Thursday, April 26, 2012

നാക്കിന് എല്ലില്ലാത്ത പി സി ജോര്‍ജ് എന്തും പറയാമെന്നു ധരിക്കേണ്ട: കെ ഫ്രാന്‍സിസ് ജോര്‍ജ്


പി സി ജോര്‍ജിന്റെ നിലപാടിനോട് പൊരുത്തപ്പെട്ടു പോകാന്‍ ബുദ്ധിമുട്ടാണെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ കെ ഫ്രാന്‍സിസ് ജോര്‍ജ്. നാക്കിന് എല്ലില്ലെന്നു വിചാരിച്ച് എന്തും വിളിച്ചു പറയാമെന്ന് ജോര്‍ജ് ധരിക്കരുത്. ജോസഫ് വിഭാഗത്തിനെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ഉതിര്‍ക്കുന്ന പി സി ജോര്‍ജിന് മറുപടി പറയുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ പരാമര്‍ശം.

മന്ത്രി കെ എം മാണിയുടെ ബജറ്റ് അവലോകനവും കേരളാ ഫീഡ്സ് ചെയര്‍മാനായി തെരഞ്ഞെടുത്ത പി സി ജോസഫിന് സ്വീകരണവുമെന്ന പേരിലാണ് യോഗം സംഘടിപ്പിച്ചത്. ജനപ്രതിനിധിയുടെ സ്ഥാനത്തിനു യോജിച്ച പ്രവര്‍ത്തനമല്ല പി സി ജോര്‍ജിന്റേത്. ഈ സ്ഥാനത്തിനു ചേര്‍ന്ന പ്രവര്‍ത്തനമാണോ ജോര്‍ജ് നടത്തുന്നതെന്നും ജനങ്ങള്‍ ചിന്തിക്കണം. ജോര്‍ജിന്റെ നിലപാട് കേരളാ കോണ്‍ഗ്രസുകളുടെ സംസ്കാരത്തിന് നിരക്കുന്നതല്ല. ഈ രീതി ഞങ്ങള്‍ പഠിച്ചിട്ടില്ല.

""ജോര്‍ജിന് ഒരു ധാരണയുണ്ട്. എല്ലാവര്‍ക്കും തന്നെ പേടിയാണെന്ന്. ഞങ്ങള്‍ക്കാര്‍ക്കും ഒരു പേടിയുമില്ല. പറയേണ്ടത് തക്കസമയത്ത് നേരെ പറയാന്‍ ഞങ്ങള്‍ക്ക് മടിയില്ല. "" ഫ്രാന്‍സിസ് ജോര്‍ജ് ഓര്‍മ്മിപ്പിച്ചു.

പി ജെ ജോസഫ് വിഭാഗം നേതാവും കേരളാ ഫീഡ്സ് ചെയര്‍മാനുമായ പി സി ജോസഫും ജോര്‍ജിനെതിരെ ആഞ്ഞടിച്ചു. പി ജെ ജോസഫിന്റെ മന്ത്രിസഭാപ്രവേശം തടയാന്‍ ക്രൈം നന്ദകുമാറുമായി ചേര്‍ന്ന് ജോര്‍ജ് നടത്തിയ ആസൂത്രിത നീക്കമായിരുന്നു എസ്എംഎസ് വിവാദമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കെ എം മാണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ പാര്‍ടിയില്‍ നിന്ന് ജോര്‍ജിനെതിരെ നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ പാര്‍ടിയില്‍ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani 260412

1 comment:

  1. പി സി ജോര്‍ജിന്റെ നിലപാടിനോട് പൊരുത്തപ്പെട്ടു പോകാന്‍ ബുദ്ധിമുട്ടാണെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ കെ ഫ്രാന്‍സിസ് ജോര്‍ജ്. നാക്കിന് എല്ലില്ലെന്നു വിചാരിച്ച് എന്തും വിളിച്ചു പറയാമെന്ന് ജോര്‍ജ് ധരിക്കരുത്. ജോസഫ് വിഭാഗത്തിനെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ഉതിര്‍ക്കുന്ന പി സി ജോര്‍ജിന് മറുപടി പറയുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ പരാമര്‍ശം.

    ReplyDelete