Wednesday, April 25, 2012

കലിക്കറ്റ് സര്‍വകലാശാലയെച്ചൊല്ലി ദുഃഖിക്കുക


സര്‍വകലാശാലകളെ സംബന്ധിച്ച് സമൂഹം കാലങ്ങളായി സൂക്ഷിക്കുന്ന ചില സങ്കല്‍പങ്ങളുണ്ട്. സംസ്‌ക്കാരത്തിന്റെ ഗരിമയും ജ്ഞാന-വിജ്ഞാനങ്ങളുടെ മഹിമയും ആ സങ്കല്‍പങ്ങളുമായി ഇഴപിരിഞ്ഞു കിടക്കുന്നു. പ്രകാശത്തിന്റെ ഉറവിടങ്ങളാകേണ്ട സര്‍വകലാശാലകള്‍ സുതാര്യതയുടെ ഇരിപ്പിടമാകണമെന്നും സമൂഹം പ്രതീക്ഷിക്കുന്നു. അത്തരം സങ്കല്‍പങ്ങളെയും പ്രതീക്ഷകളെയും എല്ലാം നോക്കി കൊഞ്ഞനം കുത്തുന്ന കേന്ദ്രമായി കലിക്കറ്റ് സര്‍വകലാശാല മാറുകയാണ്. ചുറ്റുപടവുകളുള്ള ഒരു പ്രകാശ ഗോപുരമാണ് സര്‍വകലാശാലയുടെ മുഖമുദ്ര. അതിലൂടെ അതിന്റെ സ്ഥാപകര്‍ ഉന്നംവച്ച ലക്ഷ്യങ്ങള്‍ എന്താണെന്നു വ്യക്തം. എന്നാല്‍ കലിക്കറ്റ് സര്‍വകലാശാലയുടെ ചുറ്റുപടവുകളിലൂടെ നാണംകെട്ട ദുഷ്പ്രവൃത്തികള്‍ ഇന്ന് ഉയര്‍ച്ചകള്‍ തേടുകയാണ്. ആ പ്രകാശഗോപുരത്തിന്റെ വെളിച്ചമത്രയും സങ്കുചിത ലാഭമോഹത്തിന്റെ സ്വാര്‍ഥമതികള്‍ ഊതിക്കെടുത്താന്‍ ശ്രമിക്കുകയാണ്. ഈ സ്ഥിതിവിശേഷം വിദ്യാഭ്യാസ പ്രേമികളെ മുഴുവന്‍ ദുഃഖിപ്പിക്കുന്നു.

കലിക്കറ്റ് സര്‍വകലാശാല അധികൃതര്‍ ഏറ്റവും ഒടുവില്‍ മികവുകാണിക്കുന്നത് ഭൂമി ദാനത്തിന്റെ പുതിയ സങ്കേതങ്ങള്‍ തേടുന്നതിലാണ്. മുസ്‌ലിംലീഗ് നേതാക്കള്‍ക്കു വ്യക്തിപരമായി താല്‍പര്യമുളള കടലാസ് പ്രസ്ഥാനങ്ങള്‍ക്ക് സര്‍വകലാശാലയുടെ വക ഭൂമി കൈമാറ്റം ചെയ്യാനാണ് അവര്‍ കരുക്കള്‍ നീക്കിയത്. വൈസ് ചാന്‍സിലറും ഏതാനും സിന്‍ഡിക്കേറ്റ് അംഗങ്ങളും ഇക്കാര്യത്തില്‍ കാണിച്ച വ്യഗ്രത അവരുടെ യജമാനഭക്തിയുടെ വിളംബരമായിരുന്നു. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാരാകാന്‍ നിലവിലുള്ള നിയമങ്ങളൊന്നും യൂണിവേഴ്‌സിറ്റിയും അനുവാദം നല്‍കുന്നില്ല. പൊതു സ്വകാര്യ പങ്കാളിത്തമാണ് യു ജി സി നയമെന്ന ദുര്‍ബലവാദത്തിന്റെ മറവിലാണ് നാഷണല്‍ ഹൈവേയോടു തൊട്ടുരുമ്മി കിടക്കുന്ന സര്‍വകലാശാല വക ഭൂമി ഇഷ്ടക്കാരെ ഏല്‍പ്പിച്ചുകൊടുക്കാന്‍ വി സിയും കൂട്ടാളികളും പദ്ധതി ഒരുക്കിയത്.

മുസ്‌ലിംലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന ഗ്രേസ് എഡ്യൂക്കേഷണല്‍ അസോസിയേഷന് പത്ത് ഏക്കര്‍, മന്ത്രി മുനീറിന്റെ സഹോദരീ ഭര്‍ത്താവ് പ്രസിഡന്റായ കേരളാ ഒളിമ്പിക്‌സ് അസോസിയേഷന്‍ കോഴിക്കോട് ഘടകത്തിന് 25 ഏക്കര്‍, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍ത്തൃ പിതാവ് മാനേജിംഗ് ട്രസ്റ്റി ആയ കേരളാ ബാഡ്മിന്റണ്‍ ഡവലപ്‌മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ എന്നിങ്ങനെയാണ് ഭൂമി ദാനത്തിനുവേണ്ടി തയ്യാറാക്കിയ പദ്ധതി. ഈ ഭൂദാന പ്രക്രിയയില്‍ യാതൊരു ക്രമക്കേടും ഇല്ലെന്നും ഇത് യു ജി സിയുടെ അനുമതിയുളള വിദ്യാഭ്യാസ പ്രവര്‍ത്തനമാണെന്നും വൈസ് ചാന്‍സിലറും മുസ്‌ലിംലീഗ് നേതാക്കളും വാദിച്ചത് കൗതുകകരമാണ്. എന്നാല്‍ ആ വാദം വിലപ്പോകില്ലെന്നു വന്നപ്പോള്‍ ഭൂദാന തീരുമാനം റദ്ദാക്കി തടിയൂരാനാണ് ഒടുവില്‍ അവര്‍ ശ്രമിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കേറ്റിനെ പിരിച്ചുവിട്ട് ഭരണക്കാര്‍ക്ക് വേണ്ടപ്പെട്ടവരെ നോമിനേറ്റ് ചെയ്തുകൊണ്ടാണ് യു ഡി എഫ് ഭരണം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പിടിമുറിക്കിയത്. അതിനു മുമ്പുതന്നെ 'കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രി'യെപ്പോലുള്ള ഒരാളെ സര്‍ക്കാര്‍ അവിടത്തെ വി സിയാക്കിയിരുന്നു. തലതിരിഞ്ഞ പരിഷ്‌കരണങ്ങളില്‍ സവിശേഷ പ്രാവീണ്യമുള്ള വി സി സര്‍വകലാശാലയിലാകെ പച്ചപ്പുപരത്തിയ സ്വാഭാവിക മരങ്ങള്‍ വെട്ടിവെളുപ്പിച്ചുകൊണ്ടാണ് തന്റെ ഭരണപാടവപ്രകടനത്തിനു തുടക്കം കുറിച്ചത്. അതോടൊപ്പം സര്‍വകലാശാലാ ജീവനക്കാര്‍ക്ക് കൂച്ചുവിലങ്ങിടാനും അദ്ദേഹം തിടുക്കം കൊണ്ടു. ഇതിനെല്ലാംശേഷമാണ് ഭൂദാനത്തിനുള്ള കളമൊരുക്കാന്‍ വി സിയും കൂട്ടരും തുനിഞ്ഞിറങ്ങിയതെന്നറിയുന്നു.

ഭൂമി കേരളത്തിലെ ഏറ്റവും ദുര്‍ലഭവസ്തുക്കളില്‍ ഒന്നായിമാറിക്കഴിഞ്ഞു. ധനാര്‍ത്തി പൂണ്ട കറുത്ത ശക്തികള്‍ ഓരോ ഇഞ്ചു ഭൂമിയും കൈക്കലാക്കാന്‍ പരക്കംപായുകയാണ്. സ്‌പോര്‍ട്‌സ് ഗവേഷണം പഠനം വികസനം എന്നെല്ലാമുള്ള ഓമനപ്പേരില്‍ ഭൂമി കൈവശപ്പെടുത്താന്‍ എളുപ്പമാണെന്ന് അവര്‍ക്കറിയാം. അങ്ങനെ കൈക്കലാക്കുന്ന ഭൂമിയില്‍ ഏറിയ പങ്കും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ സ്വന്തമാക്കുന്ന അനുഭവം ഇന്ത്യയില്‍ വേണ്ടുവോളമുണ്ട്. അത്തരം ഭൂമാഫിയകളുടെ ഇടനിലക്കാരാകാന്‍ ഒരു സര്‍വകലാശാലാ നേതൃത്വം ഇറങ്ങിത്തിരിക്കുന്നത് അപമാനകരമാണ്. ഈ ചെയ്തികള്‍ക്ക് സര്‍ക്കാരിന്റെ ഒത്താശയുണ്ടെന്നതു വ്യക്തമാണ്. വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും അവസാനം വരെ മൗനം ഭജിച്ചത് മറ്റൊന്നുകൊണ്ടുമല്ല.
ഒരു റദ്ദാക്കല്‍ പ്രഖ്യാപനം കൊണ്ടുമാത്രം കലിക്കറ്റ് സര്‍വകലാശാലയുടെമേല്‍ പതിച്ച അപമാനത്തിന്റെ കളങ്കം കഴുകിപ്പോകില്ല. അതിന്റെ വിശ്വാസ്യതയും അന്തസും അത്രമേല്‍ ഇടിഞ്ഞുതാണിരിക്കുന്നു. ഇതിലൊന്നും ശ്രദ്ധിക്കാനോ പരിഹാരം തേടാനോ പ്രോ-ചാന്‍സലറായ വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രിക്കും നേരമില്ല. ചാന്‍സിലറായ ഗവര്‍ണര്‍ ഈ ദുഃസ്ഥിതിക്കു മുമ്പില്‍ കൈകെട്ടിനില്‍ക്കരുത്. ഭൂമിദാനത്തിന്റെ പിറകില്‍ നടന്ന അന്തര്‍ നാടകങ്ങളെക്കുറിച്ച് അന്വേഷിക്കാനും ഇത്തരം പ്രവൃത്തികള്‍ അവിടെ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാനും ഗവര്‍ണര്‍ നടപടി സ്വീകരിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

janayugom editorial 250412

No comments:

Post a Comment