Saturday, April 28, 2012

ബംഗാരുവിന് നാല് വര്‍ഷം തടവും പിഴയും


ഒരു ലക്ഷം രൂപ കോഴപ്പണം കൈപ്പറ്റിയ കേസില്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന ബംഗാരു ലക്ഷ്മണിന് പ്രത്യേക സിബിഐ കോടതി നാല് വര്‍ഷം തടവും ഒര് ലക്ഷം രൂപ പിഴയും വിധിച്ചു. ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. ബംഗാരുവിന് പരമാവധി ശിക്ഷനല്‍കാന്‍ സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രായവും അസുഖവും കാരണം തന്റെ ശിക്ഷാകാലാവധി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബിജെപി ദേശീയ അധ്യക്ഷപദവിയിലിരിക്കെ, പ്രതിരോധ ഇടപാടുകളില്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പാര്‍ടി ആസ്ഥാന കാര്യാലയത്തില്‍വച്ച് ബംഗാരു കോഴ വാങ്ങിയത്.

ബംഗാരു ഒരു ലക്ഷം രൂപ കോഴയായി കൈപ്പറ്റിയെന്ന് സംശയരഹിതമായി തെളിയിക്കാന്‍ സിബിഐക്ക് സാധിച്ചെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി കന്‍വല്‍ജിത്ത് അറോറ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതി നിരോധനിയമത്തിലെ ഒമ്പതാം വകുപ്പുപ്രകാരമാണ് (പൊതുപ്രവര്‍ത്തകനെന്ന നിലയിലുള്ള സ്വാധീനമുപയോഗിച്ച് ലക്ഷ്യം കാണുന്നതിനായി കോഴ വാങ്ങല്‍) ബംഗാരുവിന് പരമാവധി ശിക്ഷ നല്‍കിയത്. "വെസ്റ്റ് എന്‍ഡ് ഇന്റര്‍നാഷണല്‍" എന്ന ആയുധക്കമ്പനിയുടെ ഇടനിലക്കാരെന്ന പേരില്‍ തെഹല്‍ക പ്രവര്‍ത്തകര്‍ ബംഗാരുവിനെ സമീപിക്കുകയായിരുന്നു. കരസേന കമ്പനിയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാരില്‍ സ്വാധീനംചെലുത്തണമെന്നായിരുന്നു ആവശ്യം.

ബംഗാരു ഒരു ലക്ഷം രൂപ കോഴയായി ആവശ്യപ്പെട്ടു. 2000 ഡിസംബര്‍ 23 നും 2001 ജനുവരി ഏഴിനുമിടയില്‍ എട്ടുതവണ തെഹല്‍ക പ്രവര്‍ത്തകര്‍ ബംഗാരുവിനെ കണ്ടു. ബിജെപികേന്ദ്ര ഓഫീസായ അശോകാ റോഡിലെ പതിനൊന്നാം നമ്പര്‍ ബംഗ്ലാവിലായിരുന്നു കൂടിക്കാഴ്ചകള്‍. രഹസ്യക്യാമറ ദൃശ്യങ്ങള്‍ 2001 മാര്‍ച്ച് 13നാണ് തെഹല്‍ക ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

deshabhimani news

1 comment:

  1. ഒരു ലക്ഷം രൂപ കോഴപ്പണം കൈപ്പറ്റിയ കേസില്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന ബംഗാരു ലക്ഷ്മണിന് പ്രത്യേക സിബിഐ കോടതി നാല് വര്‍ഷം തടവും ഒര് ലക്ഷം രൂപ പിഴയും വിധിച്ചു.

    ReplyDelete