Saturday, April 28, 2012

ബിജെപിയെ തളര്‍ത്തിയ തെഹല്‍ക ഓപ്പറേഷന്‍


ഒരു ലക്ഷം രൂപ കോഴ വാങ്ങിയ കേസില്‍ ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് വീണ്ടും തെളിഞ്ഞു. ഓപ്പറേഷന്‍ വെസ്റ്റ്എന്‍ഡിലൂടെ തെഹല്‍ക വാര്‍ത്താപോര്‍ട്ടല്‍, എന്‍ഡിഎ ഭരണകാലത്ത് പ്രതിരോധ മന്ത്രാലയം എത്രമാത്രം അഴിമതിയില്‍ മുങ്ങിയെന്ന് വെളിപ്പെടുത്തുകയായിരുന്നു.

2001 മാര്‍ച്ചില്‍ തെഹല്‍ക പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചു. ഭരണകക്ഷിയുടെ ദേശീയ അധ്യക്ഷന്‍ സ്വന്തം ഓഫീസ് മുറിയിലിരുന്ന് നോട്ടുകെട്ട് വാങ്ങി മേശവലിപ്പിലേക്ക് തള്ളുന്ന കാഴ്ച വേറിട്ട പാര്‍ടിയെന്ന ബിജെപിയുടെ അവകാശവാദങ്ങളെ പൊളിച്ചു. പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ കൂട്ടാളികളും ഉന്നത സൈനികോദ്യോഗസ്ഥരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമൊക്കെ ആയുധഇടപാടുകളുടെ മറവില്‍ പണം പറ്റുന്നത് തെളിവുസഹിതം തെഹല്‍ക പുറത്തുകൊണ്ടുവന്നു. തെഹല്‍ക വെളിപ്പെടുത്തലുകള്‍ എന്‍ഡിഎ സര്‍ക്കാരിനെ ഉലച്ചു. ബംഗാരുവിനെ ഉടന്‍ അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റി. ജോര്‍ജ് ഫെര്‍ണാണ്ടസിന് പ്രതിരോധമന്ത്രി സ്ഥാനവും തെറിച്ചു. പ്രധാനമന്ത്രി വാജ്പേയി അന്വേഷണകമീഷനെ പ്രഖ്യാപിച്ചു.

ഇതെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍മാത്രമായിരുന്നു. ആരോപണങ്ങളുടെ ആരവം അടങ്ങിയതോടെ എന്‍ഡിഎ സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിച്ചുതുടങ്ങി. തെഹല്‍ക വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തെരഞ്ഞുപിടിച്ച് കള്ളക്കേസില്‍ കുടുക്കി. തെഹല്‍കയെ സാമ്പത്തികമായി സഹായിച്ചിരുന്ന ശങ്കര്‍ ശര്‍മ ജയിലിലായി. ഒപ്പം ഒളിക്യാമറ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അനിരുദ്ധ് ബഹല്‍, കുമാര്‍ ബാദല്‍ തുടങ്ങിയവരും അറസ്റ്റിലായി. തെഹല്‍കയുടെ സ്ഥാപകന്‍ തരുണ്‍ തേജ്പാലിന് രണ്ടുവര്‍ഷത്തിനകം പോര്‍ട്ടല്‍ അടച്ചുപൂട്ടേണ്ടി വന്നു. മാത്രമല്ല പ്രതിരോധ മന്ത്രിസ്ഥാനത്ത് ജോര്‍ജ് ഫെര്‍ണാണ്ടസ് കൂടുതല്‍ കരുത്തനായി മടങ്ങിയെത്തി. ബംഗാരുവിന് ബിജെപി വീണ്ടും സ്ഥാനമാനങ്ങള്‍ നല്‍കി തൃപ്തിപ്പെടുത്തി.

കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരിക്കെയാണ് 2000ല്‍ ബംഗാരു ബിജെപി അധ്യക്ഷപദവിയിലെത്തിയത്. ആര്‍എസ്എസിന്റെ പ്രത്യേകനിര്‍ദേശ പ്രകാരമായിരുന്നു ബംഗാരുവിന്റെ സ്ഥാനക്കയറ്റം. പ്രസിഡന്റ് സ്ഥാനത്ത് ബംഗാരുവിനെ സ്ഥാപിക്കുക വഴി പിന്നോക്ക ജനവിഭാഗങ്ങളുടെ പിന്തുണയാണ് സംഘപരിവാര്‍ ആഗ്രഹിച്ചത്. ഈ ദിശയില്‍ വ്യാപകമായ പ്രചാരപ്രവര്‍ത്തനങ്ങളും സംഘപരിവാര്‍ നടത്തി. ബംഗാരു പ്രസിഡന്റ് പദവിയില്‍ കഷ്ടിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴാണ് തെഹല്‍ക വെളിപ്പെടുത്തലുകള്‍. ബംഗാരുവിനെ അധ്യക്ഷപദവിയില്‍നിന്ന് നീക്കിയെങ്കിലും അധ്യക്ഷന്‍തന്നെ കോഴ വാങ്ങുന്ന പാര്‍ടിയെന്ന പ്രതിച്ഛായയില്‍നിന്ന് ബിജെപിക്ക് മുക്തി നേടാനായിട്ടില്ല.

deshabhimani 280412

1 comment:

  1. ഒരു ലക്ഷം രൂപ കോഴ വാങ്ങിയ കേസില്‍ ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് വീണ്ടും തെളിഞ്ഞു. ഓപ്പറേഷന്‍ വെസ്റ്റ്എന്‍ഡിലൂടെ തെഹല്‍ക വാര്‍ത്താപോര്‍ട്ടല്‍, എന്‍ഡിഎ ഭരണകാലത്ത് പ്രതിരോധ മന്ത്രാലയം എത്രമാത്രം അഴിമതിയില്‍ മുങ്ങിയെന്ന് വെളിപ്പെടുത്തുകയായിരുന്നു.

    ReplyDelete