Sunday, April 29, 2012
തീരത്ത് മനുഷ്യമഹാസാഗരം
കടലിന്റെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി അറബിക്കടലോരത്ത് മനുഷ്യമഹാസാഗരം തീര്‍ത്തു. ശനിയാഴ്ച വൈകിട്ട് തമിഴ്നാട്ടിലെ ഇരയിമ്മന്‍തുറൈ മുതല്‍ കാസര്‍കോട്ട് മഞ്ചേശ്വരം വരെ പ്രധാനകേന്ദ്രങ്ങളിലും മത്സ്യബന്ധനമേഖലകളിലും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും അലയടിച്ച മനുഷ്യസാഗരം ജനകീയമുന്നേറ്റങ്ങളിലെ പുത്തന്‍ അനുഭവമായി.
ഇറ്റാലിയന്‍ വിധേയത്വത്തില്‍ സ്വന്തം ജനതയെ മറക്കുന്ന ഭരണാധികാരികള്‍ക്ക് താക്കീതായി മാറിയ മുന്നേറ്റത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ടവര്‍ പങ്കാളികളായി. കൊല്ലത്ത് ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയേറ്റുമരിച്ച തമിഴ്നാട് സ്വദേശി അജീഷ് പിങ്കിന്റെ ജന്മനാടായ കന്യാകുമാരി ജില്ലയിലെ ഇരയിമ്മന്‍തുറൈയില്‍നിന്നായിരുന്നു തുടക്കം. മത്സ്യമേഖലയിലെ എല്ലാ സംഘടനകളും ട്രേഡ്യൂണിയനുകളും ഉള്‍പ്പെട്ട ഫിഷറീസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മനുഷ്യസാഗരം. അറബിക്കടലില്‍ ഹൈ അലര്‍ട് പ്രഖ്യാപിച്ചത് പുനഃപരിശോധിക്കുക, കപ്പല്‍യാത്ര തീരത്തുനിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയാക്കുക, സുരക്ഷാപദ്ധതികള്‍ ശക്തിപ്പെടുത്തി ഏകോപിപ്പിക്കുക, മത്സ്യമേഖലയുടെ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന തീരദേശ ജാഗ്രതാസമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും മനുഷ്യസാഗരത്തില്‍ ഉയര്‍ത്തി. പണിമുടക്കി മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും മനുഷ്യസാഗരത്തില്‍ അണിചേരാന്‍ വൈകിട്ട് നാലിന് തീരത്തെത്തി. 4.30ന് റിഹേഴ്സല്‍. അഞ്ചിന് കൈകോര്‍ത്ത് മനുഷ്യസാഗരം. തുടര്‍ന്ന് 222 തീരദേശ മത്സ്യഗ്രാമങ്ങളിലും പ്രതിജ്ഞ. വിപുലമായ പൊതുയോഗങ്ങളും നടന്നു.
തിരുവനന്തപുരം ശംഖുംമുഖത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണിയായി. തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, ആര്‍എസ്പി ജനറല്‍സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍, സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എം എം ലോറന്‍സ്, ഡോ. നൈാന്‍കോശി, കേരള കോണ്‍ഗ്രസ് നേതാവ് വി സുരേന്ദ്രന്‍പിള്ള എന്നിവരും അണിചേര്‍ന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ പൊതുയോഗത്തില്‍ പങ്കെടുത്തു. പൊഴിയൂരില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കണ്ണിയായി. ആനത്തലവട്ടം ആനന്ദന്‍ ആറ്റിങ്ങലില്‍ കണ്ണിയായി.
ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റുമരിച്ച കൊല്ലം മൂതാക്കര സ്ലം കോളനിയില്‍ വാലന്റൈന്റെ വീടിനുസമീപം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍, വാലന്റൈന്റെ ഭാര്യ ഡോറ, മക്കളായ ഡെറിക്, ജീന്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്, എന്‍ കെ പ്രേമചന്ദ്രന്‍, മത്സ്യത്തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍കണ്‍വീനര്‍ അഡ്വ. വി വി ശശീന്ദ്രന്‍, തുടങ്ങിയവര്‍ കണ്ണിയായി. പ്രഭുദയ കപ്പലിടിച്ചുമരിച്ച സേവ്യര്‍ ആന്റണി, ജസ്റ്റിന്‍ എന്നിവരുടെ ബന്ധുക്കള്‍ ചവറ ഐആര്‍ഇ ഗസ്റ്റ്ഹൗസിനു സമീപവും ക്ലീറ്റസിന്റെ ബന്ധുക്കള്‍ ചവറ കോവില്‍ത്തോട്ടം ഭാഗത്തും അണിചേര്‍ന്നു. കപ്പലിടിച്ചുമരിച്ച കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ ബേബിച്ചന്‍, സന്തോഷ് എന്നിവരുടെ ബന്ധുക്കള്‍ പള്ളിത്തോട്ടം ഭാഗത്തും പങ്കെടുത്തു. എറണാകുളത്ത് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം സി ജോസഫൈന്‍, കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍, ബിനോയ് വിശ്വം, ഡോ. സെബാസ്റ്റ്യന്‍ പോള്‍, പ്രൊഫ എം കെ സാനു, തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ അണിചേര്‍ന്നു. ആലപ്പുഴയില്‍ ഒന്നരലക്ഷത്തിലേറെ പേര്‍ ജനസാഗരത്തില്‍ അണിചേര്‍ന്നു. ഫാദര്‍ ആന്റണി തട്ടുങ്കല്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍രവീന്ദ്രന്‍, തോമസ് ചാണ്ടി എംഎല്‍എ, മത്സ്യത്തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ വി ദിനകരന്‍ എന്നിവരും കണ്ണികളായി.
തൃശൂര്‍ ജില്ലയില്‍ സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റംഗം ബേബിജോണ്‍, വി എം സുധീരന്‍, കാനം രാജേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരും കണ്ണിയായി. തിരൂര്‍ പടിഞ്ഞാറേക്കര അഴിമുഖത്ത് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി, കൂട്ടായി ബഷീര്‍, ലീഗ് നേതാവ് കുട്ടി അഹമ്മദ്കുട്ടി എന്നിവര്‍ കണ്ണികളായി. കോഴിക്കോട്ട് വെള്ളയില്‍ ഗാന്ധിറോഡ് ജങ്ഷനില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചാലിയത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം കണ്ണിയായി. കണ്ണൂര്‍ ജില്ലയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍ ആയിക്കര ഫിഷിങ് ഹാര്‍ബറിലും പി കെ ശ്രീമതി പുതിയങ്ങാടിയിലും കെ കെ ശൈലജ തലശേരി ഗോപാലപ്പേട്ടയിലും കണ്ണിചേര്‍ന്നു. സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍, ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, സിപിഐ നേതാവ് സി എന്‍ ചന്ദ്രന്‍, കോണ്‍ഗ്രസ് എസ് പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ കണ്ണികളായി. കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം മുതല്‍ പടന്നകടപ്പുറം വരെ മനുഷ്യസാഗരം തീര്‍ത്തു. എംഎല്‍എമാരും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും അണിചേര്‍ന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ സുരക്ഷ വേണം: പിണറായി
കുടുംബം പോറ്റാന്‍ കടലില്‍ ഇറങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു തൊഴിലാളിയുടെയും ജീവന്‍ ഇനി നഷ്ടപ്പെടരുത്. നേവി, മറൈന്‍എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ ഏജന്‍സികളുമൊക്കെയുണ്ടായിട്ടും മത്സ്യത്തൊഴിലാളി സുരക്ഷ ഉറപ്പായിട്ടില്ല. ഇത് സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം. ഇക്കാര്യത്തില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണം. ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച "മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് മനുഷ്യസാഗരം" പരിപാടിയില്‍ കണ്ണിയായശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അവശത അനുഭവിക്കുന്ന വിഭാഗമാണ്. ഇവര്‍ കടലില്‍ വെടിയേറ്റ് മരിച്ചപ്പോള്‍ സമൂഹമാകെ ഉല്‍ക്കണ്ഠാകുലരായി. തൊട്ടുപിന്നാലെ മറ്റൊരു അപകടത്തിലും ജീവനുകള്‍ നഷ്ടപ്പെട്ടു. ഇതോടെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യത്തിന് പൊതുസമൂഹത്തിന്റെയാകെ പിന്തുണ ഉയര്‍ന്നു. ചിലര്‍ക്ക് ഇത് സമരമാകാം, മറ്റു ചിലര്‍ക്ക് പ്രക്ഷോഭവും. എന്നാല്‍, തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യത്തില്‍ ആര്‍ക്കും ഭിന്നതയില്ല. കടല്‍ക്കൊലയുമായി ബന്ധപ്പെട്ട നടപടികളില്‍ ഒട്ടേറെ ആശങ്ക സമൂഹത്തില്‍ നിലനില്‍ക്കുന്നു. കേസ് പരിഗണിക്കുന്ന സൂപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ നടപടി സന്തോഷദായകമല്ല. ഒരു പൗരനെ തങ്ങളുടെ രാജ്യം എങ്ങനെ നോക്കിക്കാണുന്നു എന്നതിന് ഉദാഹരണമാണ് ഇറ്റലി. കൊലയാളികളായ സൈനികരെ രക്ഷിക്കാന്‍ ഇറ്റലി നടത്തുന്ന ശ്രമങ്ങള്‍ നാം കാണണം- അദ്ദേഹം പറഞ്ഞു. കപ്പലുകളുടെ ഇടിയേറ്റ് കൊല്ലപ്പെടുന്ന ഹതഭാഗ്യരായി മത്സ്യത്തൊഴിലാളികള്‍ മാറരുത്. അപകടങ്ങള്‍ ഒഴിവാക്കാനാവശ്യമായ നിയന്ത്രണവും അതിനുള്ള സംവിധാനവും വേണമെന്നും പിണറായി ആവശ്യപ്പെട്ടു.
deshabhimani 290412
Subscribe to:
Post Comments (Atom)
കുടുംബം പോറ്റാന്‍ കടലില്‍ ഇറങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു തൊഴിലാളിയുടെയും ജീവന്‍ ഇനി നഷ്ടപ്പെടരുത്. നേവി, മറൈന്‍എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ ഏജന്‍സികളുമൊക്കെയുണ്ടായിട്ടും മത്സ്യത്തൊഴിലാളി സുരക്ഷ ഉറപ്പായിട്ടില്ല. ഇത് സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം. ഇക്കാര്യത്തില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണം. ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച "മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് മനുഷ്യസാഗരം" പരിപാടിയില്‍ കണ്ണിയായശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete