Friday, April 27, 2012

സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് സംഘടനാ ഭാരവാഹിതെരഞ്ഞെടുപ്പില്‍ കൂട്ടത്തല്ല്


സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് സര്‍വീസ് സംഘടനാ ഭാരവാഹി തെരഞ്ഞെടുപ്പിനിടെ കൂട്ടത്തല്ലും കസേരയേറും. റിട്ടേണിങ് ഓഫീസര്‍ക്കും നിലവിലുള്ള പ്രസിഡന്റിനുമടക്കം നിരവധിപേര്‍ക്ക് മര്‍ദനമേറ്റു. കേരള സെക്രട്ടറിയറ്റ് അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പിനിടെ എ ഗ്രൂപ്പിലെ ഉമ്മന്‍ചാണ്ടി വിഭാഗവും എതിര്‍വിഭാഗവും തമ്മിലടിച്ചതിനെ തുടര്‍ന്ന് സെക്രട്ടറിയറ്റ് പരിസരം ഒരു മണിക്കൂറോളം സംഘര്‍ഷഭരിതമായി. സംഘട്ടത്തിനിടെ അസോസിയേഷന്‍ ഓഫീസിലേക്ക് പൊലീസ് ഇരച്ചുകയറി ഒരു വിഭാഗത്തെ പുറത്താക്കി.

ബുധനാഴ്ച വൈകിട്ട് അഞ്ചോടെ സെക്രട്ടറിയറ്റ് പരിസരത്തെ അസോസിയേഷന്‍ ഓഫീസിലായിരുന്നു സംഭവം. അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായിരുന്നു ബുധനാഴ്ച. ഏറെവര്‍ഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമായിരുന്നു സംഘടന. എ ഗ്രൂപ്പിലെ പിളര്‍പ്പിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി വിഭാഗം ഐ വിഭാഗവുമായി ചേര്‍ന്ന് സംഘടന പിടിക്കാന്‍ നടത്തിയ നീക്കങ്ങളാണ് കൂട്ടയടിയില്‍ കലാശിച്ചത്. നിലവിലുള്ള പ്രസിഡന്റ് എംഎസ് എര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പാനലും എതിര്‍വിഭാഗത്തിന്റെ പാനലും പത്രിക നല്‍കിയിരുന്നു. നാമനിര്‍ദേശപത്രിക പിന്‍വലിക്കണമെന്ന എതിര്‍വിഭാഗത്തിന്റെ ആവശ്യം എര്‍ഷാദ് വിഭാഗം നിരാകരിച്ചതോടെയാണ് സംഘട്ടനത്തിന്റെ തുടക്കം. ഇതോടെ ഇരുവിഭാഗങ്ങളും പോര്‍വിളിയും കസേര ഏറും തുടങ്ങി.

ഇതിനിടെ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറും ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായ കെ ബി സന്തോഷ്കുമാറിന് മര്‍ദനമേറ്റു. ഇതോടെ കൂട്ടത്തല്ലായി. എര്‍ഷാദ് വിഭാഗം വോട്ടര്‍പട്ടിക കീറിയെറിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. എര്‍ഷാദിനെ എതിര്‍വിഭാഗം വളഞ്ഞുവച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി പി എസ് ശ്രീകുമാറടക്കമുള്ളവര്‍ ഒരുഭാഗത്ത് അണിനിരന്നു.

സംഭവമറിഞ്ഞ് തൊട്ടടുത്ത് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം അസോസിയേഷന്‍ ഹാളിലേക്ക് ഇരച്ചു കയറി. എര്‍ഷാദ് വിഭാഗത്തെ പൊലീസ് പുറത്താക്കി വാതിലടച്ചു. എതിര്‍വിഭാഗം ഇതിനിടെ തങ്ങളുടെ പാനലിലുള്ളവര്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. എട്ട് ഭാരവാഹികളടക്കം പതിനെട്ട് അംഗ കമ്മിറ്റി പൂര്‍ണമായി തങ്ങള്‍ പിടിച്ചെടുത്തതായി എര്‍ഷാദ് വിരുദ്ധര്‍ പറഞ്ഞു. അതിനിടെ എര്‍ഷാദ് വിഭാഗത്തിന്റെ നാമനിര്‍ദേശപത്രികകള്‍ നശിപ്പിച്ചതായും പറയപ്പെടുന്നു.

പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് സംഘടനാതെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് മുഖമന്ത്രിയുടെ ഓഫീസും പാര്‍ടി നേതൃത്വത്തിലെ ചിലരും കൂട്ടുനില്‍ക്കുകയായിരുന്നെന്ന് എര്‍ഷാദ് വിഭാഗം ആരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്.

deshabhimani news

1 comment:

  1. സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് സര്‍വീസ് സംഘടനാ ഭാരവാഹി തെരഞ്ഞെടുപ്പിനിടെ കൂട്ടത്തല്ലും കസേരയേറും. റിട്ടേണിങ് ഓഫീസര്‍ക്കും നിലവിലുള്ള പ്രസിഡന്റിനുമടക്കം നിരവധിപേര്‍ക്ക് മര്‍ദനമേറ്റു. കേരള സെക്രട്ടറിയറ്റ് അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പിനിടെ എ ഗ്രൂപ്പിലെ ഉമ്മന്‍ചാണ്ടി വിഭാഗവും എതിര്‍വിഭാഗവും തമ്മിലടിച്ചതിനെ തുടര്‍ന്ന് സെക്രട്ടറിയറ്റ് പരിസരം ഒരു മണിക്കൂറോളം സംഘര്‍ഷഭരിതമായി. സംഘട്ടത്തിനിടെ അസോസിയേഷന്‍ ഓഫീസിലേക്ക് പൊലീസ് ഇരച്ചുകയറി ഒരു വിഭാഗത്തെ പുറത്താക്കി.

    ReplyDelete