Sunday, April 29, 2012

സോണിയയെ കരിങ്കൊടി കാട്ടിയ സ്ത്രീകളെ വളഞ്ഞിട്ടു തല്ലി


കര്‍ണാടകത്തിലെ തുമക്കൂറു ജില്ലയില്‍ പര്യടനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കുനേരെ ഇരുപതോളം സ്ത്രീകള്‍ കരിങ്കൊടി കാട്ടി. സോണിയ നോക്കിനില്‍ക്കെ ഈ സ്ത്രീകളെ പുരുഷ പൊലീസുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദിച്ചു. സിദ്ധഗംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പൊതുയോഗത്തിനിടെ പട്ടികജാതി വിഭാഗക്കാരായ മാദിഗ ദണ്ഡോര ഗ്രൂപ്പ് പ്രവര്‍ത്തകരാണ് കരിങ്കൊടി വീശിയത്.

ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെ സോണിയ ഗാന്ധി പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സ്ത്രീകള്‍ കരിങ്കൊടി ഉയര്‍ത്തി മുദ്രാവാക്യം മുഴക്കിയത്. ഒരുനിമിഷം പകച്ച സോണിയ പ്രസംഗം തുടര്‍ന്നു. ഇതോടെ പൊലീസുകാരും കോണ്‍ഗ്രസുകാരും ചേര്‍ന്ന് ഇവരെ മര്‍ദിക്കുകയായിരുന്നു. മുപ്പതോളം വരുന്ന പൊലീസ് സംഘം സ്ത്രീകളെ വളഞ്ഞിട്ട് തല്ലിയത് കണ്ടില്ലെന്ന് നടിച്ച സോണിയ 20 മിനിറ്റ് പ്രസംഗിച്ചു.

പിന്നോക്ക ജനവിഭാഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് മാദിഗ ദണ്ഡോര ഗ്രൂപ്പ് കരിങ്കൊടി വീശിയത്. തുമക്കൂറുവില്‍ വന്നാല്‍ സോണിയയെ ഘെരാവോ ചെയ്യുമെന്ന് പ്രസംഗിച്ച സംഘടന പ്രസിഡന്റ് ശ്രീരാമിനെ മുന്‍കരുതലായി അറസ്റ്റുചെയ്തിരുന്നു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ ഉറപ്പുവരുത്താനാണ് സോണിയയുടെ കര്‍ണാടകസന്ദര്‍ശനം. ചിത്രദുര്‍ഗ ജില്ലയിലെ വരള്‍ച്ചബാധിത പ്രദേശമായ നാഗസമുദ്ര സോണിയ സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രിമാരായ എസ് എം കൃഷ്ണ, എം വീരപ്പമൊയ്ലി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ എച്ച് മുനിയപ്പ, കെപിസിസി പ്രസിഡന്റ് ഡോ. ജി പരമേശ്വര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
(പി വി മനോജ്കുമാര്‍)

deshabhimani 290412

1 comment:

  1. കര്‍ണാടകത്തിലെ തുമക്കൂറു ജില്ലയില്‍ പര്യടനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കുനേരെ ഇരുപതോളം സ്ത്രീകള്‍ കരിങ്കൊടി കാട്ടി. സോണിയ നോക്കിനില്‍ക്കെ ഈ സ്ത്രീകളെ പുരുഷ പൊലീസുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദിച്ചു. സിദ്ധഗംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പൊതുയോഗത്തിനിടെ പട്ടികജാതി വിഭാഗക്കാരായ മാദിഗ ദണ്ഡോര ഗ്രൂപ്പ് പ്രവര്‍ത്തകരാണ് കരിങ്കൊടി വീശിയത്.

    ReplyDelete