Thursday, April 26, 2012

ഉപരോധം ഭയന്ന് മുഖ്യമന്ത്രി നെയ്യാറ്റിന്‍കരയില്‍ എത്തിയില്ല

യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് നെയ്യാറ്റിന്‍കരയില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല. വിഎസ്ഡിപി പ്രവര്‍ത്തകരുടെ ഉപരോധം ഭയന്നാണ് ഉമ്മന്‍ചാണ്ടി അവസാന നിമിഷം പരിപാടി മാറ്റിയത്. സംഘടന ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഉപരോധം.


ബുധനാഴ്ച വൈകിട്ട് നാലിനായിരുന്നു നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ടൗണ്‍ഹാളില്‍ കണ്‍വന്‍ഷന്‍. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രിയെ തടയാന്‍ മൂന്നു മണിയോടെതന്നെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കര പട്ടണത്തില്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. പട്ടണത്തില്‍ വന്‍ പൊലീസ് സന്നാഹം ഒരുക്കിയെങ്കിലും മുഖ്യമന്ത്രി വന്നാല്‍ പ്രശ്നം നിയന്ത്രണാതീതമാകുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അറിയിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സംഘര്‍ഷം ഉണ്ടായാല്‍ അത് ക്ഷീണമാകുമെന്ന് കണക്കുകൂട്ടിയാണ് ഉമ്മന്‍ചാണ്ടി പിന്മാറിയത്.

തെരഞ്ഞെടുപ്പ് ചട്ടലംഘനം: സിപിഐ എം പരാതി നല്‍കി

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നെയ്യാറ്റിന്‍കരയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കെ, ചട്ടം ലംഘിച്ച് യുഡിഎഫ് പ്രചാരണ യോഗം സംഘടിപ്പിച്ചതിനെതിരെ സിപിഐ എം പരാതി നല്‍കി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഹാളില്‍ മന്ത്രി വി എസ് ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത് നടത്തിയ യോഗം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി അയച്ചത്.

ജൂണ്‍ രണ്ടിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മുന്നോടിയായി ചൊവ്വാഴ്ച മുതല്‍ തിരുവന്തപുരം ജില്ലയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഇത് അവഗണിച്ചാണ് കോണ്‍ഗ്രസ് നേതൃയോഗമെന്ന പേരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ചേര്‍ന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ മന്ത്രി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിക്കുകയും മന്ത്രിയും സ്ഥാനാര്‍ഥിയും വോട്ട് അഭ്യര്‍ഥിക്കുകയുംചെയ്തു. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

deshabhimani 260412

1 comment:

  1. യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് നെയ്യാറ്റിന്‍കരയില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല. വിഎസ്ഡിപി പ്രവര്‍ത്തകരുടെ ഉപരോധം ഭയന്നാണ് ഉമ്മന്‍ചാണ്ടി അവസാന നിമിഷം പരിപാടി മാറ്റിയത്. സംഘടന ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഉപരോധം.

    ReplyDelete