Thursday, April 26, 2012

ലിബിയയില്‍ മതാധിഷ്ഠിത രാഷ്ട്രീയകക്ഷികള്‍ക്ക് നിരോധനം


ലിബിയയില്‍ മതം, ഗോത്രം, വംശം എന്നിവയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിനെ ഇടക്കാല ഗവണ്‍മെന്റ് നിരോധിച്ചു. ജൂണ്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ തീരുമാനം.

ലിബിയയിലെ മുസ്ലിം ബ്രദര്‍ഹുഡ് ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രൂപീകരിച്ച ഫ്രീഡം ആന്റ് ബ്രദര്‍ഹുഡ് എന്ന രാഷ്ട്രീയ കക്ഷിക്ക് തീരുമാനം ബാധമാകുമോയെന്ന് വ്യക്തമല്ല. ജൂണ്‍ മാസത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ കക്ഷി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം നാറ്റോയുടെ പിന്തുണയോടെ കേണല്‍ മുവമ്മര്‍       ഗദ്ദഫിയെ അട്ടിമറിച്ചതിനുശേഷം നടക്കുന്ന ലിബിയയിലെ ആദ്യ തിരഞ്ഞെടുപ്പാണിത്. മതാധിഷ്ഠിത രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കുന്നത് എന്താണര്‍ഥമാക്കുന്നതെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കണമെന്ന് മുസ്ലിം ബ്രദര്‍ ഹുഡിന്റെ പാര്‍ട്ടിയുടെ നേതാവ്  ആവശ്യപ്പെട്ടു. ലിബിയയിലെ 60 ലക്ഷം ജനങ്ങളില്‍ ബഹുഭൂരിപക്ഷവും സുന്നി മുസ്ലിങ്ങളാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം മാറ്റിയില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും മുസ്ലിം ബ്രദര്‍ഹുഡ് കക്ഷി മുന്നറിയിപ്പ് നല്‍കി.

ശരിയത്ത് നിയമങ്ങള്‍ക്കനുസൃതമായ രീതിയില്‍ത്തന്നെയായിരിക്കും ലിബിയയിലെ ഭരണസംവിധാനമെന്നും പുതിയ ഭരണഘടനയ്ക്ക് തിരഞ്ഞെടുപ്പിനു ശേഷം രൂപം നല്‍കുമെന്നും ഇടക്കാല ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഗദ്ദഫിയുടെ 42 വര്‍ഷക്കാലത്തെ ഭരണത്തിന്‍കീഴില്‍ ഇസ്ലാമിക ശക്തികളും വിമതരും അടിച്ചമര്‍ത്തപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ ലിബിയയിലെ ഏറ്റവും വലിയ സംഘടിത ശക്തിയായി ഇസ്ലാമിക കക്ഷികള്‍ മാറുകയാണ്. അറബ് വസന്തത്തിന്റെ ഫലമായി ഭരണമാറ്റമുണ്ടായ ടുണിഷ്യ, ഈജിപ്ത്, മൊറൊക്കെ എന്നിവിടങ്ങളിലെല്ലാം ഇസ്ലാമിക കക്ഷികള്‍ വന്‍മുന്നേറ്റം നടത്തിയിരുന്നു.

janayugom 260412

1 comment:

  1. ലിബിയയില്‍ മതം, ഗോത്രം, വംശം എന്നിവയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിനെ ഇടക്കാല ഗവണ്‍മെന്റ് നിരോധിച്ചു. ജൂണ്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ തീരുമാനം.

    ReplyDelete