Thursday, April 26, 2012

"ചന്ദ്രിക"യിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്


പാര്‍ടിയിലെ ഒരുവിഭാഗത്തിന്റെ വാര്‍ത്തകള്‍ തമസ്കരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയുടെ കൊച്ചി ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്. ജില്ലാ സെക്രട്ടറി മുഹമ്മദ് ആസിഫിന്റെ നേതൃത്വത്തിലാണ് ഇബ്രാഹിംകുഞ്ഞ് വിരുദ്ധ വിഭാഗത്തിലെ ഇരുപതോളം പ്രവര്‍ത്തകര്‍ ചന്ദ്രികയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ഓഫീസിനുമുന്നില്‍ കൂട്ടംകൂടി മുദ്രാവാക്യം മുഴക്കി. ബുധനാഴ്ച രാത്രിയാണ് സംഭവം. ജില്ലാ ട്രഷറര്‍ ഉള്‍പ്പെടെയുള്ള ജില്ലാ ഭാരവാഹികളില്‍ പ്രബല വിഭാഗം മാര്‍ച്ചില്‍ പങ്കെടുത്തു. മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലമായ കളമശേരിയില്‍നിന്നുള്ള പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

അഹമ്മദ് കബീര്‍ വിഭാഗത്തിന്റെ വാര്‍ത്തകള്‍ ചന്ദ്രികയില്‍ കുഴിച്ചുമൂടുകയാണെന്ന് മാര്‍ച്ച് നടത്തിയവര്‍ പറഞ്ഞു. ചന്ദ്രിക ഗവേണിങ് ബോഡി ചെയര്‍മാനായ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെയും മന്ത്രി അനുകൂലികളുടെയും വാര്‍ത്തകള്‍മാത്രമാണ് പത്രത്തില്‍ നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. കളമശേരി മണ്ഡലം എംഎസ്എഫ് പ്രവര്‍ത്തകര്‍ യോഗംചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തതായി ബുധനാഴ്ച ചന്ദ്രികയില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, ഇതു തെറ്റാണെന്നും അങ്ങനെയൊരു യോഗം ചേര്‍ന്നില്ലെന്നും അഹമ്മദ് കബീര്‍ വിഭാഗം ആരോപിച്ചു. കളമശേരിയിലെ ചന്ദ്രിക ലേഖകനെ അഹമ്മദ് കബീര്‍ അനുകൂലിയെന്ന പേരില്‍ കുറേനാളായി മാനേജ്മെന്റ് മാറ്റിനിര്‍ത്തിയിരിക്കയാണ്. തേജസ് പത്രത്തിന്റെ ലേഖകന് ചന്ദ്രികയിലേക്ക് വാര്‍ത്തകള്‍ അയക്കാനുള്ള ചുമതലകള്‍കൂടി നല്‍കിയിട്ടുണ്ട്. ഏറെനാളായി ജില്ലയിലെ ലീഗ് നേതൃത്വത്തിലും അണികളിലും രൂക്ഷമായ ചേരിതിരിവാണ് ഈ സംഭവത്തോടെ മറനീക്കിയത്. കഴിഞ്ഞമാസം നടന്ന യൂത്ത് ലീഗ് ജില്ലാ നേതൃസംഗമത്തില്‍ സംസ്ഥാനനേതൃത്വം ഇബ്രാഹിംകുഞ്ഞ് വിഭാഗത്തിന് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നുവെന്നാരോപിച്ച് മറുവിഭാഗം രംഗത്തുവന്നത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് യോഗം പിരിച്ചുവിടുകയായിരുന്നു.

deshabhimani 260412

1 comment:

  1. പാര്‍ടിയിലെ ഒരുവിഭാഗത്തിന്റെ വാര്‍ത്തകള്‍ തമസ്കരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയുടെ കൊച്ചി ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്. ജില്ലാ സെക്രട്ടറി മുഹമ്മദ് ആസിഫിന്റെ നേതൃത്വത്തിലാണ് ഇബ്രാഹിംകുഞ്ഞ് വിരുദ്ധ വിഭാഗത്തിലെ ഇരുപതോളം പ്രവര്‍ത്തകര്‍ ചന്ദ്രികയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ഓഫീസിനുമുന്നില്‍ കൂട്ടംകൂടി മുദ്രാവാക്യം മുഴക്കി. ബുധനാഴ്ച രാത്രിയാണ് സംഭവം. ജില്ലാ ട്രഷറര്‍ ഉള്‍പ്പെടെയുള്ള ജില്ലാ ഭാരവാഹികളില്‍ പ്രബല വിഭാഗം മാര്‍ച്ചില്‍ പങ്കെടുത്തു. മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലമായ കളമശേരിയില്‍നിന്നുള്ള പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

    ReplyDelete