Sunday, April 29, 2012
ആശയറ്റ് ഇരകള്‍
കാസര്‍കോട്: ആയിരങ്ങളുടെ ജീവിതം തകര്‍ത്ത മഹാദുരന്തത്തിന് കാരണമായ എന്‍ഡോസള്‍ഫാനുവേണ്ടി സംസ്ഥാന സര്‍ക്കാരും രംഗത്തുവന്നതോടെ ദുരന്തബാധിതരും ജനങ്ങളും കടുത്ത ആശങ്കയില്‍. കേന്ദ്രം എന്തുനിലപാടെടുത്താലും കേരളസര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമുണ്ടെന്ന പ്രതീതിയായിരുന്നു ഇതുവരെ. ഈ വിശ്വാസത്തിന്റെ കടയ്ക്കലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കത്തിവച്ചത്. ദുരന്തബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ വഞ്ചന പുറത്തായത്.
സംസ്ഥാന ഭരണക്കാരെ എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ വിലയ്ക്കെടുത്തുവെന്ന് തെളിയിക്കുന്നതാണ് ആരോഗ്യപ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത്. ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശിക്കുന്ന എക്സല്‍ കമ്പനി ജനറല്‍ മാനേജര്‍ എസ് ഗണേശനാണ് എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ക്കു വേണ്ടി എല്ലായിടത്തും വാദിക്കാന്‍ എത്തുന്നത്. സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ സ്ഥിരമായി കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നതും സമ്മേളനത്തില്‍ എന്തു പറയണമെന്ന് തീരുമാനിക്കുന്നതും ഇദ്ദേഹമാണ്. എന്‍ഡോസള്‍ഫാനെതിരെ സംസാരിക്കുന്നവരെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഗണേശന്റെ നേതൃത്വത്തില്‍ സമ്മേളന ഹാളില്‍ നടന്ന കളികള്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത പ്രതിനിധികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ കാണുന്ന അസാധാരണ രോഗങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാനാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന പഠനമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റേത്. സുപ്രീംകോടതിപോലും ഇത് ആധികാരിക രേഖയായി സ്വീകരിച്ചു. രോഗബാധിത പ്രദേശത്തെയും അല്ലാത്ത പ്രദേശത്തെയും ജനങ്ങളിലും മണ്ണിലും നടത്തിയ പഠനത്തിലൂടെയാണ് രോഗകാരണം എന്‍ഡോസള്‍ഫാനാണെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ് എന്നീ സ്ഥാപനങ്ങള്‍ ഈ പഠനം അംഗീകരിച്ചതുമാണ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ദുരന്തബാധിതരോടുള്ള പ്രതികാരനടപടികളും തുടങ്ങിയിരുന്നു. കാസര്‍കോട്ടെ രോഗകാരണം എന്‍ഡോസള്‍ഫാനല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനൊപ്പമായിരുന്നു സംസ്ഥാനം. കൃഷിമന്ത്രി കെ പി മോഹനന്‍ ഇത് പരസ്യമായി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ചികിത്സാസൗകര്യം പോലും ഇല്ലാതാക്കി. പുറമെയുള്ള ആശുപത്രികളില്‍ കൊണ്ടുപോയി ചികിത്സിക്കുന്നതിനുള്‍പ്പെടെ ചെലവഴിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കലക്ടര്‍ക്ക് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. അതില്‍ ഒമ്പത് ലക്ഷം മാത്രമാണ് ചെലവഴിച്ചത്. ബാക്കി തുക പിന്‍വലിക്കാനുള്ള അനുവാദം സര്‍ക്കാര്‍ ഇതുവരെ നല്‍കിയില്ല. രോഗികളുടെ കാര്യങ്ങള്‍ നോക്കാന്‍ 11 പഞ്ചായത്തിലും ഓരോ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരെ അധികമായി നിയമിച്ചിരുന്നു. അവര്‍ക്കെല്ലാം മറ്റു ചുമതലകള്‍ നല്‍കി ഒഴിവാക്കി. മൊബൈല്‍ മെഡിക്കല്‍ സംഘത്തില്‍ മാസങ്ങളോളം അലോപ്പതി ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ഇവര്‍ ആവശ്യപ്പെടുന്ന മരുന്ന് വാങ്ങി നല്‍കാന്‍പോലും ജില്ലാഭരണകൂടത്തിന്റെ കൈയില്‍ പണമില്ല. ഇരകളുടെ കടബാധ്യത എഴുതിത്തള്ളാനുള്ള തീരുമാനവും അട്ടിമറിച്ചു. മുമ്പ് എല്ലാ രോഗികളെയും സര്‍ക്കാര്‍ ദത്തെടുത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച 12 ആശുപത്രികളില്‍ മാത്രമേ ചികിത്സിക്കാന്‍ പറ്റൂ. മറ്റുള്ളടിത്ത് ചെലവ് സ്വന്തമായി വഹിക്കണം. ദുരിതമേഖലയില്‍ ഏര്‍പ്പാടാക്കിയ ആംബുലന്‍സ് സംവിധാനവും കാര്യക്ഷമമല്ല.
(എം ഒ വര്‍ഗീസ്)
ഇരകളെയും നാടിനെയും സര്‍ക്കാര്‍ വഞ്ചിച്ചു: പിണറായി
എന്‍ഡോസള്‍ഫാന്‍ പഠനറിപ്പോര്‍ട്ട് കീടനാശിനി കമ്പനികള്‍ക്കുവേണ്ടി തിരുത്താന്‍ നിര്‍ദേശിച്ച യുഡിഎഫ് സര്‍ക്കാര്‍ നാടിനെയും എന്‍ഡോസള്‍ഫാന്‍ ഇരകളെയും വഞ്ചിച്ചുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ മാരകവിഷം നിരോധിക്കണമെന്നാണ് കേരള നിയമസഭയുടെയും സുപ്രീംകോടതിയുടെയും നിലപാട്. ഇത് അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തിരുത്താന്‍ രേഖാമൂലം നിര്‍ദേശിച്ചതെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം കീടനാശിനി കമ്പനികളില്‍ നിന്നടക്കം ഈടാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടംകോലിടല്‍. ഇതിനായി പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയെന്ന് കണ്ടെത്താനും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഉന്നതതല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രതിപക്ഷവുമായി ആലോചിച്ച് അന്വേഷണസംവിധാനം ഏതെന്ന് തീരുമാനിക്കണം. കുറ്റകരമായ പങ്കുള്ള മന്ത്രിസഭാംഗങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും വെറുതെ വിടാന്‍ പാടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തിരുത്താനാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരാണ് ഈ വിദഗ്ധസമിതിയെ നിയോഗിച്ചത്. കീടനാശിനി കമ്പനി പ്രതിനിധി എസ് ഗണേശനുമായി ആശയവിനിമയം നടത്തി റിപ്പോര്‍ട്ട് കുറ്റമറ്റതാക്കണമെന്നാണ് ആരോഗ്യസെക്രട്ടറിയുടെ നിര്‍ദേശം. എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നെന്ന വിദഗ്ധസമിതി റിപ്പോര്‍ട്ട് തെറ്റാണെന്ന നിഗമനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എത്തിയെന്നാണ് ഇതിനര്‍ഥം. കമ്പനികളുടെ അഭിപ്രായം കേട്ട് അതിനുസരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആരോഗ്യസെക്രട്ടറി ആവശ്യപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഇത് നിരാകരിച്ച് വസ്തുതകളില്‍ ഉറച്ച് നില്‍ക്കാന്‍ തയ്യാറായി എന്നത് ആരോഗ്യകരമാണ്.
ഇന്ത്യക്ക് അകത്തും പുറത്തും എന്‍ഡോസള്‍ഫാനെതിരെ ശാസ്ത്രലോകവും പരിസ്ഥിതി സ്നേഹികളും നാടിനോട് പ്രതിബദ്ധതയുള്ള സമൂഹവും വലിയ തോതില്‍ പ്രതിഷേധം ഉയര്‍ത്തുന്ന ഘട്ടത്തില്‍ കീടനാശിനി കമ്പനിക്കുവേണ്ടി സംസ്ഥാന ഭരണസംവിധാനത്തെ കീഴ്പ്പെടുത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടി ലജ്ജാകരമാണ്. മനുഷ്യത്വവിരുദ്ധമായ ഈ നിലപാട് അടിയന്തരമായി തിരുത്തണമെന്നും സര്‍ക്കാരിന്റെ കൊള്ളരുതായ്മയ്ക്കെതിരെ ജനങ്ങള്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും പിണറായി അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട് തിരുത്താനുള്ള ശ്രമം ഞെട്ടിക്കുന്നത്: പി കരുണാകരന്‍
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്റെ മാരകഫലങ്ങള്‍ ചൂണ്ടിക്കാട്ടിയ പഠനറിപ്പോര്‍ട്ട് തിരുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം ഞെട്ടിക്കുന്നതാണെന്ന് സിപിഐ എം ലോക്സഭാകക്ഷി ഉപനേതാവ് പി കരുണാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മാനുഷികമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ വിഷം ഉല്‍പ്പാദിപ്പിച്ച് വിതരണംചെയ്ത കമ്പനിക്കുവേണ്ടിയുള്ള ഗൂഢാലോചനയാണ് പുറത്തുവന്നത്. ഇതിനു പിന്നില്‍ ഉദ്യോഗസ്ഥര്‍ മാത്രമാണെന്നു കരുതാനാകില്ല. എന്‍ഡോസള്‍ഫാന്‍ പാര്‍ശ്വഫലമുണ്ടാക്കാത്ത കീടനാശിനിയാണെന്ന് യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളും നിലപാടെടുത്തിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിച്ച സുപ്രീംകോടതിവിധിക്കു ശേഷവും കോടിക്കണക്കിനു രൂപയാണ്, തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ആക്ഷേപിക്കാന്‍ കമ്പനി മുടക്കുന്നത്. എന്‍ഡോസള്‍ഫാന്‍ മാരകപാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന കീടനാശിനിയാണെന്ന് ലോകം അംഗീകരിച്ചതാണ്. ഇത്തരമൊരു കമ്പനിയുടെ വക്താക്കള്‍ക്കുവേണ്ടിയാണ് ഗവ. സെക്രട്ടറി കത്തയച്ചത്. സര്‍ക്കാര്‍ അറിയാതെയാണ് ഉദ്യോഗസ്ഥര്‍ കത്തെഴുതിയതെങ്കില്‍ അവര്‍ക്കെതിരെ കര്‍ക്കശനടപടി എടുക്കണം. തുടര്‍ച്ചയായ സഹനസമരത്തിലൂടെ നേടിയെടുത്ത വിജയം തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുതെന്നും പി കരുണാകരന്‍ ആവശ്യപ്പെട്ടു.
പഠനം നടത്തിയവര്‍ക്കെതിരെ കീടനാശിനി കമ്പനി നല്‍കിയ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കത്ത് നല്‍കിയതെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, സര്‍ക്കാര്‍ സത്യവാങ്മൂലം തയ്യാറാക്കേണ്ടത് നിയമവിദഗ്ധരുമായി ആലോചിച്ചാണ്. അതിന് പ്രത്യേകസംവിധാനം സര്‍ക്കാരിനുണ്ട്. ഇതിനു പകരം കേസ് കൊടുത്ത കക്ഷിയുടെ അഭിപ്രായമനുസരിച്ച് പഠനറിപ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നത് ന്യായീകരിക്കാനാകില്ല. കത്തില്‍ പ്രകടമാകുന്നത് കീടനാശിനി കമ്പനിയുടെ ഉന്നതതലത്തിലുള്ള സ്വാധീനമാണെന്നും പി കരുണാകരന്‍ പറഞ്ഞു.
വഴിവിട്ട നീക്കത്തിനു പിന്നില്‍ ഗൂഢാലോചന: പി കെ ശ്രീമതി
കണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ക്കു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി പറഞ്ഞു. എന്‍ഡോസള്‍ഫാന്റെ മാരകഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് തിരുത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തയച്ചു എന്നതിനര്‍ഥം സര്‍ക്കാര്‍തന്നെ റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ടെന്നാണ്. ഇത് സര്‍ക്കാര്‍നയമാണോ എന്ന് വിശദീകരിക്കണമെന്ന് ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളെയും സമൂഹത്തെയും സര്‍ക്കാര്‍ വഞ്ചിച്ചു. കീടനാശിനി കമ്പനിക്കുവേണ്ടി നാണംകെട്ട രീതിയിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഇതിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഉന്നതതല അന്വേഷണത്തിന് തയ്യാറാകണം.
എന്‍ഡോസള്‍ഫാന്‍ ഇരകളെ പുനരധിവസിപ്പിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളെല്ലാം ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റിപ്പോര്‍ട്ട് തിരുത്താനുള്ള നിര്‍ദേശം. ഈ റിപ്പോര്‍ട്ട്് എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് വിധിയുണ്ടായത്. കാസര്‍കോട്ടെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തി. നോഡല്‍ ഓഫീസറെ സ്ഥലം മാറ്റുകയും അധികാരമേറ്റയുടന്‍ ക്ഷേമപ്രവര്‍ത്തനങ്ങളെല്ലാം അട്ടിമറിക്കുകയും ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കെന്ന പേരില്‍ ഉമ്മന്‍ചാണ്ടി നടത്തിയ മെഗാഷോ തട്ടിപ്പായിരുന്നുവെന്ന് വീണ്ടും വ്യക്തമായിരിക്കയാണെന്നും ശ്രീമതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും കമ്പനിയുടെയും പ്രലോഭനങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ വഴങ്ങിയില്ലെന്നത് ആശ്വാസം പകരുന്നു. ഡോക്ടര്‍മാരുടെ ധീരതയെ അഭിനന്ദിക്കുന്നതായും ശ്രീമതി പറഞ്ഞു.
deshabhimani 290412
Labels:
പരിസ്ഥിതി,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
ആയിരങ്ങളുടെ ജീവിതം തകര്‍ത്ത മഹാദുരന്തത്തിന് കാരണമായ എന്‍ഡോസള്‍ഫാനുവേണ്ടി സംസ്ഥാന സര്‍ക്കാരും രംഗത്തുവന്നതോടെ ദുരന്തബാധിതരും ജനങ്ങളും കടുത്ത ആശങ്കയില്‍. കേന്ദ്രം എന്തുനിലപാടെടുത്താലും കേരളസര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമുണ്ടെന്ന പ്രതീതിയായിരുന്നു ഇതുവരെ. ഈ വിശ്വാസത്തിന്റെ കടയ്ക്കലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കത്തിവച്ചത്. ദുരന്തബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ വഞ്ചന പുറത്തായത്.
ReplyDelete