണന്‍(കത്തി രാധ -25), കല്ലുവഴി സുധീഷ്കുമാര്‍(31), ജിനീഷ്(20), ഷാജുമോന്‍ (25), കോട്ടപ്പുറം ശ്രീനാഥ് (27), കൊലപാതകം നടത്തിയ കാരാട്ടുകുറുശി അജിത്ത്(19), സഞ്ജയ് (19), ബജീഷ്(19) എന്നിവരാണ് റിമാന്‍ഡിലായവര്‍. സംഭവത്തിലെ മുഴുവന്‍ തെളിവുകളും ലഭിച്ചതായി കേസന്വേഷിച്ച സംഘത്തലവന്‍ സിഐ പി ശശികുമാര്‍ പറഞ്ഞു. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് സംഘത്തിന്റെ പൂര്‍ണവിവരങ്ങളും തെളിവുകളും ലഭിച്ചത്. 18 ദിവസത്തിനകം കൊലപാതകസംഘത്തിലെ 13 പ്രതികളെയും പിടികൂടാന്‍ കഴിഞ്ഞു. അന്വേഷകസംഘത്തില്‍ കെ രാമചന്ദ്രന്‍, വിനോദ്, താഹിര്‍, കെ സുനില്‍കുമാര്‍, ഉണ്ണിക്കൃഷ്ണന്‍, ഹക്കീം, എം സി ചാത്തി, എസ്ഐമാരായ അബ്ദുള്‍ലത്തീഫ്, പി അച്യുതാനന്ദന്‍ എന്നിവരും ഉണ്ടായി.
deshabhimani 290412
അധ്യാപകനെ തിരിച്ചെടുക്കാനുള്ള വിധി നാലാണ്ട് നീണ്ട പോരാട്ടത്തിന്റെ വിജയം
കൊച്ചി സെന്റ് ആല്‍ബര്‍ട്സ് കോളേജ് മാനേജ്മെന്റ് പുറത്താക്കിയ അധ്യാപകന്‍ സെബാസ്റ്റ്യന്‍ കെ ആന്റണിയെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതിവിധി കോടതിയിലും പുറത്തും നാലുവര്‍ഷം നീണ്ട പോരാട്ടങ്ങളുടെ വിജയം. പുറത്താക്കിയ അദ്ധ്യാപകനെ തിരിച്ചെടുക്കാനും മുന്‍കാല ശമ്പള, ആനുകൂല്യങ്ങള്‍ നല്‍കാനും വെള്ളിയാഴ്ചയാണ് ഹൈക്കോടതി വിധിച്ചത്. ""സത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് ഊര്‍ജംപകരാന്‍ ഈ വിധിക്കു കഴിയും. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളുണ്ടാക്കാന്‍ വിധി വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സമരവീര്യംകൂടിയാണ് വിധിയിലൂടെ അംഗീകരിക്കപ്പെട്ടത്.""- അമ്പത്തിമൂന്നുകാരനായ സെബാസ്റ്റ്യന്‍ കെ ആന്റണി ദേശാഭിമാനിയോടു പറഞ്ഞു.
സീനിയര്‍ ലക്ചററും കോളേജിലെ മലയാളംവകുപ്പുമേധാവിയുമായ തിരുവല്ല കാവുഭാഗം കാട്ടടി വീട്ടില്‍ സെബാസ്റ്റ്യന്‍ ആന്റണിയെ 2008 ഫെബ്രുവരി എട്ടിന് പിരിച്ചുവിട്ടതായി 2009 ജനുവരി 17നാണ് മാനേജ്മെന്റ് ഉത്തരവിട്ടത്. അറ്റന്‍ഡസ് രജിസ്റ്ററിലും മറ്റും കൃത്രിമംകാണിച്ചെന്നാരോപിച്ചാണ് അദ്ദേഹത്തെ പുറത്താക്കിയത്. എന്നാല്‍, അന്യായമായ പകപോക്കലാണ് കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായതെന്നു ചൂണ്ടിക്കാണിച്ച് എകെപിസിടിഎയുടെ നേതൃത്വത്തില്‍ അധ്യാപകരും എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിപ്രസ്ഥാനങ്ങളും പൂര്‍വവിദ്യാര്‍ഥി സംഘടനകളും സമരരംഗത്തിറങ്ങി. സസ്പെന്‍ഷനിലായിരുന്ന അധ്യാപകനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എകെപിസിടിഎയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ നടത്തിവന്ന സമരം നൂറാംദിവസം തികച്ചപ്പോഴാണ് മാനേജ്മെന്റ് ഡിസ്മിസല്‍ ഓര്‍ഡര്‍ പുറത്തിറക്കിയത്. തുടര്‍ന്ന് സമരം ശക്തമായി.
അച്ചടക്കനടപടി ദുരുദ്ദേശ്യപരവും പകപോക്കലുമാണെന്ന് ജസ്റ്റിസ് വി രാംകുമാര്‍, ജസ്റ്റിസ് കെ ഹരിലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപെട്ടു. അധ്യാപകന്‍ പ്രതിഭാശാലിയാണെന്ന് സര്‍വകലാശാലപോലും അംഗീകരിച്ചിട്ടുണ്ടെന്നും വിധിയില്‍ സൂചിപ്പിക്കുന്നുണ്ട്.
എകെപിസിടിഎ ജില്ലാ പ്രസിഡന്റും സെനറ്റ് അംഗവുമായിരുന്ന സെബാസ്റ്റ്യന്‍ ആന്റണി പത്തുവര്‍ഷത്തോളം തുടര്‍ച്ചയായി കോളേജിലെ സ്റ്റാഫ് ക്ലബ് പ്രസിഡന്റായിരുന്നു. കോളേജ് കൗണ്‍സിലിലേക്ക് സ്ഥിരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന അധ്യാപകപ്രതിനിധിയും അദ്ദേഹമായിരുന്നു. 2005, 2007 വര്‍ഷങ്ങളില്‍ വയലാര്‍ അവാര്‍ഡ്നിര്‍ണയകമ്മിറ്റി അംഗമായിരുന്നു. മലയാളത്തിലെ ആദ്യ ക്യാമ്പസ് ടെലിഫിലിം സെബാസ്റ്റ്യന്‍ ആന്റണിയുടെ സൃഷ്ടിയാണ്. കോളേജില്‍നിന്നു പുറത്താക്കപ്പെട്ടശേഷം നിരവധി കോളേജുകളില്‍ മാനേജ്മെന്റുകളുടെ ക്ഷണപ്രകാരം ക്ലാസെടുത്തിട്ടുണ്ട്. "വാക്കും ദൃശ്യവും", "ക്ലാസിക്കുകളുടെ ലോകം" എന്നീ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. "വാക്കും ദൃശ്യവും" രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡ് ലാംഗ്വേജായി പഠിക്കാനുണ്ട്. ഇതെല്ലാം കോടതി പരിഗണിച്ചാണ് അധ്യാപകന്റെ പ്രതിഭയെ അംഗീകരിച്ചത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരും അധ്യാപകരും തമ്മിലുള്ള ബന്ധം നന്നായാല്‍മാത്രമേ അധ്യാപകര്‍ക്ക് അവരുടെ മികവ് പുറത്തെടുക്കാന്‍ കഴിയുകയുള്ളുവെന്നും വിധിയില്‍ സൂചിപ്പിക്കുന്നുണ്ട്. സീനിയര്‍ അഭിഭാഷകനായ അഡ്വ. നന്ദകുമാരമേനോണ് സെബാസ്റ്റ്യന്‍ ആന്റണിക്കുവേണ്ടി ഹാജരായത്.
deshabhimani 290412
ഓപ്പണ്‍ സ്കൂളില്‍ കോഴനിയമനത്തിന് നീക്കം; പിന്നില്‍ ലീഗ് നേതൃത്വം
കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ നിലവിലുള്ള കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തുന്നതില്‍ വന്‍ അഴിമതി. മുസ്ലിംലീഗ് എംഎല്‍എമാരും നേതാക്കളുമാണ് അഴിമതിക്ക് ചരടുവലിക്കുന്നത്. നിലവില്‍ ജോലിചെയ്യുന്നവരെ ബാധിക്കുംവിധം തീരുമാനമെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമായി.
ഇതിനിടെ ഓപ്പണ്‍ സ്കൂളില്‍ നിയമിക്കേണ്ടവരുടെ പട്ടികയുംലീഗ് നേതാക്കള്‍ വിദ്യാഭ്യാസമന്ത്രിക്ക് കൈമാറി. മന്ത്രി മഞ്ഞളാംകുഴി അലി, വി എം ഉമ്മര്‍ എംഎല്‍എ, മുസ്ലിംലീഗ് മലപ്പുറം ജില്ലാപ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ നിയമനത്തിനായി ഇടപെട്ടിട്ടുണ്ട്. ഓപ്പണ്‍സ്കൂളില്‍ എക്സിക്യൂട്ടീവ് അസിസ്റ്റന്റുമാരായി കൊടുവള്ളി മണ്ഡലത്തിലെ അബ്ദുള്‍ റഊഫ്, മുജീബ് എന്നിവരെ നിര്‍ബന്ധമായും നിയമിക്കണമെന്ന് വി എം ഉമ്മറിന്റെ നിര്‍ദേശം. മാടാല മുഹമ്മദ് മുസ്തഫയെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് മഞ്ഞളാംകുഴി അലിയുടെ കത്തുകളിലൊന്ന്. തന്റെ അടുത്ത സുഹൃത്തും കൊല്ലത്തെ ലീഗ് പ്രവര്‍ത്തകനുമായ ദാവൂദിന്റെ ഭാര്യ അഡ്വ. ഹസീനയെ അസിസ്റ്റന്റായി നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെടുന്നു. ഇതുപോലെ നിരവധി ലീഗ് നേതാക്കളാണ് മന്ത്രിക്ക് കത്ത് നല്‍കിയത്. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍നിന്ന് നല്‍കുന്ന ലിസ്റ്റ് പ്രകാരം നിയമനം നടത്താനാണ് നീക്കം.
ആദ്യം താല്‍ക്കാലികനിയമനം നല്‍കിയശേഷം പിന്നീട് സ്ഥിരപ്പെടുത്തുമെന്നാണ് ലീഗ് പ്രാദേശികനേതാക്കളുടെ വാഗ്ദാനം. ഓപ്പണ്‍ സ്കൂളിലെ ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്താനുള്ള നടപടികള്‍ നീക്കുന്നത് ലീഗ് എംഎല്‍എയുടെ അടുത്ത ബന്ധുവായ ഓപ്പണ്‍സ്കൂള്‍ സംസ്ഥാന കോ ഓര്‍ഡിനേറ്ററാണ്. ഓപ്പണ്‍ സ്കൂള്‍ ആസ്ഥാനം മലപ്പുറത്തേക്ക് മാറ്റാനും ശ്രമമുണ്ട്. മലപ്പുറം ആസ്ഥാനമായി മലബാര്‍-ട്രാവന്‍കൂര്‍ ആക്ട് പ്രകാരം ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ചെയര്‍മാനായ കമ്മിറ്റിയെയും ചുമതലപ്പെടുത്തി.
(സുമേഷ് കെ ബാലന്‍)
deshabhimani 290412
ആശയറ്റ് ഇരകള്‍
കാസര്‍കോട്: ആയിരങ്ങളുടെ ജീവിതം തകര്‍ത്ത മഹാദുരന്തത്തിന് കാരണമായ എന്‍ഡോസള്‍ഫാനുവേണ്ടി സംസ്ഥാന സര്‍ക്കാരും രംഗത്തുവന്നതോടെ ദുരന്തബാധിതരും ജനങ്ങളും കടുത്ത ആശങ്കയില്‍. കേന്ദ്രം എന്തുനിലപാടെടുത്താലും കേരളസര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമുണ്ടെന്ന പ്രതീതിയായിരുന്നു ഇതുവരെ. ഈ വിശ്വാസത്തിന്റെ കടയ്ക്കലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കത്തിവച്ചത്. ദുരന്തബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ വഞ്ചന പുറത്തായത്.
സംസ്ഥാന ഭരണക്കാരെ എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ വിലയ്ക്കെടുത്തുവെന്ന് തെളിയിക്കുന്നതാണ് ആരോഗ്യപ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത്. ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശിക്കുന്ന എക്സല്‍ കമ്പനി ജനറല്‍ മാനേജര്‍ എസ് ഗണേശനാണ് എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ക്കു വേണ്ടി എല്ലായിടത്തും വാദിക്കാന്‍ എത്തുന്നത്. സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ സ്ഥിരമായി കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നതും സമ്മേളനത്തില്‍ എന്തു പറയണമെന്ന് തീരുമാനിക്കുന്നതും ഇദ്ദേഹമാണ്. എന്‍ഡോസള്‍ഫാനെതിരെ സംസാരിക്കുന്നവരെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഗണേശന്റെ നേതൃത്വത്തില്‍ സമ്മേളന ഹാളില്‍ നടന്ന കളികള്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത പ്രതിനിധികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ കാണുന്ന അസാധാരണ രോഗങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാനാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന പഠനമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റേത്. സുപ്രീംകോടതിപോലും ഇത് ആധികാരിക രേഖയായി സ്വീകരിച്ചു. രോഗബാധിത പ്രദേശത്തെയും അല്ലാത്ത പ്രദേശത്തെയും ജനങ്ങളിലും മണ്ണിലും നടത്തിയ പഠനത്തിലൂടെയാണ് രോഗകാരണം എന്‍ഡോസള്‍ഫാനാണെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ് എന്നീ സ്ഥാപനങ്ങള്‍ ഈ പഠനം അംഗീകരിച്ചതുമാണ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ദുരന്തബാധിതരോടുള്ള പ്രതികാരനടപടികളും തുടങ്ങിയിരുന്നു. കാസര്‍കോട്ടെ രോഗകാരണം എന്‍ഡോസള്‍ഫാനല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനൊപ്പമായിരുന്നു സംസ്ഥാനം. കൃഷിമന്ത്രി കെ പി മോഹനന്‍ ഇത് പരസ്യമായി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ചികിത്സാസൗകര്യം പോലും ഇല്ലാതാക്കി. പുറമെയുള്ള ആശുപത്രികളില്‍ കൊണ്ടുപോയി ചികിത്സിക്കുന്നതിനുള്‍പ്പെടെ ചെലവഴിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കലക്ടര്‍ക്ക് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. അതില്‍ ഒമ്പത് ലക്ഷം മാത്രമാണ് ചെലവഴിച്ചത്. ബാക്കി തുക പിന്‍വലിക്കാനുള്ള അനുവാദം സര്‍ക്കാര്‍ ഇതുവരെ നല്‍കിയില്ല. രോഗികളുടെ കാര്യങ്ങള്‍ നോക്കാന്‍ 11 പഞ്ചായത്തിലും ഓരോ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരെ അധികമായി നിയമിച്ചിരുന്നു. അവര്‍ക്കെല്ലാം മറ്റു ചുമതലകള്‍ നല്‍കി ഒഴിവാക്കി. മൊബൈല്‍ മെഡിക്കല്‍ സംഘത്തില്‍ മാസങ്ങളോളം അലോപ്പതി ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ഇവര്‍ ആവശ്യപ്പെടുന്ന മരുന്ന് വാങ്ങി നല്‍കാന്‍പോലും ജില്ലാഭരണകൂടത്തിന്റെ കൈയില്‍ പണമില്ല. ഇരകളുടെ കടബാധ്യത എഴുതിത്തള്ളാനുള്ള തീരുമാനവും അട്ടിമറിച്ചു. മുമ്പ് എല്ലാ രോഗികളെയും സര്‍ക്കാര്‍ ദത്തെടുത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച 12 ആശുപത്രികളില്‍ മാത്രമേ ചികിത്സിക്കാന്‍ പറ്റൂ. മറ്റുള്ളടിത്ത് ചെലവ് സ്വന്തമായി വഹിക്കണം. ദുരിതമേഖലയില്‍ ഏര്‍പ്പാടാക്കിയ ആംബുലന്‍സ് സംവിധാനവും കാര്യക്ഷമമല്ല.
(എം ഒ വര്‍ഗീസ്)
ഇരകളെയും നാടിനെയും സര്‍ക്കാര്‍ വഞ്ചിച്ചു: പിണറായി
എന്‍ഡോസള്‍ഫാന്‍ പഠനറിപ്പോര്‍ട്ട് കീടനാശിനി കമ്പനികള്‍ക്കുവേണ്ടി തിരുത്താന്‍ നിര്‍ദേശിച്ച യുഡിഎഫ് സര്‍ക്കാര്‍ നാടിനെയും എന്‍ഡോസള്‍ഫാന്‍ ഇരകളെയും വഞ്ചിച്ചുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ മാരകവിഷം നിരോധിക്കണമെന്നാണ് കേരള നിയമസഭയുടെയും സുപ്രീംകോടതിയുടെയും നിലപാട്. ഇത് അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തിരുത്താന്‍ രേഖാമൂലം നിര്‍ദേശിച്ചതെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം കീടനാശിനി കമ്പനികളില്‍ നിന്നടക്കം ഈടാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടംകോലിടല്‍. ഇതിനായി പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയെന്ന് കണ്ടെത്താനും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഉന്നതതല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രതിപക്ഷവുമായി ആലോചിച്ച് അന്വേഷണസംവിധാനം ഏതെന്ന് തീരുമാനിക്കണം. കുറ്റകരമായ പങ്കുള്ള മന്ത്രിസഭാംഗങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും വെറുതെ വിടാന്‍ പാടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തിരുത്താനാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരാണ് ഈ വിദഗ്ധസമിതിയെ നിയോഗിച്ചത്. കീടനാശിനി കമ്പനി പ്രതിനിധി എസ് ഗണേശനുമായി ആശയവിനിമയം നടത്തി റിപ്പോര്‍ട്ട് കുറ്റമറ്റതാക്കണമെന്നാണ് ആരോഗ്യസെക്രട്ടറിയുടെ നിര്‍ദേശം. എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നെന്ന വിദഗ്ധസമിതി റിപ്പോര്‍ട്ട് തെറ്റാണെന്ന നിഗമനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എത്തിയെന്നാണ് ഇതിനര്‍ഥം. കമ്പനികളുടെ അഭിപ്രായം കേട്ട് അതിനുസരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആരോഗ്യസെക്രട്ടറി ആവശ്യപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഇത് നിരാകരിച്ച് വസ്തുതകളില്‍ ഉറച്ച് നില്‍ക്കാന്‍ തയ്യാറായി എന്നത് ആരോഗ്യകരമാണ്.
ഇന്ത്യക്ക് അകത്തും പുറത്തും എന്‍ഡോസള്‍ഫാനെതിരെ ശാസ്ത്രലോകവും പരിസ്ഥിതി സ്നേഹികളും നാടിനോട് പ്രതിബദ്ധതയുള്ള സമൂഹവും വലിയ തോതില്‍ പ്രതിഷേധം ഉയര്‍ത്തുന്ന ഘട്ടത്തില്‍ കീടനാശിനി കമ്പനിക്കുവേണ്ടി സംസ്ഥാന ഭരണസംവിധാനത്തെ കീഴ്പ്പെടുത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടി ലജ്ജാകരമാണ്. മനുഷ്യത്വവിരുദ്ധമായ ഈ നിലപാട് അടിയന്തരമായി തിരുത്തണമെന്നും സര്‍ക്കാരിന്റെ കൊള്ളരുതായ്മയ്ക്കെതിരെ ജനങ്ങള്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും പിണറായി അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട് തിരുത്താനുള്ള ശ്രമം ഞെട്ടിക്കുന്നത്: പി കരുണാകരന്‍
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്റെ മാരകഫലങ്ങള്‍ ചൂണ്ടിക്കാട്ടിയ പഠനറിപ്പോര്‍ട്ട് തിരുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം ഞെട്ടിക്കുന്നതാണെന്ന് സിപിഐ എം ലോക്സഭാകക്ഷി ഉപനേതാവ് പി കരുണാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മാനുഷികമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ വിഷം ഉല്‍പ്പാദിപ്പിച്ച് വിതരണംചെയ്ത കമ്പനിക്കുവേണ്ടിയുള്ള ഗൂഢാലോചനയാണ് പുറത്തുവന്നത്. ഇതിനു പിന്നില്‍ ഉദ്യോഗസ്ഥര്‍ മാത്രമാണെന്നു കരുതാനാകില്ല. എന്‍ഡോസള്‍ഫാന്‍ പാര്‍ശ്വഫലമുണ്ടാക്കാത്ത കീടനാശിനിയാണെന്ന് യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളും നിലപാടെടുത്തിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച സുപ്രീംകോടതിവിധിക്കു ശേഷവും കോടിക്കണക്കിനു രൂപയാണ്, തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ആക്ഷേപിക്കാന്‍ കമ്പനി മുടക്കുന്നത്. എന്‍ഡോസള്‍ഫാന്‍ മാരകപാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന കീടനാശിനിയാണെന്ന് ലോകം അംഗീകരിച്ചതാണ്. ഇത്തരമൊരു കമ്പനിയുടെ വക്താക്കള്‍ക്കുവേണ്ടിയാണ് ഗവ. സെക്രട്ടറി കത്തയച്ചത്. സര്‍ക്കാര്‍ അറിയാതെയാണ് ഉദ്യോഗസ്ഥര്‍ കത്തെഴുതിയതെങ്കില്‍ അവര്‍ക്കെതിരെ കര്‍ക്കശനടപടി എടുക്കണം. തുടര്‍ച്ചയായ സഹനസമരത്തിലൂടെ നേടിയെടുത്ത വിജയം തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുതെന്നും പി കരുണാകരന്‍ ആവശ്യപ്പെട്ടു.
പഠനം നടത്തിയവര്‍ക്കെതിരെ കീടനാശിനി കമ്പനി നല്‍കിയ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കത്ത് നല്‍കിയതെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, സര്‍ക്കാര്‍ സത്യവാങ്മൂലം തയ്യാറാക്കേണ്ടത് നിയമവിദഗ്ധരുമായി ആലോചിച്ചാണ്. അതിന് പ്രത്യേകസംവിധാനം സര്‍ക്കാരിനുണ്ട്. ഇതിനു പകരം കേസ് കൊടുത്ത കക്ഷിയുടെ അഭിപ്രായമനുസരിച്ച് പഠനറിപ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നത് ന്യായീകരിക്കാനാകില്ല. കത്തില്‍ പ്രകടമാകുന്നത് കീടനാശിനി കമ്പനിയുടെ ഉന്നതതലത്തിലുള്ള സ്വാധീനമാണെന്നും പി കരുണാകരന്‍ പറഞ്ഞു.
വഴിവിട്ട നീക്കത്തിനു പിന്നില്‍ ഗൂഢാലോചന: പി കെ ശ്രീമതി
കണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ക്കു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി പറഞ്ഞു. എന്‍ഡോസള്‍ഫാന്റെ മാരകഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തിരുത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തയച്ചു എന്നതിനര്‍ഥം സര്‍ക്കാര്‍തന്നെ റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടെന്നാണ്. ഇത് സര്‍ക്കാര്‍നയമാണോ എന്ന് വിശദീകരിക്കണമെന്ന് ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളെയും സമൂഹത്തെയും സര്‍ക്കാര്‍ വഞ്ചിച്ചു. കീടനാശിനി കമ്പനിക്കുവേണ്ടി നാണംകെട്ട രീതിയിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഇതിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണത്തിന് തയ്യാറാകണം.
എന്‍ഡോസള്‍ഫാന്‍ ഇരകളെ പുനരധിവസിപ്പിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളെല്ലാം ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റിപ്പോര്‍ട്ട് തിരുത്താനുള്ള നിര്‍ദേശം. ഈ റിപ്പോര്‍ട്ട്് എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് വിധിയുണ്ടായത്. കാസര്‍കോട്ടെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തി. നോഡല്‍ ഓഫീസറെ സ്ഥലം മാറ്റുകയും അധികാരമേറ്റയുടന്‍ ക്ഷേമപ്രവര്‍ത്തനങ്ങളെല്ലാം അട്ടിമറിക്കുകയും ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കെന്ന പേരില്‍ ഉമ്മന്‍ചാണ്ടി നടത്തിയ മെഗാഷോ തട്ടിപ്പായിരുന്നുവെന്ന് വീണ്ടും വ്യക്തമായിരിക്കയാണെന്നും ശ്രീമതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും കമ്പനിയുടെയും പ്രലോഭനങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ വഴങ്ങിയില്ലെന്നത് ആശ്വാസം പകരുന്നു. ഡോക്ടര്‍മാരുടെ ധീരതയെ അഭിനന്ദിക്കുന്നതായും ശ്രീമതി പറഞ്ഞു.
deshabhimani 290412
സോണിയയെ കരിങ്കൊടി കാട്ടിയ സ്ത്രീകളെ വളഞ്ഞിട്ടു തല്ലി
കര്‍ണാടകത്തിലെ തുമക്കൂറു ജില്ലയില്‍ പര്യടനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കുനേരെ ഇരുപതോളം സ്ത്രീകള്‍ കരിങ്കൊടി കാട്ടി. സോണിയ നോക്കിനില്‍ക്കെ ഈ സ്ത്രീകളെ പുരുഷ പൊലീസുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദിച്ചു. സിദ്ധഗംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പൊതുയോഗത്തിനിടെ പട്ടികജാതി വിഭാഗക്കാരായ മാദിഗ ദണ്ഡോര ഗ്രൂപ്പ് പ്രവര്‍ത്തകരാണ് കരിങ്കൊടി വീശിയത്.
ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെ സോണിയ ഗാന്ധി പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സ്ത്രീകള്‍ കരിങ്കൊടി ഉയര്‍ത്തി മുദ്രാവാക്യം മുഴക്കിയത്. ഒരുനിമിഷം പകച്ച സോണിയ പ്രസംഗം തുടര്‍ന്നു. ഇതോടെ പൊലീസുകാരും കോണ്‍ഗ്രസുകാരും ചേര്‍ന്ന് ഇവരെ മര്‍ദിക്കുകയായിരുന്നു. മുപ്പതോളം വരുന്ന പൊലീസ് സംഘം സ്ത്രീകളെ വളഞ്ഞിട്ട് തല്ലിയത് കണ്ടില്ലെന്ന് നടിച്ച സോണിയ 20 മിനിറ്റ് പ്രസംഗിച്ചു.
പിന്നോക്ക ജനവിഭാഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് മാദിഗ ദണ്ഡോര ഗ്രൂപ്പ് കരിങ്കൊടി വീശിയത്. തുമക്കൂറുവില്‍ വന്നാല്‍ സോണിയയെ ഘെരാവോ ചെയ്യുമെന്ന് പ്രസംഗിച്ച സംഘടന പ്രസിഡന്റ് ശ്രീരാമിനെ മുന്‍കരുതലായി അറസ്റ്റുചെയ്തിരുന്നു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ ഉറപ്പുവരുത്താനാണ് സോണിയയുടെ കര്‍ണാടകസന്ദര്‍ശനം. ചിത്രദുര്‍ഗ ജില്ലയിലെ വരള്‍ച്ചബാധിത പ്രദേശമായ നാഗസമുദ്ര സോണിയ സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രിമാരായ എസ് എം കൃഷ്ണ, എം വീരപ്പമൊയ്ലി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ എച്ച് മുനിയപ്പ, കെപിസിസി പ്രസിഡന്റ് ഡോ. ജി പരമേശ്വര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
(പി വി മനോജ്കുമാര്‍)
deshabhimani 290412
കെഎസ്യു, എംഎസ്എഫ് പ്രചാരണം വസ്തുതാവിരുദ്ധം: എസ്എഫ്ഐ
ബംഗളൂരുവിലെ കോളേജില്‍ അജ്മല്‍ എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കെഎസ്യു, എംഎസ്എഫ് നേതൃത്വം എസ്എഫ്ഐക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വസ്താവിരുദ്ധവും പരിഹാസകരവുമാണെന്ന് ജില്ലാകമ്മിറ്റി അറിയിച്ചു.
ബംഗളൂരുവിലെ ചിക്ജാല ഷാഷിബ് കോളേജില്‍ ഏറോനോട്ടിക് എന്‍ജിനിയറിങ് വിദ്യാര്‍ഥിയായിരുന്ന കണ്ണൂര്‍ കാപ്പാട് സ്വദേശി അജ്മല്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനെതുടര്‍ന്ന് പൊള്ളലേറ്റ് കൊല്ലപ്പെട്ടിട്ട് ഒരുമാസം പിന്നിട്ടു. ആശുപത്രി കിടക്കയില്‍ അജ്മല്‍ നല്‍കിയ മൊഴിയിലും പ്രാഥമിക അന്വേഷണത്തിലും അജ്മലിന്റേത് കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ഇതുവരെയും ഒരാളെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് എസ്എഫ്ഐ പ്രശ്നത്തില്‍ ഇടപെടുന്നതും അജ്മലിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനാവശ്യമായ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും.
കെഎസ്യുവും എംഎസ്എഫും എസ്എഫ്ഐയുടെ ഇടപെടലിനെ അപഹസിക്കുന്ന രീതിയില്‍ പെരുമാറുകയാണ്. കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ ഘാതകരെ ശിക്ഷിക്കേണ്ടതും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതും സാമൂഹ്യനീതിയുടെ ഭാഗമാണ്. ഇത് തിരിച്ചറിയാതെ നടത്തുന്ന പ്രചാരണങ്ങള്‍ പൊതുസമൂഹം അവജ്ഞയോടെ തള്ളും. അജ്മലിന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള പോരാട്ടത്തില്‍ കെഎസ്യുവിനെയും എംഎസ്എഫിനെയും എസ്എഫ്ഐ സ്വാഗതം ചെയ്യുന്നു. ഈ സമരത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുഴുവനാളുകളും ചേരണമെന്നും എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
അജ്മലിന്റെ മരണം കുറ്റവാളികളെ സംരക്ഷിക്കുന്നവര്‍ക്ക് താക്കീതായി കലക്ടറേറ്റ് മാര്‍ച്ച്
കണ്ണൂര്‍: ബംഗളൂരുവില്‍ റാഗിങ്ങിനിടെ കൊല്ലപ്പെട്ട കാപ്പാട്ടെ എന്‍ജിനിയറിങ് വിദ്യാര്‍ഥി അജ്മലിന്റെ മരണത്തിന് കാരണക്കാരെ കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐയും എസ്എഫ്ഐയുംചേര്‍ന്ന് നടത്തിയ മാര്‍ച്ച് പങ്കാളിത്തംകൊണ്ട് വന്‍ബഹുജനസമരമായി മാറി. കാപ്പാട് പ്രദേശത്തെ എല്ലാവീടുകളില്‍നിന്നും ആണ്‍പെണ്‍വ്യത്യാസമില്ലതെ സമരത്തിലണിചേര്‍ന്നു. പ്രിയപ്പെട്ട മകന്റെ വേര്‍പാടിന്റെ വേദന ഉള്ളിലൊതുക്കി അജ്മലിന്റെ പിതാവ് എം ഹാരിസും അടുത്ത കുടുംബാംഗങ്ങളും മാര്‍ച്ചിനെത്തി.
കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നാലേ ഇനിയിത് ആവര്‍ത്തിക്കാതിരിക്കൂ എന്ന് ഹാരീസ് പറഞ്ഞു. ഉമ്മൂമ്മ സൈനബ, മൂത്തമ്മ നസീമ, മൂത്താപ്പ അബ്ദുള്ള, ഇളയമ്മമാരായ മൈമുന, നൂര്‍ജഹാന്‍ തുടങ്ങി നിരവധി ബന്ധുക്കള്‍ അധികൃതരില്‍നിന്ന് നീതിതേടി സമരത്തിനെത്തി. അജ്മലിന്റെ മരണത്തിന്റെ ആഘാതത്തില്‍നിന്ന് ആരും മോചിതരായിട്ടില്ലെങ്കിലും നാടിന്റെ ഐക്യദാര്‍ഢ്യം അവര്‍ക്ക് ആശ്വാസം പകര്‍ന്നു. കര്‍ണാടക പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് കേരള പൊലീസ് തടസ്സം നില്‍ക്കുകയാണെന്ന് സമരം ഉദ്ഘാടനംചെയ്ത സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. തീപടരുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നടത്തിയ റാഗിങ്ങാണ് അജ്മലിന്റെ മരണത്തിന് ഇടയാക്കിയത്. ബാഹ്യസ്വാധീനത്തിന് വഴങ്ങി പ്രതികളെ രക്ഷപ്പെടുത്താനാണ് കേരള പൊലീസ് ശ്രമിക്കുന്നത്. ഇത് അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാന്‍ കര്‍ണാടക പൊലീസിന് ആവശ്യമായ സഹായം നല്‍കാന്‍ കേരള ഗവണ്‍മെന്റും പൊലീസും തയ്യാറാകണമെന്ന് പി ജയരാജന്‍ ആവശ്യപ്പെട്ടു.
അജ്മലിന്റെ മരണത്തിന് കാരണക്കാരെ പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈയെടുക്കണമെന്ന് മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത ടി വി രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സന്തോഷ്, എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ സനോജ്, ജില്ലാ സെക്രട്ടറി എം ഷാജര്‍, പി സുമോദ്സന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രകാശിനി, നെല്ല്യാട്ട് രാഘവന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റേഡിയം കോര്‍ണറില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ യുവജന വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ക്കൊപ്പം നിരവധി നാട്ടുകാരും അണിനിരന്നു.
deshabhimani 290412
മാസപ്പടിക്കാരെ പുറത്താക്കണം: വി എസ്
എന്‍ഡോസള്‍ഫാന്‍ ലോബിയുടെ മാസപ്പടിക്കാരെ ആരോഗ്യവകുപ്പില്‍നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മനുഷ്യനെയും ജീവജാലങ്ങളെയും ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്ന എന്‍ഡോസള്‍ഫാനുവേണ്ടി റിപ്പോര്‍ട്ട് തിരുത്താന്‍ ആരോഗ്യവകുപ്പിലെ ഉന്നതര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കിയത് ഗുരുതരവിഷയമാണ്. ഉത്തരവ് ആരോഗ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തെ ചുമതലപ്പെടുത്തിയത്. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയും സുപ്രീംകോടതിയുടെ സംയുക്ത വിദഗ്ധസമിതിയും അംഗീകരിച്ചതാണ്. സുപ്രീംകോടതി പരിഗണിക്കുന്ന കേസില്‍ പ്രധാന തെളിവായി റിപ്പോര്‍ട്ട് സ്വീകരിച്ചിട്ടുണ്ട്. ഇതിനെല്ലാംശേഷം എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ പ്രതിനിധിയുമായി സംസാരിച്ച് റിപ്പോര്‍ട്ട് തിരുത്തണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടത് ജനങ്ങളോടുള്ള വെല്ലുവിളിയും സുപ്രീംകോടതിയോടുള്ള അവഹേളനവുമാണ്. കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിദാനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍നിന്ന് വിദ്യാഭ്യാസമന്ത്രിക്ക് രക്ഷപ്പെടാനാകില്ലെന്ന് ചോദ്യത്തിന് മറുപടിയായി വി എസ് പറഞ്ഞു. മന്ത്രിയും സര്‍വകലാശാലാ വൈസ്ചാന്‍സലറും ഗുരുതര കുറ്റമാണ് ചെയ്തത്. വിസിയോട് വിശദീകരണം തേടാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മന്ത്രിയുടെ അറിവോടെയാണ് വിസി തീരുമാനമെടുത്തതെന്ന് ഇതില്‍നിന്ന് വ്യക്തമാണെന്നും വി എസ് പറഞ്ഞു.
deshabhimani 290412
പച്ചക്കള്ളം: ശ്രീരാമകൃഷ്ണന്‍
നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അബ്ദുറബ്ബ്
മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനം സംബന്ധിച്ച് നിയമസഭയില്‍ താന്‍ മറുപടി നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. നിയമസഭയില്‍ ഭൂമിദാനം സംബന്ധിച്ച് ഒരു സബ്മിഷനും ആരും ഉന്നയിച്ചിട്ടില്ല; ഞാനതിന് മറുപടിയും നല്‍കിയിട്ടില്ല. അദ്ദേഹം മലപ്പുറത്ത് വാര്‍ത്താലേഖകരോട് പറഞ്ഞു.
നിയമസഭയില്‍ അങ്ങനെയൊരു രേഖയില്ല. ഇത് സംബന്ധിച്ച് ദേശാഭിമാനിയില്‍ രേഖകള്‍ സഹിതം വാര്‍ത്തയുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാനത് കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. അങ്ങനെയുണ്ടെങ്കില്‍ അത് കൊണ്ടുവരട്ടെ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിദാനത്തില്‍ അപാകമുള്ളതുകൊണ്ടാണ് സര്‍വകലാശാലതന്നെ അത് റദ്ദാക്കിയത്. ഭൂമിദാനം സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പച്ചക്കള്ളം: ശ്രീരാമകൃഷ്ണന്‍
മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനം സംബന്ധിച്ച് നിയമസഭയില്‍ താന്‍ മറുപടി നല്‍കിയിട്ടില്ലെന്ന മന്ത്രി പി കെ അബ്ദുറബ്ബിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന്് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ഒരു കള്ളം മറയ്ക്കാന്‍ മറ്റൊരു കള്ളം പറയുകയാണ് മന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വകലാശാലയില്‍ വൈസ്ചാന്‍സലര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്. പ്രസംഗത്തില്‍ ഭൂമിവിവാദവും ഉള്‍പ്പെട്ടിരുന്നു. സി എച്ച് ചെയറിന്റെ പേരില്‍ പത്തേക്കര്‍ ഭൂമി നല്‍കാനാണ് നീക്കമെന്നും സി എച്ച് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇതിനെ എതിര്‍ക്കുമായിരുന്നുവെന്നുമാണ് ഞാന്‍ സബ്മിഷനില്‍ ഉന്നയിച്ചത്. നിയമസഭാ പ്രസംഗം നിയമസഭാ രേഖയുടെ ഭാഗമാണ്. ഇത് പരിശോധിച്ചാല്‍ മാത്രം മന്ത്രി പറഞ്ഞത് കള്ളമാണെന്ന് ബോധ്യപ്പെടുമെന്ന് ശ്രീരാമകൃഷ്ണന്‍ ദേശാഭിമാനിയോട് പറഞ്ഞു.
ചട്ടം മറികടന്ന് ഒന്നും ചെയ്തില്ലെന്ന് ഗവര്‍ണര്‍ക്ക് വി സിയുടെ കത്ത്
മലപ്പുറം: സര്‍വകലാശാലയിലെ വിവാദ ഭൂമിദാന നീക്കത്തില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും കൈയൊഴിഞ്ഞതോടെ "മുന്‍കൂര്‍ ജാമ്യം" തേടി വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം രംഗത്ത്. മുഖ്യമന്ത്രിയെയും ലീഗ് മന്ത്രിമാരെയും നേരിട്ടുകണ്ട് തന്റെ നിലപാടറിയിച്ച വി സി കഴിഞ്ഞദിവസം ഗവര്‍ണര്‍ക്ക് കത്തും നല്‍കി. സര്‍വകലാശാലാ ചട്ടങ്ങള്‍ മറികടന്ന് താന്‍ ഒന്നും ചെയ്തില്ലെന്ന് കാണിച്ചാണ് വി സി, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. സിന്‍ഡിക്കേറ്റ് ശുപാര്‍ശ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുകമാത്രമേ ചെയ്തുള്ളൂവെന്നാണ് വിസി കത്തില്‍ വ്യക്തമാക്കുന്നത്. സര്‍വകലാശാല മുന്നോട്ടുവച്ച എല്ലാ വ്യവസ്ഥകളും പാലിച്ചാണ് ശുപാര്‍ശകള്‍ അംഗീകരിച്ചതെന്നും വി സി വ്യക്തമാക്കുന്നുണ്ട്. ഭൂമിദാനം സംബന്ധിച്ച് വി സിക്കും സിന്‍ഡിക്കേറ്റിനുമെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. ഇതില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിക്കുംമുമ്പേയാണ് വി സി സ്വമേധയാ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി കത്തയച്ചത്. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കൈമാറിയിട്ടുണ്ട്.
വി സിക്കും സിന്‍ഡിക്കറ്റിനും ബുദ്ധിവേണം: മന്ത്രി ഗണേശ്
തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലാ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാകുന്ന സ്ഥാപനങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും വിശദമായി അന്വേഷിക്കാന്‍ വൈസ് ചാന്‍സലര്‍ക്കും സിന്‍ഡിക്കറ്റിനും ബുദ്ധിയുണ്ടാകണമെന്ന് മന്ത്രി കെ ബി ഗണേശ്കുമാര്‍ പറഞ്ഞു. സര്‍വകലാശാലാ സ്പെഷ്യല്‍ സ്പോര്‍ട്സ് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു ഷട്ടില്‍ കോര്‍ട്ട് പോലുമില്ലാത്തവരാണ് ബാഡ്മിന്റണ്‍ ട്രസ്റ്റുകാര്‍. ഇത്തരക്കാര്‍ കോടിക്കണക്കിന് രൂപ പദ്ധതിക്കായി ലഭ്യമക്കാമെന്ന് പറഞ്ഞപ്പോള്‍ അതില്‍ യാഥാര്‍ഥ്യമുണ്ടോയെന്ന് പരിശോധിക്കാനുള്ള ബുദ്ധി വൈസ് ചാന്‍സലര്‍ കാട്ടിയില്ല. നിയമപരമായ പരിശോധന നടത്തി സുതാര്യത ഉറപ്പുവരുത്തിയില്ലെങ്കില്‍ വിവാദം ഉണ്ടാകുന്നത് സ്വാഭാവികം. അബദ്ധങ്ങള്‍ പറ്റാതിരിക്കാന്‍ സര്‍വകലാശാലക്ക് ഇതൊരു പാഠമാണ്.
ഗ്രീന്‍ സ്പോര്‍ട്സ് കോംപ്ലക്സ് പദ്ധതിക്കായി സര്‍വകലാശാലാ അധികൃതര്‍ രൂപകല്‍പ്പന ചെയ്ത മാസ്റ്റര്‍ പ്ലാന്‍ അതേപ്പടി നടപ്പാക്കാനാകില്ല. ഇതിന് ആയിരം കോടി രൂപയോളം ചെലവ് വരും. ഒറ്റയടിക്ക് ഇത്രയും തുക കണ്ടെത്താനാകില്ല. അതിനാല്‍ മുന്തിയ പരിഗണന നല്‍കേണ്ട കാര്യങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും അതിന് മന്ത്രിയെന്ന നിലയില്‍ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഗണേശ്കുമാര്‍ പറഞ്ഞു.
deshabhimani 290412
Subscribe to:
Posts (Atom)