Saturday, April 28, 2012

എന്‍ഡോസള്‍ഫാന്‍ കമ്പനിക്കുവേണ്ടി സര്‍ക്കാരിന്റെ ഒത്തുകളി


വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ വിഷമഴ പെയ്യിച്ച എന്‍ഡോസള്‍ഫാന്‍ കമ്പനിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നാണംകെട്ട ഇടപെടല്‍ പുറത്തായി. കാസര്‍കോട്ടെ എണ്ണമറ്റ കുടുംബങ്ങളില്‍ മരണത്തിനും ദുരിതങ്ങള്‍ക്കും കാരണമായ എന്‍ഡോസള്‍ഫാന്റെ ദോഷഫലങ്ങളെക്കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠന റിപ്പോര്‍ട്ട് തിരുത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്സല്‍ കമ്പനിയുടെ പ്രതിനിധി ഗണേശുമായി സംസാരിച്ച് പഠന റിപ്പോര്‍ട്ട് കുറ്റമറ്റതാക്കണമെന്നാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി ഡപ്യൂട്ടി സെക്രട്ടറി വി രാധാകൃഷ്ണന്‍ ഒപ്പിട്ട മാര്‍ച്ച് 14 ന്റെ കത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

എന്നാല്‍ എന്‍ഡോസള്‍ഫാന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്താനോ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താനോ തയ്യാറല്ലെന്ന ധീരമായ നിലപാടാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് സ്വീകരിച്ചത്. ഇത് സംബന്ധിച്ച കത്തുകള്‍ ഇന്നലെ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.

ലോക വ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ ദല്ലാള്‍ പണിയുമായി യു ഡി എഫ് സര്‍ക്കാര്‍ രംഗത്തുവരുന്നത്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കമ്പനിയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവന്നത്. അന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഒടുവില്‍ സുപ്രിം കോടതിതന്നെ രാജ്യത്താകമാനം എന്‍ഡോസള്‍ഫാന്‍ ഉത്പാദനം നിരോധിക്കുന്നിടം വരെ കാര്യങ്ങള്‍ ചെന്നെത്തി. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി എല്‍ ഡി എഫ് ഭരണത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രക്തസാക്ഷിമണ്ഡപത്തിന് മുന്നില്‍ നടത്തിയ സത്യഗ്രഹം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അത്തരം നടപടികളെ മുഴുവന്‍ തുരങ്കം വയ്ക്കുന്ന നിലപാടാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെതിരെ ഒളിഞ്ഞും തെളിഞ്ഞും എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ തുടക്കം മുതലേ രംഗത്തുവന്നിരുന്നു. ഈ പഠനറിപ്പോര്‍ട്ട് തെറ്റാണെന്നു ചൂണ്ടിക്കാട്ടി സുപ്രിം കോടതിയുടെ ചിത്രവും ചേര്‍ത്ത് ചില ബിസിനസ് പത്രങ്ങളില്‍ പരസ്യങ്ങളും ഇവര്‍ നല്‍കിയിരുന്നു.

റിപ്പോര്‍ട്ട് തയ്യാറാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരെപ്പോലും  വക്കീല്‍ നോട്ടീസുകള്‍ അയച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും അവര്‍ വഴങ്ങാതായതോടെയാണ് യു ഡി എഫ് സര്‍ക്കാരിനെ സ്വാധീനിച്ചുള്ള പുതിയ നീക്കം.

എക്സെല്‍ കമ്പനിയുടെ പ്രതിനിധിയായ എസ് ഗണേശ് നിരവധി പരാതികള്‍ സര്‍ക്കാരിന് അയച്ചിട്ടുണ്ടെന്നും ഒപ്പം രണ്ട് വക്കീല്‍ നോട്ടീസും ലഭിച്ചിട്ടുണ്ടെന്നുമാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ പറയുന്നത്. ഈ വക്കീല്‍ നോട്ടീസുകളുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിന് കത്തയച്ചതെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ പ്രതിനിധിയെന്ന് പകല്‍ പോലെ വ്യക്തമായ ഒരാളുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് തിരുത്താന്‍ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ തന്നെ നിര്‍ദ്ദേശം നല്‍കുകയെന്നത് ലാഘവത്തോടെ കാണാന്‍ കഴിയുന്നതല്ല. പുറത്ത് ഒന്നു പറയുക, അകത്തുകൂടി പറഞ്ഞതിന് വിരുദ്ധമായത് ചെയ്യുക എന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതിവുരീതി തന്നെയാണ് ഇവിടെയും കാണാന്‍ കഴിയുന്നത്.

janayugom 280412

1 comment:

  1. വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ വിഷമഴ പെയ്യിച്ച എന്‍ഡോസള്‍ഫാന്‍ കമ്പനിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നാണംകെട്ട ഇടപെടല്‍ പുറത്തായി. കാസര്‍കോട്ടെ എണ്ണമറ്റ കുടുംബങ്ങളില്‍ മരണത്തിനും ദുരിതങ്ങള്‍ക്കും കാരണമായ എന്‍ഡോസള്‍ഫാന്റെ ദോഷഫലങ്ങളെക്കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠന റിപ്പോര്‍ട്ട് തിരുത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

    എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്സല്‍ കമ്പനിയുടെ പ്രതിനിധി ഗണേശുമായി സംസാരിച്ച് പഠന റിപ്പോര്‍ട്ട് കുറ്റമറ്റതാക്കണമെന്നാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി ഡപ്യൂട്ടി സെക്രട്ടറി വി രാധാകൃഷ്ണന്‍ ഒപ്പിട്ട മാര്‍ച്ച് 14 ന്റെ കത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

    ReplyDelete