Sunday, April 29, 2012

പച്ചക്കള്ളം: ശ്രീരാമകൃഷ്ണന്‍


നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അബ്ദുറബ്ബ്

മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനം സംബന്ധിച്ച് നിയമസഭയില്‍ താന്‍ മറുപടി നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. നിയമസഭയില്‍ ഭൂമിദാനം സംബന്ധിച്ച് ഒരു സബ്മിഷനും ആരും ഉന്നയിച്ചിട്ടില്ല; ഞാനതിന് മറുപടിയും നല്‍കിയിട്ടില്ല. അദ്ദേഹം മലപ്പുറത്ത് വാര്‍ത്താലേഖകരോട് പറഞ്ഞു.

നിയമസഭയില്‍ അങ്ങനെയൊരു രേഖയില്ല. ഇത് സംബന്ധിച്ച് ദേശാഭിമാനിയില്‍ രേഖകള്‍ സഹിതം വാര്‍ത്തയുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാനത് കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. അങ്ങനെയുണ്ടെങ്കില്‍ അത് കൊണ്ടുവരട്ടെ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിദാനത്തില്‍ അപാകമുള്ളതുകൊണ്ടാണ് സര്‍വകലാശാലതന്നെ അത് റദ്ദാക്കിയത്. ഭൂമിദാനം സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പച്ചക്കള്ളം: ശ്രീരാമകൃഷ്ണന്‍

മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനം സംബന്ധിച്ച് നിയമസഭയില്‍ താന്‍ മറുപടി നല്‍കിയിട്ടില്ലെന്ന മന്ത്രി പി കെ അബ്ദുറബ്ബിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന്് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ഒരു കള്ളം മറയ്ക്കാന്‍ മറ്റൊരു കള്ളം പറയുകയാണ് മന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലയില്‍ വൈസ്ചാന്‍സലര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്. പ്രസംഗത്തില്‍ ഭൂമിവിവാദവും ഉള്‍പ്പെട്ടിരുന്നു. സി എച്ച് ചെയറിന്റെ പേരില്‍ പത്തേക്കര്‍ ഭൂമി നല്‍കാനാണ് നീക്കമെന്നും സി എച്ച് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇതിനെ എതിര്‍ക്കുമായിരുന്നുവെന്നുമാണ് ഞാന്‍ സബ്മിഷനില്‍ ഉന്നയിച്ചത്. നിയമസഭാ പ്രസംഗം നിയമസഭാ രേഖയുടെ ഭാഗമാണ്. ഇത് പരിശോധിച്ചാല്‍ മാത്രം മന്ത്രി പറഞ്ഞത് കള്ളമാണെന്ന് ബോധ്യപ്പെടുമെന്ന് ശ്രീരാമകൃഷ്ണന്‍ ദേശാഭിമാനിയോട് പറഞ്ഞു.

ചട്ടം മറികടന്ന് ഒന്നും ചെയ്തില്ലെന്ന് ഗവര്‍ണര്‍ക്ക് വി സിയുടെ കത്ത്

മലപ്പുറം: സര്‍വകലാശാലയിലെ വിവാദ ഭൂമിദാന നീക്കത്തില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും കൈയൊഴിഞ്ഞതോടെ "മുന്‍കൂര്‍ ജാമ്യം" തേടി വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം രംഗത്ത്. മുഖ്യമന്ത്രിയെയും ലീഗ് മന്ത്രിമാരെയും നേരിട്ടുകണ്ട് തന്റെ നിലപാടറിയിച്ച വി സി കഴിഞ്ഞദിവസം ഗവര്‍ണര്‍ക്ക് കത്തും നല്‍കി. സര്‍വകലാശാലാ ചട്ടങ്ങള്‍ മറികടന്ന് താന്‍ ഒന്നും ചെയ്തില്ലെന്ന് കാണിച്ചാണ് വി സി, ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. സിന്‍ഡിക്കേറ്റ് ശുപാര്‍ശ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുകമാത്രമേ ചെയ്തുള്ളൂവെന്നാണ് വിസി കത്തില്‍ വ്യക്തമാക്കുന്നത്. സര്‍വകലാശാല മുന്നോട്ടുവച്ച എല്ലാ വ്യവസ്ഥകളും പാലിച്ചാണ് ശുപാര്‍ശകള്‍ അംഗീകരിച്ചതെന്നും വി സി വ്യക്തമാക്കുന്നുണ്ട്. ഭൂമിദാനം സംബന്ധിച്ച് വി സിക്കും സിന്‍ഡിക്കേറ്റിനുമെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. ഇതില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിക്കുംമുമ്പേയാണ് വി സി സ്വമേധയാ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി കത്തയച്ചത്. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കൈമാറിയിട്ടുണ്ട്.

വി സിക്കും സിന്‍ഡിക്കറ്റിനും ബുദ്ധിവേണം: മന്ത്രി ഗണേശ്

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലാ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാകുന്ന സ്ഥാപനങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും വിശദമായി അന്വേഷിക്കാന്‍ വൈസ് ചാന്‍സലര്‍ക്കും സിന്‍ഡിക്കറ്റിനും ബുദ്ധിയുണ്ടാകണമെന്ന് മന്ത്രി കെ ബി ഗണേശ്കുമാര്‍ പറഞ്ഞു. സര്‍വകലാശാലാ സ്പെഷ്യല്‍ സ്പോര്‍ട്സ് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു ഷട്ടില്‍ കോര്‍ട്ട് പോലുമില്ലാത്തവരാണ് ബാഡ്മിന്റണ്‍ ട്രസ്റ്റുകാര്‍. ഇത്തരക്കാര്‍ കോടിക്കണക്കിന് രൂപ പദ്ധതിക്കായി ലഭ്യമക്കാമെന്ന് പറഞ്ഞപ്പോള്‍ അതില്‍ യാഥാര്‍ഥ്യമുണ്ടോയെന്ന് പരിശോധിക്കാനുള്ള ബുദ്ധി വൈസ് ചാന്‍സലര്‍ കാട്ടിയില്ല. നിയമപരമായ പരിശോധന നടത്തി സുതാര്യത ഉറപ്പുവരുത്തിയില്ലെങ്കില്‍ വിവാദം ഉണ്ടാകുന്നത് സ്വാഭാവികം. അബദ്ധങ്ങള്‍ പറ്റാതിരിക്കാന്‍ സര്‍വകലാശാലക്ക് ഇതൊരു പാഠമാണ്.

ഗ്രീന്‍ സ്പോര്‍ട്സ് കോംപ്ലക്സ് പദ്ധതിക്കായി സര്‍വകലാശാലാ അധികൃതര്‍ രൂപകല്‍പ്പന ചെയ്ത മാസ്റ്റര്‍ പ്ലാന്‍ അതേപ്പടി നടപ്പാക്കാനാകില്ല. ഇതിന് ആയിരം കോടി രൂപയോളം ചെലവ് വരും. ഒറ്റയടിക്ക് ഇത്രയും തുക കണ്ടെത്താനാകില്ല. അതിനാല്‍ മുന്തിയ പരിഗണന നല്‍കേണ്ട കാര്യങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും അതിന് മന്ത്രിയെന്ന നിലയില്‍ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഗണേശ്കുമാര്‍ പറഞ്ഞു.

deshabhimani 290412

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനം സംബന്ധിച്ച് നിയമസഭയില്‍ താന്‍ മറുപടി നല്‍കിയിട്ടില്ലെന്ന മന്ത്രി പി കെ അബ്ദുറബ്ബിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന്് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ഒരു കള്ളം മറയ്ക്കാന്‍ മറ്റൊരു കള്ളം പറയുകയാണ് മന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു.

    ReplyDelete