Monday, April 30, 2012

പ്രധാനമന്ത്രി കാര്യാലയത്തിന്റെ മൗനത്തിന് വിലയായി ഭൂമിദാനം


ടട്രാ ട്രക്ക് ഇടപാട് തടസ്സമില്ലാതെ നടത്താന്‍ പ്രധാനമന്ത്രി കാര്യാലയം സമ്മതം മൂളിയതിനു പ്രതിഫലമായി ബംഗളൂരുവില്‍ ചുളുവിലയ്ക്ക് ഭൂമി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി കെ എ നായരുടെ സഹോദരിയുടെ മകള്‍ക്കും അടുത്ത ബന്ധുവിനുമാണ് ബംഗളൂരുവില്‍ ബിഇഎംഎല്‍ ജീവനക്കാരുടെ സൊസൈറ്റി വക ഭൂമി നിസ്സാര വിലയ്ക്ക് തരപ്പെട്ടതെന്ന് "ദ ഹിന്ദു" റിപ്പോര്‍ട്ട്ചെയ്തു. വാര്‍ത്ത ടി കെ എ നായര്‍ നിഷേധിച്ചു. ഇക്കാര്യം പ്രധാനമന്ത്രി കാര്യാലയം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടട്രാ ട്രക്കിനേക്കാള്‍ സാങ്കേതിക മികവുള്ള ട്രക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ബിഇഎംഎല്‍ ഇടനിലക്കാരന്‍ വഴി ട്രക്കിന്റെ ഭാഗങ്ങള്‍ ഇറക്കുമതിചെയ്ത് കൂട്ടിയോജിപ്പിക്കുകയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ നടന്ന ഇടപാടില്‍ സേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബിഇഎംഎല്‍ മേധാവികളും നേട്ടമുണ്ടാക്കി. ഇടപാട് തടയാതിരിക്കാന്‍ പ്രധാനമന്ത്രി കാര്യാലയം ഇടപെട്ടിരുന്നു. അതിനുശേഷമാണ് ബംഗളൂരുരില്‍ ബിഇഎംഎല്‍ ജീവനക്കാര്‍ക്കായുള്ള ഭവനിര്‍മാണ പദ്ധതിക്കുള്ള ഭൂമിയില്‍നിന്ന് ടി കെ എ നായരുടെ സഹോദരീപുത്രി പ്രീതി പ്രഭയ്ക്കും കുടുംബസുഹൃത്തിനും ഭൂമി കിട്ടിയത്. ഭൂമി നല്‍കുന്ന സമയത്ത് നായര്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. ബിഇഎംഎല്‍ ഡയറക്ടര്‍ വി ആര്‍ എസ് നടരാജന്‍ വളരെ അടുത്ത കുടുംബസുഹൃത്താണെന്നാണ് പ്രീതി പ്രഭ പറഞ്ഞത്.

2008ല്‍ ദക്ഷിണ ബംഗളൂരുവിലെ ചന്നസന്ദ്രയിലാണ് 10.8 ലക്ഷം രൂപയ്ക്ക് 2400 ചതുരശ്ര അടി വീതം ഭൂമി നല്‍കിയത്. കമ്പോളവിലയുടെ ആറിലൊന്നുമാത്രമാണ് ഈടാക്കിയത്. എന്നാല്‍, ബിഇഎംഎല്‍ മുന്‍ ജീവനക്കാരനായ പെരിയസ്വാമി ഇതുസംബന്ധിച്ച് പരാതി നല്‍കി. ബിഇഎംഎല്‍ മേധാവി വി ആര്‍ എസ് നടരാജന്റെ നിരന്തര സമ്മര്‍ദംമൂലമാണ് സൊസൈറ്റി ഭാരവാഹികള്‍ ഭൂമി നല്‍കിയതെന്നും പരാതിയില്‍ പറഞ്ഞു. പരാതിക്ക് മറുപടിയൊന്നും ലഭിച്ചില്ല. എന്നാല്‍, കൂടുതല്‍ വിവാദമുണ്ടാകേണ്ടെന്നു കരുതി നായരുടെ ബന്ധുക്കള്‍ ഭൂമി തിരികെ നല്‍കി. ജീവനക്കാര്‍ക്കുള്ള ഭവനപദ്ധതികള്‍ സംബന്ധിച്ച് 1995ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമാണ് ഭൂമിദാനം. ജീവനക്കാര്‍ക്കുള്ള ഭവനപദ്ധതികള്‍ക്കായി രൂപീകരിക്കുന്ന സൊസൈറ്റികളില്‍ അംഗത്വം ജീവനക്കാര്‍ക്കു മാത്രമായിരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്.

40 ഉദ്യോഗസ്ഥര്‍ക്കും ചട്ടം ലംഘിച്ച് ഭൂമി

ബംഗളൂരു: ബിഇഎംഎല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളികള്‍ക്കായി അനുവദിച്ച ഭൂമി പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും വഴിവിട്ട് അനുവദിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ 40 ഉദ്യോഗസ്ഥര്‍ക്കാണ് ബിഇഎംഎല്‍ സിഎംഡി വി ആര്‍ എസ് നടരാജന്‍ ഇടപെട്ട് സൈറ്റ് അനുവദിച്ചതെന്ന് ബിഇഎംഎല്‍ മുന്‍ തൊഴിലാളിയും ഓഹരിയുടമയുമായ കെ എസ് പെരിയസ്വാമി വെളിപ്പെടുത്തി. അനധികൃത ഭൂമി കൈമാറ്റത്തിന്റെ തെളിവുകളും രേഖകളും തന്റെ പക്കലുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നടരാജന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങളെത്തുടര്‍ന്നാണ് ബിഇഎംഎല്ലില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കായി വകയിരുത്തിയ ഭൂമി ഉന്നത ഉദ്യോഗസ്ഥര്‍ക്കും ബന്ധുക്കള്‍ക്കും വഴിവിട്ട് അനുവദിച്ചത്. ടി കെ എ നായരും നടരാജനും അടുത്ത സുഹൃത്തുക്കളാണ്. കടുത്ത സമ്മര്‍ദം ചെലുത്തിയാണ് നായര്‍ തന്റെ ബന്ധുക്കള്‍ക്ക് അനധികൃതമായി ഭൂമി ലഭ്യമാക്കിയത്. ബംഗളൂരു നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ബിഇഎംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയത്തിലെ 63 സൈറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ ചട്ടം ലംഘിച്ച് സ്വന്തമാക്കിയത് ഏറെ വിവാദമായിരുന്നു. ഇതിനിടയിലാണ് ടി കെ എ നായര്‍ക്കും ബന്ധുവിനും കുടുംബസുഹൃത്തിനും ഭൂമിദാനംചെയ്ത വാര്‍ത്ത "ദ ഹിന്ദു" പുറത്തുവിട്ടത്.

ബിഇഎംഎല്ലില്‍ അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്കും കര്‍ണാടകത്തില്‍ 10 വര്‍ഷമായി താമസിക്കുന്നവര്‍ക്കും മാത്രമേ സൈറ്റ് അനുവദിക്കാന്‍ പാടുള്ളുവെന്നാണ് ബിഇഎംഎല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചട്ടം. എന്നാല്‍, നായരടക്കം 63 പേര്‍ക്ക് ചട്ടം ലംഘിച്ച് ഭൂമി അനുവദിച്ചു. തുച്ഛമായ വിലയ്ക്കായിരുന്നു ഇത്. പലതവണ വിവിധ തൊഴിലാളി സംഘടനകള്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമെടുത്തില്ല. പകരം പരാതി നല്‍കിയവര്‍ക്കെതിരെ പ്രതികാരനടപടി കൈക്കൊള്ളുകയായിരുന്നു സിഎംഡി. നടരാജനും നായരും ചേര്‍ന്നുള്ള സംഘം അനവധി അഴിമതി നടത്തിയിട്ടുണ്ടെന്നും പെരിയസ്വാമി ആരോപിച്ചു. ഉന്നതങ്ങളിലെ സമ്മര്‍ദം കാരണമാണ് ഇവ പുറത്തുവരാത്തത്. ചുരുങ്ങിയത് 6000 ഫയലുകളെങ്കിലും ഇരുവരുംചേര്‍ന്ന് കൈകാര്യംചെയ്തിട്ടുണ്ട്. രാജ്യം കണ്ട വന്‍ കുംഭകോണങ്ങളിലൊന്നാണിത്. ഇവര്‍ രാജ്യത്തെ വില്‍ക്കുകയാണെന്നും പെരിയസ്വാമി പറഞ്ഞു.
(പി വി മനോജ്കുമാര്‍)

ട്രക്ക് ഇടപാട് ഏഴുവര്‍ഷം മുമ്പുതന്നെ വിവാദമായി

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തെ പിടിച്ചുകുലുക്കിയ ടട്രാ ട്രക്ക് ഇടപാട് ഏഴു വര്‍ഷം മുമ്പുതന്നെ വിവാദമായിരുന്നു. യഥാര്‍ഥ നിര്‍മാതാക്കളില്‍ നിന്നല്ല ട്രക്ക് ഇറക്കുമതി ചെയ്യുന്നതെന്നും ഇടനിലക്കമ്പനി ഇറക്കുന്ന ട്രക്കിന്റെ ഭാഗങ്ങള്‍ ബിഇഎംഎല്ലില്‍ കൂട്ടിയോജിപ്പിക്കുകയാണെന്നുമുള്ള ആരോപണം 2005ല്‍ ഉയര്‍ന്നു. സാങ്കേതികവിദ്യ സ്വന്തമാക്കാതെ ബിഇഎംഎല്‍ കൂട്ടിയോജിപ്പിക്കല്‍മാത്രമാണ് നടത്തുന്നതെന്ന ആക്ഷേപം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായെടുത്തില്ല. ചെക്ക് റിപ്പബ്ലിക്കിലെ ടട്രാ കമ്പനിയുമായി 1986ല്‍ ഒപ്പിട്ട കരാര്‍ രവി ഋഷിയുടെ കമ്പനിയായ ടട്രാ സിപോക്സ് യുകെയ്ക്ക് 1997ല്‍ ലഭിച്ചു. യഥാര്‍ഥ നിര്‍മാതാക്കളുമായുണ്ടാക്കിയ കരാര്‍ എങ്ങനെ ഇടനിലക്കമ്പനിക്ക് കിട്ടിയെന്നതാണ് സിബിഐ അന്വേഷിക്കുന്ന വിഷയങ്ങളിലൊന്ന്.

ടട്രാ സിപോക്സില്‍നിന്ന് ട്രക്കിന്റെ ഭാഗങ്ങള്‍ ഇറക്കുമതിചെയ്ത് യോജിപ്പിക്കുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു 2005ല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിഗമനം. ടട്രാ സിപോക്സ് യുകെ എന്ന കമ്പനി ടട്രാ കമ്പനിയുടെ ഉപസ്ഥാപനമാണെന്ന ചെക്ക് റിപ്പബ്ലിക്കിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. ചെക്കോസ്ലോവാക്യ വിഭജിക്കപ്പെട്ട് ചെക്ക്, സ്ലോവാക്യ റിപ്പബ്ലിക്കുകളാക്കിയപ്പോള്‍ കമ്പനിക്കുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ കമ്പനി രൂപീകരിച്ചതെന്നും സ്ഥാനപതി കത്തില്‍ പറഞ്ഞു. ടട്രാ സിപോക്സ് ഡയറക്ടര്‍ ജോസഫ് മാജ്സ്കിയില്‍നിന്ന് പ്രതിരോധ മന്ത്രാലയം വിവരങ്ങള്‍ ആരാഞ്ഞു. ഇന്ത്യയുമായുള്ള ട്രക്കിടപാട് തുടരാന്‍ മാതൃസ്ഥാപനം ടട്രാ സിപോക്സിനെയാണ് ചുമതലപ്പെടുത്തിയതെന്ന മറുപടിയും ലഭിച്ചു. ടട്രാ സിപോക്സില്‍നിന്ന് ട്രക്കിന്റെ ഭാഗങ്ങള്‍ ഇറക്കുമതിചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലെന്ന് പ്രതിരോധ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

deshabhimani 300412

1 comment:

  1. ടട്രാ ട്രക്ക് ഇടപാട് തടസ്സമില്ലാതെ നടത്താന്‍ പ്രധാനമന്ത്രി കാര്യാലയം സമ്മതം മൂളിയതിനു പ്രതിഫലമായി ബംഗളൂരുവില്‍ ചുളുവിലയ്ക്ക് ഭൂമി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി കെ എ നായരുടെ സഹോദരിയുടെ മകള്‍ക്കും അടുത്ത ബന്ധുവിനുമാണ് ബംഗളൂരുവില്‍ ബിഇഎംഎല്‍ ജീവനക്കാരുടെ സൊസൈറ്റി വക ഭൂമി നിസ്സാര വിലയ്ക്ക് തരപ്പെട്ടതെന്ന് "ദ ഹിന്ദു" റിപ്പോര്‍ട്ട്ചെയ്തു. വാര്‍ത്ത ടി കെ എ നായര്‍ നിഷേധിച്ചു. ഇക്കാര്യം പ്രധാനമന്ത്രി കാര്യാലയം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ReplyDelete